Saturday, February 14, 2026
Homeഅമേരിക്കനക്ഷത്രക്കണ്ണുകൾക്കു കാവൽ (പ്രവാസ കഥകൾ - 3) ✍റോമി ബെന്നി.

നക്ഷത്രക്കണ്ണുകൾക്കു കാവൽ (പ്രവാസ കഥകൾ – 3) ✍റോമി ബെന്നി.

 

സന്ധ്യാതാരങ്ങൾ കൺ ചിമ്മി നിൽക്കുന്ന ആകാശ വീഥിയിൽ മേഘശകലങ്ങൾ വീടണയാൻ ധൃതിയുണ്ട് എന്ന മട്ടിൽ പായുകയാണ്.

ഈന്തപ്പനകൾക്കടിയിലൂടെ വഴിയോരത്തെ ദീപസ്തംഭ പ്രകാശമേറ്റ് ആഞ്ഞാഞ്ഞു നടക്കുമ്പോൾ അന്ന ചിന്തിച്ചു.
എന്തിനാണിത്ര ധൃതി?
തന്നെആരുകാത്തിരുന്നിട്ടാണവിടെ?

എന്നാലും,വിശ്രമിക്കാനുള്ള കൊതി കൊണ്ട് നടപ്പിനവൾ വേഗത കൂട്ടി.

വിയർപ്പിൽ,മുങ്ങിക്കുളിച്ചു.രാത്രിയെത്തിയിട്ടുപോലും,ചൂടിനുയാതൊരു ,ശമനവുമായില്ല. എതിരെ വഴി നടക്കുന്നവരും , തന്നെ കടന്നുമുന്നേറിപ്പോകുന്നവരും,ആരുംആരെയും ശ്രദ്ധിക്കുന്നില്ല.

പ്രവാസ ജീവിതമേകിയ ഒറ്റപ്പെടൽ ശരീര
ഭാഷയ്ക്കു പോലും മാറ്റം വരുത്തുമോ?

ഓരോരുത്തർക്കും മനസിൽ,കെട്ടിക്കിടക്കുന്ന,വ്യഥകളുടെഭാരം,ചുമക്കേണ്ടതുള്ളതുകൊണ്ട് ശിരസു കുനിഞ്ഞാണു നടത്തം.

സീബ്രാ ക്രോസിനു മുന്നിലെ ലൈറ്റു തെളിയുന്നതു കാത്തു നിൽക്കുമ്പോൾ അവൾ ഷാൾ വലിച്ചിട്ട് നൈറ്റി മൂടി. ഉടുപ്പിൻ്റെ കോളർ കുറച്ചു കീറിയിട്ടുണ്ട്. കൈയ്ക്കൽപ്പം നീറ്റലും തോന്നി.

വാശിപിടിച്ച് കുട്ടികൾ തരുന്ന സമ്മാനമാണ്. ആരോടു പറയാൻ.?

മലയാളിയുടെ വീട്ടിൽ തന്നെയാണ് പകൽ സമയം അന്ന ജോലിക്കു പോകുന്നത്.

പെട്ടെന്ന് നാട്ടിലിരിക്കുന്ന മക്കളെ ഓർത്തു അവളുടെ മനസു വേദനിച്ചു.
ചിലപ്പോൾ ഇങ്ങനെയാണ് റപ്പേലിനെയും റാഹേലിനെയും ഓർമിച്ചാലുടൻ സങ്കടം വരും.

തൻ്റെ കുളിയൊക്കെ കഴിഞ്ഞവരെ ഫോണിൽ വിളിക്കാം. അവൾ ഓർത്തു.

മുറിയിൽ താമസക്കാരായ രേഖയും മീനയും എത്തിയിട്ടില്ല. അവരും തന്നെപ്പോലെ പകൽ സമയം വീട്ടുപണിക്കു പോയി വരുന്നവരാണ്.

ചിലപ്പോൾ കടയിൽ പോയതാകും. അവർ ഭക്ഷണം,ഇവിടെത്തന്നെ പാചകം ചെയ്തു കഴിക്കും. തനിക്കു പിന്നെ നിൽക്കുന്ന വീട്ടിൽ നിന്നു തന്നെ രാത്രി ഭക്ഷണം കഴിച്ചു പോരാം.

രാവിലെ മുതൽ സന്ധ്യ വരെയാണ് ജോലി സമയം. ആങ്ങളയും പെങ്ങളും കുടുംബവും ആണവിടെ. അവരുടെ അമ്മയും നാട്ടിൽ നിന്നു വന്നിട്ടുണ്ട്.

രണ്ടാൾക്കും കൂടി മൂന്നുകുട്ടികൾ. അതിലൊരാൾ സ്കൂളിൽ പോകും എന്നാലും ഉച്ചയോടെ തിരിച്ചെത്തും.

അമ്മയ്ക്ക് കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനോ എടുത്തു നടക്കാനോ വയ്യ.എന്തെങ്കിലുമൊക്കെ പാചകം ചെയ്യാൻ തന്നെ,സഹായിക്കുമെന്നു മാത്രം.

അല്ലെങ്കിൽ തന്നെ കുട്ടികളുറങ്ങാതെ തനിക്കും ഒന്നും ചെയ്യാൻ പറ്റില്ല. വീടു ക്ലീനിങ്ങും ,അലക്കിയത് വിരിക്കലും മടക്കലുമൊക്കെ ഓടി നടന്നാണ് ചെയ്തു തീർക്കുന്നത്.

ഒരു നിമിഷം വിശ്രമിക്കാനാവില്ല. കുട്ടികളുടെ മാതാപിതാക്കൾ ജോലി കഴിഞ്ഞു വന്നാലേ ബാക്കി പണികൾ തീർത്ത് അവിടെ നിന്നു മടങ്ങാനാകു. നടന്നു പോകാനുള്ള ദൂരമേയുള്ളു വാസസ്ഥലത്തേയ്ക്ക്.

തൻ്റെ ഭക്ഷണം കഴിപ്പൊക്കെ ,കണക്കാണ്. അതിനായി ഇരുന്ന് സമയം കളയാനില്ല.
കുസൃതിയെന്നല്ല കുരുത്തക്കേടു മാത്രം കൈമുതലായ കുട്ടികളും.

കണ്ണുതെറ്റിയാൽ അപകടം വലിച്ചു വെയ്ക്കും.

കളിപ്പാട്ടങ്ങൾ വലിച്ചെറിഞ്ഞ് തന്റെ നെറ്റി എത്ര തവണ മുഴച്ചിരിക്കുന്നു .

സ്വന്തം അമ്മമാർ പോലും അവരുടെ അവധി ദിവസം പെടാപ്പാടുപെട്ടു പോയി എന്നു തന്നോടു പറയും.

