Thursday, January 8, 2026
Homeഅമേരിക്കമഴവിൽക്കാട്ടിലെ ഗോൾഡൻബറികൾ പോലൊരു കുട്ടിക്കാലം. (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

മഴവിൽക്കാട്ടിലെ ഗോൾഡൻബറികൾ പോലൊരു കുട്ടിക്കാലം. (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

വർണ്ണക്കാഴ്ചകൾ മിഴിയോരങ്ങൾക്കേകി ആദ്യപാഠാനുഭവവേദ്യമാക്കിയതു പ്രകൃതിയെന്ന നിറമോലും പുസ്തകം തന്നെയല്ലേ?

ആകാശനീലിമയും, വൃക്ഷലതാദികളുടെ പച്ചപ്പും, പൂക്കളുടെ അഴകേറും വർണ്ണങ്ങളും നിശയുടെ ഇരുളും, പകലിൻ വെൺമയും , വെയിലിൽ പൊൻനിറവും , കാണിച്ചു തന്നു . ദൃശ്യവിസ്മയങ്ങളേകി ആകർഷിപ്പിച്ചാനന്ദിക്കാൻ ,നിരവദ്യ സൗന്ദര്യത്തിലലിയാൻ , പ്രേരിപ്പിച്ചതും മോഹിപ്പിച്ചതുമായ നിത്യ പ്രപഞ്ചമെന്ന പുസ്തകം വായിച്ചാലും വായിച്ചാലും തീരാത്ത ഏടുകളേന്തി കൺമുന്നിൽ തുറന്നു വെച്ചിരിക്കുന്നു.

ആകാശം വരച്ച അപൂർവ ദൃശ്യമായ മാരിവില്ലു കാണാൻ ഓടിപ്പോയി വാനവീഥിയിലേക്ക് മുഖമുയർത്തി കണ്ണിമയ്ക്കാതെ നോക്കിനിൽക്കേ നിമിഷങ്ങൾ കൊണ്ടതു മാഞ്ഞുപോയപോൽ കൺമറഞ്ഞു പോയൊരു ബാല്യം.

മഴവില്ലു സ്വയം തോരണമായലങ്കരിച്ച ഭൂമിപ്പന്തലിൻ കീഴിൽ കാറ്റിൻ സ്നേഹ തലോടലിൽ, സ്മരണകളിൽ സ്വയം വിസ്മൃതമായിരിക്കാനായെങ്കിൽ എന്നാശിക്കുമ്പോഴൊക്കെ പൊൻ കതിരോനാൽ മെല്ലെ തൊട്ടുണർത്തിയിരുത്തി, അക്ഷര മഴയായി പെയ്തൊഴിയാൻ ഓർമ്മ മുകിൽ ശകലങ്ങളെ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുവരുന്നതാരാണ്!

സ്കൂളിലേയ്ക്കു പോയി വരാനുള്ള സഞ്ചാരത്തിനായി ഏക പാതയായി ഞാനറിഞ്ഞിരുന്നത്, ഗ്രാമത്തെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന ടാറിട്ട പൊതു റോഡാണ്.

എന്നാൽ ഇതല്ലാതെ കിഴക്ക് പുഴയോരത്തുകൂടി തോടും, കാടുമൊക്കെ കടന്ന് എന്റെ വീട്ടിലെത്താൻ ഒരു വഴിയുണ്ടെന്നു പറഞ്ഞു തന്നത് കിഴക്കൻ വഴി പോകുന്ന കൂട്ടുകാരാണ്. വൈകുന്നേരം മടങ്ങുമ്പോഴേ ആ വഴി പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. കാരണം രാവിലെ കൃത്യസമയത്ത് സ്കൂളിലെത്തണം. മാത്രമല്ല അമ്മ കൂടെയുണ്ടാകും.

അപ്പർ പ്രൈമറിയിലേക്കു കടന്നപ്പോൾ ചേട്ടന്മാരും , ചേച്ചിമാരും പഠിക്കുന്ന സ്കൂളിലേക്കു ചെന്നതിന്റെ ആഹ്ലാദമറിയാതെ തന്നെ പിടി കൂടി .

പ്രൈമറി വിഭാഗത്തിൽ നിന്നു റോഡ് മുറിച്ച് നേരെ എതിർ വശത്തേയ്ക്കു ചെന്നാൽ വലിയ സ്കൂളായി.

വലിയ സ്കൂൾ ,എന്നു തന്നെ വിളിക്കണം. കാരണം മറ്റു കരകളിൽ നിന്നു പോലും കുട്ടികൾ വന്നു പഠിക്കുന്ന ഇടം.

ഇടക്കൊച്ചി കടത്തിറങ്ങി ഒരുപാടു വിദ്യാർത്ഥികൾ ഞങ്ങളുടെ വീടിനരികിലൂടെ നടന്ന് സെന്റ് പിറ്റേഴ്സ് ഹൈസ്കൂളിൽ പോകുന്ന കാഴ്ച ഓർമ്മ വെച്ച കാലം തുടങ്ങി കാണുന്നതാണ്.

പെരുമ്പടപ്പ്, പള്ളുരുത്തി,എഴുപുന്ന, ഭാഗത്തു നിന്നും കടത്തു കടന്നു ധാരാളം കുട്ടികൾ ഇവിടെ വന്നു പഠിച്ചു പോകുന്നു. ഏകദേശം ഞങ്ങളുടെ കുടുംബത്തിലെ നാലു തലമുറ അവിടെ നിന്ന് ഇപ്പോൾ പഠിച്ചിറങ്ങി എന്നു പറയാം.അമ്മ അവിടെ വർഷങ്ങളോളം ഹൈസ്കൂൾ അധ്യാപിക ആയിരുന്നതിനു ശേഷമാണ് മുണ്ടൻ വേലി സ്കൂളിലേക്ക് എച്ച്.എം. ആയി പോയത്.

