ഒടുക്കം അവന്മാർ കൊടകിലെ ഒരു കോളനിയിൽ ഉണ്ടെന്ന് അറിഞ്ഞതിനു ശേഷം മുതലാളിയെ ചുരുട്ടി ഒരു മൂലയിലെറിഞ്ഞുകൊണ്ട് അവൻ അവിടം വിട്ടു.
തുടർന്ന് വായിക്കുക:
👇👇👇👇👇
അദ്ധ്യായം 22
മലനിരകളിലെ വിജനമായ പാതയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിൽ കിളികളുടെ കലപില ശബ്ദങ്ങളും, മലങ്കാറ്റിന്റെ ചൂളം വിളിയും, ഇടയ്ക്കിടയ്ക്ക് കുരങ്ങുകളുടെ ചാഞ്ചാട്ടങ്ങളും മാത്രം. ഇതിനിടയിൽ ഒറ്റ ഒറ്റയായി കടന്നു പോകുന്ന ചില വാഹനങ്ങളും .
ഒരുവശത്ത് താഴെ അഗാധതയിൽ മഞ്ഞുപുതച്ച പ്രകൃതിയുടെ മനോഹാരിത കണ്ണിന് കുളിർമ്മയേകുന്നുണ്ടെങ്കിലും, ഭീകരതയുടെ കരിനിഴലിൽ കാലന്റെ കഴുകൻ കണ്ണുകൾ എവിടെയൊക്കെയോ പതിയിരിക്കുന്നുണ്ടായിരുന്നു.
സാമാന്യം നല്ല വേഗതയിലായിരുന്നു രാമഭദ്രൻ വണ്ടി ഓടിക്കുന്നത്. സമയം പോയത് അവൻ അറിഞ്ഞില്ല. സന്ധ്യയോടുത്ത് കാണും അവൻ കൊടകിലെത്തി.
ഈ സമയം വിഗ്നേശ്വരൻ മുതലാളിയുടെ വീട്ടിൽ DYSP ജയേഷും സംഘവും എത്തിയിരുന്നു. രാമഭദ്രൻ കച്ചേരി നടത്തിപ്പോയ സ്ഥലമാണെന്ന് മനസ്സിലാകാതിരിക്കാൻ എല്ലാവിധ സംഗതികളും അവിടെ നടത്തിയിരുന്നു. ജോലിക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു. മുതലാളി പുതിയ വേഷത്തിലും ഭാവത്തിലും പോലീസുകാരെ എതിരേറ്റു.
വരണം വരണം സാർ..
എന്താണ് ഈ വഴിക്ക്….?
പുതുതായി ചാർജെടുത്ത ആളാണ് അല്ലേ.. ?
എന്റെ മകന്റെ കേസ് അന്വേഷിക്കുന്ന ആൾ. എന്തായി സാർ. നിങ്ങൾ തിരക്കഥ എഴുതിയതു പോലെ കാര്യങ്ങൾ നടന്നില്ലേ…?
മിസ്റ്റർ. വിഗ്നേശ്വരൻ… അതവിടെ നിൽക്കട്ടെ. ഞങ്ങൾ ഇപ്പോൾ വന്നത് നിങ്ങളുടെ എസ്റ്റേറ്റിൽ ഓടുന്ന മകന്റെ പേരിലുള്ള വണ്ടി ഇടിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക് പറ്റിയതിനെക്കുറിച്ച് അന്വേഷിക്കാനാണ്.
ഓഹോ… പഴയ സാറ് വന്ന് അന്വേഷണം നടത്തിപ്പോയതാണല്ലോ സാറേ….?
ഹ… പഴയത് കള വിഗ്‌നേശ്വരാ… ഇത് പുതിയത്. രീതിയും പുതിയത്. സഹകരിച്ചാൽ നിങ്ങൾക്ക് പുതിയത് തന്നെ ഉടുത്തുകൊണ്ട് നടക്കാം.. അല്ലങ്കിൽ…. പഴയത് മാത്രമല്ല കീറിയതും ഇടേണ്ടി വരും.
ജയേഷിന്റെ ആ ഭാഷാശൈലിയുടെ അന്തർധ്വനി മനസ്സിലായിട്ടാണെന്ന് തോന്നുന്നു വിഗ്നേശ്വരൻ മുതലാളി വേഗം വിഷയത്തിലേക്ക് വന്നു.
വണ്ടി എന്റെ മകന്റെ പേരിൽ തന്നെയാണ്. അത് ഓടുന്നതും ഞങ്ങളുടെ എസ്റ്റേറ്റ് ആവശ്യത്തിനാണ്. എന്നാൽ കുടികളെ ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് എനിക്കൊന്നും അറിയില്ല.