ഒന്നു നോക്കിയാൽ
മലയാളികളുടെ വീട്ടിൽ തന്നെ ജോലി കിട്ടിയതു ഭാഗ്യം അന്ന സ്വയം ആശ്വസിച്ചു.

തൻ്റെ റൂം മേറ്റ്സ് അറബിവീട്ടിലാണ് പോകുന്നത് . അവിടെ പോയാൽ,എന്തു ഭാഷ പറഞ്ഞ് അവിടത്തെ
കുട്ടികളോട് സംസാരിക്കാനാണ്.?

അറബികൾക്കാണെ
ങ്കിൽ ഫിലിപ്പൈനി മെയ്ഡ്കളെയാണ് കൂടുതൽ ഇഷ്ടം,എന്നാണ് ഏജന്റ് പറഞ്ഞത്. കാരണം അവർ നന്നായി ഇംഗ്ലീഷു സംസാരിക്കുമത്രെ.

അതു കേട്ടു കുട്ടികളും ഇംഗ്ലീഷ് പഠിക്കും.
മറ്റുനാട്ടുകാർക്കു കൊടുക്കുന്നതിലും കൂടുതൽ ശമ്പളം കൊടുത്തവരെ നിറുത്താനാണാഗ്രഹം.

ഫിലിപ്പൈനികളെ കിട്ടിയില്ലെങ്കിൽ മാത്രം മറ്റു നാട്ടുകാരെ ജോലിക്കു വെക്കും.

അറബിക്കുട്ടികൾ ഇംഗ്ലീഷു പഠിച്ചാൽ സ്കൂളിൽ പോകുമ്പോൾ അവർക്കത് ഗുണം ചെയ്യുമത്രെ.

വീട്ടിലെ അവസ്ഥ അത്ര ശോചനീയമായിപ്പോയില്ലായിരുന്നെങ്കിൽ ഇങ്ങനെ മരുഭൂവിൽ താൻ വരുമായിരുന്നോ.?

കുളിച്ചു വന്ന് നീണ്ടു നിവർന്നു കിടന്നപ്പോൾ അന്നയ്ക്കു കുറച്ചാശ്വാസമായി. ചിന്താഭാരമൊഴിഞ്ഞു. ശരീരവും തണുത്തു.

നാട്ടിലേയ്ക്ക് ഫോൺ വിളിക്കണം. പരാതിക്കൂമ്പാര
മായിരിക്കും മക്കൾ
ചൊരിയാൻ,പോകുന്നത്.

“അമ്മ കഴിച്ചോ? ഉറങ്ങിയോ”എന്നൊന്നും തിരക്കാറില്ല.

ഫ്ലയിറ്റിലൊക്കെ കയറി പോകുന്ന ആർഭാടം കാണുമ്പോൾ അതുപോലെ ആഢംബര ജീവിതമാണിവിടെ എന്നാണവരൊക്ക ധരിച്ചുവെച്ചിരിക്കുന്നത്

എന്തായാലും മക്കളെ ഓർത്തു കണ്ണു നനഞ്ഞു. തന്റെ ഇരുവശവും എന്നും കിടന്നുറങ്ങിയവരാണ്.എല്ലാം കാര്യങ്ങളും ചെയ്തു,കൊടുക്കണമായിരുന്നു.

ഇന്നിപ്പോൾ ഒൻപതാം ക്ലാസുകാരി റാഹേല് അമ്മൂമ്മയെ അടുക്കളപ്പണിയൊക്കെ സഹായിച്ചു കൊടുത്തിട്ടാണ് ക്ലാസിൽ പോകുന്നത് .

ഫോൺ വിളിച്ചപ്പോൾ രണ്ടാളും കലപില കൂട്ടാൻ തുടങ്ങി.

ഓരോരുത്തരായി പറയ് മക്കളെ. അമ്മയ്ക്ക് പറയുന്നതൊന്നും മനസിലാകുന്നില്ല. അന്ന പറഞ്ഞു.

അപ്പൻ എവിടെപ്പോയി? അന്ന മക്കളോടു ചോദിച്ചു.

പുറത്തുപോയിട്ടു വന്നില്ല. അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

കൂട്ടുകാരൊപ്പം കൂടാനാണ് ആ പോക്കെന്ന്,അന്നയ്ക്കു മനസിലായി.

അമ്മ ഒന്നും മിണ്ടാതിരിക്കുന്നതു മനസിലാക്കിയ റപ്പേൽ ചേച്ചിയെക്കുറിച്ചു പരാതിയാരംഭിച്ചു. ചേച്ചിയും വിട്ടു കൊടുക്കുന്നില്ല.

അവൻ കൊച്ചല്ലേ നീ ക്ഷമിക്ക് അന്ന മകളെ ആശ്വസിപ്പിച്ചു

ആറാം ക്ലാസുകാരനെങ്കിലും ഒരു ,കുഞ്ഞിനെപ്പോലെയാണ് മകൾ അവനെ കൊണ്ടു നടക്കുന്നതെന്ന് അന്നയ്ക്കറിയാം.

അമ്മൂമ്മയ്ക്ക് കൊടുക്ക് മക്കളേ ഫോൺ .
അന്ന വിഷയം മാറ്റി

അമ്മയ്ക്കും വിഷമവും പരാതിയും. .

മകനു വീട്ടുകാര്യങ്ങളിൽ ശ്രദ്ധയില്ലയെന്നും, കൊച്ചുമക്കൾ പറഞ്ഞാൽ അനുസരിക്കുന്നില്ലെന്നും, കാലുവേദനയും നടുവേദനയും സഹിച്ച് വീട്ടുകാര്യങ്ങൾ ചെയ്യുന്നതും പറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തിയപ്പോൾ അന്ന അവരെ
ആശ്വസിപ്പിച്ച് ഫോൺ വെച്ചു.

താനിവിടെ പരമസുഖത്തിലെന്ന മട്ടിലാണെല്ലാവരും സംസാരിക്കുന്നത്.

നിനക്കിതൊന്നും അറിയേണ്ടല്ലോ എന്നു പറഞ്ഞു,ഫോൺ അവസാനിപ്പിക്കുമ്പോൾ മൗനം ദീക്ഷിക്കുകയാണ് അന്നയുടെ പതിവ്.

ഭർത്താവ്,അനിലേട്ടന്റെ പെങ്ങമാരെ വിവാഹം ചെയ്തയയ്ക്കാൻ വീടും അഞ്ചു സെന്റു സ്ഥലവുംവിറ്റു.

വാടക വീടാണ് ഇപ്പോഴുള്ളത്. തന്റെ വീട്ടിലാണെങ്കിലും ആരും സഹായിക്കാനില്ല. ആകെയുള്ള സഹോദരൻ തമിഴ്നാട്ടിലാണ് കുടുംബമൊപ്പം. നാട്ടിലേയ്ക്ക് വരാറില്ല.

