മാവേലിത്തമ്പ്രാനേ,
ഈ “തമ്പ്രാൻ”വിളിതന്നെ ഇപ്പോൾ കയ്ക്കുന്നു. ആനയും അമ്പാരിയും ആയിരംപറയ്ക്കു കൃഷിയുമായി ഞെളിഞ്ഞു നടന്നിരുന്ന തമ്പ്രാക്കൾക്കെല്ലാം മുണ്ടും മുറുക്കിയുടുത്തു നടക്കേണ്ട ഗതിയാണിപ്പോൾ. “കൃഷിഭൂമി കൃഷിക്കാർക്ക് ” എന്ന നിയമം വന്നപ്പോൾ നിലമെല്ലാം കുടിയാന്മാരുടെ കൈയിലായി. പാട്ടവും കിട്ടാതായി. ആകെയറിയാവുന്നതു അമ്പലത്തിലെ ശാന്തിപ്പണി. ക്ഷേത്രം നശിച്ചു നാറാണക്കല്ലു കുത്തിയപ്പോൾ ശാന്തിയും മുടങ്ങി. രണ്ടുനേരം ഒരു തിരിവെട്ടംപോലും കാണാതെ തേവര് ഉറക്കമായി. അവിടന്ന് കിട്ടിയിരുന്ന നിവേദ്യച്ചോറിലാണ് നാലു വയറു കഴിഞ്ഞിരുന്നത്. അതും ഇല്ല്യാണ്ടായി. പഞ്ചായത്തിൽ കർഷകപ്പെൻഷനു അപേക്ഷിക്കാൻ കർഷകനല്ലാത്ത ശാന്തിക്ക് അയോഗ്യത. അറുപതു തികയാതെ വാർദ്ധക്യപെൻഷനും തരാവില്ല്യ. ഇനി ഈയുള്ളവന്റെ കാലം കഴിഞ്ഞാൽ ആത്തേമ്മാര്ക്ക് “വിധവാ പെൻഷനു”യോഗ്യത ണ്ടാവ്വോ ആവോ? ആർക്കറിയാം? പെൻഷൻ കൊടുക്കണോ വേണ്ടയോഎന്നൊക്കെതീരുമാനിക്കണതും യോഗ്യതേം അയോഗ്യതേം നിശ്ചയിക്കണതും ഒക്കെ ഇപ്പൊ രാഷ്ട്രീയക്കാരല്ലേ?
പ്രഭോ.. അങ്ങയുടെ സുതലത്തിൽ മനുഷ്യരുണ്ടോ?ജാതിയും മതവും രാഷ്ട്രീയസാമുദായിക വിവേചനങ്ങളും ഒന്നുമില്ലാത്ത മനുഷ്യർ എന്നതു സങ്കൽപ്പിക്കാൻ പോലും ഈയുള്ളവനാകുന്നില്ല. കാരണം ഞാൻ അറിഞ്ഞിടത്തോളം, മനുഷ്യനോളം സ്വാർത്ഥതയും ഇരട്ടത്താപ്പും ഉള്ള മറ്റൊരു ജീവിയും ഈ ഭൂമുഖത്തില്ല.
എല്ലാവർഷവും നാടുകാണാൻ വരുന്നുണ്ടല്ലോ. അങ്ങയുടെ കാലത്തെ ജനങ്ങളിൽനിന്നും ഇക്കാലത്തുള്ള മനുഷ്യർക്ക് വന്ന മാറ്റം ശ്രദ്ധിക്കാതിരിക്കാൻ മാത്രം വിഡ്ഢിയല്ലല്ലോ അങ്ങ്? ഈ നാട്ടിലെ റോഡുകൾ കണ്ടോ പ്രഭോ? ജീവൻ തകർക്കുന്ന നടുവൊടിക്കുന്ന ഈ പാതകളിലൂടെ കൊല്ലത്തിലൊരിയ്ക്കൽ യാത്ര ചെയ്യുന്ന അങ്ങേയ്ക്ക് എത്ര പ്രയാസമനുഭവപ്പെട്ടു? അപ്പോൾ ഇതിലൂടെ സ്ഥിരം സഞ്ചരിക്കേണ്ടി വരുന്ന ഞങ്ങളുടെ കാര്യമോ? മഴയൊന്നു ഊന്നിപ്പെയ്താൽമതി, ഇവിടെ പ്രളയമാകാൻ!അധികാരി വർഗ്ഗങ്ങൾക്ക് വോട്ടുബാങ്കിൽ മാത്രമാണ് ശ്രദ്ധ, ജനഹിതത്തിൽ അല്ല! അല്ല, ഞാനെന്തിന് ഇതെല്ലാം പറയുന്നു?അങ്ങേയ്ക്ക് എല്ലാം അറിയുന്നതാണല്ലോ! അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നതോ? ഉറങ്ങുന്നവനെ ഉണർത്താം പ്രഭോ. എന്നാൽ ഉറക്കം നടിക്കുന്നവനെയോ? അങ്ങും ആ ഗണത്തിൽ പെടുമോ? ഇല്ലെങ്കിൽ ഇപ്പറയുന്നതു ഒന്ന് ചെവിക്കൊള്ളുമോ?
ഞങ്ങൾക്ക് മോചനം വേണം.
അതിനി സുതലത്തിലേക്കായാലും സ്വർഗ്ഗത്തിലേക്കായാലും നരകത്തിലേക്കായാലും! ഏതു നരകവും ഇതിലും ഭേദമാവും എന്നു തോന്നുന്നു, ഓരോന്നു കാണുമ്പോൾ, വാർത്തകൾ കേൾക്കുമ്പോൾ!!മോചനം കൂടിയേതീരൂ, ഈ ഭൂമിയിൽനിന്ന്!!
അമ്മയെയും ,പെങ്ങളെയും ,പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തിരിച്ചറിയാത്ത നരാധമന്മാരിൽ നിന്ന്…
കള്ളും കഞ്ചാവും ബോധമണ്ഡലം കീഴടക്കുന്ന പൈശാചികതയിൽ നിന്ന്….
ഗുരുവിനെതല്ലുന്ന ശിഷ്യനും ശിഷ്യനെ ചതിക്കുന്ന ഗുരുവും വിളയാടുന്ന മണ്ണിൽനിന്ന്…
സ്വന്തം കീശ വീർപ്പിക്കാൻ തത്വദീക്ഷയില്ലാതെ രാപ്പകൽ മണ്ടുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടയിൽനിന്ന്…
കാശിന്റെ കിലുക്കത്തിൽ പ്രലോഭിതരായി പെറ്റ മക്കളെപ്പോലും പീഡിപ്പിക്കാനും കൂട്ടിക്കൊടുക്കാനും നിൽക്കുന്ന അമ്മമാരുടെ അഭിശപ്‌തഭൂമിയിൽനിന്ന്….
മോചിപ്പിക്കാനാവുമോ അങ്ങേക്ക്???
ഇല്ലെങ്കിൽ…..
രാജകീയപ്രൗഢിയോടെയുള്ള ഈ നാടുകാഴ്ചയുടെ പ്രസക്തി എന്താണ് പ്രഭോ? ഇനിയൊരു ഓണത്തിനു ഞങ്ങൾ അങ്ങയുടെ ഈ മണ്ണിൽ വേണമെങ്കിൽ, “കേരളം,
ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണം അന്വർത്ഥമാക്കാൻ വേണ്ടത് അടിയന്തരമായി ചെയ്യണം പ്രഭോ!




👏👏👏
Thank you dear 🥰
👍
നന്ദി Rita