ഈ മനുഷ്യ ജന്മത്തിന്റെ അർത്ഥമെന്തെന്ന് ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി പറയാൻ ആർക്കും കഴിയില്ല. എന്നാൽ എന്തോ ദൗത്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതായി നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ മറ്റു ജീവികളിൽ നിന്ന് മനുഷ്യൻ വ്യത്യസ്തനാവുന്നത്.
ഞാൻ പരമാത്മാവിന്റെ സന്താനമാണ്, പരമാത്മാവിന്റെ കുട കീഴിൽ ഞാൻ സുരക്ഷിതനാണ്. എന്നിൽ നിറഞ്ഞിരിക്കുന്നത് ചൈതന്യ ശക്തിയുള്ള ആത്മാവാണ് ആ ആത്മാവുമായിട്ടുള്ള എന്റെ കൂടിക്കാഴ്ച നടക്കുന്നത് ദിനംപ്രതിയുള്ള എന്റെ ധ്യാനത്തിൽ കൂടിയാണ്.
ജന്മ ജന്മാന്തരങ്ങളായി ആത്മാവിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം ശുചീകരിക്കുന്നത് ധ്യാനത്തിൽ കൂടിയും ജീവിതരീതിയിൽ കൂടിയുമാണ്. ഈയൊരു സത്യം നമ്മുടെ ഉള്ളിൽ നിന്ന് രൂപപ്പെട്ടു വരേണ്ടതാണ്. ഇതിന് യോഗ്യതയുള്ളവർക്ക് മാത്രമെ ഇങ്ങിനെ ഒന്ന് ചിന്തിക്കാൻ കഴിയൂ.
അതിരാവിലെയാണ് ധ്യാനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ശരീരവും മനസ്സും ശുദ്ധമാക്കി. ശാന്തമായ അന്തരീക്ഷത്തിൽ കണ്ണുകൾ അടച്ച് ഇരിക്കുക. പ്രകാശ ബിന്ദുവായി പരമാത്മാവ് നമ്മളിൽ മുഴുവനായി വ്യാപിക്കുന്നതായി അനുഭവപ്പെടും. പൂർണ്ണ വിശ്വാസത്തോടെ അത് പരിശീലിച്ചു കൊണ്ടിരിക്കുക.
നിത്യ ജീവിതത്തിൽ നമ്മൾ പലപ്പോഴും വിട്ടുകളയുന്ന ചില കാര്യങ്ങൾ കൊച്ചു കഥകളിലൂടെ ഓർമ്മപ്പെടുത്തുകയാണ് ഇവിടെ.
ഒരു വയലിൽ കൊയ്ത്ത്തെല്ലാം കഴിഞ്ഞ്, വെള്ളം വറ്റുമ്പോൾ, ആ പ്രദേശത്തുള്ള കുട്ടികൾ അവിടെ പന്ത് കളിക്കാറുണ്ട്. വയലിനടുത്തുള്ള ഒരു മാളത്തിൽ, വിഷമുള്ള ഒരു പാമ്പ് ഉണ്ടായിരുന്നു. അവിടെയുള്ള പാലം വഴി പോകുന്ന പലരെയും ആ പാമ്പ് കടിച്ചിട്ടുണ്ട്. കൊടും വിഷമില്ലെങ്കിലും, ചികിത്സയും, മറ്റുമായി, കുറച്ചുകാലം നടക്കേണ്ടതായിവരും. അതുകൊണ്ട് അതുവഴി പോകാൻ, എല്ലാവരും ഭയപ്പെട്ടിരുന്നു.
ഒരു ദിവസം ഒരു സന്യാസി ആ വഴി വരാൻ ഇടയായി. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ സന്യാസിയോട് അവിടെ ഒരു പാമ്പുണ്ട് അത് കടിക്കുമെന്ന് പറഞ്ഞു.
സന്യാസി കുട്ടികൾ പറഞ്ഞത് ഗൗനിക്കാതെ, മുന്നോട്ടു നടന്നു. പാമ്പ് മാളത്തിൽ നിന്ന് പുറത്തുവന്നു. പാമ്പിനെ ശാസിച്ചു കൊണ്ട് സന്യാസി പറഞ്ഞു. “ഈ വഴി പോകുന്ന ആരെയും ഇനിമുതൽ നീ ഉപദ്രവിക്കരുത്. ”
ഇത് കേട്ടതും പാമ്പ് മാളത്തിലേക്ക് ഇഴഞ്ഞു പോയി.
