Saturday, February 14, 2026
Homeഅമേരിക്ക"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം -16 & 17) ✍ രവി കൊമ്മേരി,...

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം -16 & 17) ✍ രവി കൊമ്മേരി, UAE

നോവൽ – ഭാഗം -16 & 17

കൊലനടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. കൊലയാളി ഇപ്പോഴും അജ്ഞാതനാണ്. അങ്ങിനെവരുമ്പോൾ…. ഉം… നോക്കാം.
അവൻ മനസ്സിൽ എന്തൊക്കെയോ നിശ്ചയിച്ചതുപോലെ തലയും കുലുക്കി എഴുന്നേറ്റു,

തുടർന്ന് വായിക്കുക
👇👇👇👇👇👇👇

അദ്ധ്യായം . 16

സ്കൂളുകൾക്ക് ക്രിസ്തുമസിന്റെ അവധികൾ ആരംഭിച്ചു. രമ്യക്കും അവളുടെ അച്ഛൻ ഒരു സൈക്കിൾ വാങ്ങിച്ചു കൊടുത്തിരുന്നു. പിങ്ക് നിറത്തിലുള്ള മനോഹരമായ ഒരു സൈക്കിൾ.
രമ്യയ്ക്ക് സൈക്കിൾ കിട്ടിയതോടെ ജീവനും പൂട്ടി വച്ച സൈക്കിൾ പൊടി തട്ടിയെടുത്തു. പിന്നെപ്പറയണോ കഥ.

ശ്രേയട്ടീച്ചർ ഒരു ദിവസം കാർത്തിയോട് പറയുന്നുണ്ടായിരുന്നു, ” എന്റെ കാർത്തീ ഇത്ങ്ങളെ രണ്ടിനേം വല്ല സൈക്കിൾ അഭ്യാസികളും ആക്കേണ്ടി വരുമോന്നാ പേടിയെന്ന്.

നാടോടിക്കൂട്ടങ്ങൾ നാട് ചുറ്റാനിറങ്ങി നാട്ടിടവഴികൾ കറങ്ങി നാടറിയുന്നതുപോലെ ഗ്രാമത്തിലെ റോഡുകളും, ഇടവഴികളും ഒക്കെ ഈ സമയം കൊണ്ട് ജീവനും രമ്യയും സൈക്കിളിലൂടെ കറങ്ങിയടിച്ചു തുടങ്ങി.
മന്ദാരങ്ങൾ പൂത്ത, മാദളങ്ങൾ തളിർത്ത മലനാടൻ വഴികളിൽ പഞ്ചവർണ്ണക്കിളികളായ് അവർ ഉല്ലസിച്ചു.

മൂർത്തിക്കാവിലെ ആൽത്തറയിൽ പുഷ്പങ്ങൾ നേദിച്ച് , ആലിലയിൽ നൈവേദ്യമർപ്പിച്ച് തൊഴുതു വണങ്ങി രണ്ടു പേരും ദൈവത്തിനുള്ള തങ്ങളുടെ ഭാഗം ഭംഗിയാക്കുമായിരുന്നു.

അങ്ങിനെയിരിക്കേ ശ്രേയട്ടീച്ചറും കുടുംബവും താമസിക്കുന്ന വീട് വിൽക്കുകയാണെന്ന് തോമാച്ചായൻ അവരെ അറിയിച്ചു. ടീച്ചർ DYSP ജയേഷിനോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം വന്ന് രാമഭദ്രനെക്കണ്ട് കാര്യങ്ങൾ സംസാരിച്ചു. ജയേഷാണെങ്കിൽ മണവാളൻ കുന്നിലേക്ക് സ്ഥലം മാറ്റത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അദ്ദേഹത്തിന് സന്തോഷമായി.

