മറവിയില്ലായിരുന്നെങ്കിൽ
ഓർമ്മകളിങ്ങനെ
ഗതകാല ചിന്തകളിലെ
സുന്ദര സ്വപ്നങ്ങൾ മൂടിവെച്ച്
അഭിശപ്തമായതെല്ലാം
ചികഞ്ഞെടുത്തെനിയ്ക്ക് വേദനകൾ
മാത്രമേകിയേനേ.
ഓർമ്മകളില്ലായിരുന്നെങ്കിൽ
മറവിയിൽ ഞാനെന്റെ
ഭൂതകാലത്തിലെ
പട്ടിണിക്കാലങ്ങൾ കുഴിച്ചുമൂടി
മിന്നൽ പോൽ വന്നണഞ്ഞു
പോയൊരാ
സമ്പന്നകാലത്തിൻ മുഖംമൂടി മാത്രം
അണിഞ്ഞിരുന്നേനേ.
മറവിയുമെന്നോർമ്മകളും
ബോധമണ്ഡലത്തിലെ
ഇരുധ്രുവ പക്ഷികളായി പറക്കുന്നു.
ദേശാന്തരഗമനങ്ങളിലവ പരസ്പരം
കണ്ടുമുട്ടാതലയുന്നു.
ആകർഷണങ്ങളിൽ
ഒത്തുചേരാതവയേതോ
കാന്തികവലയത്തിൽ പിരിയുന്നു.
പ്രജ്ഞയിൽ ഞാനതിൻ
ശാസ്ത്രസത്യം തേടി നടക്കുന്നു.
വിഴുപ്പു പേറുന്ന കഴുതതൻ
ഭാണ്ഡത്തിൽ
കറുപ്പും വെളുപ്പും ഇരുളും വെളിച്ചവും
കഴുകി
തെളിച്ചെടുക്കുന്നവരണിയുന്നോരോ
വേഷവും
തങ്ങളിൽ കെട്ടിയാടുന്നു തരാതരം .
ചിലർക്ക് ദുഃഖം ചിലർക്ക് നൈരാശ്യം.
ആനന്ദ മാർഗ്ഗത്തിലാടി തിമിർക്കുന്നു
ആളറിയാ ചില കോലങ്ങൾ വൃഥാ




👍
നന്നായിട്ടുണ്ട്
good