വയ്യാത്ത അപ്പനും അമ്മയ്ക്കും തൻ്റെ പണം ചെന്നിട്ടു വേണം മരുന്നുപോലും മേടിക്കാൻ.

അന്ന മിഴിനീർ തുടച്ച് തിരിഞ്ഞു,കിടന്നപ്പോൾ തന്നെ റൂം മേറ്റ്സ് എത്തി.

വന്നയുടനെ കേറിക്കിടക്കാതെ പുറത്ത് ഇടയ്ക്ക് വന്നുകൂടെ നിനക്ക് . രേഖ കുറ്റപ്പെടുത്തി.

നടുവൊടിഞ്ഞാണു വന്നത്. ഒന്നുകിടന്നാൽ മതി. അല്ലെങ്കിൽ എവിടെയാ പോകാനുള്ളത്.

കൈയ്യിലെ കാശു പിടിച്ചെടുക്കാൻ ഓരോ കടകളും കാത്തിരിക്കുന്നുണ്ട്. കണ്ടാൽ അത്യാവശ്യമെന്ന പോലെ മേടിച്ചു പോകും. അന്ന തിരിഞ്ഞു കിടന്നുകൊണ്ടു പറഞ്ഞു.

പണം,നോക്കിയിരുന്നാൽ ജീവിക്കാൻ പറ്റില്ല. നമ്മുടെ ആവശ്യം വേണ്ട കാര്യങ്ങൾക്കല്ലേ ചെലവഴിക്കുന്നത്. മീന ഉപദേശം തുടങ്ങി.

ഇവരെ കൂടാതെ രണ്ടു ശ്രീലങ്കക്കാരികൾ കൂടി മുറിയിൽ താമസമുണ്ട്. അവരെത്തിയില്ല.

അടുത്തുള്ള രണ്ടു മുറികളിലും ഇതുപോലെ അഞ്ചു പേർ വീതമുണ്ട്. ഓരോരുത്തർക്കുമുണ്ട് അവരവരുടേതായ കദന കഥകൾ.

നിങ്ങൾ വിചാരിക്കും പോലെയല്ല രണ്ടു വീടിന്റെ ഭാരമാണ് ഞാൻ ചുമക്കുന്നത്. അന്നയ്ക്കു മറുപടി പറഞ്ഞപ്പോൾ സങ്കടം വന്നു.

രേഖ പെട്ടെന്ന് കട്ടിന്നരികിൽ ഇരുന്നു. നീ വിഷമിക്കാൻ പറഞ്ഞതല്ല. ഇവിടെ നമ്മളെ പോലെ ക്യാമ്പുകളിൽ ജീവിക്കുന്ന ഒത്തിരിപ്പേരുണ്ട്. സന്തോഷമായിട്ടല്ല. നാട്ടിലെ അവസ്ഥ കൊണ്ടു കടിച്ചു പിടിച്ചു നിൽക്കുകയാണ്.

നമുക്ക് ജോലി ചെയ്യുന്ന വീടുകളിൽ നിന്നു,സന്ധ്യയ്ക്കെങ്കിലും പോരാം. അവിടെത്തന്നെ നിൽക്കുന്നവരുടെ അവസ്ഥയെന്താണ് ?
ശമ്പളം,ഭക്ഷണമൊക്കെയുണ്ട്. നാടുവിട്ട വിഷമമൊന്നും,ഓർമിക്കാൻ നേരവുമില്ല .

എന്നാലും സ്വന്തം ഭാഷയിൽ ഒന്നു സംസാരിക്കാൻ പോലും കഴിയില്ല .
അറബി വീടുകളിലാണ് പലരും ജോലി ചെയ്യുന്നത്.

എന്റെ ഒരു കൂട്ടുകാരി മറിയം നാട്ടിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞു ഗൾഫിൽ വെച്ച് സ്വപ്നത്തിൽ മാത്രമാണ് അവൾ മലയാളം സംസാരിക്കുന്നതെന്ന്. പിന്നെ വീട്ടിൽ വല്ലപ്പോഴും ഫോൺ വിളിക്കുമ്പോഴും. രേഖ പറഞ്ഞു നിറുത്തി,

അടുത്ത മുറികളിലും അന്തേവാസികളെത്തി. എല്ലാവരും നാട്ടിലെ വിവരങ്ങളറിയാനുള്ള ഫോൺ വിളിയിലാണ്.

ഫോൺ കാർഡിനു തന്നെയെത്ര ചെലവാകുന്നു. അന്നയ്ക്ക് ആകെ അസ്വസ്ഥത തോന്നി.

എല്ലാവരുടെയും നടപ്പും, ബഹളവും, ബൾബിൻ്റെ പ്രകാശ മൊക്കെ ,അണയ്ക്കാതെ തനിക്ക് ഉറങ്ങാൻ പറ്റില്ല.

ബക്കറ്റിൽ നനച്ചു വെച്ചിരിക്കുന്ന തുണി തിരുമ്മിയിട്ടു വരാം. ഇനി ബാത്റൂമിൽ ആൾത്തിരക്കാകും.
എഴുന്നേറ്റപ്പോൾ നടുവും കാലുമൊക്കെ വല്ലാത്ത വേദന.

തുണി വിരിച്ചിട്ടു വരുമ്പോൾ അന്ന മനസിൽ കരുതി ഇങ്ങനെ ഒറ്റപ്പെട്ട ഒരു ജീവിതം സ്വപ്നത്തിൽ പ്രതീക്ഷിച്ചിരുന്നോ? കുടുംബവും കുട്ടികളുമൊക്കെ കൂടെയുണ്ടാകാതെ കഴിയാനാകുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല അതും അന്യനാട്ടിൽ.

“നീ മാത്രമല്ല എത്ര സ്ത്രീകളാണ് അവിടെ ജോലിക്കു പോയി കുടുംബം നോക്കുന്നത് നാട്ടിൽ പണിയൊന്നും കിട്ടാനില്ല.

മക്കൾ വളർന്നോളും, അവരെ നോക്കി ഇവിടെ നിന്നിട്ടെന്തിനാ? ”

അനിൽച്ചേട്ടന്റെ നിർബന്ധമാണിവിടെ എത്തിച്ചത്. കുടുംബ നാഥനെന്ന നിലയിൽ
അവരവർചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ മറന്നുള്ള,സുഖജീവിതത്തിലാണ് അങ്ങേർക്കു താൽപര്യം.

കടബാധ്യതകൾ ഏറിയതും, വീടു നഷ്ടപ്പെട്ടതുമൊക്കെ അനിൽച്ചേട്ടന്റെ പിടിപ്പുകേടെന്ന് അമ്മ കുറ്റപ്പെടുത്തും. പക്ഷേ ഇതെല്ലാം ഏറ്റെടുത്ത് നാടുവിടേണ്ടി വന്നതോ തനിക്കും.