രാമദദ്രൻ തോമാച്ചായനുമായി സംസാരിച്ച് മാന്യമായ ഒരു തുകയ്ക്ക് ജയേഷിന് ആ വീടും സ്ഥലവും വാങ്ങിക്കൊടുത്തു. മുറ്റത്ത് കനലുകൾ എരിഞ്ഞു. കമ്പിയിൽ കോർത്തിട്ട നല്ല മുഴുത്ത രണ്ട് നാടൻ കോഴികൾ കനൽക്കൂനയ്ക്ക് മുകളിൽ തൂങ്ങിയാടി. സന്തോഷം തിരതല്ലിയ സമയമായിരുന്നു അത്. രെജിസ്ട്രേഷൻ കഴിഞ്ഞ് DYSPയും, ടീച്ചറും രാമഭദ്രനും കുടുംബത്തിനും വേണ്ടി ഏർപ്പാടാക്കിയ പാർട്ടിയായിരുന്നു അവിടെ.
നല്ല ഒന്നാന്തരം ഒരു കുപ്പി സ്ക്കോച്ചെടുത്ത് ജയേഷ് മുന്നിൽ വച്ചു. നല്ല വെന്തുരുകി ആവി പറക്കുന്ന ഒരു കോഴിയെ എടുത്ത് കഷ്ണങ്ങളാക്കി ടീച്ചർ ടേബിളിൽ വച്ചു.

രണ്ടെണ്ണം വീതം അടിച്ച് നാട്ടുവർത്തമാനങ്ങൾ പറയുന്നതിനിടെ രാമഭദ്രൻ ജയേഷിനോട് ഹസ്സനാജി പറഞ്ഞ കാര്യം പറഞ്ഞു. ഉടനെ ജയേഷ് അവനേയും കൂട്ടി കുറച്ച് മാറി നിന്നു. രാമഭദ്രാ ഇതത്ര നിസ്സാരമായി കാണരുത്. നീ ദിവസവും ആ കടയിൽ നന്നായൊന്ന് ശ്രദ്ധിക്കണം. മാത്രമല്ല ഹസ്സനാജി ആ കടയുടെ നേരെ എതിർ വശത്താണെന്നല്ലേ പറഞ്ഞത്.

അതെ സാർ.

അദ്ദഹത്തോടും പറയുക. എന്തെങ്കിലും വ്യത്യാസം ആ കടയിലെ സാധനങൾക്ക് സംഭവിക്കുകയാണങ്കിൽ അപ്പോൾ പോലീസിനെ വിവരമറിയിക്കണം.
എന്റെ ട്രാൻസ്ഫറിന്റെ കാര്യം ഏകദേശം ശരിയായിട്ടുണ്ട്. മിക്കവാറും അടുത്തു തന്നെ ഓർഡർ വരും. അതിനു ശേഷം ഞാനായിരിക്കും കേസന്വേഷണം നടത്തുക. പിന്നെ നമുക്ക് ഒന്നിച്ച് നീങ്ങാം.
നിന്റെ സഹായം കൂടെ ഉണ്ടങ്കിൽ കുറ്റവാളിയെ നമുക്ക് എളുപ്പത്തിൽ പിടിക്കാം.

മാണിക്യക്കല്ലുകൾ മാനം നിറച്ച് മംഗല്യപ്പന്തലിൽ വർണ്ണ ശോഭ ചൊരിഞ്ഞു.
അമേരിക്കയിൽവിവാഹാലോചന തകർത്തു നടക്കുകയായിരുന്നു. ആഷ്ലെ റോസ തന്നെയാണ് ആദ്യം നിർദ്ദേശംമുന്നോട്ട് വച്ചത്. ജയിംസ് പലപ്രാവശ്യം ഒഴിഞ്ഞുമാറി. ഒടുവിൽ അവളുടെ രക്ഷിതാക്കൾ ഇടപെട്ടതുകാരണം അവന് വഴങ്ങേണ്ടി വന്നു. എന്നാൽ അവൻ അവന്റെ പ്രശ്നങ്ങൾ ഒത്തിരിത്തവണ അവളോട് പറയാൻ ശ്രമിച്ചപ്പോഴും പല പല സാഹചര്യങ്ങൾ കൊണ്ട് അതിന് കഴിയാതെയായി.

സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കയിലാകമാനം ബിസിനസ്സ് വളരെ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. വ്യവസായ മേഘല തകർച്ചയുടെ വക്കിലായിരുന്നു. ഗവൺമെന്റ് പല പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. എന്നാൽ ചെറിയ ചെറിയ ബിസിനസ്സുകാർ തലകുത്തുന്നു.

ജയിംസിനും അല്പം ക്ഷീണം തട്ടിയിരിക്കുന്നു. ഒരു പാട് കാശ് പലയിടങ്ങളിലായി കെട്ടിക്കിടക്കുന്നു. വിചാരിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല. എന്നാൽ നാട്ടിലെ അവന്റെ എക്കൗണ്ടിൽ കൃത്യമായി കാശ് എത്തുന്നുണ്ടായിരുന്നു. അത് അവൻ അമേരിക്കയിൽ നിന്ന് അയക്കുന്നതായിരുന്നില്ല. അവന്റെ പറമ്പിലെ കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു.

വിളവെടുപ്പിന്റെ സമയമായതിനാലും, നല്ലരീതിയില്‍ മഴലഭിച്ചതിനാലും വിളകൾ ആദായത്തിൽ മികവു പുലർത്തി. രാമഭദ്രൻ അവന്റെ ഭാഗം വരെ ഭംഗിയായി നിർവ്വഹിക്കുന്നുണ്ടായിരുന്നു. അതിൽ വളരെ തൃപ്തനായിരുന്ന ജയിംസ് കണക്കുകൾ നോക്കാതെ രാമഭദ്രനെ സഹായിക്കുകയും ചെയ്യുന്നു.

എന്നാൽ തന്റെ കുറവുകൾ റോസയോട് തുറന്നു പറയാനാകാതെ ജയിംസ് ധർമ്മസങ്കടത്തിലായി. വീടിന്റെ ഏകാന്തതയിൽ ചിന്തകൾക്ക് തീക്കൊളുത്തി മദ്യത്തിന്റെ ലഹരിയുടെ മേച്ചിൽപ്പുറങ്ങളിൽ അവൻ അറിയാതെ അലഞ്ഞു കൊണ്ടേയിരുന്നു. കാടുകയറുന്ന ചിന്തകളിൽ അർത്ഥമില്ലാത്ത ജീവിതത്തിന്റെ കറുത്ത മുഖം അവനെ നോക്കി കൊഞ്ഞനം കുത്തുന്നു.

ഗതകാല സ്മരണകളിൽ മൺ മറഞ്ഞു പോയ കിനാക്കളിലൂടെ അശാന്തിയുടെ തീരങ്ങളിൽ ആരോരുമില്ലാതെ അലയുകയായിരുന്നു അവൻ.

എന്നാൽ അവൻ തിരിച്ചറിയുന്നു. ജീവിതം ഇങ്ങിനെ നശിപ്പിക്കാനുള്ളതല്ല. നീന്തണം. ഒഴുക്കിനെതിരെ നീന്തണം . മറുകരയിൽ വിടരുന്ന പുത്തനുഷസ്സുകളെ പുൽകണം.

എന്റെ കർത്താവേ.. ഞാൻ പരാജയപ്പെടുകയാണോ..?

നല്ല തണുപ്പുള്ള ഒരു രാത്രിയിൽ നെരിപ്പോടിലെരിയുന്ന കനലുകളുടെ ജ്വാലകൾ ശരീരത്തിനെ ചൂട് പിടിപ്പിച്ച് റോസയുമായി സംസാരിച്ച് കൊണ്ട് കിടക്കുകയായിരുന്നു ജയിംസ്. മനസ്സിനെ നിയന്ത്രിക്കാൻ അവൻ മദ്യത്തിന്റെ ലഹരി നുണയുന്നുണ്ടായിരുന്നു.

