ആകാശത്തു നിറയെ നക്ഷത്രങ്ങളാണ് തെളിഞ്ഞു കത്തിയിട്ടും ഇരുട്ട് മരുഭൂമിയെ മൂടിയിട്ടുണ്ട്.
താൽക്കാലിക വൈദ്യുത ദീപങ്ങൾ പ്രകാശിക്കുന്നതു കൊണ്ട് ഉയർന്നും താണും മരങ്ങളൊന്നുമില്ലാത്ത മണൽ മലകൾ വ്യക്തമായി കാണാം.
മലഞ്ചെരുവിൽ സായാഹ്നത്തിലെ ഒത്തു ചേരലിന് വന്നതാണ്.
സ്കൂൾ ജീവനക്കാർക്ക് മാനേജുമെൻ്റു നൽകുന്ന അത്താഴ വിരുന്ന്. വർഷത്തിലൊരിക്കലിത് പതിവാണ്.
എം.ഡി.യും, പ്രിൻസിപ്പളും , സൂപ്പർവൈസറുമൊക്കെ എത്തിച്ചേരാനുണ്ട്.
മറ്റെല്ലാവരും സ്കൂൾ ബസിനാണ് മരുഭൂമിയിൽ എത്തിയത്.
പരിപാടി സ്പോൺസർ ചെയ്ത ചെയർമാനും കുടുംബവും സ്വന്തം വാഹനത്തിൽ ആദ്യമെത്തി.
വല്ലാത്തൊരു മാസ് മരികത വിതറുന്ന പ്രകൃതിഭംഗിയിൽ ഞാൻ സ്വയം മറന്നിരുന്നു പോയി.
പച്ചപ്പട്ടുടുത്ത മരതക മലകൾക്കു മാത്രമല്ല, മരവുരി നിറമേന്തിയ മരുഭൂമിയെ മലകൾക്കും ഒരു പ്രൗഢ ഭംഗിയുണ്ട്.
തപസുചെയ്യുന്ന മാമുനികളെപ്പോലെ അവ നിശബ്ദമായി കിടക്കുന്നു. എല്ലാം ദമം ചെയ്തപ്പോലെ.
എത്ര ചുടുകാറ്റേറ്റിട്ടും, ഉണങ്ങിവരണ്ടുപോയിട്ടും ,പുറമേ ഭാവമാറ്റമില്ലാതെ, ഞാനെത്രയൊക്കെ കണ്ടറിഞ്ഞതാണ് ഇക്കാലമൊക്കെ എന്ന നിർമ്മമ ഭാവം.
മീറ്റിംഗ്ആരംഭിച്ചു . താൽക്കാലിക സ്റ്റേജ് പതിവു പോലെ ഔപചാരിക പ്രഭാഷണ കലയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.
മലയിലെ ഉറയ്ക്കാത്ത മണലുകൾ കാറ്റടിച്ചിട്ടും പാറി പറന്നു വരുന്നില്ല.
അങ്ങു ദൂരെ പരന്ന ഭൂമിയിൽ ചില സമയങ്ങളിൽ കടൽത്തിരയിളകും പോലെ മണൽ ഇളകിയാടും. കലി കൊണ്ട കാറ്റിനെ കളിയാക്കാനെന്ന പോലെ .
ഇനിയെന്നാണ് മണൽക്കാടും, കാറ്റും, മഴമേഘങ്ങളില്ലാത്ത നക്ഷത്ര ഖചിത ആകാശവും ഇത്ര തുറസായ സ്ഥലത്തിരുന്നു കണ്ട് പ്രകൃതിയെ ആസ്വദിക്കുന്നത്.
ഇത് ആദ്യത്തേതാണ്, ഒരു പക്ഷേ അവസാനത്തേതുമാകാം മരുഭൂമിയിലെ സന്ധ്യക്കാഴ്ച. രാത്രിയിലേയ്ക്കുള്ള പകലിൻ്റെ അലിഞ്ഞു ചേരൽ . പിന്നെ അന്ധകാരം മാത്രം.