1906 ൽ എൽ.പി.സ്കൂളായി തുടങ്ങിയതാണ് എന്നു പറഞ്ഞാൽ തന്നെയറിയാം ഗ്രാമത്തിലെ പഴയ തലമുറയുടെ ദീർഘവീക്ഷണം.അതിനുശേഷം 1909 ലാണ് ഗവൺമെന്റ് സ്കൂൾ വന്നത്.

ഏതവസ്ഥയിലും സ്കൂളിൽ പോകാത്ത ഒരൊറ്റ കുട്ടിയും ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അത്രയേറെ നൽകിയതുകൊണ്ടാകണം ആ കൊച്ചു ദേശത്തു നൂറു വർഷം മുമ്പേ ഗവൺമെന്റ് ഉദ്യോഗസ്ഥരുണ്ടായിരുന്നു എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

ചെറിയൊരു ഗ്രാമത്തിൽ നൂറ്റിയിരുപതു കൊല്ലങ്ങൾക്കുമുമ്പു തന്നെ അര ഡസനോളം സ്കൂളുകൾ ,സമീപ കരയിലെ കുട്ടികൾക്കും നിർലോഭം വിദ്യയേകി പോന്നു.

പറഞ്ഞു പറഞ്ഞ് വിദ്യാഭ്യാസ ചരിത്രത്തിലേയ്ക്കു കടന്നു.

ഇരുപത്തിയെട്ടാം വയസിൽ മരിച്ച വല്യപ്പച്ചനെ കുറിച്ചു ഞാനെഴുതിയതു വായിച്ച ഒരു കസിൻ എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞു ഉയർന്ന പദവിയിലിരുന്ന ഗവൺമെന്റുദ്യോഗസ്ഥനായിരുന്നു വല്യപ്പച്ചനെന്നും അക്കരെ, കാറു വന്നാണ് അദ്ദേഹത്തെ ജോലി സ്ഥലത്ത് കൊണ്ടുപോയിരുന്നതെന്നും, ഓർമിപ്പിച്ചു.അക്കാര്യം കേട്ടിട്ടുണ്ടെങ്കിലും ഞാൻ എഴുതാൻ ശ്രദ്ധിച്ചില്ല.

തെക്കും ഭാഗം, വടക്കുംഭാഗം എന്നിങ്ങനെ വേർതിരിച്ച് വിളിക്കപ്പെടുന്ന ഗ്രാമത്തിൽ,
മൂന്നു പ്രധാനപ്പെട്ട ഇടവക പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.

1927 ൽ തന്നെ ഇല്ലിക്കൽ ക്ഷേത്രത്തോടു ചേർന്ന് എൽ.പി.സ്കൂൾ പ്രവർത്തിച്ചു പോന്നു.

സി.റ്റി.സി. സന്യസ്ത സഭക്കാരുടെ ഗേൾസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നടത്തിയിരുന്നു.

പെൺമക്കൾക്ക് കോൺവെന്റ് എഡ്യൂക്കേഷൻ ലഭിക്കുന്നതിനു വേണ്ടി ദൂരെ നാട്ടിൽ നിന്ന് വന്ന് അവരെ ബോർഡിംഗിൽ നിറുത്തി പഠിപ്പിച്ചിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കൾ വിദേശത്തുള്ളവർ പെൺമക്കളെ അവിടെ സുരക്ഷിതരായി നിറുത്തി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് കടന്നുപോയി.

ഞായറാഴ്ചത്തെ വേദോപദേശ ക്ലാസിൽ അങ്ങനെ അന്യനാട്ടുകാരായ കൂട്ടുകാരികളെയും കൂട്ടു കിട്ടിയിരുന്നു. മാതാപിതാക്കൾ ബോംബെയിലായിരുന്ന സാറ എന്ന കുട്ടി അത്ര ഇഷ്ടത്തോടെ കൂട്ടുകാരിയായത് ഓർമയിലുണ്ട്.

“നിങ്ങളുടെ വീട്ടിൽ കൊണ്ടു പോകുമോ? ചാച്ചനും മമ്മിയും വരുമ്പ ഞാനവരുടെ കൂടെ വരാം. ബോർഡിംഗിൽ നിന്നു പുറത്തുവിടില്ല ” എന്നൊക്കെ ക്യാറ്റിക്കിസം ക്ലാസിനിടയിലും കാതിൽ മന്ത്രിച്ചിരുന്നു.

ഒരിക്കലും വീട്ടിൽ വരാതെ അവരൊക്കെ എങ്ങോ പോയി മറഞ്ഞു. പലരുടെയും പേരു പോലും ഓർമിക്കാൻ കഴിയുന്നില്ല .

സെന്റ് പീറ്റേഴ്സ് സ്കൂളിൽ പഠിച്ചിരുന്ന ഞങ്ങൾക്ക് ഇടവക പള്ളിയിൽ സൺഡേ ക്ലാസിനു വരുമ്പോൾ ആഴ്ചയിലൊരു ദിവസമാണു അവരെയൊക്കെ കാണാൻ പറ്റുന്നതെങ്കിലും കൊല്ലങ്ങളോളം കണ്ടും മിണ്ടിയും അവരുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു.

കുറച്ചുകൂടി വലിപ്പം കൂടിയ കറുത്ത ബോക്സാണു അന്ന് യു.പി. വിഭാഗത്തിലേയ്ക്ക് വിജയകരമായി പ്രവേശിച്ചപ്പോൾ മേടിച്ചു തന്നത്.