സമയം വളരെ വൈകി. നിദ്രയുടെ ഗാഢതയിൽ കൈവിട്ട മനസ്സ് ചെന്ന് ചേക്കേറിയത് വവ്വാലുകൾ വട്ടമിട്ടു പറന്ന് കലപില കൂട്ടുന്ന , കാലൻ കോഴികൾ ആഹ്ലാദനൃത്തം ചവിട്ടുന്ന, തീജ്വാലകളിൽ എരിഞ്ഞടങ്ങുന്ന മാംസപിണ്ഢങ്ങളിലെ അത്മാക്കൾ ധൂമപടലങ്ങളായ് അന്ധകാരത്തിൽ ലയിച്ചു ചേരുന്ന, ഭീകരതയുടെ ഈറ്റില്ലമായ ശവപ്പറമ്പിലായിരുന്നു.

തന്റെ നേരെ നീണ്ടു വരുന്ന രണ്ട് തീക്കൈകളും, തുറിച്ച കണ്ണുകളും അവൻ കാണുന്നുണ്ടായിരുന്നു. പെട്ടന്നത് അവന്റെ കഴുത്തിനടുത്തെത്തിയതും അവൻ ഞെട്ടിപ്പിടച്ചെഴുന്നേറ്റു പോയി.

മരങ്ങൾ പോലും തണുത്ത് മരവിച്ചിരിക്കുന്ന ആ തണുപ്പിൽ ജയിംസ് വിയർത്തു കുളിച്ചിരിക്കുന്നു.
പേടിയോടെ അവൻ ചുറ്റിലും കണ്ണുകളയച്ചു പരതി. ഇല്ല. ഒന്നുമില്ല. ഞാൻ കണ്ടത് സ്വപ്നമായിരുന്നു. അവൻ എഴുന്നേറ്റ് മുഖം കഴുകി നേരെ യേശുദേവന്റെ ഫോട്ടോയ്ക്ക് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു.

“സർവ്വശക്തനായ ദൈവമേ… ഈയുള്ളവന് കരുത്ത് തരേണമേ “…

പിറ്റേന്ന് ദൈനംദിന തിരക്കിനിടയിൽ സമയം ഉച്ച ഒരു 12 മണി ആയിക്കാണും ജയിംസ് ഒരു മീറ്റിംഗിലായിരുന്നു. പെട്ടന്ന് അവന് വീണ്ടും തലകറക്കം വന്നു. ഇരുന്ന ഇരിപ്പിൽ നിന്നും കുഴഞ്ഞു വിണ അവനെ ആംബുലൻസ്‌ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോദനകൾ പലത് കഴിഞ്ഞു. ഡോക്ടേഴ്സ് റിപ്പോർട്ടുകൾ മാറി മാറി പരിശോദിക്കുന്നു. വിണ്ടും വിണ്ടും ടെസ്റ്റുകൾ ചെയ്യുന്നു. ഒടുക്കം ഒരു രണ്ട് ദിവസത്തെ മരുന്നുകൾ നല്കി അവർ അവനെ യാത്രയാക്കി. വിശദമായ പരിശോദനയ്ക്കയച്ച രക്തത്തിന്റെ വിശദവിവരങ്ങൾ രണ്ടു ദിവസം കഴിഞ്ഞ് കിട്ടുമെന്നും അതുകൂടെ പരിശോധിച്ച് വിശദമായി പറയാമെന്നും പറഞ്ഞു.

തുടർന്ന് വായിക്കുക…  അദ്ധ്യായം 17

ജയിംസിന് അസുഖമായത് കാരണം റോസ അവനോടൊപ്പം തന്നെ ഉണ്ടായായിരുന്നു. ഓഫീസ് കാര്യങ്ങളിലും അവൾ കൂടുതൽ ശ്രദ്ധ ചെലുത്തി. തലയ്ക്ക് അടിയേറ്റതു പോലെ ആയിരുന്നു അവന്റെ അവസ്ഥ. വല്ലാത്തൊരു ഭാരം. ഒരുതരം മരവിപ്പ്.