കോൺക്രീറ്റു വനമായി മാറിയ പട്ടണങ്ങൾ വിട്ട് വിജനമായ മണൽത്തീരത്ത് ആകാശം നോക്കിയിരുന്നാൽ എത്ര സമയം വേണമെങ്കിലും കടന്നു പോകും. പരിസര ഭംഗിയിൽ അഭിരമിച്ചിരിക്കെ സ്റ്റേജു പരിപാടി കഴിഞ്ഞു.
മണൽ മലയെ സ്ക്രീനാക്കി മാറ്റി സിനിമ ആരംഭിച്ചു.
ജെനറേറ്ററുകളിൽ കത്തിയ ദീപങ്ങൾ അണച്ചു.
എല്ലാവരുടെയും കണ്ണുകൾ ചലിക്കുന്ന ചിത്രങ്ങളിലാണ്.
തൊട്ടടുത്തിരുന്ന മേരി ടീച്ചർ എന്നോടു പതിയെ പറഞ്ഞു.
“ഉറുമ്പു വല്ലതും താഴെയുണ്ടോയെന്നു നോക്കണേ!
സർപ്പത്തിനേക്കാൾ വിഷമാണ് മരുഭൂമിയിലെ ചില ഉറുമ്പുകൾക്ക് .
ഞാൻ തമാശ കേട്ടതു പോലെ ചിരിച്ചു.
“എന്താ ചിരിക്കുന്നത്. പിന്നെ പറയാം. ഇവിടെ ചൂടു തിന്നു ജീവിക്കുന്നതു കൊണ്ടാണോ എന്നറിയില്ല ചില കുഞ്ഞുറുമ്പുകൾക്കു പോലും വീര്യമേറിയ വിഷമാണ്.
ചെറിയ പാമ്പുകളും മണ്ണിൽ ഒളിച്ചിരിക്കും. ”
അവർ പറഞ്ഞു നിറുത്തി.
അത്രയും നേരം ആസ്വദിച്ചനുഭവിച്ച മരുഭൂവിന്റെ സൗന്ദര്യം മനസിൽ നിന്ന് ആവിയായതു പോലെ തോന്നി.
ഇരുട്ടിൽ ഇഴ ജീവികൾ വല്ലതും വരുമോ ? കാലല്പം ഉയർത്തി മുൻവശത്തെ കസേരക്കാലിൽ ചവുട്ടിയിരുന്നു.
കസേരയിൽ ഇരുന്നയാൾ തിരിഞ്ഞു നോക്കി. കാര്യം മനസിലായി എന്ന മട്ടിൽ അവരും തൊട്ടുമുമ്പിലെ കസേരക്കാലിൽ കാലു കയറ്റി വെച്ചു.
ഹ്രസ്വ ചിത്ര പ്രദർശനത്തിനു ശേഷം ആ വർഷത്തെ ബോണസ് നൽകുന്നതു പോലെ ഒരു പേഴ്സും , ഗിഫ്റ്റു വൗച്ചറുകളും എല്ലാവർക്കും ചെയർമാൻ വിതരണം ചെയ്തു.
ബുഫേ അത്താഴം ആരംഭിച്ചു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ മേരി ടീച്ചർ പറഞ്ഞു.
” ടീച്ചറിനറിയാഞ്ഞിട്ടാ ഇവിടെ ഉറുമ്പു കടിച്ച് മരിച്ചവർ കുറേ പേരുണ്ട്. ”
തൊട്ടടുത്തിരുന്ന ഹസ്ന ടീച്ചർ തലയാട്ടി.
“ശരിയാണ് അതിനു മരുഭൂമിയിൽ വരണമെന്നില്ല വീട്ടിനകത്തും ധാരാളം കടന്നുവരും.നമ്മൾ കരുതും സാധാരണ ഉറുമ്പല്ലേ പൊയ്ക്കോട്ടെയെന്ന്. പക്ഷേ ഇതിന്റെ വിഷമാണോ പ്രശ്നം എന്നറിയില്ല.
എല്ലാവർക്കും ഇതിന്റെ കടി അറിയാതെ കിട്ടാറുണ്ട്. പക്ഷേ അലർജിയുള്ളവരാണ് മരിക്കുന്നത്.