എൽ.പി.സ്കൂളിൽ നിന്നും പോരുമ്പോൾ വിഷമം ഒന്നും തോന്നിയില്ല .കാരണം കൂട്ടുകാരെല്ലാവരും കൂടെയുണ്ട്. ക്ലാസു തിരിച്ചിടുമ്പോൾ ചിലർ സ്ക്രീനിന് അപ്പുറമായി പോയി എന്നു മാത്രം.
കളിക്കാൻ വിടുമ്പോൾ അവരെ നേരിട്ടു കാണാൻ പറ്റും.

മറ്റുക്ലാസുകളിലായിപ്പോയ ഇഷ്ട ചങ്ങാതിമാരോടു വർത്തമാനം പറഞ്ഞു നടക്കാൻ മറ്റൊരു പോം വഴികണ്ടെത്തി.

സ്കൂൾ വിട്ടാൽ കിഴക്കൻ വഴി നടന്ന് വീട്ടിൽ പോകുന്നതാണു നല്ലത്. പുഴ തീരത്തിലൂടെ നടപ്പ് അതി മനോഹരമായിരുന്നു. നടവഴിയിൽ വരുന്ന ചില തോടുകൾ കാണുമ്പോൾ ചെരുപ്പൂരി കൈയ്യിൽ പിടിച്ചിട്ട് , മുട്ടോളം വെള്ളത്തിൽ നീന്തിക്കയറാം.

മെയിൻ റോഡിലൂടെ നടക്കും പോലെ നിശബ്ദരായി, നിയമം പാലിച്ച് നടക്കേണ്ടതില്ല. ഉച്ചത്തിൽ വർത്തമാനം പറയാം. പൊട്ടിച്ചിരിക്കാം, തോട്ടുവക്കിൽ ആദ്യമോടിയെത്താൻ മത്സരിക്കാം.

ആദ്യ തവണത്തെ സഞ്ചാരത്തിൽ അൽപം ഭയപ്പാടു തോന്നാതിരുന്നില്ല. ചിലയിടങ്ങളിൽ വള്ളികൾ തൂങ്ങിക്കിടക്കുന്ന വലിയ മരങ്ങളും, കുറ്റിച്ചെടികളും ചേർന്ന് കാട്ടിലൂടെ നടക്കുന്നതായി തോന്നിയപ്പോൾവഴി തെറ്റി അന്യ പ്രദേശത്തെങ്ങാനും ചെന്നുപെടുമോ വീട്ടിൽ എത്താതാകുമോ എന്ന ഉൾഭീതി വന്നെങ്കിലും സംഘബലം തന്ന ധൈര്യംഅത്രശക്തമായിരുന്നു.

എന്തെല്ലാം കാണാ കാഴ്ചകൾ. പടർന്നു പന്തലിച്ച് തോട്ടിന്നരികിലെ പൂച്ചപ്പഴം പറിച്ചോണ്ടു വരാൻ ആരോ ഓടിപ്പോയി.പൂച്ചരോമങ്ങൾ പോലെയുള്ള പച്ച കവറിംഗ് എടുത്തുകളഞ്ഞ് വായിലിട്ടു നോക്കിയപ്പോഴാണ് അതിന്റെ രുചി വല്ലാതങ്ങു ഇഷ്ടപ്പെട്ടത്. വാളൻപുളിയും, നെല്ലിപ്പുളിയും കഴിച്ചു പല്ലു കോച്ചി പോകുന്നു.

“കൊച്ചിന്റെ വീട്ടിൽ ഞാവൽപ്പഴമുണ്ടോ?”
“ഇല്ലല്ലോ ” ആ വഴി പോകാം. ചിന്നിചിതറി വയലറ്റും,ചുവപ്പുംവർണമേകികിടക്കുന്നതിൽ നിന്ന് കഴിക്കാൻ പറ്റിയത് ഒന്നും കണ്ടെത്താനായില്ല. എങ്കിലും നാളെ വരുമ്പോൾ പെറുക്കിയെടുത്തു വരാമെന്ന ആശ്വസിപ്പിക്കലിൽ വീണ്ടും നടപ്പ് തുടരുകയാണ്.

വെള്ളമധികമില്ലാത്ത തോട്ടിലിറങ്ങിയാൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടുമൊന്ന് നീന്തിനടന്നു കളിച്ചിട്ടേ കരയിലേയ്ക്ക് കയറുകയുള്ളു. പിന്നെ നടക്കുമ്പോൾ പാവാടത്തുമ്പിൽ നിന്ന് ജലകണികകൾ ഇറ്റിറ്റു വീഴും .

പുല്ലിൽ നടപ്പാത ആരോ ചവിട്ടിയുണ്ടാക്കിയത് നേർരേഖപോലെയും പിന്നെ വളഞ്ഞും തിരിഞ്ഞും കിടപ്പുണ്ട്. ആ വഴി നോക്കിയാണ് നടപ്പ്.

തോട്ടുവക്കിലെ കൈതക്കാട്ടിലെ പൂവിൻ ഗന്ധമങ്ങോട്ട് ആകർഷിക്കുമെങ്കിലുംകുറച്ചുനീങ്ങി കിടക്കുന്ന പാമ്പിൻ പടം കണ്ട് എല്ലാവരും കൂട്ടയോട്ടം നടത്തി. പാമ്പു പൊഴിച്ചു പോയ ശല്ക്കത്തെ ചൂണ്ടിക്കാട്ടിപ്പറഞ്ഞു അവിടെ മരപ്പൊത്തിൽ ഉണ്ടാകും, ഓടിക്കോളു എന്നാരോ പറഞ്ഞു തീർന്നില്ല എല്ലാവരും പറന്നു.