രണ്ടു ദിവസം കഴിഞ്ഞു ഡോക്ടർ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവന് ഒരു കുഴപ്പവുമില്ല. എന്നാലും രണ്ടാം തവണയും ഇതുപോലെ വന്നതിനാൽ ഒന്ന് പോയി ഡോക്ടറെ കാണാൻ അവൻ തീരുമാനിച്ചു.

കാലത്തേ ഇറങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തീരത്തണഞ്ഞ് പോകുന്ന തിരമാലകൾ പോലെ വന്നും പോയും ഇരിക്കുന്ന നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും. എല്ലാം നിയന്ത്രിച്ചുകൊണ്ടവൻ ആശുപത്രിയിൽ ഡോക്ടറുടെ അടുക്കൽ എത്തി. മിസ്റ്റർ ജയിംസ്, താങ്കളുടെ റിപ്പോർട്ടുകൾ ഒക്കെ ഞങ്ങൾ പരിശോധിച്ചു. ഇപ്പോൾ നിങ്ങൾക്കെന്തു തോന്നുന്നു. ചെറിയ തോതിൽ തലവേദനയുണ്ടോ..? വല്ലാതെ ഭാരം തോന്നുന്നുണ്ടോ..? മൂക്കിലൂടെയോ ചെവിയിലൂടെയോ തുള്ളികളായ് രക്തം വരുന്നുണ്ടോ..? കൈകാലുകൾ തളരുന്നതായി തോന്നുന്നുണ്ടോ…? ഡോക്ടർ ഇങ്ങിനെയുള്ള ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു.

ഈ സമയം മറ്റൊരു ഡോക്ടർ കൂടെ ആ മുറിയിലേക്ക് കടന്നു വന്നു. അദ്ദേഹം ജയിംസിനു ഹസ്തദാനം നല്കി.
ഓകെ ജയിംസ് ….പറയു.

ഒരല്പം ക്ഷീണമുണ്ട് എന്നതു നേരാ.. എന്നാൽ മറ്റുള്ള പ്രശ്നങ്ങളൊന്നും ഇല്ല.

താങ്കളുടെ കൂടെ വേറെ ആരാണ് വന്നിട്ടുള്ളത്…?
ആരുമില്ല. ഞാൻ തനിച്ചാണ്.
ഞങ്ങൾ പറയുന്നതു കേട്ട് നിങ്ങൾ പ്രയാസപ്പെടരുത്.
എന്താണ് ഡോക്ടർ..? എന്താണെങ്കിലും പറഞ്ഞോളൂ..
നിങ്ങൾക്ക് ഉടനെ ഒരു ഓപ്പറേഷൻ വേണം. അത് എത്രയും പെട്ടന്ന് ചെയ്യുകയും വേണം.

അതിനു മാത്രം എന്താണ് ഡോക്ടർ എനിക്ക്. ..?
അവന്റെ ആകാംക്ഷ കണ്ട് ഡോക്ടർ ഒന്ന് പരിഭ്രമിച്ചു. അത് പുറത്തു കാണിക്കാതെ അദ്ദേഹം തുടർന്നു.
നിങ്ങളുടെ തലയ്ക്കകത്താണ് പ്രശ്നം മിസ്റ്റർ ജയിംസ്. ഒരിടത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നു. അത് തലച്ചോറിനുള്ളിലെ രക്തപ്രവാഹത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഒരു തരം ട്യൂമറു പോലെ.

ചുകന്ന പൂക്കള്‍കൊണ്ട് കുടപിടിച്ച ഓക്ക് മരങ്ങള്‍ ഒക്കെയും ശുഭ്രവസ്ത്രധാരികളായി നാടിനുമീതെ പന്തല്‍ തീര്‍ത്തിരിക്കുന്നു.
ജയിംസിന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. ഒരു വേള അവൻ താഴെ വീഴുമെന്നു വരെ തോന്നി. അപ്പോൾ പുറത്തു നിന്ന് കേട്ട ഒരു ആംബുലൻസിന്റെ നിലവിളി അവനെ കൂടുതൽ ഭയപ്പെടുത്തി.