അത് ആന്റ് ബൈറ്റ് കഴിഞ്ഞേ അറിയാൻ പറ്റു പക്ഷേ ഉടനെ കുത്തുവെയ്പ്പു നടത്തിയില്ലെങ്കിൽ ശ്വാസം കിട്ടാതെ ആൾ മരിക്കും.
ഒരു തവണ രക്ഷപെട്ടവർ ഇതിന്റെ മരുന്നും കൊണ്ടാണ് നടക്കുന്നത്. എന്നാലും ഹോസ്പിറ്റലിൽ എത്തിക്കണം.”
ഭർത്താവു ഡോക്ടർ ആയതുകൊണ്ട് ഹസ്ന ടീച്ചർ തന്റെ അറിവിൽ നിന്ന് കൂടുതൽ വിശദീകരണം തന്നുകൊണ്ടിരുന്നു.
“ശരീരമാകെ തടിച്ചു പൊങ്ങി വീർത്തുവരും, ഉൾഭാഗവും വീർത്തുവരുമ്പോൾ തൊണ്ട വിങ്ങി ശ്വാസമെടുക്കാൻ പറ്റാതാകും. മരണം സംഭവിക്കാം.
ബ്ലാക്ക് സാംസം ആൻ്റ് എന്നറിയപ്പെടുന്നവയാണ് പ്രശ്നക്കാർ.
ഇവയെ മറ്റ് ഉറുമ്പുകളുടെ കൂട്ടത്തിൽ നമുക്ക് പെട്ടെന്ന് തിരിച്ചറിയാനാവില്ല.”
ടീച്ചറുടെ വിവരണം കൂടിയപ്പോൾ കൈയ്യിലിരിക്കുന്ന ഭക്ഷണമെനിക്ക് ഇറങ്ങാതായി.
ഇതെല്ലാം തീർന്ന് വീട്ടിലെത്തിയാൽ മതിയെന്നായി.
പുറത്തു നിന്നു ഇടയ്ക്കിടെ ഗസ്‌റ്റ് റൂമിൽ ഡോറിനടിയിലൂടെ കയറുന്ന ഉറുമ്പുകൾ ഇത്ര കിരാതന്മാരാണെന്നറിഞ്ഞില്ല.
കുട്ടികൾ നിലത്തെ കാർപ്പറ്റിലിരുന്നാണ് ടി.വി. കാണുന്നത്.
കറുത്ത ഉറുമ്പുകൾ പോകുന്നതു പല തവണ കണ്ടിട്ടുണ്ട്.
അനാവശ്യമായൊരു ഉത്കണ്ഠ മനസിനെ അസ്വസ്ഥമാക്കി.
“ടീച്ചറെന്തിനാ പരിഭ്രമിക്കുന്നത്? ഇതിന്റെ ബൈറ്റ് കിട്ടിയാലേ അറിയാൻ പറ്റു നമ്മൾ ജീവിക്കുമോ മരിക്കുമോയെന്ന്.”
ഞാനൊന്നും മിണ്ടിയില്ല.
മേരി ടീച്ചർ ചിരിച്ചു കൊണ്ടു തുടർന്നു
“ആകാശം വീഴുമോയെന്നു പേടിച്ചു തൂണു വെച്ചു കെട്ടാൻ പറ്റുമോ?”
സ്റ്റേജിൽ സ്റ്റാഫിന്റെ കലാപരിപാടികൾ ആരംഭിച്ചു.എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.
” അനുപമേ അഴകേ അല്ലിക്കുളങ്ങരെ അമൃതുമായി നിൽക്കും അജന്താ ശില്പമേ”
സ്വയം മറന്ന് പ്രമോദ് മാഷ് പാടുന്നുണ്ട്.
പഴയ മലയാളഗാനമെവിടെ കേട്ടാലും കൊതിയോടെ ശ്രവിക്കുന്നത് പ്രവാസ ജീവിതത്തിലെ മറ്റൊരു ഗൃഹാതുരത്വമാണ്.