എത്ര കുറുമ്പും, വാശിയും കാട്ടി തന്നെ കടിച്ചു കീറിയാലും, വേലയ്ക്കു പോകുന്ന വീട്ടിലെ കുട്ടികളുമായി കഴിയുമ്പോൾ തനിക്ക് ഒന്നും ചിന്തിക്കാൻ സമയം കിട്ടില്ല. അത്ര തിരക്കിട്ട ജീവിതമാണവിടെ.

ആദ്യമൊക്കെ വെള്ളിയാഴ്ച അവധി തരുമായിരുന്നു. ഒരു ദിവസമെങ്കിലും ഞങ്ങൾക്കു റെസ്റ്റു വേണമെന്ന വീട്ടിലെ പെണ്ണുങ്ങളുടെ നിർബന്ധം തനിക്ക് വിശ്രമമില്ലാതാക്കി.

നാട്ടിൽ പോകുന്ന സമയത്ത് കൂടുതൽ ദിവസം ചെയ്തതിന്റെ കാശ് ഒരുമിച്ചു
തരാമെന്ന വാഗ്ദാനത്തിൽ താനും വീണു.

എല്ലുമുറിയെ പണിയുന്നുണ്ട്. കുറിയുടെ അടവും, വീട്ടു ചെലവും എല്ലാം കഴിഞ്ഞാൽ മിച്ചം വെപ്പൊന്നും നടക്കില്ല.

എന്തായാലും നാട്ടിൽ രണ്ടു കുടുംബം പട്ടിണിയില്ലാതെ കഴിയുന്നുണ്ടല്ലോ? അത്രയും സമാധാനം.

പെയിന്റു പണിയെന്നു പറഞ്ഞിറങ്ങുന്ന അനിലേട്ടന് ഒരു ദിവസം പോലും ജോലി ഉണ്ടാകാറുമില്ല. ഒളിച്ചു ചീട്ടു കളിക്കുന്ന സംഘത്തിലെ സജീവസാന്നിധ്യമാണ്.

രാത്രി ഇത്ര വേഗം തീരുമോ? അലാറം അന്നയെ വിളിച്ചുണർത്തി. പെട്ടെന്നൊരുങ്ങി അവൾ നിരത്തിലേയ്ക്കിറങ്ങി.

നേരം വെളുക്കുന്നതേയുള്ള്. റോഡു നിറയെ വാഹനങ്ങൾ. ആരും ആരെയും ,ശ്രദ്ധിക്കാത്ത ലോകം.

നടപ്പാതയ്ക്കു, പുറത്തെ മണ്ണിൽ ഈന്തപ്പനയുടെ അരികിലായുള്ള കോൺക്രീറ്റ് ബെഞ്ചിൽ അന്ന ഇരുന്നു.

മകളുടെ മിസ് കോളുണ്ട്. തിരിച്ചു വിളിച്ചിട്ടു പോകാം. അവിടെച്ചെന്നാൽ അക്കാര്യം മറക്കും.

അമ്മേ ! മോളുടെ കരച്ചിൽ.

ഇന്നലെ വൈകീട്ടു വിളിക്കുന്നവരെ ഒരു പ്രശ്നവുമുണ്ടായില്ലല്ലോ!

എന്താ !

ആകാംക്ഷയുടെ കൊടുമുടിയിലെത്തി അന്നയുടെ ശബ്ദം ഉച്ചത്തിലായി .

അപ്പനെ പോലീസു പിടിച്ചു. മകൾ വീണ്ടും കരച്ചിൽ.

എപ്പോൾ? ഇന്നലെ വിളിച്ചപ്പോൾ നീ പറഞ്ഞില്ലല്ലോ

അന്നയ്ക്കു ദേഷ്യം വന്നു.

അമ്മ ഫോൺ വെച്ചു കഴിഞ്ഞാ അറിഞ്ഞത്. ഞാൻ വിളിച്ചു. അമ്മ എടുത്തില്ല.
റാഹേൽ പറഞ്ഞു.

ഞാനുറങ്ങിപ്പോയി മോളെ. കുറ്റബോധത്തോടെ അന്ന പതിയെ പറഞ്ഞു.

ചീട്ടുകളി സംഘത്തെ പിടിച്ചു കാണും. അല്ലേ?.

അന്നയുടെ ചോദ്യം മുഴുമിക്കുന്നതിനു മുമ്പേ റാഹേലു മോൾ തേങ്ങിപ്പറഞ്ഞു.

അതല്ല. ഒരു കുത്തു കേയ്സാണ്. അപ്പ ലോക്കപ്പിലാണ്.

ആകുലതയാൽ
ഇത്രയധികം വിയർത്തൊഴുകുന്ന അന്നയുടെ അവസ്ഥ കണ്ട് ഇളം കാറ്റ് ഈന്തപ്പനയോല വിശറിയാൽ പതിവു ചൂടൊഴിവാക്കി മെല്ലെ അവളെ വീശിത്തഴുകി കൂട്ടു നിന്നു.

ഇന്നലെ റപ്പേലിന് ചിക്കൻ,കഴിക്കണമെന്നു വാശി പിടിച്ചപ്പോൾ സന്ധ്യയ്ക്ക് കോഴിക്കടയിൽ പോയതാണ് അപ്പൻ.

അവിടെ വെച്ചു ഒരാളുമായി തർക്കമുണ്ടായതാണ്. അവിടെയിരുന്ന കത്തിയെടുത്ത് അയാളെ കുത്താൻ ശ്രമിച്ചു. മകൾ പറഞ്ഞു നിറുത്തി.

നീ വിഷമിക്കാതെ നാട്ടിലെ മെമ്പറിനെ ഒന്നു വിളിച്ചു നോക്കട്ടെ തളർന്ന സ്വരത്തിൽ അന്ന പറഞ്ഞു..

നിന്റെ അപ്പനെന്തിനാ ഇങ്ങനെ വേണ്ടാത്തതോരോന്നും ഒപ്പിച്ചു വെയ്ക്കുന്നത്. ഇനി എത്ര കാശു മുടക്കണം ഒത്തു തീർപ്പിനും മറ്റുമായി.

അന്നയ്ക്കു മകളുടെ കരച്ചിൽ കേട്ട് പെട്ടെന്ന് ദേഷ്യം വന്നു.

അമ്മയ്ക്കു എന്തു പറഞ്ഞാലും കാശില്ല, കാശില്ല. അമ്മയ്ക്കു വേണ്ടിയാ അപ്പനിങ്ങനെ ചെയ്തത്?

മകൾ ശുണ്ഠിയോടെ പറഞ്ഞു.

ചിക്കൻ വാങ്ങാൻ ചെന്നപ്പോൾ കോഴിക്കടയിൽ വന്ന അപ്പന്റെ കൂട്ടുകാരൻ അമ്മയെ കുറിച്ച് വേണ്ടാതീനം പറഞ്ഞിട്ടാ അപ്പനു ദേഷ്യം വന്നത്.

