Friday, December 5, 2025
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #8) ശ്രീജ മനോജ്‌ അമ്പലപ്പുഴ

രാജകലയുള്ള ഒരു മാന്യദേഹം വീടിന്റെ മുറ്റത്തേക്കു കടന്നു വരുന്നതു കണ്ട ഞാൻ ചാടിയെഴുന്നേറ്റു.
പ്രഭാതഭക്ഷണമായ ഇഡ്ഡലി അകത്താക്കിയ ശേഷം ഉമ്മറത്ത് അൽപനേരം വിശ്രമിക്കാനിരിക്കെ ഉച്ചവട്ടം എന്താവണം എന്ന ഗാഢമായ ചിന്തയിൽ മുഴുകി സ്വയം മറന്നിരിക്കുകയായിരുന്നു ഈ ഉള്ളവൾ.

മുകളിലേക്കു പിരിച്ചു കൂർത്ത മീശത്തുമ്പുകളും, അതു ചൂണ്ടുന്ന അതിലും കൂർത്ത കണ്ണുകളും, ഉയർന്ന നെറ്റിത്തടവും, നാസികയും നോക്കി അമ്പരന്നു അറിയാതെ കൈകൾ കൂപ്പിപ്പോയി. “ആരാണാവോ?” ശബ്ദം താഴ്ത്തി, ഭവ്യതാഭാവത്തിൽ തിരക്കി.

“അതു ശരി. ഓണമായിട്ടും നമ്മെ നിനക്കു മനസ്സിലായില്ലേ പുത്രീ. നീ ഇത്ര പെട്ടെന്ന് പൂർവ്വ ചരിത്രമെല്ലാം മറന്നോ?” മന്ദഹസിച്ചു കൊണ്ടയാൾ ചോദിച്ചു. അങ്കമുറിപ്പാടുകൾ അലങ്കാരങ്ങൾ ചാർത്തുന്ന ആ വിരിഞ്ഞ മാറിടം നോക്കി ഞാൻ അറിയാതെ പറഞ്ഞു പോയി: “മഹാബലി തിരുമനസ്സ്!” പിന്നൊന്നും നോക്കിയില്ല, വെട്ടിയിട്ട വാഴപോലെ മാവേലി തമ്പുരാൻ്റെ കാൽക്കലേക്കു വീണു.

നമസ്കരിച്ച എന്നെ പിടിച്ചെഴുന്നേൽപ്പിച്ചാലിംഗനം ചെയ്തു മാവേലി പറഞ്ഞു: “ഭഗവാൻ വാമനൻ നമ്മുടെ തലയിൽ ചവിട്ടിയോ എന്ന സംശയം നിനക്കുണ്ടെന്ന് നോം അറിഞ്ഞു. അതു തീർത്തിട്ടു പോകാം എന്നു കരുതിയാണ് നേരിട്ട് ഇങ്ങട് എഴുന്നള്ളിയത്.”

കുറെ നാളായി തൻ്റെ പഴമനസ്സിൽ കിടന്ന സംശയനിവൃത്തി മഹാരാജനിൽ നിന്നും നേരിട്ടു ലഭിക്കുമല്ലോ എന്ന സന്തോഷത്തോടെ തൊഴുതു നിന്നു. വാക്കുകൾക്കു കാതോർത്തു.

“കശ്യപഗോത്രത്തിൽ പെട്ട വാമനനും, നോമും സത്യത്തിൽ അർദ്ധ സഹോദരങ്ങളാണ്. പൈതൃകം വഴി നോക്കിയാൽ ബ്രഹ്മജ്ഞാനികളായ ബ്രാഹ്മണന്മാർ. എന്നാലും നമ്മെപ്പോലെയുള്ളവർക്ക് സത്വഗുണത്തേക്കാളേറെ രജോഗുണമാണ് മുന്നിട്ടു നിന്നത്. അതിനാൽ പലപ്പോഴും യുദ്ധങ്ങളിലും, കയ്യേറ്റങ്ങളിലും മറ്റും ഏർപ്പെടാറുണ്ട്. അങ്ങനെ ഒരു യുദ്ധത്തിലാണ് ദേവേന്ദ്രനെ പിടിച്ചു ദേവലോകത്തിനു പുറത്താക്കിയത്.”

മഹാബലി പറയുന്നത് ശ്രദ്ധയോടെ കേട്ടു നിന്ന ഞാൻ ചോദിച്ചു.

“അതെ, യുദ്ധം ആവുമ്പോൾ ഒരാൾ തോല്ക്കും, മറ്റേയാൾ ജയിക്കും. അതിൽ മഹാവിഷ്ണുവിനെന്തു കാര്യം?” പന്തിയിൽ പലപ്പോഴും പക്ഷാഭേദം കാണിക്കുന്ന വിഷ്ണുവിനോട് കലിപ്പു ഉണ്ടെന്നു ഭാവിച്ചു ചോദിച്ചു.

“ദേവേന്ദ്രനെ കീഴടക്കുക എന്നു പറയുന്നത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പോലെ ബാഹ്യമല്ല. ശരീരത്തിനുള്ളിലാണ് ഈ യുദ്ധം. നമ്മുടെ ഇന്ദ്രിയങ്ങളുടെ അധിപനായ മനസ്സാണ് ഈ ദേവേന്ദ്രൻ. ദേവേന്ദ്രനെ, മനസ്സിനെ കീഴ്പ്പെടുത്തിയാൽ സത്വഗുണം മാത്രം ഉണ്ടെങ്കിൽ പരമജ്ഞാനം ലഭിക്കും. ഇല്ലെങ്കിൽ രജതമോഗുണ ബാധയാൽ അഹങ്കാരം, ക്രൂരത മുതലായ ദുഷ്കർമ്മങ്ങളിലേക്കായിരിക്കും യാത്ര. നിർഭാഗ്യവശാൽ രജോഗുണം മൂലം നമുക്ക് ഞാനെന്ന ഭാവം, അല്ലെങ്കിൽ അഹങ്കാരം വർദ്ധിച്ചു.”

