ഫ്ലാറ്റിലെ പുതിയ താമസത്തിനായി സുമുഖനായ ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ എത്തി.അയാളെ കണ്ടപ്പോൾ
“മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ….. “
ആ പാട്ടും ശങ്കറിനേയും ആണ് എല്ലാവർക്കും ഓർമ്മവന്നത്. എൺപതുകളിലെ മഞ്ഞിൽ വിരിഞ്ഞ നായകൻ ശങ്കർ. ആ സിനിമയിൽ ശങ്കർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ചെറിയ ഷാൾ എപ്പോഴും ഇദ്ദേഹം കഴുത്തിനു ചുറ്റും പുതച്ചിരുന്നു.
നഗരമധ്യത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗംഗാ അപ്പാർട്ടുമെന്റിന് 7 ബ്ലോക്കുകളിലായി പത്തു മുന്നൂറു ഫ്ലാറ്റുകൾ ഉണ്ട്.
ഏഴാമത്തെ ബ്ലോക്കിലെ മിക്കവാറും ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഉടമസ്ഥർ എല്ലാവരും തന്നെ വിദേശത്ത്. അവർ അവധിക്ക് നാട്ടിൽ വരുമ്പോൾ താമസിക്കാനായി ഫുള്ളി ഫർണിഷ്ഡ് ആയിട്ടാണ് ഇട്ടിരിക്കുന്നത്. വർഷത്തിൽ പത്തോ ഇരുപതോ ദിവസം മാത്രം അവർ വരും, താമസിക്കും, മടങ്ങും. ആ ബ്ലോക്കിലേക്ക് ആണ് ഈ ശങ്കറിന്റെ വരവ്. ഉടമസ്ഥൻ ദുബായിലാണ്. ഒഎൽഎക്സ്(OLX) ൽ പരസ്യം ചെയ്തതനുസരിച്ച് ഉടമസ്ഥനുമായി ബന്ധപ്പെട്ട് സെക്യൂരിറ്റിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഫ്ലാറ്റ് ഒക്കെ തുറന്നു കണ്ടു ഇഷ്ടപ്പെട്ടു ഉടമസ്ഥനെ വീഡിയോ കോളിൽ വിളിച്ച് പരസ്പരം സംസാരിച്ച് അഡ്വാൻസ് തുക ഗൂഗിൾ പേ ആയി നാട്ടിലെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. എഗ്രിമെൻറ് മറ്റും ഇ-മെയിലിലൂടെ ധാരണയാക്കി. കുറച്ചു ദിവസത്തിനകം അയാൾ മാത്രം അവിടെ താമസത്തിന് എത്തി. ഇദ്ദേഹം ഉച്ചയോടുകൂടി കാറെടുത്ത് പുറത്തു പോകും. രാത്രി 10 മണിയോടെ മടങ്ങിവരും. ഇതായിരുന്നു പതിവ്. ഈ ഫ്ലാറ്റുകൾ ഫാമിലിക്ക് മാത്രമേ കൊടുക്കാവൂ എന്ന് അസോസിയേഷന് ഒരു തീരുമാനമുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ ഭാര്യയെ രണ്ടുമാസം കഴിഞ്ഞിട്ടും കാണാതായപ്പോൾ സെക്യൂരിറ്റി അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇവിടെ ഇപ്പോൾ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്ന്റെ പണി നടക്കുകയല്ലേ, എൻറെ 10 വയസ്സുള്ള മകൾ അതിൽ വീണു പോകുമോ എന്ന ഭയം കാരണം ഞാൻ അവരെ ഭാര്യ വീട്ടിൽ തന്നെ നിർത്തിയിരിക്കുകയാണ് എന്ന്.STP യുടെ പണി കഴിഞ്ഞു മൂന്നുനാലു മാസം കഴിഞ്ഞിട്ടും ഇയാളുടെ ഭാര്യയും കുഞ്ഞും എത്തിയില്ല.
ഇദ്ദേഹം ആണെങ്കിൽ ആരോടും സംസാരമില്ല. അന്തർമുഖനായ ഒരു മനുഷ്യൻ. സംസാരം ഒന്നുമില്ലെങ്കിലും മലയാളിക്ക് സ്വതസിദ്ധമായ ജിജ്ഞാസ ഉണ്ടല്ലോ? അദ്ദേഹത്തിൻറെ ഫ്ലാറ്റ് ക്ലീൻ ചെയ്യാൻ വരുന്ന സ്ത്രീയോട് ഈ അന്വേഷണ കുതുകികളായ അടുത്ത ഫ്ലാറ്റിലെ സ്ത്രീകൾ ഇദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു. പേര് ശേഖർ. കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഡോക്ടർ എന്ന്.