മകൾ വിതുമ്പിപ്പറഞ്ഞു നിറുത്തി.

എന്നെക്കുറിച്ചോ ?എന്തു വേണ്ടാതീനം.! അന്ന അക്ഷമയായി.

അതു പിന്നെ എപ്പോഴും ചിക്കനൊക്കെ തിന്നാലോ ! ഭാര്യ അവിടെ നിന്ന് എങ്ങനെയൊക്കെയോ കാശു ,വിടുന്നുണ്ടല്ലോന്ന്! പറഞ്ഞു അയാൾ.

അപ്പനു ദേഷ്യം വന്ന് ഒന്നും രണ്ടും പറഞ്ഞ് അയാളുമായി ഉന്തും തള്ളുമായി . കോഴിയെ മുറിക്കുന്ന കത്തിയെടുത്ത് അപ്പൻ അയാളെ കുത്തി.

അയാളൊഴിഞ്ഞു മാറിയതു കൊണ്ട് കൈ മാത്രമേ മുറിഞ്ഞുള്ളു.

എന്നാലും അപ്പനെ പോലീസു കൊണ്ടുപോയി. റാഹേൽ പറഞ്ഞു നിറുത്തി .

സ്തബ്ധയായി പോയെങ്കിലും അന്ന മോളോടു ചോദിച്ചു. നിന്നോടിതാരാ വിവരങ്ങളൊക്കെ പറഞ്ഞത്?

കോഴിക്കടയിലെ ചേട്ടനിന്നലെ ഇവിടെ വന്നിരുന്നു. അമ്മൂമ്മയോടു പറഞ്ഞതു കേട്ടതാണ്.

വേച്ചു വേച്ചു നടക്കുമ്പോൾ അന്ന ചിന്തിച്ചത് എത്ര കഷ്ടപ്പാടിവിടെ സഹിച്ച് മക്കളെയും കാണാതെ പ്രവാസിയായി ഉരുകുമ്പോഴും ആളുകളുടെ മനോഭാവം ഇത്ര തരം താഴ്ന്നതായിരുന്നല്ലോ എന്നായിരുന്നു.

വളർന്നു വരുന്ന മക്കളെയും ഈ അപവാദം ബാധിക്കില്ലേ?

എന്തോ ഉയർത്തെഴുന്നേൽപ്പിൻ ശക്തിയവളിൽ വീശിയടിച്ച ചുടു കാറ്റായി ,പൊതിഞ്ഞപ്പോൾ അന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു നടന്നു.

ജോലി സ്ഥലത്ത് എത്തിയപ്പോൾ അവൾ അവിടത്തെ അമ്മയോടു തൻ്റെ സങ്കടാവസ്ഥ പറഞ്ഞു.

മക്കളുമായി ആലോചിച്ചവർ കുറച്ചു ദിവസത്തേയ്ക്ക് നാട്ടിലേയ്ക്കു പോകാൻ അവധി നൽകി. ഭർത്താവിനെ അന്നയോടൊപ്പം കൊണ്ടു വരാൻ വിസിറ്റു വിസയും തയ്യാറാക്കി കൊടുക്കാമെന്നും ഏറ്റു.

എയർപോർട്ടിൽ ഇരിക്കുമ്പോൾ അന്ന ഓരോന്നു ആലോചിച്ച് കൊണ്ടിരുന്നു. മനുഷ്യർ എപ്പോഴും,അപവാദത്തെ ഭയക്കുന്നു.

പറയുന്നവന് ഒരു വാക്ക് മാത്രം. അനുഭവിക്കുന്നവർക്കുണ്ടാകുന്ന വേദന ഹൃദയങ്ങളെ മുറിച്ചു കീറിക്കൊണ്ടിരിക്കും.

രക്തം വിയർത്ത് അധ്വാനിച്ചുണ്ടാകുന്ന കാശിന് വില തരാതെ, അവിഹിതത്തിൻ്റെയും , അനാശാസ്യത്തിൻ്റെയും നിറക്കൂട്ടു കൊണ്ട് ചിത്രം വരച്ചുചേർത്ത് ആസ്വദിക്കുന്നവരോട് അവൾക്ക് പുച്ഛം തോന്നി.

 

മക്കളെ ഹോസ്റ്റലിലാക്കി വീട്ടിൽ വന്നു കയറിയപ്പോൾ അന്നയുടെ നെഞ്ച് പൊടിയുന്ന വേദന തോന്നി.

കിളിയൊഴിഞ്ഞ കൂടു പോലെ വീട്. എന്തായാലും സ്വന്തം വീടല്ല എപ്പോഴെങ്കിലും ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.

തന്റെ അപ്പനും, അമ്മയും താമസിക്കുന്ന വീടു പുതുക്കി പണിയണം. നാലു സെന്റാണെങ്കിലും തന്റെ പേരിലാക്കി അപ്പനത് വെച്ചിട്ടുണ്ട്.

തിരികെ ചെന്നിട്ട് ഇനിയും വിയർപ്പൊത്തിരി ഒഴുക്കാനുണ്ട്. നാളെ രാവിലെയാണ് ഫ്ലയിറ്റ്.

അനിലേട്ടൻ നേരത്തേ കിടന്നു.അന്ന അടുത്തു ചെന്നിരുന്നു . ആൾ ഉറങ്ങിയട്ടില്ല.കണ്ണു നിറഞ്ഞിരിക്കുന്നു.

എന്തിനാണു വിഷമിക്കുന്നത്? മക്കളെ പഠിപ്പിക്കണം. വീട് കെട്ടണം.
മാതാപിതാക്കൾക്കു ചെലവിനു കൊടുക്കണം. ഞാനൊരാൾ വിചാരിച്ചാൽ കൂട്ടിയാൽ കൂടില്ല.

അന്ന പറഞ്ഞു തീരും മുമ്പ് അനിൽ എഴുന്നേറ്റിരുന്നു.

നമ്മുടെ വീടിപ്പോൾ ആകാശദൂതു സിനിമ പോലായി.

അമ്മ, പെങ്ങളുടെ വീട്ടിൽ. മക്കൾ രണ്ടു ബോർഡിംഗുകളിൽ . അയാൾ നിർത്തി.

ജോലി ചെയ്യാൻ മടിയുണ്ടെങ്കിലും മക്കളെന്നു വെച്ചാൽ ജീവനാണ് അനിലേട്ടന്. അന്നയോർത്തു.

ആ സിനിമ പോലാണോ? നമ്മൾ എല്ലാവർഷവും കുട്ടികളുടെ അവധി നോക്കി വരും.

കുട്ടികളെയും അമ്മയെയും എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്തും. അതിനു മുമ്പ് ആ വീട് ശരിയാക്കണം. അന്ന ഭർത്താവിനെ ആശ്വസി പ്പിച്ചു.