മിസ്റ്റർ ജയിംസ്, പേടിക്കാനൊന്നുമില്ല. നിങ്ങൾ ധൈര്യവാനായിട്ടിരുന്നാൽ ഒന്നും സംഭവിക്കില്ല.
ഡോക്ടറുടെ ആ ആശ്വാസവചനങ്ങൾ അവനെ ഞെട്ടലിൽ നിന്ന് ഉണർത്തി.

ഇല്ല സാർ എനിക്ക് ഒരു പ്രശ്നവുമില്ല. സാറ് പറഞ്ഞോളൂ..
കുട്ടിക്കാലത്തോ എപ്പഴോ നിങ്ങളുടെ തലയ്ക്ക് വല്ല ക്ഷതവും സംഭവിച്ചിരുന്നോ..?
എനിക്ക് ഓർമ്മയില്ല.
ഓകെ. നിങ്ങൾ തയ്യാറാണെങ്കിൽ എത്രയും പെട്ടന്ന് ഓപ്പറേഷൻ നടത്താം.

ഡോക്ടർ, ഇത് ചെയ്താൽ പൂർണ്ണമായും മാറും എന്ന് ഉറപ്പാണോ..?
ഒരു നിമിഷം ആ രണ്ട് ഡോകടർമാരും മുഖത്തോട് മുഖം നോക്കി. എന്നിട്ട് രണ്ടാമത് വന്ന ഡോക്ടർ തുടർന്നു. ജയിംസ് നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുക. അതാണ് ആദ്യം വേണ്ടത്. ധൈര്യമായിട്ട് സാവധാനം ആലോചിക്കുക. എന്നിട്ട് നാളെ വന്ന് വിവരം പറയുക.

ഓകെ സാർ. ഞാൻ ആലോചിച്ചിട്ട് നാളെവരാം എന്നും പറഞ്ഞ് അവൻ പുറത്തിറങ്ങി വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തി ഒരുപാട് ആലോചിച്ചു. പെട്ടന്ന് അവൻ ഓടി വന്ന് വണ്ടിയുമെടുത്ത് നേരെ കമ്പനിയിലേക്ക് വിട്ടു. അവിടെ ചെന്ന് സ്റ്റാഫിനോട് നാളെത്തന്നെ നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്യാൻ പറഞ്ഞു.
രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടിവന്നു ടിക്കറ്റ് ശരിയാകാൻ. എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ ആണ് റോസയോട് കാര്യം പറഞ്ഞത്. അവൾ ആകെ ഇടിമിന്നലേറ്റതു പോലെയായി.

ഹേയ് ജയിംസ്. എന്തായിത്. എന്തുപറ്റി. ഇങ്ങിനെ പെട്ടന്ന്‍ നാട്ടിലേക്ക്. ഇന്നലെ വരെ ഒന്നും പറഞ്ഞില്ലല്ലോ..?

ഒരത്യാവശ്യകാര്യമുണ്ട് റോസ. ഒക്കെ ഞാൻ വന്നിട്ട് വിശദമായി പറയാം. നീ കമ്പനി ഒന്ന് നോക്കിക്കൊള്ളണം. ഞാൻ സ്റ്റാഫിനോട് പറഞ്ഞിട്ടുണ്ട്.
അവൻ നേരെ എയർപ്പോർട്ടിനുള്ളിൽക്കയറി എല്ലാവിധ പരിശോധനകളും പൂർത്തിയാക്കി വിമാനത്തിനുള്ളിലേക്ക് പോകാനുള്ള അറിയിപ്പിനായി കാത്തു നിന്നു.