ഓലമേഞ്ഞ കുടിലുകളാണേറെ. മച്ചിട്ട വീടുകളും, ഓടു മേഞ്ഞവയും ഉണ്ട്. എല്ലായിടത്തു നിന്നും അടുക്കളയിലെ പുക ഉയരുന്നുണ്ട്. സ്കൂൾ വിട്ട് വിശപ്പിന്റെ ആധിക്യത്തിലോടിയെത്തുന്ന മക്കൾക്കായി നാലുമണിയാകുമ്പോൾ അമ്മമാരുടെ വെപ്രാളം പുരപ്പുറമേറി പുകയുന്നുണ്ട്.

നടവഴിയിൽ പല പരിചയക്കാരും പുഞ്ചിരിക്കുന്നുണ്ട്. കുടുംബക്കാരുടെ വീടുകൾ പുഴയോരത്തുള്ളതുകൊണ്ട് വീട്ടുപടിക്കൽ കൊച്ചാപ്പമാരും, വല്യപ്പച്ചന്മാരും നിൽപ്പുണ്ടാകും. എന്താ ഇതു വഴി? വീട്ടിൽകയറിയിട്ടു പോകാം എന്നു ക്ഷണിക്കും. ഇല്ല പിന്നെ വരാം എന്നു പറഞ്ഞ് പെട്ടിയും തൂക്കിയൊരോട്ടം.

തേങ്ങാമടൽ വെള്ളത്തിൽ മുക്കിയിട്ടിയിരിക്കുന്നിടത്ത് തൊണ്ടു ചീയുന്നതിൻ്റെ ഒരു വല്ലാത്ത ദുർഗന്ധ മുയരുന്നുണ്ട്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടിൽ പെണ്ണുങ്ങൾ പലകയിട്ടിരുന്ന് തൊണ്ടു തല്ലുന്ന പുതുകാഴ്ച .

ഇത് ചകിരി മില്ലിൽ അലിയിപ്പിച്ച വലിയ ചകിരിക്കെട്ടും തലയിലേന്തി അങ്ങോട്ടും മിങ്ങോട്ടും ചുമട്ടുകാർ നടപ്പുണ്ട്.കയറുപിരിക്കുന്ന റാഡുള്ള വീടുകളിൽ ചകിരിക്കെട്ടുകൾ അവർ വിതരണം ചെയ്തിട്ടു പോകും.

കരയുന്ന കുഞ്ഞിനെ ഒക്കത്തും വെച്ചവരും, ഗർഭിണികളായ സ്ത്രീകളുമൊക്കെ ഇഴ വലിക്കുന്നുണ്ട്.

റാഡിൽ കൊളുത്തിയ ചകിരി കയ്യിലേന്തി പിറകോട്ടൊരു നടത്തം. നാലഞ്ചുപേർ ഒരുമിച്ചാണ് ഒരു റാഡിലെ വെവ്വേറെ കൊളുത്തുകളിൽ ചകിരിയുടക്കി വെച്ച് ഒരറ്റം വരെ നടക്കുന്നത്. നടക്കുന്നതനുസരിച്ച് ചകിരി കയറായി മാറുന്ന വിസ്മയം.
നോക്കി നിന്നു പോയി.

‘വേഗം പോകാം കൊച്ചേ , നടക്ക്’ കൂട്ടുകാർ തിരക്കു കൂട്ടി

ഒരാൾ റാഡു തിരിച്ചുകൊണ്ടിരിക്കും.. ‘കൂയ് ‘ ആരോ വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കയറു വലിച്ച് ഇങ്ങേയറ്റത്തു വന്നയാൾ റാഡു തിരിക്കുന്നത് നിർത്താൻ നൽകിയ സിഗ്നലായിരുന്നു അത്. കയറ് കുറ്റിയിൽ രണ്ടിടവും കെട്ടിനിർത്തും. പിന്നെ വീണ്ടും അടുത്തത് പിരിക്കാൻ തുടങ്ങും.

കൂടെയുള്ള കുട്ടികൾക്ക് കൂയ് വിളി ചിരപരിചിതമായതുകൊണ്ട് എന്നെ വിളിച്ചോ എന്ന മട്ടിൽ എന്റെ തിരിഞ്ഞുള്ള നിൽപ്പിൽ അവർ പൊട്ടിച്ചിരിക്കും.

വീടെത്തുമ്പോൾ അമ്മയടക്കം എല്ലാവരും എത്തീട്ടുണ്ടാകും. രാവിലെ അനുവാദം ചോദിച്ചതു കൊണ്ട് വഴക്കു പറയില്ലെങ്കിലും എപ്പോഴും ആ വഴി വരേണ്ടന്നും വല്ലപ്പോഴും ഒരു ദിവസം പറഞ്ഞിട്ട് പോന്നാൽ മതിയെന്നു നിർദ്ദേശം കിട്ടും. എന്നാലും കെഞ്ചിപ്പറഞ്ഞ് ആ വഴി ആഴ്ചയിലൊരു തവണയെങ്കിലും പുഴക്കാറ്റേറ്റ് കാട്ടുപഴങ്ങൾ പറിച്ച്, പൊട്ടാത്ത ഞാവൽപ്പഴം തേടിയും , ആഞ്ഞിലി ചക്കയെടുത്തും, അതിന്റെ കുരു പെറുക്കിയും യാത്ര പതിവാക്കി.