നിനക്കെന്തൊരു മനക്കട്ടിയാണ്. പോരുമ്പോൾ റാഹേലു മോളുടെ കരച്ചിൽ കണ്ടിട്ട് എനിക്കു സഹിക്കാൻ വയ്യ.

റപ്പേലിന് അതിലും വിഷമമുണ്ട്. അനിൽ പറഞ്ഞു നിറുത്തി.

മനക്കട്ടിയൊന്നുമല്ല ചേട്ടാ ! നമ്മുടെ അവസ്ഥ അതാണ്. അവരുടെ നന്മയ്ക്കു വേണ്ടി ഇതൊക്കെ സഹിക്കണം.

ഒരു വിസിറ്റു വിസ ഒപ്പിച്ച് ചേട്ടനെ അങ്ങോട്ടു കൊണ്ടുവരാൻ ആ
വീട്ടുകാർ സഹായിച്ചതു കൊണ്ടാണ് നമ്മൾ നാളെ ഒരുമിച്ചു പോകുന്നത്.

ഒറ്റയ്ക്കു പോയപ്പോഴുള്ള വേദന ഇത്തവണ ഇല്ല. അനിലേട്ടനൊരു ജോലി തരപ്പെടുത്തണം. അതാണിപ്പോഴത്തെ ടെൻഷൻ. സാരമില്ല. അവരതു ശരിയാക്കിത്തരും .

അന്ന പറഞ്ഞു കൊണ്ട് കിടപ്പു
മുറിയിലെ ലൈറ്റണച്ചു.

കട്ടിലിൽ കിടന്നയുടൻ തന്നെ അവൾ മയങ്ങിയ പോലെ അഭിനയിച്ചു . മതിലിന്നരികിലേക്കു ചരിഞ്ഞു ചേർന്നു കിടന്നു.

കണ്ണീർ ഒഴുകി തലയിണയിൽ വീണതവൾ തുടച്ചില്ല.

നിദ്രയുടെ ആഴങ്ങളിലവൾ കണ്ടു
റാഹേലും റപ്പേലും തന്റെ ഇരുവശവും കിടക്കാൻ വഴക്കു കൂട്ടുന്നുണ്ട്.

അന്ന കിടക്കുമ്പോൾ അവരുടെ പതിവാണത്. ഒപ്പം ചാടിക്കയറി ഇരുവശവും കിടക്കും. അമ്മ പ്രാർത്ഥന ചൊല്ലുന്ന സ്വരവും കേൾക്കാം.

നടക്കാത്ത അഗ്രഹങ്ങളാണോ സ്വപ്നങ്ങൾ? അറിയാതെ ഒരു പുഞ്ചിരി സുഷുപ്തിയിലും അവളുടെ മുഖത്തു വിരിഞ്ഞു.

ദുബായിലേയ്ക്കുള്ള ഫ്ലയിറ്റിൽ കയറുന്ന രംഗമായപ്പോൾ സ്വപ്ന ലോകത്തു നിന്നവൾ നിദ്രവിട്ട് ഞെട്ടിയുണർന്നു.

അനിലിൻ്റെ വിസിറ്റു വിസ തീരും മുമ്പ് ജോലിയൊപ്പിക്കാൻ അന്ന ഒത്തിരി ബുദ്ധിമുട്ടി. നാട്ടിൽ പോയാൽ അയാൾ തിരിച്ചു,വരാതിരുന്നാലോ എന്ന ഭീതി അവളെ വല്ലാതെ
അലട്ടി.

ഒരുമിച്ച് താമസിക്കാൻ മുറിയെടുത്തപ്പോൾ വാടക തുകയും വർദ്ധിച്ചു.

മക്കൾക്ക് ഹോസ്റ്റൽ ഫീസ് അയക്കണം. മാതാപിതാക്കൾക്കു ചെലവിന് കാശയക്കണം.

കടം വാങ്ങിക്കുകയേ നിവൃത്തിയുള്ളു. സാലറി അഡ്വാൻസ് വാങ്ങി. രേഖയോടും, കൂട്ടുകാരോടും കടം വാങ്ങി.

കടബാധ്യത ദിനം തോറും കൂടിക്കൂടി വരുന്നുണ്ട്. തോളിന്മേൽ നുകം കൂടുതൽ ഭാരമേകുന്നതും ഇറുകുന്നതുമായി അന്നയ്ക്കനുഭവപെട്ടു.

ജോലിക്കു നിൽക്കുന്ന മലയാളി കുടുംബത്തിലെ മകളും കുട്ടികളും അമ്മയും നാട്ടിലേയ്ക്കു മടങ്ങാൻ തീരുമാനിച്ചതോടെ
അന്നയുടെ ജോലി കൂടി നഷ്ടമാകുന്ന അവസ്ഥയിലായി.

എന്തു,ചെയ്യണമെന്നറിയാതെ അനിലിൻ്റെ കുറ്റപ്പെടുത്തലും കേട്ടുകൊണ്ടിരിക്കുന്ന ഒരു സന്ധ്യയിൽ രേഖയുടെ ഫോൺ കോളെത്തി.

അവൾ ജോലിക്കു പോകുന്ന വീടിന്റെ അടുത്തുള്ള അറബി വീട്ടിൽ ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്.

വീൽച്ചെയറിൽ ഇരിക്കുന്ന ഒരു കുട്ടിയടക്കം അഞ്ചെട്ട് അംഗങ്ങൾ ഉള്ള കുടുംബമാണ്.

ഭക്ഷണം പാചകം ചെയ്യേണ്ട. അതിന് ഒരു സുഡാനി പെൺകുട്ടിയുണ്ട്.

നീ വന്നു നോക്ക്. രേഖ പോകേണ്ട സ്ഥലമൊക്കെ പറഞ്ഞു കൊടുത്തു ഫോൺ വെച്ചു.

മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിത്തുരുമ്പ് എന്ന പോലെ അന്ന പിറ്റേന്നു തന്നെ അനിലുമായി അവിടെ പോയി. രേഖയും കൂടെ ചെന്നു.

 

ഫോൺ ബെല്ലടിച്ചപ്പോഴാണ് അന്ന ഉണർന്നത്. അനിലേട്ടൻ പുറത്തേയ്ക്കു പോയെന്നു തോന്നുന്നു മുറിയിൽ കാണുന്നില്ല.

റാഹേൽ മോൾ കുവൈറ്റിൽ നിന്നു വിളിച്ചതാണ്. അവൾ അവിടെ നേഴ്സാണ്. ഭർത്താവും അവളുടെ കൂടെ നേഴ്സായി ജോലി ചെയ്യുന്നുണ്ട്.