കുട്ടികളെ അപകടപ്പെടുത്താൻ വണ്ടി കൊണ്ടുപോയത് ആരൊക്കെയാണെന്ന് അറിയാമോ…?
പഴയ സാറ് വന്ന് പറഞ്ഞതിനു ശേഷമാണ് ഞാൻ അതിനെക്കുറിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ അന്വേഷിച്ചിരുന്നു.
എന്നിട്ട് വല്ല തുംബും കിട്ടിയോ ആവോ..?
ഉം.. കിട്ടി. അതാ കാട്ടിമുത്തുവും, റബ്ബറ് പൈലീം ആണെന്നാണ് അറിഞ്ഞത്.
എന്നിട്ടിപ്പോൾ അവരെവിടെ ഉണ്ട് വിഗ്നേശ്വരാ..?
അതാ ഞാനും അന്വേഷിക്കുന്നത് സാറെ. സംഭവത്തിനു ശേഷം അവൻമാര് എസ്റ്റേറ്റിലും വന്നിട്ടില്ലന്നേ..
സാരമില്ല മുതലാളീ.. ഞങ്ങൾ പോകുന്നു ങ്ഹാ.. ഒരു കാര്യം. പറയാം. മകനെ രക്ഷിക്കാൻ തനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വരും. ഈ വധശ്രമ ഹാരവും കൂടെ കഴുത്തിലങ്ങ് അണിയിച്ചാൽ ഇരട്ട ജീവപര്യന്തം എഴുതി വച്ചോ ….
എന്നിട്ട് പോലീസുകാരോടായി ജയേഷ് പറഞ്ഞു… വാടോ.
ഈ സമയം കൊടകിലെത്തിയ രാമഭദ്രൻ നേരെ ടൗണിലെ ചന്തയിലാണ് പോയത്. അവിടെ ചെന്ന് നല്ലൊരു ചായയൊക്കെക്കുടിച്ച് ഫ്രഢിയെ തിരക്കി.
“കട്ടർ ഫ്രഡ്ഢി”.
കൊടകിലെ അറിയപ്പെടുന്ന ഗുണ്ടയാണ്. പോലീസുകാരുപോലും തൊടാൻ മടിക്കുന്ന ഗുണ്ട.
രാമഭദ്രൻ അവനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഉടനെത്തന്നെ അവിടുന്ന് മറുചോദ്യങ്ങൾ ഉണ്ടായി. എവിടുന്നാണ് എന്തിനാണ് എന്നൊക്കെ.
അതൊന്നും കേട്ട ഭാവം നടിക്കാതെ അവൻ പറഞ്ഞു ഞാൻ രാമഭദ്രൻ …. ഒന്നു കാണണം എന്നു പറഞ്ഞാൽ അവന് മനസ്സിലാകും.
വിവരം കാറ്റിന്റെ വേഗതയിൽ ദൂദൻ വഴി പറന്നു. രാമഭദ്രൻ ഫ്രഡ്ഢിയുടെ അടുത്തേക്ക് നയിക്കപ്പെട്ടു. ശരിക്കും സിനിമാ സ്റ്റൈലിൽ ഒരുക്കിയ ഒരു പഴയ കെട്ടിടം. അവിടവിടെയായി കുറേ ഗുണ്ടകൾ. വണ്ടി വന്ന് പുറത്ത് നിന്നതും ഫ്രഡ്ഢി അകത്തു നിന്നും ഇറങ്ങി വന്നു… നല്ല ആരോഗ്യ ദൃഢഗാത്രനായ സുന്ദരനായ ഒരു ചെറുപ്പക്കാരൻ.
ഹേയ് ദോസത്.. നീ എവിടെ ഡിയർ. ഫ്രഡ്ഢി അവന് അറിയാവുന്ന മുറിമലയാളവും ബാക്കി ഹിന്ദിയും ഇംഗ്ലീഷും ഒക്കെപ്പറഞ്ഞു കൊണ്ട് പരസ്പരം ആലിംഗനം ചെയ്തു.
കൂട്ടിക്കൊണ്ടു വന്നവൻ ഞെട്ടി. അവൻ രാമഭദ്രനോട് ഫ്രഢിയെ കാണാൻ ചെന്നാൽ പാലിക്കേണ്ട കുറേ കാര്യങ്ങളൊക്കെ ഭയത്തോടെ പറഞ്ഞ് കൊടുത്തിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ അവന്റെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിയിരിക്കുന്നു.
ഫ്രഡ്ഢിയും രാമഭദ്രനും കെട്ടിടത്തിന് അകത്തേക്ക് കയറി ചായകഴിച്ചു കൊണ്ടിരിക്കേ അവർ കാര്യങ്ങൾ സംസാരിച്ചു.