ചില ദിവസങ്ങൾ സ്കൂൾ ഒരു പീരിയഡു നേരത്തേ വിടും. ടീച്ചർമ്മാർക്ക് മീറ്റിംഗ് ഉണ്ടത്രെ. വളരെ സന്തോഷം . റൂട്ടു മാറ്റിപ്പിടിക്കാൻ പറ്റും. കിഴക്കൻ പുഴയോരത്തെ ഞങ്ങളുടെ യാത്രയറിഞ്ഞ അടുത്ത കുട്ടിസംഘം അവരുടെ വീടിന്റെ വഴിയേ പോയാലും കൊച്ചിന്റെ വീടെത്തും കൊണ്ടുപോകാമെന്നു പറഞ്ഞു വിളിച്ചു.

എന്നാൽ അതു വഴിയാക്കാം ഇന്നത്തെ യാത്ര എന്നു കരുതി ഇറങ്ങി.

പ്രധാന ടാറിട്ട റോഡു മുറിച്ച് ഇടവഴി കയറിയപ്പഴേ ഒരു പരിചിതസ്ഥലത്തിന്റെ എല്ലാ സൂചനകളും കിട്ടിത്തുടങ്ങി. അപ്പന്റെ കൂടെ ഇവിടെ പലതവണ വന്നിട്ടുണ്ട്. വലിയ കുടച്ചെത്തി കുലച്ചു ചുവന്നു തുടുത്തു ആൾപ്പൊക്കത്തിൽ ഇല മൂടി പൂവ് വിടർന്നു നില്ക്കുന്ന ,പഞ്ചാര മണൽ വിരിച്ച മുറ്റമുള്ള വീട്.

അപ്പച്ചന്റെ തറവാട്ടു വീട്. ഈ വീടിന്റെ തൊട്ടുമുമ്പിലെ മെയിൻ റോഡിനോടു ചേർന്ന പറമ്പിലാണ് അപ്പന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ ഭാര്യയും മക്കളും താമസിക്കുന്ന പുതിയ പെരയും , മില്ലുമൊക്കെയുള്ളത്.

പ്രധാന റോഡുവഴി പോകേണ്ട ഞാനാണ് ഊടു വഴി കയറി പോകുന്നത്. പുതിയ സഞ്ചാരവീഥിയിൽ ഇങ്ങനെ ഒരു കെണിയുള്ള കാര്യം ഞാനറിഞ്ഞില്ല. വീട്ടിൽ അനുവാദം ചോദിക്കാതെ ആ വഴിപോകുന്നതു കൊണ്ടാണ് കെണിയായി തോന്നിയത്.

അപ്പന്റെ തറവാട്ടു വീട്ടിൽ അപ്പൂപ്പന്റെ അനുജനാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് രണ്ടു പെൺമക്കളാണുണ്ടായിരുന്നത്. അതിൽ ഇളയമകളായ ത്രേസ്യാക്കുട്ടി ആന്റിയും ഭർത്താവും അവരുടെ മക്കളുമാണവിടെ അന്നുണ്ടായിരുന്നത്.

ജേഷ്ഠാനുജന്മാരുടെ മക്കളാണെങ്കിലും സ്വന്തം സഹോദരിയായിട്ടാണ് അപ്പച്ചനും ചേട്ടന്മാരും ഈ ആന്റിയെ കണ്ടിരുന്നത്. എന്റെ അമ്മയെ നാത്തൂനേ എന്നാണ് ആന്റി വിളിച്ചു കേട്ടിരുന്നത്.

ആ വീട്ടിൽ വരുമ്പോഴൊക്കെ വല്ലാത്ത പഴമയുടെ ആകർഷണീയത എനിക്കു അനുഭവപ്പെട്ടിരുന്നു.

പല മുറികളും മതിലുകൾക്കു പകരം തടിപ്പണി കൊണ്ടാണ് വേർതിരിച്ചിരുന്നത്. ഉയരം കുറഞ്ഞ മുറികൾ .

പലക നിരത്തിയ തറയുള്ള ഒരു കിടപ്പുമുറിയുടെ താഴോട്ട് പടികളിറങ്ങിയാൽ അണ്ടർ ഗ്രൌണ്ടിൽ മറ്റൊരു മുറി ഉണ്ടായിരുന്നു. ‘നിലവറ’ എന്നാണതിനെ വിളിച്ചിരുന്നത്. ഇരുട്ടു കട്ടപിടിച്ച മുറിയിൽ നെല്ലു സൂക്ഷിച്ചിരുന്നു. ആ രഹസ്യ അറയിൽ ശ്വാസം കിട്ടാനാവണം ചെറിയ എയർ ഹോൾ ഉണ്ടായിരുന്നു.

ഒരോ മുറികളുടെ തറകളും മരപ്പണി ചെയ്തതായിരുന്നു. തെക്കേ മുറിയിൽ നിന്നിറങ്ങിയാൽ ഇങ്ങനെ തടിപ്പണി ചെയ്ത് നിരത്തിയ മുറിയിലെ പലകകൾ നീക്കിയാൽ അതിനടിയിലാണ് നിലവറ .

ആ മുറിയിൽ വന്നിരിക്കുന്ന ആർക്കും മുറിക്കു താഴെ ഇങ്ങനൊരു അറയുള്ള കാര്യം അറിയാനാകില്ല.

പട്ടാപകലും മുറികൾക്കുള്ളിൽ വെളിച്ചക്കുറവു അനുഭവപ്പെട്ടിരുന്നു.

നല്ലഉയരമുള്ളയാൾക്ക് തലകുനിച്ചേ മറ്റു മുറികളിൽകടക്കാനാകൂ. മച്ചിന് പൊക്കക്കുറവ് ഉണ്ടായിരുന്നു .