അപ്പ വിളിച്ചായിരുന്നു. അമ്മ നാട്ടിലേയ്ക്ക് മടങ്ങുന്നില്ല എന്നു പറഞ്ഞു. ഇനിയെന്തിനാ അമ്മ നിൽക്കുന്നത്? ഇത്രയുംകഷ്ടപ്പെട്ടതു പോരേ?

റാഹേൽ വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരുന്നു.

അതു പോര മോളെ. ഒരാവശ്യ നേരത്ത് നമ്മളെ സഹായിച്ച കുടുംബമാണിത്.

നിങ്ങളെ പഠിപ്പിക്കാനും, വീടു കെട്ടാനും, നിന്റെ വിവാഹം നടത്താനുമൊക്കെ കഴിഞ്ഞത് ഈ വീട്ടുകാരുടെ സഹായം കൊണ്ടു മാത്രമാണ്. അന്ന പറഞ്ഞു നിറുത്തി.

അതു പിന്നെ നിങ്ങൾ ജോലിയെടുത്തിട്ടല്ലേ ? റാഹേൽ ഗൗരവഭാവത്തോടെ പറഞ്ഞു.

മോളെ കടം വാങ്ങി മൂക്കോളം മുങ്ങി നിന്നപ്പോഴാ രേഖ ഞങ്ങളെ ഇവിടെ കൊണ്ടു വന്നാക്കിയത്.

നിന്റെ അപ്പനു ഡ്രൈവർ ജോലിനൽകി, എന്നെ മെയിഡാക്കി നിർത്തി .രണ്ടാൾക്കും വിസ തന്നു.

ഒരുമിച്ചു താമസിക്കാൻ ഇവിടെ തന്നെ ഇടം നൽകി.

പിന്നെയെല്ലാം നിനക്കറിയാലോ? അന്ന സംസാരം നിറുത്തി.

അപ്പൻ മടങ്ങുമ്പോൾ അമ്മ തനിച്ചു നിൽക്കേണ്ടയെന്നു കരുതിയാണ് ….. റാഹേൽ മുഴുവനാക്കിയില്ല.

അതു സാരമില്ല അപ്പൻ നാട്ടിലേയ്ക്കു പോരട്ടെ. റപ്പേലു മോൻ അവിടെയല്ലേ പഠിക്കുന്നത്. ഒരാളു അവനു കൂട്ടു വേണം. അപ്പനിവിടെ മതിയായി എന്നും പറയുന്നുമുണ്ട്.

അന്ന തുടർന്നു

നൂറമോൾക്ക് ഞാനില്ലാതെ പറ്റില്ല. കിടന്ന കിടപ്പായ കൊച്ചിനെ വീൽ ചെയറിലിരുത്തി കൊണ്ടു നടന്ന് പതിയെ ഒന്നു രണ്ടു ചുവടു വരെ വെയ്ക്കാൻ പ്രേരിപ്പിച്ചത് ഞാനാണ്.

ആദ്യമൊക്കെ എന്തൊരു ദേഷ്യമായിരുന്നു കൊച്ചിന്. ഇപ്പോഴാകട്ടെ എന്നെ മതി.

ഞാൻ മടങ്ങിപ്പോന്നാൽ നൂറമോളു കുറേ വിഷമിക്കും.

പിന്നെ റപ്പേലിന് ജോലിയൊക്കെ കിട്ടട്ടെ എന്നിട്ടു തീരുമാനിക്കാം തിരിച്ചു വരുന്ന കാര്യം.

അന്ന പുറത്തേയ്ക്കിറങ്ങി. മകളോട് സംസാരിച്ചു കൊണ്ടു തന്നെ നൂറയുടെ മുറിയിലേയ്ക്ക് നടന്നു.

നൂറമോൾ നാനാ എന്ന് വിളിക്കുന്ന ശബ്ദം റാഹേലും കേട്ടു.

അവൾ ഫോൺ കട്ടാക്കി.

സംസാരിക്കാനും നടക്കാനും പറ്റാത്ത കുട്ടിയാണു നൂറ.
അന്ന എന്ന തൻ്റെ പേരിനെ നാന എന്നാണു അവൾ വിളിക്കുന്നത്.

അങ്ങനെ കുറച്ചു വാക്കുകൾ മാത്രം അവൾ പറയും. അതും പഠിപ്പിച്ചത് താനാണ്.

ഇവിടെ ജോലിക്കു വന്നപ്പോൾ നൂറയ്ക്ക് തൻ്റെ റപ്പേലുമോന്റെ പ്രായം.

ഇപ്പോൾ കൗമാരം കഴിഞ്ഞ സുന്ദരിക്കുട്ടിയാണ്. തന്റെ പാട്ടും ഡാൻസുമൊക്കെ കാട്ടിയവളെ പണ്ടേ മയക്കിയെടുത്തു.

ഇന്നിപ്പോൾ സ്വന്തം ഉമ്മപോലും താൻ കഴിഞ്ഞിട്ടേയവൾക്കുള്ളു.

വീൽ ചെയറിലിരുത്തി അവളെ എല്ലായിടത്തും കൊണ്ടു പോകും.

സ്വന്തം മക്കളെക്കാൾ താൻ സ്നേഹിച്ചു നോക്കിയ മോളാണ്. അവളെ പിരിയാൻ വയ്യ.

ലീവിനു താൻ നാട്ടിൽ പോകുമ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം വരെ അവൾ ചെയ്യും.

വീഡിയോ കോൾ വിളിച്ച് തന്നെ കാണിച്ചാണ് വീട്ടുകാർ അവളെ സമാധാനിപ്പിക്കുന്നത്.

നൂറ മോളുടെ മുറിയിലേക്കു അന്ന കടന്നപ്പോൾ അവൾ നിലാവു പോലെ പുഞ്ചിരിച്ചു.

തനിക്ക് ആരോഗ്യമുള്ളതുവരെ ഇവൾക്കായാണെന്റെ ജീവിതം എന്നോർത്തു കൊണ്ട് ചില്ലുപാളികൾ തുറന്നു ജനാലയ്ക്കു പുറത്തേയ്ക്ക് അന്ന നോക്കി.

ആകാശത്തു വെൺ മേഘശകലങ്ങൾ തിരക്കില്ലാതെ നടക്കുന്നുണ്ട്.

നീലവാനത്തിലെ പുലർകാല നക്ഷത്രം നൂറയെപ്പോലെ വേറിട്ട പുഞ്ചിരിയോടെ അന്നയെ നോക്കി.