കാറ്റു കുറേശ്ശേ ശക്തമാകാൻ തുടങ്ങി. പരിപാടി നടത്തിയ മാനേജുമെന്റിന് നന്ദി പറയാൻ സ്റ്റാഫ് സെക്രട്ടറി മൈക്കിന്റെ മുൻപിൽ എത്തിയ സമയം.
ഏറ്റവും മുൻവശത്ത് ആകെ ഒരു പരിഭ്രമവും, ബഹളവും, പിറകിലിരുന്നവർ മുൻപിലേയ്ക്ക് ഓടുന്നുണ്ട്.
ചെയർമാന്റെ ഭാര്യ ശ്വാസം കിട്ടാത്ത പോലെ വിഷമിക്കുന്നു.
മുഖത്തേയ്ക്ക് ആരോ വെള്ളമടിക്കുന്നു. ഒന്നും വ്യക്തമല്ല. ആളുകളെ പെട്ടെന്ന് രോഗിയുടെ സമീപത്തു നിന്നു മാറ്റുന്നുണ്ട്.
എന്താണ് ? എല്ലാവരും വിവരമെന്തെന്നറിയാതെ ആകാംക്ഷയുടെ സൂചിമുനയിലാണ്.
ഹസ്ന ടീച്ചർ മുൻപിലേയ്ക്ക് ഓടിപ്പോയി തിരിച്ചു വന്നിട്ടു പറഞ്ഞു.
“നമ്മൾ സംസാരിച്ച വിഷയം തന്നെ ആന്റ് ബൈറ്റ് ”
എന്തു ചെയ്യും! ആംബുലൻസ് പറഞ്ഞോ? ആരോ ചോദിച്ചു.
“അതുവരെയൊന്നും കാത്തിരിക്കാൻ പറ്റില്ല.
എയർ ലിഫ്റ്റ് വേണ്ടി വരും”
ഫോൺ കാതിൽ വെച്ച് ഓടിക്കൊണ്ട് ആരിഫ് സാർ പറഞ്ഞു.
അൽപ്പ നേരത്തിനകം തുമ്പി പറന്നിറങ്ങും പോലെ കുറച്ചു നീങ്ങി ഹെലികോപ്ടർ വന്നു നിന്നു.
തുമ്പിച്ചിറകിലെ കാറ്റേറ്റ് ഇരുണ്ടു മൂടിയ മലയിൽ നിന്നു പൊടി പറന്നു.
ഫസ്റ്റ് എയിഡു കൊടുത്തു .ചെയർമാന്റെ ഭാര്യയെയും കൊണ്ട് ആകാശ വണ്ടി ഉയർന്നു പൊങ്ങി.
മരുഭൂമിയുടെ കനത്ത നിശബ്ദത ഓരോരുത്തരിലും പകർന്നതു പോലായി.
മൗനമായിത്തന്നെ എല്ലാവരും സ്കൂൾ ബസിലേയ്ക്ക് കുട്ടികളെ പോലെ നിരനിരയായി കയറി.
ബസിനകത്തും വല്ലാത്ത മൂകത.
“ഈയൊരു ചെറിയ കീടത്തിന് മനുഷ്യനെ കൊല്ലാൻ ശക്തിയോ! മാഡത്തിന് പ്രശ്നമില്ലാതിരുന്നാൽ മതിയായിരുന്നു. ഉടൻ ഐ.സി.യു. ആക്കിയിട്ടുണ്ടാകും. എന്റെ വീട്ടിൽ ഈ ഉറുമ്പ് ധാരാളമുണ്ട്. പല തവണകടിയും കിട്ടിയിട്ടുണ്ട്. ദൈവം സഹായിച്ച് ഒന്നും സംഭവിച്ചിട്ടില്ല. ”
ശോഭന ടീച്ചർ ആകുലതയോടെ പറഞ്ഞു.