അവിടെയുള്ള കുട്ടികളോട്, പാമ്പ് ഇനി നിങ്ങളെ ഉപദ്രവിക്കില്ല എന്ന് പറഞ്ഞ് സന്യാസി പോയി. സന്യാസി അങ്ങിനെ പറഞ്ഞുവെങ്കിലും, പാമ്പിനോടുള്ള കുട്ടികളുടെ പേടി മാറിയില്ല.
അങ്ങനെയിരിക്കെചില വികൃതി കുട്ടികൾ, മാളത്തിന്റെ പുറത്ത് കിടക്കുന്ന പാമ്പിനെ കല്ലെറിഞ്ഞ് ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ മുറിവുകളുടെ വേദനയാൽ ഇര പിടിക്കാൻ കഴിയാതെ പാമ്പ് പട്ടിണിയിലായി.
സന്യാസി മടക്കയാത്രയിൽ ആ വഴി വന്നു. പുറത്ത് കിടക്കുന്ന പാമ്പിന്റെ പരിതാപകരമായ അവസ്ഥ കണ്ട്, സന്യാസി പാമ്പിനോട് ചോദിച്ചു.
എന്തുപറ്റി ക്ഷീണിച്ച് അവശയായല്ലോ. പാമ്പ് പറഞ്ഞു… ഞാൻ ആരെയും ഉപദ്രവിക്കാതെ ഇവിടെ അനങ്ങാതെ കിടന്നപ്പോൾ, എന്നെ ഉപദ്രവിച്ചതിന്റെ മുറിവുകളാണ് എന്റെ ദേഹത്ത് കാണുന്നത്.
സന്യാസി പറഞ്ഞു. നീ എന്ത് വിഡ്ഢിയാണ്. ആരെയും ഉപദ്രവിക്കല്ലേ എന്നുമാത്രമല്ലെ ഞാൻ പറഞ്ഞിരുന്നുള്ളു. നിന്റെ പത്തി വിടർത്തി കാണിച്ചിരുന്നെങ്കിൽ, ഇതുപോലൊരു ഗതികേട് നിനക്ക് വരുമായിരുന്നൊ.
അത് ശരിയാണെന്ന് പാമ്പിനും തോന്നി. പിന്നീട് പത്തി വിടർത്തി കാണിച്ച് പേടിപ്പിക്കുക മാത്രമല്ല. അത്യാവശ്യം കൊത്താൻ കിട്ടുന്ന അവസരങ്ങൾ പാമ്പ് വേണ്ടപോലെ ഉപയോഗിച്ചു തുടങ്ങി. പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചേ മതിയാവൂ.
ഒരു കുളത്തിൽ മൂന്നു മീനുകൾ ജീവിച്ചിരുന്നു. അതിൽ ഒരു മീൻ ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ്. രണ്ടായമത്തെ മീൻ ഏതു കാര്യവും ശ്രദ്ധയോടെ മാത്രമേ ചെയ്യൂ. മൂന്നാമൻ ഒരു സംശയക്കാരനാണ്, കൂടെ മടിയനും.
ഒരു ദിവസം ആ കുളത്തിലെ മീൻ പിടിക്കാൻ വലയുമായി ഒരാൾ വന്നു. കുളത്തിൽ ധാരാളം വെള്ളമുള്ള സമയമായിരുന്നു. അയാൾ കുളത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ ചാലുകൾ കീറി. വെള്ളം ചാലിൽകൂടി പുറത്തേക്ക് ഒഴുകിത്തുടങ്ങി. വെള്ളം കുറച്ചു വറ്റിയിട്ട് വരാം എന്ന് കരുതി അയാൾ പോയി.
ദീർഘവിഷ്ണമുള്ള മീൻ പറഞ്ഞു . നമുക്ക് ആ ചാലിൽ കൂടി രക്ഷപ്പെടാം എന്ന്. എന്നാൽ മറ്റു രണ്ടു മീനുകളും അതിന് തയ്യാറല്ലായിരുന്നു. അവരെ കാത്തുനിൽക്കാതെ ചാലിൽ കൂടി ഒഴുകുന്ന വെള്ളത്തിൽ കൂടി അത് രക്ഷപ്പെട്ട് മറ്റൊരു കുളത്തിൽ എത്തി.
അയാൾ മടങ്ങി വന്ന് വലവീശി. മറ്റു രണ്ടു മീനുകളും വലയിൽ അകപ്പെട്ടു. വലയിൽ നിന്ന് മീൻ എടുത്ത് ഒരു കുട്ടയിൽ ഇട്ടു. ഇതുതന്നെ നല്ല അവസരം എന്ന് കരുതി, ശ്രദ്ധയുള്ള മീൻ കുട്ടയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. മൂന്നാമൻ മടിയൻ കുട്ടയിൽ കിടന്നു ചത്തു.