നിമിഷങ്ങൾ ഇടവിട്ട് ശൂന്യതയുടെ നിതാന്ത നീലിമയിലേക്ക് കുതിക്കുന്ന വിമാനങ്ങളും, ആഹ്ലാദത്തിന്റെ തിരയിളക്കം നെഞ്ചിലേറ്റി പുതിയ പ്രഭാതങ്ങളെ തഴുകുന്ന പരൽ മീനുകളെപ്പോലെ അടുത്ത വിമാനങ്ങളിലേക്ക് ഒഴുകി നീങ്ങുന്ന ആൾക്കൂട്ടങ്ങളേയും നോക്കി അവൻ അങ്ങിനെ ഇരുന്നു.

എന്തൊരു സന്തോഷമാണ് അവരുടെ മുഖങ്ങളിൽ. എന്തൊരു താളബോധമാണ് അവരുടെ ചുവടുകൾക്ക്.
പുഞ്ചിരിക്കാത്ത, അല്ലങ്കിൽ ചുവടുകൾ പിഴയ്ക്കുന്ന തന്നെപ്പോലെ കരിന്തിരികൾ പുകയുന്ന മനസ്സുമായി ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ എന്ന് അവൻ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു.

ഒരു വേള അവന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. ചിന്തകൾക്ക് ചൂടുപിടിക്കുന്നു. പൊയ്മുഖങ്ങൾ കൺമുന്നിൽ പല്ലിളിച്ചുകാട്ടുന്നു. മനസ്സ് പിടിവിട്ട് കറുത്ത മേഘങ്ങളുടെ കഠിനമായ ചുഴികളിൽപ്പെട്ടുഴലുന്നു.

ജയിംസിന് പറക്കാനുള്ള വിമാനത്തിന്റെ അറിയിപ്പ് അവനെ മയക്കത്തിൽ നിന്ന് ഉണർത്തി.
ആകാശ നൗകയിൽ ആഢംഭങ്ങളുടെ അനുഭൂതി നുണയുമ്പോഴും ജയിംസ് തന്റെ മനസ്സിന്റെ മരവിപ്പ് മാറ്റാൻ മദ്യത്തിന്റെ സഹായം തേടുന്നുണ്ടായിരുന്നു.

മുൻകൂട്ടിയുള്ള അറിയിപ്പു പ്രകാരം രാമഭദ്രൻ ഡ്രൈവറേയും കൂട്ടി നേരത്തേ തന്നെ എയർപ്പോർട്ടിൽ എത്തിയിരുന്നു. ജയിംസ് വന്നതും ഡ്രൈവറോട് വണ്ടി നേരെ കെ. എം. കെ ആശുപത്രിയിലേക്ക് വിടാൻ നിർദ്ദേശിച്ചു. ആ നഗരത്തിലെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു അത്.
രാമഭദ്രൻ ജയിംസിനോട് ആശുപത്രിയിൽ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അത് പിന്നെപ്പറയാം എന്ന് പറഞ്ഞതിനാൽ പിന്നിട് സംസാരം അമേരിക്കയെക്കുറിച്ചും, ബിസിനസ്സിനെക്കുറിച്ചുമൊക്കെയായി.

ഹോസ്പിറ്റലിന്റെ ഗദ്ഗങ്ങളും, വിലാപങ്ങളും സാന്ത്വനങ്ങളും തളംകെട്ടിക്കിടക്കുന്ന ഉള്ളറകളിലൂടെ ജയിംസും, രാമഭദ്രനും നിശബ്ദരായി നടന്നു.

ഡോക്ടറെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങിയതിനാൽ റിസപ്ഷനിൽ നിന്ന് അവരെ നേരെ ഡോക്ടറുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജയിംസ് അയച്ചുകൊടുത്ത മുഴുവൻ റിപ്പോർട്ടുകളും ഡോക്ടർ പഠിച്ചിട്ടുണ്ടായിരുന്നു.

അവനെ വിശദമായി പരിശോദിച്ചശേഷം നാളെ വന്ന് തലയുടെ എം. ആർ. എ സ്കാനും, മറ്റു ചില ടെസ്റ്റുകളും കൂടെ ചെയ്യണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. അതിനാല്‍ നാളെ വരാം എന്നും പറഞ്ഞ് അവര്‍ യാത്രയായി.

