1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു എം കെ സാനു ,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ പാസ്സായി .സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യവും കഷ്ടതകളുമായി ബാല്യ കൗമാരം കടന്നു പോയി.
സ്‌കൂൾ അധ്യാപകനായി തുടങ്ങി സർക്കാർ കോളജുകളില്‍ അധ്യാപകനായി തുടർന്ന് എറണാകുളം മഹാരാജാസിൽ ഏറെക്കാലം അധ്യാപകനായി. 1958 ലാണ് ആദ്യ പുസ്തകം അഞ്ചു ശാസ്ത്ര നായകന്മാര്‍ പ്രസിദ്ധീകരിച്ചത്. 1960 ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. സാഹിത്യ നിരൂപണത്തിൽ പുത്തൻ ആശയങ്ങളുമായി സൗമ്യവും ശ്കതമായ ഭാഷ അദ്ദേഹം മലയാള നിരൂപണത്തിന് ദിശാ ബോധം നൽകി. ശ്രീനാരായണ ദർശനങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും ഇടതു സഹയാത്രികൻ ആയിരുന്നു .
‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്കു അടുപ്പിച്ചത് . ജീവചരിത്രരചനകളില്‍ അസാമാന്യമായ ഭാഷാ ശുദ്ധിയോടെയും കൈവഴക്കത്തോടെയും മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് അവിസ്മരണീയവും സർഗ്ഗാത്മകവുമായ സംഭാവനകള്‍ നല്കിയവരില്‍ അദ്ദേഹം ഒന്നാമനായി .
‘ഏകാന്തവീഥിയിലെ അവധൂതൻ’എന്ന വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള കൃതിയും പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും ആശാന്‍ പഠനത്തിന് ഒരു മുഖവുര എന്ന കൃതിയുമാണ് അദ്ദേഹത്തെ അറിയപ്പെടുന്ന എഴുത്തുകാരനാക്കിയത് .
അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കര്‍മഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം, താഴ്‌വരയിലെ സന്ധ്യ, സഹോദരന്‍ കെ. അയ്യപ്പന്‍.തുടങ്ങി എൺപതിലേറെ കൃതികൾ .1983 ല്‍ അധ്യാപക ജോലിയിൽനിന്ന് വിരമിച്ചു. 1984 ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987 ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പിന്നീട് സജീവ രാഷ്ട്രീയമുപേക്ഷിച്ചു .
1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2011ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
“കർമഗതി “എന്ന ആത്മകഥ അദ്ദേഹത്തിന്റേതാണ് സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികര്‍ മുണ്ടശ്ശേരിയും, അഴീക്കോടും, എം കെ സാനുവുമായിരുന്നു. മൂന്നാമനും കൂടി യാത്രയാകുമ്പോൾ ആ സിംഹാസനം കൂടിയാണ് മലയാളത്തിൽ നിന്ന് ഒഴിയുന്നത് .
‘പുസ്തകമെഴുതാനുള്ള എന്റെ പദ്ധതി പത്തായത്തിൽ ഒതുങ്ങി’എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തും മലയാള സാഹിത്യ ലോകത്തു ഒളിമങ്ങാതെ നില നിൽക്കും




സാനു മാഷിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള എഴുത്ത് വളരെ നന്നായി