Logo Below Image
Sunday, March 16, 2025
Logo Below Image
Homeഅമേരിക്കമരിച്ചിട്ടില്ല (രാജു മൈലപ്രാ)

മരിച്ചിട്ടില്ല (രാജു മൈലപ്രാ)

(രാജു മൈലപ്രാ)

രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കമുണർന്നു. പതിയെ കണ്ണു തുറക്കുവാൻ ഒരു ശ്രമം നടത്തി. ആദ്യ ഉദ്യമം പൂർണ്ണമായി വിജയിച്ചോ എന്നു നിശ്ചയമില്ല.

ഉറക്കത്തിൽ കാറ്റു പോയിക്കാണുമോ എന്നൊരു ചെറിയ സംശയം എന്നെ അലട്ടി. അങ്ങനെയെങ്കിൽ ഞാൻ നരകത്തിലോ സ്വർഗ്ഗത്തിലോ ആയിരിക്കും.

ജന്മംകൊണ്ട് സത്യക്രിസ്ത്യാനിയായ ഞാൻ, പത്തു കല്പ‌നകളിൽ പലതും ലംഘിച്ചിട്ടുള്ളതുകൊണ്ട്, നേരിട്ട് സ്വർഗ്ഗത്തിലെത്തുന്നകാര്യം സംശയമാണ്.

‘നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണം’ എന്നാണല്ലോ തിരുവചനം.

ചെറുപ്പത്തിൻ്റെ ചാപല്യത്തിൽ. എൻ്റെ അയൽക്കാരിയായ കുഞ്ഞമ്മിണിയെ, എന്നെപ്പോലെ തന്നെ സ്നേഹിക്കുവാൻ ഞാനൊരു ശ്രമം നടത്തി.

‘അക്കരെ ഇക്കരെ നിന്നാൽ എങ്ങിനെ ആശ തീരും…..

ഒന്നുകിൽ ആൺകിളി അക്കരയ്ക്ക് അല്ലെങ്കിൽ പെൺകിളി ഇക്കരയ്ക്ക്..

തികച്ചും അപ്രതീക്ഷിതമായിരുന്നു അടുത്ത സംഭവം. കുഞ്ഞമ്മിണിയുടെ തടിമാടൻ ആങ്ങളെ കുഞ്ഞപ്പൻ, പുലിമുരുകനെപ്പോലെ ചീറിക്കൊണ്ട് ‘നിന്റെ ആശ ഞാനിന്നു തീർക്കാമെടാ പട്ടി…’ എന്ന് ആക്രോശിച്ചുകൊണ്ട് എന്റെ നേരേ ചീറിയടുത്തു. അടുത്ത നിമിഷം അവൻ്റെ കാരിരുമ്പ് കരങ്ങൾകൊണ്ട് എന്റെ കരണം പുകക്കുമെന്നുള്ള പേടികൊണ്ട് എൻ്റെ സപ്‌തനാടികളും തകർന്നുപോയി.

കുഞ്ഞപ്പൻ തൻ്റെ ഉരുക്കുമുഷ്ടികൊണ്ട് എൻ്റെ കൈയ്യിൽ കടന്നുപിടിച്ചു. അവൻ്റെ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടായിരുന്നു.

‘നിന്റെ അപ്പനെ ഓർത്ത് ഇന്നു ഞാൻ നിന്നെ തല്ലുന്നില്ല. ഇനി നീ ആരുടെയെങ്കിലും ആശ തീർക്കാൻ ഇറങ്ങിയാൽ നിൻ്റെ കിടുങ്ങാമണി ഞാൻ ചവിട്ടിപ്പൊട്ടിക്കും’.

ആ ഒരു സംഭവത്തോടുകൂടി അയൽക്കാരെ സ്നേഹിക്കുന്ന പരിപാടി ഞാൻ നിർത്തി.

ജീവിതത്തിൽ ഒരിക്കലെങ്കിലും മോഷണം നടത്താത്തവരോ, കള്ളം പറയാത്തവരോ ആയി ആരും കാണുകയില്ല. ഈ വകുപ്പുകളിലും ഞാൻ എൻ്റേതായ കടമ നിർവഹിച്ചിട്ടുണ്ട്.

കല്പനകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘അന്യൻ്റെ ഭാര്യയെ മോഹിക്കരുത്’ എന്നത്.

എത്ര പ്രേമിച്ച് കല്യാണം കഴിച്ചവരാണെങ്കിൽ തന്നെയും, കാലം കഴിയുമ്പോൾ, മറ്റവൻ്റെ ഭാര്യ തന്റെ ഭാര്യയേക്കാൾ സുന്ദരിയാണെന്നൊരു തോന്നലുണ്ടാകും.

‘സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോട് വ്യഭിചാരം ചെയ്‌തുപോയി’- എന്ന് മത്തായിയുടെ സുവിശേഷത്തിൽ പറയുന്നു.