അവിടത്തെ പാചകപ്പുര വീടിനോട് ചേർന്നല്ല. മഴ വന്നാലും വെയിലാണേലും പുറത്തെ ഹാളുപോലുള്ള അടുക്കളയിൽ പോയി പാചകം ചെയ്യണം.

വീടിന് വലിയ കൊളുത്തുകളും, ഓടാമ്പലുമുള്ള വാതിലുകളാണ് ഉണ്ടായിരുന്നത്. ശക്തിയിൽ തള്ളി തുറക്കണം. വലിയ പൊക്കമുള്ള മരത്തിന്റെ കട്ടിള പടികൾ കവച്ചു വേണം ഓരോ മുറിയിലും കടന്നു ചെല്ലാൻ .

കൂട്ടുകാരോടൊപ്പം ചെന്നെത്തിയത് ആ വീടിന്റെ പിറകു ഗേറ്റിൽ.

കൃത്യസമയത്ത് ആന്റി അവിടെ നിൽക്കുന്നു. ‘കൊച്ചാങ്ങളയുടെ മോളല്ലേ ‘ . കുറ്റം ചെയ്ത പോലെ തല കുനിച്ചു നിന്നു. ഇത്രയും യൂണിഫോമിട്ട കൂട്ടികളുടെ ഇടയിൽ എന്നെ തന്നെ കണ്ടുപിടിച്ചു. എന്താ ‘ഈ വഴി പോകുന്നേ? വാ കയറീട്ടു പോകാം.’

മുറ്റത്ത് ഓലമെടഞ്ഞ് തിരുമ ഇരിപ്പുണ്ട്. അവർ ചിരിച്ചു പറഞ്ഞ് ‘ചെല്ല് കാപ്പി കുടിച്ചിട്ടു വാ. ‘
വേണ്ട ഈ വഴി പോകാൻ വന്നതാ വീട്ടിലേക്ക്. എന്തായാലും പറയാതെ ഈ വഴി പോയ കാര്യം ഉടനെ വീട്ടിലെത്തുമെന്ന് ഉറപ്പായി.

ഓടി രക്ഷപെടാമെന്നു കരുതിയപ്പോൾ കൂട്ടത്തിലൊരുത്തിക്ക് ചെത്തിയുടെ ഒറ്റക്കുലപ്പൂവു വേണം. ഞാൻ വേണ്ടെന്നു കണ്ണുമിഴിച്ചു കാട്ടീട്ടും അവൾ നോക്കുന്നില്ല. ആന്റി ഒരു വലിയ പൂങ്കുല പറിച്ച് എന്റെ കൈയ്യിൽ തന്നു. ഞങ്ങൾ ഓടി പോകാൻ തുടങ്ങിയപ്പോൾവിളിച്ചുപറഞ്ഞു ‘ദേ പിള്ളേരേ ആ കൊച്ചിനെ വീട്ടിൽ കൊണ്ടുപോയി ആക്കണേ, അതിന് വഴിയൊന്നും അറിയാൻ പാടില്ലാത്തതാ’ .

പൂവു ചോദിച്ചു മേടിച്ചതെന്തിനെന്നു ചോദിച്ചപ്പോൾ അവൾ കാണിച്ചു തന്നു. സൂചിപോലെയുള്ള ഓരോ പുഷ്പത്തിന്റെയും വാൽ ഭാഗം വായിലിട്ട് തേൻ കുടിക്കുന്ന വിധം.മുഴുവൻ പൂക്കളും അടർത്തി പോകുന്ന വഴി പിന്നെ മധു നുകരലായി അടുത്ത രസം.

അപ്പച്ചന്റെ തറവാട്ടു വീട്ടിൽ പച്ചയ്ക്കു തിന്നാൻ പറ്റിയ മധുരമുളള നല്ല വലിപ്പമുള്ള അമ്പഴങ്ങയുണ്ട്. ബ്ലാത്തി അമ്പഴമെന്നാണു വിളിച്ചിരുന്നത് വീട്ടിലെ അമ്പഴത്തിലേത് തീരെ ചെറുതും , ഉപ്പിലിടാനും അച്ചാറിനും പറ്റിയതരമായിരുന്നു. ബ് ലാത്തി അമ്പഴം കിട്ടിയാൽ അതിന്റെ നാരുവരെ കടിച്ചു കാർന്നു തിന്നുമായിരുന്നു.

അച്ചിങ്ങ തുടങ്ങിയ പച്ചക്കറികൾ, പാടത്തു നിന്നു കിട്ടിയ പച്ചചെമ്മീൻ വൃത്തിയാക്കിയതൊക്കെ അമ്മ തന്നു വിടുമ്പോൾ ഞാനും ചേട്ടനും കൂടി കൊണ്ടുപോയി തറവാട്ടു വീട്ടിൽ കൊടുക്കും. അമ്പഴങ്ങയും, മാങ്ങയുമൊക്കെ ആന്റി ഇങ്ങോട്ടു തന്നു വിടുകയും ചെയ്യും.

പോകുന്ന വഴിയിൽ എത്ര കാട്ടുപഴങ്ങൾ പടർന്നു പന്തലിച്ചു കിടക്കുന്നു ഏതൊക്കെ കഴിക്കാൻ പറ്റുന്നത് എന്ന് മുന്നറിവുള്ളവർ സ്‌റ്റഡി ക്ലാസ് തരും.

വിവിധ വർണങ്ങൾ പേറിയ കായ്കനികൾ. പലതിന്റെയും പേരു മറന്നു പോയി.