“വല്ലാത്തൊരു മരണമാണിത്.അൽ ഐയിനിലെ ഡോക്ടറുടെ ഭാര്യ വീട്ടിൽ വെച്ചു മരിച്ചത് ഇതിന്റെ കടിയേറ്റാണ്. ഡോക്ടർ കൺസൽട്ടേഷൻ നടത്തുന്ന സമയത്തായിരുന്നു
ഭാര്യ വിളിച്ചത്. തൊട്ടടുത്ത ബിൽഡിംഗിൽ നിന്ന് കുത്തുവെയ്ക്കാനുള്ളമരുന്നുമായി ഡോക്ടർ ഓടിയെത്തി. അപ്പോഴേയ്ക്കും കഴിഞ്ഞു. ”
ഓരോരുത്തരായി സംഭവ കഥകൾ പറയുമ്പോൾ പരവശതയോടെ കേട്ടിരിക്കുന്ന എന്നെ നോക്കി സീറ്റിൽ തൊട്ടടുത്തിരുന്ന
നിഗാർ ടീച്ചർ പറഞ്ഞു
“നമുക്ക് മാഡത്തിനു വേണ്ടി പ്രാർത്ഥിക്കാം. ഇതൊന്നും കേട്ട് ടീച്ചർ പരിഭ്രമിക്കേണ്ട ”
ഉറുമ്പിന്റെ കടിയേറ്റു പോലും മരിക്കുന്ന മനുഷ്യൻ. അകത്തേയ്ക്കു ശ്വാസമെടുത്താൽ പുറത്തേയ്ക്ക് നിശ്വസിക്കുമെന്ന് ഉറപ്പില്ലാത്തവൻ.
അവൻ എന്തെല്ലാം ലോകത്ത് കാണിച്ചു കൂട്ടുന്നു. അടുത്ത നിമിഷം പോലും തൻ്റെ സ്വന്തമെന്ന് അവകാശം പറയാൻ കഴിവില്ലാത്തവൻ.
എൻ്റെ ചിന്തകൾ ശരിയെന്നു സമ്മതിക്കും പോലെ ബസിൻ്റെ സഞ്ചാര വീഥിയിൽ മലകൾ ഗൗരവത്തോടെ വലയം ചെയ്തു മൗനമാർന്നു.
തത്വചിന്തകളെ മറന്ന് മരുഭൂമിയിലെ പകൽച്ചൂടേറ്റ് പൊള്ളിയ പാറകൾ ഏന്തി നിൽക്കുന്ന മലകളിലായി പിന്നെ എൻ്റെ ശ്രദ്ധ .
വഴി വിളക്കിൻ പ്രകാശത്തിൽ അവയെ തിളങ്ങിക്കാണാം.
ഇത്ര ചൂടേറ്റിട്ടും അഗ്നി പർവ്വതം പോലെ പുകയാതെ തിളയ്ക്കുന്ന ലാവ ഉള്ളിലേന്താത്ത അദ്രികൾ.
പ്രവാസി മനുഷ്യരുടെ പ്രതീകങ്ങൾ. നാടും വീടും വിട്ട് വിരഹവും, ജോലിഭാരവുമെന്ന താപത്തിൻ്റെ അഗ്നിജ്വാലകൾ ശിരസിലേന്തുമ്പോഴും, അകമേ വേദനകൾ ലാവപോലെ തിളച്ചു മറിയാതെ വഴി വിളക്കിൻ്റെ പ്രകാശത്തിൽ കാണപ്പെടുന്ന മലയിലെ പാറക്കല്ലു പോലെ നില കൊള്ളുന്നവർ .
പുറമേ നിന്നേൽക്കുന്ന ചൂടും, ശൈത്യവുമേറ്റ് കുലുങ്ങാതെ നിസംഗരായി ജീവിക്കുന്നവർ.
മലകളെ കണ്ട് മരുഭൂ പ്രവാസികൾ ഇങ്ങനെയായതാ
ണോ?
അതോ മലകൾ ഇവരെ കണ്ടു പഠിച്ച താണോ?
പിറ്റേന്ന് സ്കൂളിലെത്തിയ
പ്പോൾ ചെയർമാന്റെ ഭാര്യ ക്രിട്ടിക്കൽ സ്റ്റേജിൽ നിന്ന് രക്ഷപെട്ടുയെങ്കിലും ,ഐ.സി.യു.ൽ തന്നെ തുടരുന്നു വെന്നറിഞ്ഞു.
ഇനി ജീവിത കാലം മുഴുവൻ വീട്ടിലും പുറത്തും ഫസ്റ്റ് എയിഡിനുള്ള ഇൻജെക്ഷൻ പെന്നുമായി നടക്കണം. എന്നാലും
ഉടൻ ആശുപത്രിയിലെത്തിക്കുകയും വേണം.
സ്റ്റാഫ് റൂമിൽ ചർച്ച തുടരുകയാണ്.
നാട്ടിൽ കാണുന്ന കറുത്ത ഉറുമ്പുകൾ നിരനിരയായി വരുമ്പോൾ വീട്ടിൽ കല്യാണം വരുന്നുയെന്നു പറഞ്ഞ അയൽവക്കത്തെ വല്യമ്മയെ ഓർത്തു.
ചുവന്ന വലിയ ഉറുമ്പുകൾ പച്ചമാങ്ങക്കുലയിൽ പൊതിഞ്ഞിരിക്കു
മ്പോൾ മാങ്ങ പൊട്ടിച്ച് കുട്ടയിൽ ശേഖരിക്കുന്ന ചവരിച്ചേട്ടൻ ഉറുമ്പുകളുടെ കടിയേറ്റ് ദേഷ്യപ്പെട്ടു പിറുപിറുക്കുമ്പോൾ അമ്മൂമ്മ പറയും,
“അവ ഉള്ളതുകൊണ്ടാണ് മാങ്ങയിൽ പുഴു കയറാത്തത്. ”
അരിമണി ശേഖരിച്ച് സ്കൂൾ അസംബ്ലി പോകും പോലെ വരിവരിയായി പോകുന്ന കുഞ്ഞുറുമ്പുക
ളെക്കാണിച്ച് സമ്പാദ്യ ശീലത്തെ ക്കുറിച്ചു പറഞ്ഞു തന്ന് മഴക്കാലത്തെയ്ക്കു വേണ്ടിയുള്ള കരുതലിനെ നേരിട്ടു കാണിച്ചു തന്ന വിക്ടോറി ടീച്ചറിനെയും സ്മരിച്ച് ക്ലാസ് മുറിയിലേയ്ക്ക് നടക്കുമ്പോൾ ഞാൻ വെറുതെ ചിന്തിച്ചു,
ഇവരാരും എന്നെപ്പോലെ തന്നെ മരുഭൂമിയിലെ ആളെക്കൊല്ലി ഉറുമ്പിനെക്കുറിച്ച് അറിഞ്ഞു കാണില്ല.
പലതരം മനുഷ്യരെപ്പോലെ തന്നെയാണിവയും.
സാധാരണ ഉറുമ്പുകളുടെ കൂട്ടത്തിൽ കടന്നു വരും. തിരിച്ചറിയാനും പ്രയാസമാണ്.
ജാഗ്രത മാത്രം പോര രക്ഷപെടണമെങ്കിൽ ദൈവാനുഗ്രഹവും വേണം.
പിപീലിക = ഉറുമ്പ്.




ഓരോ ഒത്തുചേരലും ഓരോ അനുഭവങ്ങളാണ്…
മരുഭൂമിയിലെ ഒത്തുചേരൽ അതിഗംഭീരം
പുതിയ അറിവ്
പുതിയ അറിവും,,ഇത്തിരിക്കുഞ്ഞന്റെ സംസ്കൃത നാമവും. ഇനിയിപ്പോൾ ഇവൻമാരേയും പേടിയ്ക്കണമല്ലോ ഈശ്വരാ…
കഴിഞ്ഞ രാത്രിയിൽ ഉത്സവപ്പറമ്പിൽ നിന്ന് കിട്ടിയ ഉറുമ്പ് കോടിയുടെ ശേഷിപ്പുകളായ തിണർത്തപാടുകളിലേയ്ക്ക് നോക്കുമ്പോൾ ചിന്തകളിലൊരു വിഷരാശി പടരുന്നുവോ….