അങ്ങിനെയെങ്കിൽ വ്യഭിചാരം ചെയ്യരുത് എന്ന കല്‌പനയും ലംഘിച്ചിരിക്കാനാണ് സാധ്യത. (സ്ത്രീകൾക്ക് ഈ നിയമം ബാധകമല്ലെന്ന് തോന്നുന്നു)

വിവാഹ വാർഷിക വേളയിലും, ഭാര്യയുടെ ജന്മദിനത്തിലും അവരെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിടുന്ന ചില വേട്ടാവളിയന്മാരുണ്ട്.

‘എന്റെ കരളേ! നീ എൻ്റെ ജീവിതത്തിൽ കടന്നുവന്ന നിമിഷം മുതൽ എൻ്റെ ജന്മം സഫലമായി. എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എൻ്റെ പൊന്നാണ്. നിൻ്റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കുന്നു. ഇനി ഒരായിരം ജന്മങ്ങൾ കഴിഞ്ഞാലും നീ തന്നെ എന്റെ ജീവിതപങ്കാളിയാകണമെന്നാണ് എൻ്റെ പ്രാർത്ഥന.’

ഇത്തരം ഒരു കമൻ്റ് നിങ്ങളുടെ ഭർത്താവ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്‌തിട്ടുണ്ടെങ്കിൽ ഉറപ്പിച്ചോളു, അയാൾക്ക് പരസ്ത്രീ ബന്ധമുണ്ട്.

അങ്ങിനെ പല കല്‌പനകളും അറിഞ്ഞോ അറിയാതെയോ ലംഘിച്ചിട്ടുള്ള ഞാൻ എത്തപ്പെട്ടിരിക്കുന്നത് സ്വർഗ്ഗത്തിലല്ല എന്നുറപ്പ്.

സ്വർഗത്തിലായിരുന്നെങ്കിൽ, മാലാഖമാരുടെ സ്വർഗ്ഗീയ സംഗീതത്തിന്റെ അലയടികൾ കേൾക്കാമായിരുന്നു.

നരകത്തിലാകാനും സാധ്യതയില്ല. അവിടെ അടിപൊളി സെറ്റപ്പാണെന്നാണ് കേട്ടിട്ടുള്ളത്, കള്ളിന് കള്ള്, കഞ്ചാവിന് കഞ്ചാവ്, ഈജിപ്ഷ്യൻ സുന്ദരികളുടെ ബെല്ലി ഡാൻസ്..

കുറഞ്ഞപക്ഷം കുഞ്ഞാടുകളെ തമ്മിൽത്തല്ലിക്കുന്ന ഒന്നു രണ്ട് ബിഷപ്പുമാരെങ്കിലും കാണേണ്ടതാണ്.

അപ്പോൾ സ്വർഗ്ഗത്തിലും നരകത്തിലും എത്തിയിട്ടില്ല. ഒരുപക്ഷെ ഞാൻ മരിച്ചുപോയെന്നുള്ളത് വെറും തോന്നലായിരിക്കും.

പതുക്കെ കൈകാലുകൾ അനക്കി നോക്കി. ചെറിയ ചലനമുണ്ട്. മരിച്ചിട്ടില്ല. കണ്ണുതുറന്നു. മുറിയിൽ ചെറിയ വെളിച്ചമുണ്ട്.

ചെറുപ്പത്തിൽ ഉണർന്നാൽ ഉടൻ, രാത്രിയിൽ അഴിഞ്ഞുപോയ ഉടുത്തിരുന്ന കൈലി തപ്പിയെടുക്കുന്നതായിരുന്നു ആദ്യത്തെ പരിപാടി.

പ്രായമായതിൽ പിന്നെ, ഉറക്കത്തിൽ തട്ടിപ്പോയില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി, ഉണരുമ്പോൾ കൈ കാലുകൾ അനക്കി നോക്കുന്നതാണ് ആദ്യം ചെയ്യുന്നത്. പിന്നീടാണ് കണ്ണുതുറന്നു ചുറ്റും നോക്കുന്നത്.

അതുകൊണ്ട് രാവിലെ ഉണരുമ്പോൾ, കൈ കാലുകൾ ഒന്ന് നിവർത്തി കുടഞ്ഞ്, കണ്ണ് നല്ലതുപോലെ തുറന്ന്, തലേന്നു രാത്രിയിൽ കിടന്നിട്ടുള്ളിടത്തു തന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പു വരുത്തി, മരിച്ചിട്ടില്ല എന്ന പൂർണ്ണ ബോധ്യം വന്നതിനുശേഷം മാത്രമേ എഴുന്നേൽക്കാവൂ.

എഴുന്നേറ്റതിനുശേഷം അഞ്ചുമിനിറ്റ് നേരം ബെഡ്ഡിൽ തന്നെ ഇരിക്കണം. പിന്നീട് മാത്രമേ എഴുന്നേറ്റു നടക്കാവൂ.

അങ്ങിനെ ആയുസ്സിന്, ആരോഗ്യത്തോടെ ഒരു ദിവസം കൂടി അനുവദിച്ച് നൽകിയ, ആ അദൃശ്യ ശക്തിക്ക് നന്ദി പറഞ്ഞുകൊണ്ട് നമുക്കീ ദിവസം തുടങ്ങാം.

രാജു മൈലപ്രാ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments