വീട്ടുമുറ്റത്തെത്തിയതും പുറത്തതാ ഒരു മെതിയടിയും പട്ടക്കുടയും . വാഹനമോ അകമ്പടിക്കാരെയോ ഒന്നും കാണാനുമില്ല.
അകത്തേക്ക് കയറിയതും ഞെട്ടിപ്പോയി. പൂമുഖത്ത് സെറ്റിയിലിരിക്കുന്നു സാക്ഷാൽ മാവേലി.
“എത്ര നേരമായെടോ കാത്തിരിക്കുന്നു. ഇപ്പൊ വരും എന്ന് നിൻ്റെ വീട്ടുകാരുടെ സമാധാനിപ്പിക്കല്. വിളിച്ചാലോ കിട്ടുന്നുമില്ല ഏതാ നിൻ്റെ കണക്ഷൻ?”
“വിളിച്ചിട്ടു കിട്ടാതായപ്പോൾ തന്നെ മനസ്സിലായില്ലേ ഏതാ കണക്ഷനെന്ന് എന്നെ കൊണ്ടു തന്നെ പറയിപ്പിക്കണം അല്ലേ?”
ഉറക്കെയുള്ള ചിരിയോടെയായിരുന്നു മറുപടി.
” മനസ്സിലായി പറയിപ്പിക്കാൻ അവരുതന്നെ ധാരാളം .അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട് ”
” അങ്ങ് ഇന്നലെ കാലത്ത് പത്ത്മണിക്കെത്തും എന്നാണല്ലോ അറിയിച്ചിരുന്നത്. കാണാതിരുന്നപ്പൊ ഞാൻ കരുതി ഇക്കുറിയുമുണ്ടാവില്ലാന്ന് .അതാ ഞാൻ പുറത്തേക്ക് പോയത് ”
” ഞാൻ മനപ്പൂർവ്വം വൈകിച്ചതല്ലെടോ.
യഥാർത്ഥത്തിൽ എനിക്കവിടുന്ന്
ചാർട്ട്ചെയ്തുതന്ന സമയമാണ് ഇന്നലെ കാലത്ത് പത്ത്മണി.ഈ റോഡും കുഴിയും ഒടുക്കത്തെബ്ലോക്കും നിറയെമേളകളും ഘോഷയാത്രകളും എനിക്ക് സമയത്തെത്താൻ പറ്റണ്ടേ? പിന്നെ ഇവിടെ വന്നിറങ്ങിയാൽ വാഹനം ഉപയോഗിക്കാറില്ല. നടക്കുകയാ പതിവ് .അതു കൊണ്ടാ ഈ സമയത്തെങ്കിലും എത്താൻ പറ്റുന്നത്. അതും ഇരുട്ടായാൽ ഇപ്പോൾ ഇറങ്ങാറില്ല. സാഹചര്യവും അവസ്ഥയും ശരിയല്ല ”
“സത്യം. എവിടേയും ബോധമുള്ളവര് കാണില്ല . പിന്നെ നിറയെ പട്ടി ശല്യവും”
” ബോധമില്ലാത്തവരെ കൊണ്ടു പ്രശ്നമില്ല. അവരെ എന്ത് പേടിക്കാൻ .പട്ടികളെയും സഹിക്കാം. പ്രീ പ്ലാൻഡ് ആക്രമണമൊന്നും ഉണ്ടാകില്ലല്ലോ .”
കയ്യിലുള്ള സഞ്ചി തുറന്ന് കുറേ അട്ടിക്കല്ലുകൾ കാണിച്ചു തന്ന് അദ്ദേഹം തുടർന്നു.
” ഞാൻ എപ്പോഴും കരുതി തന്നെയാ നടക്കാറ്.
രാത്രിയായാലും പകലായാലും ബോധ മുള്ളവരെയാ പേടി. ദേഹത്ത് കിടക്കുന്നത് ഒക്കെ റോൾഡ് ഗോൾഡാ.
ഒറിജിനലെല്ലാം പാതാളത്ത്
ബാങ്ക്ലോക്കറിലാണ്
.പക്ഷേ കാണുന്നവനതറിയില്ലല്ലോ. വല്ലതും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ടെന്ത്? അല്ല നീയെവിടെ പോയിരുന്നു വീട്ടിലൊന്നും പറയാതെ ”
” എവിടേക്ക് എന്നങ്ങനെ തീരുമാനിച്ചിറങ്ങിയതല്ല. ഈ സമയം എല്ലായിടത്തും എന്തെങ്കിലും ഓഫറ് കാണും.അത് നോക്കാൻ ”
” ഭയങ്കരം. ഇതാണ് പൊതു സ്വഭാവം .ഓഫറിനു കിട്ടിയാൽ എന്തുമാവാം. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. നാണമുണ്ടോ നിങ്ങൾക്കൊക്കെ? ഇനി എത്കാലത്താ ഇത്തരം തട്ടിപ്പുകളൊക്കെ മനസ്സിലാവുന്നത് ?കഷ്ടം.”
ഇനി അതു പറഞ്ഞു തുടങ്ങിയാൽ നിർത്തില്ല എന്നറിയുന്ന ഞാൻ മനപ്പൂർവ്വം വിഷയം മാറ്റാൻ ശ്രമിച്ചു.
“എന്നാൽ എന്തെങ്കിലും കഴിക്കാനെടുക്കട്ടെ”
“ഒരു ഗ്ലാസ് ചുക്കു വെള്ളം മതി. സദ്യയും പായസമൊന്നും വേണ്ട. കഴിഞ്ഞയാഴ്ച ചെക്ക് ചെയ്തപ്പോഴും ഷുഗറ് മുന്നൂറ്റിയെഴുപതാ. ഈ തടിയും വയറുമൊക്കെ കുറെയെങ്കിലും നിലനിർത്തിയില്ലെങ്കിലേ നില നിൽപ്പില്ല ”
“വരമെന്തെങ്കിലും ഉണ്ടാകുമോ എനിക്ക്
തരാൻ ”
“അത് ശരി നിനക്കും വരമാണ് വേണ്ടതല്ലേ? .അല്ല ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല എല്ലാവർക്കും എന്തെങ്കിലും കിട്ടണം. ഓഫറ്, വരം അല്ലെങ്കിൽ ഫ്രീയായിട്ടെന്തെങ്കിലും .കൊള്ളാം
മലയാളിശീലം. എനിക്കിതൊക്കെ നന്നായി മനസ്സിലാകും പണ്ട് ചവിട്ടിതാഴ്ത്താൻ വന്നപ്പോഴും എനിക്കാളെ മനസ്സിലാവാഞ്ഞിട്ടല്ല. അതിന് നിന്നു കൊടുത്തതാ സോറി ഇരുന്നു കൊടുത്തതാ”
“അയ്യോ ഞാൻ അതൊന്നും … ”
” സാരമില്ല ഇക്കുറി പറ്റുമെങ്കിൽ നീയെനിക്ക് ഒരു ചെറിയ വരം കൊണ്ടാ?”
“അയ്യോ അങ്ങേക്ക് ഞാനെന്തു വരം തരാനാണ്. എങ്കിലും പറയൂ ഞാനെന്താണ് ചെയ്യേണ്ടത്?”
“നീ ഒന്നും ചെയ്യണ്ട.ചെയ്യാതിരുന്നാൽ മതി .അതായത് ഓണക്കവിതകൾ എഴുതരുത് .പ്രത്യേകിച്ച് എൻ്റെ പേരും ഉൾപ്പെടുത്തി കൊണ്ട്. പ്ലീസ്.പണ്ട് തലയ്ക്ക് ചവിട്ടു കൊണ്ടപ്പോൾ പോലും ഇത്ര വേദനിച്ചിട്ടില്ല ……”
സുരേഷ് തെക്കീട്ടിൽ✍




ആശംസകൾ
ആഹാ😍 കുറെ നല്ല സന്ദേശങ്ങൾ ഉൾക്കൊണ്ട നർമ്മം കലർന്ന രചന ഇരുത്തം വന്ന തുലികയിൽ നിന്ന് രൂപം കൊണ്ടിരിക്കുന്നു🤝✍️ അഭിനന്ദനങ്ങൾ സാർ💐 വിജയാശംസകൾ🌹🙏❤️
ആശംസകൾ