Friday, January 9, 2026
Homeഅമേരിക്കമിശിഹായുടെ സ്നേഹിതർ (29) 'വിശുദ്ധനായ കുറിയാക്കോസ് ഏലിയാസ്' ✍ അവതരണം: നൈനാൻ വാകത്താനം

മിശിഹായുടെ സ്നേഹിതർ (29) ‘വിശുദ്ധനായ കുറിയാക്കോസ് ഏലിയാസ്’ ✍ അവതരണം: നൈനാൻ വാകത്താനം

ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ്‌ ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു.

1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി. എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ്‌ പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ്‌ പോരൂക്കരയുടെയും, തോമസ്‌ പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി.

ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് “കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി” എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു.

1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ ഈ ലോകത്തോടു വിട പറഞ്ഞത്.

തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. “ഒരു നല്ല പിതാവിന്റെ ചാവരുള്‍” എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു. അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു.

വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.

പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങൾ സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.

വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.

ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരുടെയെങ്കിലും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വേഷിക്കുകയും ആയിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു.

1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച്‌ 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്‌ ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക്‌ ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു.
അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.

ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.

അവതരണം: നൈനാൻ വാകത്താനം

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com