ഒരു ദിവസം സെക്യൂരിറ്റി നോക്കുമ്പോൾ കാണുന്നത് രാത്രിയിൽ ഡോക്ടർ വന്നിട്ട് കാറിൽ തന്നെ ഇരിപ്പാണ്. സ്റ്റീയറിംഗിൽ കമിഴ്ന്നു കിടന്ന് ഉറക്കം. സെക്യൂരിറ്റി ചെന്ന് തട്ടി വിളിച്ചപ്പോൾ എണീറ്റ് പതുക്കെ വേച്ച് വേച്ച് നടന്നു പോയി. രണ്ട് സ്മാൾ അടിച്ചിട്ടാണ് ഡോക്ടർ വരുന്നതെന്നാണ് സെക്യൂരിറ്റി കരുതിയിരുന്നത്. ആരുടെയും സ്വകാര്യജീവിതത്തിലേക്ക് എത്തി നോക്കരുതെന്ന് കർശനനിയന്ത്രണം ഉള്ളതുകൊണ്ട് സെക്യൂരിറ്റി ഇതൊന്നും ആരോടും പറയാനും പോയില്ല. പക്ഷേ ചില ദിവസങ്ങളിൽ സെക്യൂരിറ്റി തട്ടി വിളിച്ചാലും ഇദ്ദേഹം ഉണരില്ല.രാവിലെ പ്രഭാത നടത്തത്തിനുളളവർ ഇറങ്ങി വരുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന് ഇയാൾ മുകളിലേക്ക് പോകും.
നാലഞ്ചു മാസം കഴിഞ്ഞും അദ്ദേഹത്തിൻറെ കുടുംബം എത്താത്തത് കൊണ്ട് അസോസിയേഷൻകാർ ദുബായിലുള്ള ഉടമസ്ഥനെ വിവരമറിയിച്ചു . കാര്യം മറ്റാർക്കും ഈ ഡോക്ടറെ കൊണ്ട് ഒരു ശല്യവും ഇല്ലെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെയാണല്ലോ?ഇത് അനുവദിച്ചു കൊടുത്താൽ മറ്റു ഫ്ലാറ്റുകളിലും ബാച്ചിലേഴ്‌സ് താമസം തുടങ്ങുമോയെന്നു ഭയന്നാണ് അസോസിയേഷൻ ഇങ്ങനെ ഒരു കാര്യം ചെയ്തത്. അദ്ദേഹം ഒരു ഡോക്ടർ അല്ലേ നമുക്ക് തന്നെ രാത്രി ഒരു ആവശ്യം വന്നാൽ സഹായത്തിന് ഇദ്ദേഹത്തെ വിളിക്കാമല്ലോ എന്നൊരു അഭിപ്രായം പലരും പറഞ്ഞെങ്കിലും സെക്രട്ടറി വഴങ്ങിയില്ല. ഫ്ലാറ്റിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകം ആണെന്ന് പറഞ്ഞതോടെ അസോസിയേഷൻ തീരുമാനം ഉടമസ്ഥനെ അറിയിച്ചു. ഉടമസ്ഥൻ അതിനെക്കുറിച്ച് ഇദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോഴും ഇയാൾ എന്തോ മുട്ടാപ്പോക്ക് ഉത്തരം കൊടുത്തു. ഫാമിലി അടുത്ത മാസം തന്നെ വരുന്നുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.
ഒരു മാസം കൂടി കഴിഞ്ഞിട്ടും ആ ഫ്ലാറ്റിൽ ആരുമെത്തിയില്ല.വീട് കാണാൻ വരുമ്പോൾ ജീൻസും ടോപ്പും ധരിച്ച ഒരു ലേഡി ഇയാളുടെ കൂടെ വന്നത് മാത്രമേ ചിലരെങ്കിലും കണ്ടിട്ടുള്ളൂ. പിന്നെ അവരെ ആരും കണ്ടിട്ടില്ല. അയൽവക്കത്തെ ഫ്ലാറ്റുകൾ മിക്കതും ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് അവിടെ എന്തു നടന്നാലും മറ്റു ബ്ലോക്കിൽ ഉള്ളവർ അറിയുകയില്ല. ഇയാൾ അതിനകത്ത് എങ്ങാനും മരിച്ചു കിടന്നാൽ പോലും ആരും അറിയില്ല. ഇയാളെ മാത്രം ദിവസവും നിരീക്ഷിക്കേണ്ട ഗതികേടിലായി സെക്യൂരിറ്റി.