ഇവിടെ നമ്മൾ കാണേണ്ടത് മീൻപിടുത്തക്കാരൻ കുളത്തിന്റെ പുറത്ത് ചാല് കീറുമ്പോൾ മുതൽ ദീർഘവീക്ഷത്തോടെ കാര്യങ്ങൾ കാണുന്ന മീൻ വീക്ഷിച്ചു കൊണ്ടിരുന്നത് അതിന്റെ ഉപയോഗത്തെക്കുറിച്ചായിരുന്നു. ചാലിൽ കൂടി വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങിയപ്പോൾ അതിൽ കൂടി രക്ഷപ്പെടാനാണ് പിന്നീട് ശ്രമിച്ചത്.
നമ്മുടെ ജീവിതത്തിലും വരാവുന്ന അപകടങ്ങൾ മുൻകൂട്ടി കാണണമെങ്കിൽ ദീർഘവീക്ഷണ ത്തോടെയുള്ള നിരീക്ഷണങ്ങൾ ആവശ്യമാണ്.
കുറച്ചുകൂടി ഭേദപ്പെട്ട ഒരു ജീവിത മാർഗം നമുക്ക് ചൂണ്ടിക്കാണിച്ചു തരുമ്പോൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.
ഒരിടത്ത് നിലക്കടല മൊത്ത വ്യാപാരം നടത്തുന്ന കടയിലെ ചുമട്ടു തൊഴിലാളി അയാളുടെ ഭാര്യയും മകനുമായി ജീവിച്ചിരുന്നു. അവിടുന്ന് കിട്ടുന്ന കൂലി കൊണ്ട് അവർ ജീവിച്ചുവന്നു. ആ നാട്ടിലെ പ്രധാന കൃഷിയാണ് നിലക്കടല. ഒരു ഞായറാഴ്ച അവർ ദൂരെയുള്ള ഒരു കടൽതീരത്തേക്ക് പോയി. കടൽ തീരത്ത് തിരമാലകൾ വരുന്നത് കണ്ടും അതോടൊപ്പം ഭാര്യയും മകനും കളിച്ചുകൊണ്ടിരിക്കെ അയാൾ കുറച്ചു ദൂരെ പലഹാരങ്ങൾ വില്പന നടത്തുന്ന വണ്ടികൾ കണ്ട് ഭാര്യയോട് പറഞ്ഞ് പലഹാരങ്ങൾ വാങ്ങാൻ പോയി. അവിടെ കൂടുതൽ ആളുകൾ കൂട്ടമായി നിൽക്കുന്നിടത്തേക്ക് അയാൾ പോയി. അവിടെ ഒരു വണ്ടിയിലുള്ള ഇരുമ്പ് ചട്ടിയിലെ മണലിൽ നിലക്കടല വറുക്കുന്നതും ആളുകൾ അതു വാങ്ങിക്കാൻ കൊടുത്ത പൈസ കൊണ്ട് പണപ്പെട്ടി നിറഞ്ഞിരിക്കുന്നതും അയാൾ കണ്ടു. അയാളുടെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് ഈ നിലക്കടല വറുക്കുന്നത്. അവിടുന്ന് മൂന്ന് വറുത്ത നിലക്കടല പൊതി വാങ്ങി. ഭാര്യയും മകനും ആയി നിലക്കടല കൊറിച്ച് കഴിക്കുമ്പോൾ അയാളുടെ മനസ്സിൽ നൂറു നൂറു ചിന്തകൾ കടന്നുവന്നു.
വീട്ടിലെത്തി ഭാര്യയുമായി അയാൾ സംസാരിച്ചു. ഞാൻ വൈകുന്നേരം വരെ നിലക്കടല ചുമടെടുത്താൽ കിട്ടുന്നത് 50 രൂപ. നിലക്കടല വറുത്ത് വിറ്റു കിട്ടുന്നത് ഒരു പെട്ടി നിറയെ പണം. ഭാര്യയുമായി സംസാരിച്ച് അയാൾ ഒരു തീരുമാനത്തിലെത്തി. അങ്ങിനെ അയാൾ ഒരു തള്ളു വണ്ടി മേടിച്ച് അതിൽ നിലക്കടല വറുത്ത് വില്പന നടത്താൻ തുടങ്ങി.
നമ്മൾ ഭാഗ്യത്തെ അന്വേഷിച്ച് ഒരിടത്തും പോകണ്ട. അതിനുള്ള അവസരം പ്രകൃതി നമുക്ക് തരും.അത് കണ്ടില്ല എന്ന് നടിച്ചിരുന്നാൽ പിന്നെ ഒരു സന്ദർഭവും കിട്ടിയെന്നു
വരില്ല.