ഞൊട്ടാഞൊടിയൻ പഴം പടർന്നു പന്തലിച്ചു നിൽക്കും. പറിച്ചെടുത്ത് അതിൻ്റെ പുറംകൂടു കൊണ്ട് നെറ്റിയിലടിച്ച് ശബ്ദമുണ്ടാക്കും. ഉള്ളിൽ തരിയുള്ള സ്വർണ നിറമുള്ള കായ വായിലിട്ടു ചവച്ചിറക്കും. എത്രയെണ്ണം കഴിച്ചെന്നു പറിച്ചെടുക്കുന്നയാളുടെ സാമർത്ഥ്യം പോലിരിക്കും.

ഇന്ന് ഗൾഫിലെ സൂപ്പർ മാർക്കറ്റിൽ ഗോൾഡൻ ബെറി എന്ന പേരിൽ വലിയ വില കൊടുത്ത് ആളുകൾ വാങ്ങുന്നത്രെ. ഞൊട്ടാഞൊടിയന്റെ ഔഷധ മൂല്യമൊന്നുമറിയാത്ത കാലത്ത് എവിടെ കണ്ടാലും,പറിച്ചെടുത്തു കഴിക്കുന്ന ഇഷ്ട കാട്ടുപഴമായിരുന്നു അത്.

പുഴയോരത്തും വെള്ളത്തിലും നിലകൊള്ളുന്ന കാടിൻ്റെ പേര് കണ്ടൽ കാടെന്നറിഞ്ഞത് നശിപ്പിക്കാൻ പാടില്ല എന്ന നിയമം വന്നതിനു ശേഷമാണ്.

കാട്ടുചേമ്പുകൾ നിറഞ്ഞ വഴിയോരമോർക്കുമ്പോൾ മനസിൽവരുന്നത് ചേമ്പിലകളിൽ പൊതിഞ്ഞു കൊണ്ടു വരുന്ന ഇറച്ചിയും, മീനുമൊക്കെയാണ്. പ്ലാസ്റ്റിക്ക് കവറുകൾ വന്നു ചേരാത്ത അക്കാലത്ത് പച്ചോല മെടഞ്ഞ ബാസ്ക്കറ്റിലും, ചേമ്പിലയിലുമാണ് കറിക്കുള്ളത് കൊണ്ടു വരുന്നത്. ഭൂമി തന്നത് അതിലേയ്ക്കു തന്നെ അലിഞ്ഞുചേരുന്ന പ്രകൃതിയോടിണങ്ങിയ സംവിധാനം.

ഗ്രാമസഞ്ചാരവീഥികളിൽ കണ്ടു മറന്നതും, ഓർമ വരുന്നതുമെല്ലാം ഈറനാർന്ന മതിലിൽ പിടിച്ച പച്ചപ്പായൽ പോലെ കുളിർമ തരുമ്പോൾ ,അതു ചുരണ്ടിയെടുത്തു കൊരുത്തുകളിക്കാൻ പൂവൻ കോഴിച്ചെടിയും കൂടെ കടന്നു വരുന്ന പോലൊരു കൗതുകം.

അനുഭവിച്ചാസ്വദിച്ചു വളർന്നവർക്കൊരു സ്മൃതിലോകം, കാണാത്തവർക്കോ സ്വപ്നലോകം.

റോമി ബെന്നി✍

RELATED ARTICLES

15 COMMENTS

  1. ഓർമ്മ കൂടാരം അതിമനോഹരം ആകുന്നുണ്ട്.
    ഞൊട്ടാഞൊടിയൻ പറിച്ച് നെറ്റിയിൽ പൊട്ടിക്കുന്ന ഓർമ്മകൾ പോലും നന്മയത്വ ത്തോടെ എഴുതി പ്രകടിപ്പിച്ചു.
    വായനക്കാരുടെ മനസ്സിലും ഓർമ്മകളുടെ വേലിയേറ്റം.

  2. ഇനിയും ജീവൻ ബാക്കിയായ പച്ചഞരമ്പിനിടയിലൊന്നു പരതിനോക്കണം. അവിടെ വെയിലേറ്റ് വാടാത്ത പൂവൻകോഴിചെടികൾ ശേഖരിച്ച് അങ്കത്തിൽ പണ്ട് തോൽപ്പിച്ച ഒരാളെയെങ്കിലും യുദ്ധത്തിൽ തോൽപ്പിക്കണം. അങ്കക്കലികൊണ്ടുപോയി… ⚔️⚔️😡

  3. മനുഷ്യൻ വളരെ മാറിയിരിക്കുന്നു,,ഈ നിമിഷം പോലെ മറ്റൊരു നിമിഷം ഇനിയൊരിക്കലും വരികയില്ല പ്രപഞ്ച ചാരാചാരങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്,, അതുകൊണ്ട് മനുഷ്യ ശരീരത്തിനും മനസ്സിനും ഇത് ബാധകമാവുന്നു.റോമിയുടെ സുന്ദരമായ അനുഭവക്കുറിപ്പുകൾ എന്നോട് പറയുന്നത് തന്നെയാണ്റ്റു മറ്റുള്ളവരോട് പറയുന്നത് എങ്കിലും എന്റെ ഈ നിമിഷത്തെ മനോഭാവം സാഹചര്യം, എഴുത്തുകാരിയോടുള്ള ആഭിമുഖ്യം ഇതെല്ലാം എന്റെയും മറ്റുള്ളവരുടെയും ഈ അനുഭവകുറിപ്പിനോടുള്ള അഭിപ്രായത്തെ ബാധിക്കും,, ആരെന്തു പറഞ്ഞാലും നല്ലതോ,മോശമോ,,അത് എഴുത്തിനെയും മനസ്സിനെയും ബാധിക്കരുത്,, എഴുത്തു തുടരൂ,, അഭിനന്ദനങ്ങൾ 🙏❤️

  4. റോമി ബെന്നിയുടെ ഓർമ്മക്കുറിപ്പുകളെല്ലാം ശാലീനസുന്ദരമായ ഒരു കാലത്തിൻ്റെ അനുഭവസാക്ഷ്യങ്ങളാണ്. തനിമയാർന്ന ആ കാലഘട്ടം ഇനി തിരിച്ചുവരില്ലല്ലോ. ഓർമ്മകൾ നിലക്കാതെ പെയ്യുമ്പോൾ അതൊരു പുഴയായി ഒഴുകി അതിലൊന്നു നീന്താൻ എന്താ രസം…
    അതിമനോഹരമാണിതിലെ ഓരോവർണ്ണനയും… മഴവില്ല്തോരണമായലങ്കരിച്ച ഭൂമിപ്പന്തൽ
    എന്തു രസമായിരിക്കും….ഇവിടെ ഭൂമിക്കും മഴവില്ലിനും ഏഴല്ല ,ഏഴുന്നൂറ് നിറങ്ങൾ… കുട്ടിക്കാല സൗഹൃദങ്ങളോടൊപ്പം സന്തോഷത്തോടെയും ഉത്സാഹത്തോടെയും മനസ്സിൻ്റെ അതിർവരമ്പുകളില്ലാതെ നടന്ന ആ കാലമൊക്കെ പോയ് മറഞ്ഞുപോയല്ലോ…..
    കുഞ്ഞുറോമിയുടെ കുഞ്ഞു മനസ്സിൽ സൂക്ഷിച്ച ഓരോ ഓർമ്മയും ഏറെ പ്രിയം….
    ഓർമ്മകളുടെ മണിച്ചെപ്പ് തുറന്ന് ആ മുത്തുമണികൾ വേഗം വിതറൂ…
    കാത്തിരിക്കട്ടെ…..

  5. കൺ മറഞ്ഞു പോയ ബാല്യകാല സ്മരണകൾ ……. വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിച്ച st. പീറ്റേഴ്സ് ഹൈസ്കൂൾ കാലഘട്ടം, പോകുന്ന വഴികളിലൂടെ നടക്കുമ്പോൾ കാണുന്ന വർണ്ണ കാഴ്ചകൾ…… പൂച്ചപഴം, ഞൊട്ടാ ഞൊടിയൻ, ഞാവൽപഴം കയറുപിരിക്കുന്ന വീടുകൾ….. അങ്ങനെ ആ കുഞ്ഞു മനസ്സിൽ നിറഞ്ഞു നിന്ന ബാല്യനുഭവങ്ങൾ എത്ര മികവാർന്നാണ് വായനക്കാരിൽ എത്തിക്കുന്ന റോമി ബെന്നിക്ക് അഭിനന്ദനങ്ങൾ…. ഇനിയും എഴുതു… വായനക്കായി ഓരോ ആഴ്ചയും കാത്തിരിക്കുന്നു .

  6. റോമി പറഞ്ഞ പോലെ ഒരു സ്വപ്നലോകം തന്നെ .

    കാവ്യഭംഗിയാർന്ന ഭാഷ

    സ്നേഹം. ഉമ്മകൾ💞💞💞😘😘😘

  7. ബാല്യകാലത്തെ മഴവില്ലിനോട് ഉപമിച്ചിരിക്കുന്നത് മനോഹരം .
    നടന്ന വഴികളെല്ലാം വഴി തെറ്റാതെ ഇങ്ങനെ പറയാൻ കഴിയുന്നത് അപൂർവ്വ സിദ്ധിതന്നെ.
    ഒരു നാടിന്റെ ആത്മാംശം മുഴുവൻ വായനക്കാരനിൽ എത്തിക്കുന്നതിൽ റോമി വിജയിച്ചു.
    തുടരുക❤️❤️❤️

  8. റോമി എഴുതിയതു പോലെ ഇതെല്ലാം അനുഭവിച്ചാസ്വദിച്ച് വളർന്നവരിൽ പെട്ടതുകൊണ്ട് റോമിയോടൊപ്പം നടക്കുകയായിരുന്നു ഞാനും . പരിചിതങ്ങളായ പല മുഖങ്ങളും വഴികളും സ്ഥലങ്ങളുമൊക്കെ മനസ്സിലൂടെ കടന്നു പോയി . ഇങ്ങനെയൊരു സ്മൃതി ലോകത്തിലേക്ക് കൊണ്ടു പോയതിന് ഒത്തിരി നന്ദി.

  9. അഭിപ്രായങ്ങൾ പറഞ്ഞ് പ്രചോദനം നൽകുന്ന , പ്രോത്സാഹിപ്പിക്കുന്ന ഓരോരു ത്തർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ ഓരോരു ത്തരുടെയുംവിലയേറിയ Comments പ്രതീക്ഷിക്കുന്നു

  10. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് എല്ലാവരും പറയാറുണ്ട്, പക്ഷെ പലർക്കും പലതും ഓർമ്മയുണ്ടാവില്ല ഉണ്ടെങ്കിൽ തന്നെ അതിങ്ങനെ അടുക്കും ചിട്ടയോടെയും എഴുതുവാനും വയനാക്കാരെ രസ ചരട് പൊട്ടാതെ കൂടെ കൂട്ടുവാനും കഴിയുക അനിതര വൈഭവം ഉള്ളവർക്കേ കഴിയു, അതു എഴുത്തുകാരിക്ക് ആവോളം ഉണ്ട്, അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com