ഫ്രഡ്ഢി പലസ്ഥലങ്ങളിലേക്കും ഫോൺ ചെയ്തു. ഒടുവിൽ …. വാ… കെടച്ചാച്ച് എന്നും പറഞ്ഞ് രാമഭദ്രനേയും കൂട്ടി പുറത്തോട്ട് വിട്ടു.
വണ്ടി ചെറിയ ചെറിയ റോഡുകളിലൂടെ നിരവധി വളവും തിരിവും കഴിഞ്ഞ് ഒരു കോളനിയുടെ മുന്നിൽ ചെന്നു നിന്നു. അവിടെ പുറത്ത് മതിലിൻമേൽ ഒരു നാല് പേർ ഇരിക്കുന്നുണ്ടായിരുന്നു. കോളനിക്കകത്തേക്ക് കയറാൻ തുടങ്ങിയ വണ്ടി അവർ തടഞ്ഞു.
അവർ വണ്ടിയുടെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയിൽ പിൻസീറ്റിൽ ഇരുന്ന ഫ്രഡ്ഢിയെക്കണ്ട് ഭയന്നു മാറി. പിന്നിട് അവരുടെ സഹായത്താൽ കോളനിക്കുള്ളിൽ രമ്യയേയും, ജീവനേയും അപകടപ്പെടുത്തിയവർ താമസിക്കുന്ന വീടിന്റെ മുന്നിലെത്തി. ഫ്രഡ്ഢിയുടെ കൂട്ടാളിയും രാമഭദ്രനും വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതും അടി വീണു. കോളനിക്കുള്ളിലുള്ളതും സാമാന്യം മോശമല്ലാത്ത ടീമായതിനാൽ ഫ്രഡ്ഢിക്കും ടീമിനും സാമാന്യം നല്ല രീതിയിൽ തന്നെ പൊരുതേണ്ടി വന്നു.
എന്നാൽ പെട്ടന്ന് കോളനിയിലെ ഗുണ്ടകളിലെ ഒരാൾ ഫ്രഡ്ഢിയെ തിരിച്ചറിഞ്ഞുതും അവർ അടി നിർത്തി ക്ഷമചോദിച്ചു. ഇതിനിടയിൽ രാമഭദ്രൻ വീടിനുള്ളിൽ കടന്നിരുന്നു. കുറച്ച് പാട് പെടേണ്ടി വന്നിട്ടാന്നെങ്കിലും ഒളിച്ചു താമസിച്ചവരെ അവൻ പൂട്ടി. പുറത്ത് ബഹളം ശാന്തമായപ്പോൾ അവൻ അവരേയും കൊണ്ട് പുറത്തു വന്നു. എഴുന്നേറ്റ് നിൽക്കാൻ പ്രയാസപ്പെടുന്ന അവരെ തുക്കി എടുത്ത് വണ്ടിയിലിട്ട് അവർ യാത്ര തിരിച്ചു.
ടൗണിലെത്തി ഫ്രഡ്ഢിയോട് യാത്ര പറയുമ്പോൾ അവൻ രണ്ട് പേരെ കൂടെ അയക്കാമെന്ന് പറഞ്ഞു. എന്നാൽ രാമഭദ്രൻ സമ്മതിച്ചില്ല . അവൻ അവരേയും കൊണ്ട് നേരെ വിഗ്നേശ്വരൻ മുതലാളിയുടെ എസ്റ്റേററിലെ തൊഴിലാളികൾ താമസിക്കുന്നതിനടുത്തുള്ള ഒരു ഒഴിഞ്ഞ റൂമിൽ എത്തി. അവരെ അതിനുള്ളിൽ ഇട്ടു പൂട്ടി. എന്നിട്ട് DYSP ജയേഷിനെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ ആരാണ് വിളിക്കുന്നതെന്ന് മാത്രം പറഞ്ഞില്ല. എന്നിട്ട് ആ പരിസരത്ത് കുറച്ച് ദൂരെ വണ്ടി മറ്റായിട്ട് മാറി നിന്നു.
മണിക്കൂറുകൾക്കുള്ളിൽ സ്ഥലം Sl യും സംഘവും ഒപ്പം DYSP ജയേഷിന്റെ ടീമും എത്തിച്ചേർന്നു. കിട്ടിയ നിർദ്ദേശം അനുസരിച്ച് അവർ കൃത്യമായി വീട് തിരിച്ചറിഞ്ഞ് പ്രതികളെ അറസ്റ്റു ചെയ്തു. അവരെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചില്ലങ്കിൽ അപകടമാണെന്ന് ആ പോലീസ് സംഘം തിരിച്ചറിഞ്ഞു.
നേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമീക ശുശ്രൂഷ നൽകി. മണവാളൻ കുന്നിലേക്ക് കൊണ്ടുപോയി.
ഈ സമയം കൊണ്ട് രാമഭദ്രൻ വിട്ടിൽ ചെന്ന് വസ്ത്രം മാറി ആശുപത്രിയിൽ മകളുടെയും ഭാര്യയുടേയും അടുത്ത് തിരിച്ചെത്തിയിരുന്നു.
അച്ഛനെ കണ്ടതും മകൾക്ക് സന്തോഷമായി. അവൻ അവളുടെ അടുത്തിരുന്ന് മുടിയിൽ തലോടിക്കൊണ്ട്. മകളുടെ നെറ്റിയിൽ ഉമ്മ വച്ചു. ഒരച്ഛനെന്ന നിലയിൽ തന്റെ കർത്തവ്യം അന്തസ്സായി നിറവേറ്റാനായതിലുള്ള അഭിമാനം ആ സ്നേഹ ചുംബനത്തിൽ ഉണ്ടായിരുന്നു.
അവൻ മകൾക്ക് കഞ്ഞി കോരി കൊടുത്തു. കഞ്ഞി കുടിച്ചു കൊണ്ടിരിക്കെ ആ പിഞ്ചു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി..
വരണ്ടുണങ്ങിയ ചുണ്ടിൽ സ്നേഹത്തിന്റെ പനിനീർത്തുള്ളികൾ ചാലിച്ച പാൽകഞ്ഞി കോരിക്കൊടുക്കവേ മകളുടെ കണ്ണിൽ നിന്നൊഴുകുന്ന കണ്ണുനീർ തുള്ളികൾ കണ്ട് ആ പിതാവിന്റെ നെഞ്ചുപിടഞ്ഞു.
മോൾക്ക് വേദനയുണ്ടോ….?
ഉം… സഹിക്കാൻ കഴിയുന്നില്ല അച്ഛാ.. അച്ഛന്റെ കണ്ണു നിറയുമെന്ന് അവൾക്ക് നല്ല നിശ്ചയമുള്ളതിനാൽ ആ പിഞ്ചുമകൾ ശരീരം മുറിയന്ന വേദന ഉള്ളിൽ കടിച്ചമർത്തിയിരിക്കുകയായിരുന്നു.
മോള് കരഞ്ഞാൽ അച്ഛന് സങ്കടാവില്ലേ..?
അച്ഛനെ കെട്ടിപ്പിടിച്ചാൽ വേദന പോവ്വോ അച്ഛാ..?
മോളുടെ കൈകൊണ്ട് ഇനി അതിന് കഴിയില്ല അല്ലേ..?
ശരീരത്തിലെ നാഡീഞരമ്പുകൾ ഉറങ്ങുന്ന മരുന്നിന്റെ തീവ്രത കുറഞ്ഞുവരുമ്പോൾ അസഹനീയമായ വേദനയിൽ പിടയുന്ന രമ്യമോൾ തന്റെ അച്ഛന്റെ നെഞ്ചത്ത് തലചേർത്തുവച്ചൊന്ന് മയങ്ങിയാൽ തന്റെ എല്ലാ അസുഖവും മാറും എന്ന് വിശ്വസിച്ചിരുന്നു.
നോട്ടം കൊണ്ടല്ലാതെ ഒരു വാക്കുകൊണ്ടു പോലും അവൻ ഇന്നുവരെ നോവിച്ചിട്ടില്ലാത്ത തന്റെ പൊന്നോമന മകൾ കൺമുന്നിൽ ഇങ്ങിനെ കിടന്ന് കരയുന്നത് കണ്ട രാമഭദ്രൻ സഹിക്കാൻ കഴിയാതെ ബെഡ്ഢിൽ തല ചേർത്തുവച്ച് കിടന്ന് കരഞ്ഞുപോയി.
ഉടനെ കാർത്തി അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ആ അച്ഛന്റേയും മകളുടേയും സ്നേഹത്തിന്റെ തീവ്രതയിൽ ആശുപത്രിയിലെ ആ വാർഡിൽ ചുറ്റിലും ഉണ്ടായിരുന്നവരുടെയൊക്കെ കണ്ണുകൾ ഈറനണിഞ്ഞു . നിറകണ്ണുകളുമായി അവർ ആ സ്നേഹനിർഭരമായ മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചു.
മകളുടെ ശിരസ്സ് കൈക്കുമ്പിളിൽ കോരിയെടുത്ത് നെറ്റിയിൽ മുഖം ചേർത്ത് വച്ച് രാമഭദ്രൻ മകളെ ഉറക്കി.
തുടരും …..