റോമി ബെന്നി.✍

RELATED ARTICLES

8 COMMENTS

  1. പ്രവാസിയുടെ ജീവിതം എന്നും എവിടെയും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്.
    റോമി അത് നന്നായി അവതരിപ്പിച്ചു. പ്രവാസകഥകൾ അനുഭവ യാത്രകളുടെ സൗന്ദര്യം സമ്മാനിക്കുന്നുണ്ട്.
    തുടരുക
    ഭാവുകങ്ങൾ.❤️❤️

  2. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്, നന്നായി എഴുതി എത്ര പ്രവാസികൾ ആണ് ജീവിത സാഹചര്യം മൂലം കുടുംബത്തിനുവേണ്ടി അവിടെ ചെന്ന് കഷ്ട്ടപെടുന്നത്…അവരുടെ ജീവിതങ്ങൾ അതു പോലെ ഉൾക്കൊണ്ട്‌ വായിക്കുവാൻ സാധിച്ചു…. ഇനിയും എഴുതുക വായനക്കായി കാത്തിരിക്കുന്നു ❤️❤️❤️

  3. നക്ഷത്രക്കണ്ണുകൾക്കു കാവൽ – കഥ ജീവിതം എല്ലായിടത്തും ഒന്നുതന്നെ – ചെറിയ വ്യത്യാസങ്ങളോടെ എന്ന് തോന്നിപ്പിക്കുന്നു. അന്നയും റാഫേലും റപ്പേലുമൊക്കെ നമുക്കു ചുറ്റും കാണുന്നവരായി തോന്നി. ഹൃദയസ്പർശിയാണ് കഥ. ഒരായിരം അഭിനന്ദനങ്ങൾ റോമി ബെന്നി. പ്രവാസ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നവർക്കായി ഒരായിരം കഥകളുമായി വരൂ…. കാത്തിരിക്കാം.

  4. പ്രവാസം., പ്രണയവും പ്രാണനായവരേയും പാതിവഴിയിൽ നിർത്തി, വീണ് വളർന്ന മണ്ണുപേക്ഷിച്ച് സഹനത്തിന്റെ ജീവിത പന്ഥാവ് തേടിയുള്ള യാത്ര..
    ഒക്കെയും ശരിയാകുമെന്ന് ഉറച്ചു വിശ്വസിച്ച് വിയർപ്പിന്റെയും വിശപ്പിന്റെയും ചക്രക്കിലുക്കങ്ങൾ ആമാടപെട്ടിയിൽ ശേഖരിച്ച് സ്വപ്നങ്ങളുടെ കയ്യിലേൽപ്പിയ്ക്കുന്നു. ഒടുവിൽ ഒരുനാൾ എല്ലാത്തിനും കാരണനായൊരാൾ, കാലത്തിന്റെ പുതിയ കഥയിൽ വേഷപ്പകർച്ചയുടെ ഏകാംഗനാടകമാടുന്നു. പ്രവാസത്തിന്റെ അത്തർമണമേറ്റുവളർന്ന ചെടികളൊന്നും ആ വേദിയ്ക്ക് മുൻപിൽ കാഴ്ചക്കാരായ് പോലും ഉണ്ടായിരുന്നില്ല…

  5. 1)വാശിപിടിച്ച് കുട്ടികൾ തരുന്ന സമ്മാനമാണ് ആരോട് പറയാൻ
    2)ഇവരെ കൂടാതെ രണ്ടു ശ്രീലങ്കക്കാരികൾ കൂടി മുറിയിൽ താമസമുണ്ട്അ.വരെ എത്തിയില്ല
    3)പുറത്ത് ഇടയ്ക്ക് വന്നുകൂടെ നിനക്ക് രേഖ കുറ്റപ്പെടുത്തി
    1) മനസ്സിലാക്കാൻ പ്രയാസമുള്ള വാചകം
    2) അവർ ഇതുവരെ എത്തിയിട്ടില്ല
    3) ഈ മൂന്നാമത്തെ വാചകത്തിലും അവ്യക്തതയുണ്ട് അത്രയും തന്നെ വാക്കുകൾ ഉപയോഗിച്ച് ആദ്യം പെർഫെക്റ്റ് ആക്കണം
    . കഥയെഴുതുമ്പോൾ അല്ലെങ്കിൽ ഓർമ്മക്കുറിപ്പുകൾ എഴുതുമ്പോൾ വാക്കുകൾക്ക് അല്ലെങ്കിൽ വാചകങ്ങൾക്ക് വ്യക്തത വേണം ചില വാചകങ്ങൾ അപൂർണ്ണമാണ്രു.ഒരു വാചകം വായിക്കുമ്പോൾ അതിൽ പരിപൂർണ്ണ ആശയം പ്രകടമാകണം.അതുകൊണ്ടാണ് ഞാൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് നിലവിൽ എഴുതിയ ശേഷം എത്ര പ്രാവശ്യം വായിക്കുന്നുവോ അതിൽ കൂടുതൽ പ്രാവശ്യം വായിച്ചിട്ട് ഒന്നുകൂടി തിരുത്തലുകൾ വരുത്തുക. ഇന്നത്തെ കാലത്ത് വായന ആളുകൾക്ക് ബുദ്ധിമുട്ടാണ്. മൊബൈലിൽ ആകുമ്പോൾ കൂടുതൽ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വാക്കുകൾ എല്ലാം പരിപൂർണ്ണത വരുമ്പോൾ വായന എളുപ്പമാകുന്നു. ഖട്ടർ ഉള്ള റോഡിലൂടെ പോകുന്നതുപോലെയാണ് ചില സന്ദർഭങ്ങളിൽ..
    പ്രവാസികളുടെ ജീവിതത്തിന്റെ നേരെ അനുഭവം കുറിച്ചതിന് വളരെ നന്ദി
    അന്ന ചിന്തിച്ചു അതിനു പകരം ഞാൻ എന്ന രീതിയിൽ കഥ തുടർന്നെങ്കിലും അന്ന ചിന്തിച്ചു എന്നുള്ള വാചകം ഒഴിവാക്കാമായിരുന്നു ഒരു വ്യക്തിയുടെ ചിന്തകളെ നമ്മൾ മറ്റൊരാൾ ചിന്തിച്ചു എന്നു പറഞ്ഞ് കഥ എഴുതാൻ പാടില്ല എന്ന് എനിക്ക് തോന്നുന്നു
    എന്തായാലും നല്ല അനുഭവക്കുറിപ്പ് അഭിനന്ദനങ്ങൾ റോമി

  6. ഞാൻ രണ്ടുമൂന്നു പേർക്ക് അയച്ചു കൊടുത്തു. യഥാർത്ഥ ജീവിതാനുഭവം പോലെയാണ് അവർ പറഞ്ഞത്. ഗൾഫിൽ ഒരു പ്രാവശ്യമെങ്കിലും പോയി അനുഭവിച്ചവർക്ക് ഈ കഥയുടെ അല്ലെങ്കിൽഅനുഭവക്കുറിപ്പിന്റെ മഹത്വം മനസ്സിലാകും. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

  7. എല്ലാവരുടെയും അഭിപ്രായങ്ങൾക്കും, സ്നേഹത്തിനും നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com