“നമ്മുടെയെല്ലാം ജന്മലക്ഷ്യം പരമജ്ഞാനം, മോക്ഷം നേടുക എന്നതല്ലേ? അപ്പോൾ നോം അതിൽ നിന്നും വ്യതിചലിച്ചു, കർമ്മഭാരം മൂലം ജനനമരണചക്രത്തിലേക്കു വഴുതി വീഴുന്നതു കണ്ട് നമ്മുടെ അർദ്ധ സഹോദരൻ ഇടപെട്ടു. നമ്മെ തിരുത്തി. അതിലെന്താ തെറ്റ്?” മഹാബലി ചോദ്യഭാവത്തിൽ നോക്കി.

“പിന്നെ, തലയ്ക്കു ചവിട്ടിയല്ലേ തിരുത്തുന്നേ, അതും പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി.” ചവിട്ടിൻ്റെ കാര്യം ഓർത്തപ്പോൾ എനിക്ക് കോപവും, താപവും ഒരേ സമയം ഉണ്ടായി.

“എൻ്റെ പുത്രീ,” ചിരിച്ചു കൊണ്ടു മഹാബലി തുടർന്നു. “കഥകൾ വായിച്ചല്ല, ചിന്തിച്ചാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ ഈ തലയ്ക്കല്ല വാമനൻ ചവിട്ടിയത്. നമ്മുടെ ഉള്ളിൽ ഉണ്ടായിരുന്ന ഞാനെന്ന ഭാവത്തിൻ്റെ, അഹങ്കാരത്തിൻ്റെ, ഉയർന്നു വന്ന തമോഗുണത്തിൻ്റെ തലയ്ക്കാണ്. അതോടെ നമ്മുടെ സത്വഗുണം വർദ്ധിച്ചു. നോം ദേവേന്ദ്രതുല്യനായി. വാമനൻ നമുക്കു കാവൽക്കാരനുമായി.”

“പിന്നെയീ പാതാളം ഏതാണ്?.

“അതോ,” മഹാബലി ഉറക്കെ ചിരിച്ചു പോയി. “നർമ്മദാ തീരത്തുള്ള രാജ്യം ഉപേക്ഷിച്ചു നോം തെക്കോട്ടു യാത്രയായി. അങ്ങനെ ഇന്നത്തെ കേരളത്തിൽ എത്തി. അന്നിവിടെ നിൻ്റെ പൂർവ്വികർ ആണ് ഭരിച്ചിരുന്നത്. അവരുടെ കൂടെ ഇവിടെ കുറെക്കാലം ജീവിച്ചു. പിന്നീട് നിൻ്റെ പൂർവ്വിക ബന്ധുക്കളേയും കൂട്ടി കടൽ യാത്രയായി. ആ യാത്ര ചെന്നു നിന്നത് തെക്കേ അമേരിക്കയിലെ പെറുവിലാണ്.”

“അതു ശരി. ആ യാത്രയാണോ പാതാളയാത്രയായി കഥയിൽ പറയുന്നത്?” ഇടയിൽ കയറി ചോദിച്ചു.

“അതെ. അങ്ങനെ നോമും, നിൻ്റെ കുടുംബക്കാരും മായന്മാരുടെ രാജ്യത്തിലെത്തി. അവരെന്നെ “വിരകോച്ച” (Viracocha) എന്ന കടൽ കടന്നു വന്ന ദൈവമായി ആരാധിച്ചു. നോം അവരുടെ കൂടെ അവിടെ താമസം ഉറപ്പിച്ചു.”

“എന്നിട്ട്?”

“വർഷങ്ങൾ കഴിഞ്ഞപ്പോൾ നിൻ്റെ പൂർവ്വികർക്കു നമ്മേയും കൂട്ടി കേരളത്തിലേക്കു മടങ്ങണം എന്നു തോന്നി. അവരുടെ കൂടെ നോമും പോന്നു. ഞങ്ങൾ ആഘോഷമായി പത്തു, പതിനഞ്ചു ദിവസങ്ങൾ ഓണം പോലെ ഇവിടെ കഴിഞ്ഞു. അതിനു ശേഷം മയാസുരരാജ്യം വിട്ടുവരാൻ തോന്നാത്തതു കൊണ്ട് നോം മടങ്ങി. പക്ഷേ വർഷത്തിലൊരിക്കൽ എത്തിക്കൊള്ളാം എന്ന വാക്കു കൊടുത്തിട്ടേ നിൻ്റെ പൂർവ്വികർ നമുക്കു യാത്രാനുമതി നൽകിയുള്ളൂ. അതു മാനിച്ചു നോം ഇതാ എത്തിയിരിക്കുന്നു.”
മഹാബലി ചക്രവർത്തി എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

മുൻസിപ്പാലിറ്റി സൈറൺ മുഴങ്ങിയതു കേട്ടു ചിന്താ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു.

ശ്രീജ മനോജ്‌ അമ്പലപ്പുഴ ✍

 

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com