സെക്യൂരിറ്റിയുടെ ഭയം പലരോടും പങ്കു വെച്ചു. എല്ലാവരും ഇദ്ദേഹത്തിൻറെ പോക്കും വരവും ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരുപക്ഷേ വിവാഹ മോചിതനാകും. ഇടയ്ക്ക് ആരോടോ അയാൾ ഉച്ചത്തിൽ ദേഷ്യത്തിൽ സംസാരിക്കുന്നത് കേൾക്കാം എന്നൊക്കെ പലരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു. ഏതായാലും ഉടമസ്ഥനെ വിവരമറിയിച്ച് ഇതിന് ഉടനടി ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു അസോസിയേഷൻ പ്രസിഡൻറ്.
ഉടമസ്ഥൻ ദുബായിൽ നിന്ന് ലീവിന് വരേണ്ട സമയം അടുത്തിരുന്നു. ഉടമസ്ഥൻ വന്ന് ഇദ്ദേഹത്തെ വീട് ഒഴിപ്പിച്ചു കഴിഞ്ഞാണ് എല്ലാവരും ഞെട്ടിക്കുന്ന ആ സത്യം അറിയുന്നത്.
ഇദ്ദേഹം ഡോക്ടർ ഒന്നുമല്ല. ഒരു വൃക്ക രോഗിയാണ്. ഭാര്യ അത് അറിഞ്ഞപ്പോൾ തന്നെ ഇയാളെ ഉപേക്ഷിച്ച് വേറൊരുത്തൻറെ കൂടെ സ്ഥലംവിട്ട് വിവാഹമോചനത്തിനും കുട്ടിക്കുള്ള ചെലവിനും വേണ്ടി ഇദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണത്രെ. ഈ പാവം മനുഷ്യൻ ഡയാലിസിസ് ചെയ്യാൻ ആയിട്ടാണ് ആശുപത്രിയിൽ കൂടെ കൂടെ പോയിരുന്നത്. കഴുത്തു വഴി കത്തീറ്റർ കയറ്റിയുള്ള ഡയാലിസിസ് ആണ് ചെയ്തിരുന്നത്. അത് മറയ്ക്കാൻ ആയിട്ടായിരിക്കാം കഴുത്തിന് ചുറ്റും ഷോൾ അണിഞ്ഞിരുന്നത്. കാറോടിച്ചു മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിൽ പോകുന്നത് കണ്ടപ്പോൾ പലരും തെറ്റിദ്ധരിച്ചത് ആയിരുന്നു ഇദ്ദേഹം ഡോക്ടർ ആണെന്ന്.
എല്ലാ കാര്യവും അറിഞ്ഞപ്പോൾ ദയ അർഹിക്കുന്ന നല്ലൊരു മനുഷ്യനിട്ട് ആണല്ലോ നമ്മൾ പാര പണിതത് എന്നോർത്ത് ഫ്ലാറ്റിലെ അന്തേവാസികളും സെക്യൂരിറ്റിയും അസോസിയേഷൻ അംഗങ്ങളും ഒരു പോലെ ഒരുപാട് ദുഃഖിച്ചു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം?
ഇദ്ദേഹം ഫ്ലാറ്റിനകത്ത് എങ്ങാനും കിടന്ന് മരിച്ചു പോയിരുന്നെങ്കിൽ താൻ പിടിക്കേണ്ടി വരുമായിരുന്ന ഒരു പുലിവാലിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിൽ ഉടമസ്ഥൻ ദുബായിലേക്ക് തിരിച്ചു പോയി.
പാവം ആ മനുഷ്യൻ എവിടെ ചേക്കേറിയിട്ടുണ്ടാകും? ആർക്കറിയാം?
മനോഹരം
കഥ എന്ന് എഴുതിയിട്ടുണ്ടെങ്കിലും നടന്ന സംഭവം പോലെയാണ് തോന്നിയത്.
പക്ഷേ ഒരു കഥയുടെ അടുക്കൽ ചിട്ടയും ഒക്കെ ഉണ്ട്..
അവസാനം വരെ സസ്പെൻസ് നിലനിർത്തിയത് ഇഷ്ടം
പാവം ശേഖർ… എവിടേയ്ക്കു പോയോ ആവോ ? അതാ ഇപ്പോഴത്തെ ചിന്ത… എന്നാലും ഏതെങ്കിലും ഒരു ഫ്ലാറ്റിൽ കൊണ്ടുചെന്നാക്കാമായിരുന്നു.

കഥ നന്നായിട്ടുണ്ട് മാഡം

