കഴിഞ്ഞവർഷം കുടുംബമായി മലേഷ്യ സന്ദർശിച്ചപ്പോൾ അവിടമാകെ ഞങ്ങളെ കൊണ്ടുനടന്നു കാണിച്ച ഗൈഡ് ശരവണനെ തിരികെ പോരുമ്പോൾ ഞാൻ തൃശ്ശൂർക്ക് ഹാർദ്ദവമായി ക്ഷണിച്ചിരുന്നു. പുലിക്കളി, കുമ്മാട്ടിക്കളിയെ കുറിച്ചൊക്കെ അറിയാവുന്ന തമിഴിൽ പറഞ്ഞുകൊടുത്ത് ശരവണനും അതൊക്കെ നേരിൽ ഒന്ന് കാണണം എന്ന മോഹം തോന്നിയതുകൊണ്ടാകാം ശരവണൻ ഓണത്തിന് എത്തുന്നു എന്ന് അറിയിച്ചപ്പോൾ എൻറെ സന്തോഷം ഇരട്ടിയായി. എൻറെ ഉറ്റ സുഹൃത്തുക്കളെയും കൂട്ടി ഞാൻ ശരവണനെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തുനിന്നു. മലേഷ്യയിൽ ഞാൻ ചെന്ന് ഇറങ്ങിയ ദിവസം തന്നെ ബേർഡ്സ് പാർക്ക് കാണാൻ കൂട്ടിക്കൊണ്ടുപോയത് പോലെ തന്നെ ഞങ്ങൾ മൂന്നംഗ സുഹൃത്തുക്കളും ചേർന്ന് നേരെ ശരവണനെ പൂങ്കുന്നത്തേക്കും കിഴക്കുംപാട്ടുകരയിലേക്കും കൂട്ടിക്കൊണ്ടു പോയി. നാലാം ഓണത്തിൻറെ അന്ന് നടത്താനുള്ള പുലിക്കളി, കുമ്മാട്ടിക്കളിക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന മത്സരാർത്ഥികളെ ഒക്കെ കാണിച്ചുകൊടുത്ത് തിരുവോണം ഉണ്ണാൻ നേരെ വീട്ടിലേക്ക്.
മൂന്നു സുഹൃത്തുക്കളെയും കുടുംബത്തെയും എൻറെ വീട്ടിൽ ഓണമാഘോഷിക്കാൻ ക്ഷണിച്ചിരുന്നു. സ്ത്രീകളൊക്കെ അതിരാവിലെതന്നെ ഓണ സദ്യ ഒരുക്കുന്ന തിരക്കിൽ. അതിൽ ഒരു സുഹൃത്തിൻറെ കൊച്ചുമകൻ അയർലൻഡിൽ നിന്ന് എത്തിയിരിക്കുന്ന സായ്പ്പ് കുഞ്ഞാണ്. പത്തുവയസ്സുകാരൻ എങ്കിലും അവനും കസവുമുണ്ട് ഉടുത്തിട്ടാണ് നടപ്പ്. ഇടക്ക് മുണ്ട് അഴിഞ്ഞു പോകും. അമ്മ മദാമ്മ അവസാനം അതൊരു ബെൽറ്റിൽ ഉറപ്പിച്ചു കൊടുത്തു. സദ്യ ഉണ്ണാൻ എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞിരുന്നപ്പോഴും സായിപ്പുകുഞ്ഞിന് അതും ബുദ്ധിമുട്ട്. ഇന്നത്തെ ദിവസം എല്ലാം വാഴയിലയിൽ നിന്ന് തന്നെ കഴിക്കണം എന്ന് പറഞ്ഞതോടെ അവൻ പെട്ടു. ഇരുന്നും മുട്ടു കുത്തിയും അണ്ഡം കുത്തി കിടന്നും അവൻ ഓരോ സദ്യ വിഭവങ്ങളും അകത്താക്കി. നമ്മുടെ ഇഞ്ചൻപുളി രുചിച്ചപ്പോഴുള്ള മുഖഭാവം അവൻറെ മുത്തച്ഛൻ ഇൻസ്റ്റയിൽ റീൽസ് ഇടാൻ എടുക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാവേലിയുടെ വരവ്. എല്ലാവരും ആദരവോടെ അപ്രതീക്ഷിത അതിഥിയെ സദ്യയുണ്ണാൻ ക്ഷണിച്ചു.
ഒത്ത വണ്ണവും ഉയരവും ആവശ്യത്തിലധികം കുടവയറുമുള്ള സർവാഭരണവിഭൂഷിതനായ മാവേലി ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിൽ നിന്ന് സുഗമമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ സായിപ്പുകുഞ്ഞ് സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു.
അതുകഴിഞ്ഞ് അവൻ ഇങ്ങനെ ഒരു കമൻറ് പറഞ്ഞു. “Wow! Too much calories! Chance for Non alcoholic fatty liver”
കാലറി അളന്നു തൂക്കി കഴിക്കുന്ന സായിപ്പുകുഞ്ഞു മലയാളികളുടെ ഭക്ഷണ ക്രമം കണ്ടു അന്തം വിട്ടു പോയി കാണും. മൂന്നുതരം പായസവും മലപോലെ ചോറും സദ്യ വിഭവങ്ങളും മറ്റും മാവേലിക്ക് വർഷത്തിൽ ഒരു തവണയേ ഉള്ളൂ എന്ന് കുഞ്ഞിന് അറിയില്ലല്ലോ.
നാലാം ഓണത്തിന്റെയന്ന് ശരവണനെയും കൊണ്ട് ഞങ്ങൾ സുഹൃത്ത് സംഘം വൈകുന്നേരം പൂരപ്പറമ്പിലേക്ക് പാഞ്ഞു.എല്ലാ പ്രദേശത്തുനിന്നുള്ള പുലി സംഘങ്ങളും ഒന്നിനുപുറകെ ഒന്നായി കൊട്ടും പാട്ടും മേളവുമായി തുറന്ന് അലങ്കരിച്ച ലോറികളിലും വണ്ടികളുമായി പൂരപ്പറമ്പിൽ എത്തിയിരുന്നു. കൂടെ കുറെ കെട്ടു കാഴ്ചകളും. മണികണ്ഠനാലിന്റെ അവിടുന്ന് തുടങ്ങുന്ന വയറു കുലുക്കിയുള്ള പുലികളി പൂരപറമ്പ് ഒരു റൗണ്ട് ചുറ്റുന്നതോടെ തീർന്നു. പീടികക്കാരുടെ പരസ്യ പുലികളും മത്സരാർത്ഥികളും എല്ലാവരുംകൂടി കലാശക്കൊട്ട് ഗംഭീരമാക്കി.
ശരവണൻ എല്ലാവരെയും കെട്ടിപ്പിടിച്ച് “റമ്പ നൻട്രി അയ്യാ, ഞാൻ ഒരു കാലവും ഇന്ത കാഴ്ചയും നീങ്കളെയും എല്ലാം മറക്കമാട്ടേ” എന്നും പറഞ്ഞു ബന്ധുക്കളെ കാണാൻ ചെന്നൈയിലേക്ക് യാത്രയായി.




നന്നായിട്ടുണ്ട്