അതിനു ശേഷം ജയിംസ് രാമഭദ്രനോട് അവന്റെ കഥകൾ പറഞ്ഞു കൊണ്ട് പുറത്തിറങ്ങി. ഒരു കാരണവശാലും ഈ കാര്യം പുറത്ത് അറിയരുത് എന്നവൻ പ്രത്യേകം പറഞ്ഞു.

വീട്ടിലെത്തിയ ജയിംസ് രാമഭദ്രനേയും കൂട്ടി നേരെ മുകളിലേക്ക് പോയി. നീ നാളെയും എന്റെ കൂടെ വരണം. എനിക്കിപ്പോൾ എന്തോ പോടി തോന്നുന്നു രാമഭദ്രാ..

ഒന്നുമില്ലടോ… ഒന്നും സംഭവിക്കില്ല. ഞാനുണ്ട് കൂടെ. നീ ധൈര്യമായിട്ടിരി. ഇന്നേതായാലും നീ വിശ്രമിക്ക്. ഞാൻ പോയിട്ട് നാളെ വരാം.

ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ…?

പറയെടോ… അതന്താ അങ്ങിനെ.?

നീ വീട്ടിൽ പോയി കുടുംബത്തേയും കൂട്ടി വേഗം തിരിച്ചുവാ… ഇന്ന് ഇവിടെ താമസിക്കാം. ഞാൻ ഒറ്റയ്ക്കായാൽ ചിലപ്പോൾ…..

ജയിംസ്… വേണ്ട. മതി.
അവൻ പറയാൻ വന്നത് എന്താണെന്ന് മനസ്സിലായതുപോലെ രാമഭദ്രൻ അവനെ തടഞ്ഞു. ഞാൻ പോയിട്ട് തിരിച്ചു വരാം എന്നും പറഞ്ഞ് അവൻ ഇറങ്ങി.

തുടരും ……

രവി കൊമ്മേരി, UAE✍

RELATED ARTICLES

3 COMMENTS

  1. ഒരു വായനക്കാരൻ്റെ അഭിപ്രായമാണ് Fb യിൽ വന്നത്.
    ഞാൻ ഇതിനു മുമ്പ് പറഞ്ഞിരുന്നു ഇത് വലിയൊരു വിപത്താണ് അല്ലെങ്കിൽ വലിയൊരു രോഗത്തിന് കാരണമാണ് അങ്ങ് സീക്രട്ട് ആയി വച്ചത് എൻറെ മനസ്സിലും ഒരു വിമ്പൽ ഉണ്ടായിരുന്നു പ്രിയപ്പെട്ട രചയിതാവ് രവിയേട്ടാ ഞാൻ ഉദ്ദേശിച്ചത് എന്താണോ അതിപ്പോ നടന്നിരിക്കുന്നു പതിനാറാം ഭാഗം വായിച്ചപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാൽ പതിനേഴാം ഭാഗം ഞാൻ ഉദ്ദേശിച്ചത് നടന്നിരിക്കുന്നു ഇനി എന്താകും ജെയിംസ് ജീവിക്കുമോ ? അതോ വേണ്ട കഥയുടെ മുമ്പോട്ടുള്ള പോക്ക് അതൊരു രചയിതാവിന്റെ സൃഷ്ടി പോലെയിരിക്കും ഒരായിരം അഭിനന്ദനങ്ങൾ ഇനി അങ്ങയുടെ കൈകളിൽ കാത്തിരിക്കുന്നു. 18 – ഭാഗം എന്തായാലും രാമഭദ്രൻ എല്ലാവർക്കും ഒരു സഹായി തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് കാത്തിരിക്കുന്നു. 18- ഭാഗത്തിന് ഇത്രയും ഭംഗിയായി അങ്ങ് എന്നെ ഈ കഥയിലൂടെ കൊണ്ടുപോകുന്നുണ്ടല്ലോ അഭിനന്ദനം ഒരായിരം അഭിനന്ദനങ്ങൾ
    കെ കെ കോട്ടിക്കുളം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com