Saturday, February 14, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #24) ✍ സഹീറ എം.

“അമ്മാ വാതിൽ തുറക്കൂ…” ഒപ്പം കോളിംഗ് ബെല്ലിൻ്റെ ശബ്ദവും കേട്ട് അകത്തുനിന്ന് മറിയുമ്മയും അലിക്കുട്ടി ഹാജിയും അന്തംവിട്ട് ഇറങ്ങി വന്നു.
“ഗേറ്റ്അടച്ചിരുന്നതാണല്ലോ. ഇതാരപ്പാ മലർക്കെ തുറന്നിട്ടത്?”
റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റ് !
അത്രയും ആയപ്പോഴാണ് പുറത്തുനിന്ന് ആളിനെ അവർ കണ്ടത് ?
“ൻ്റെ പടച്ചോനേ ! മറിയുമ്മാ , ജ്ജ് ഇതാരാന്ന് നോക്കിക്കേ, നമ്മടെ കണ്ണുമ്മുമ്പിൽ ഈ കാണുന്നത് സത്യാണോ? എടിയേ , നീയെന്നെയൊന്ന് നുള്ളിക്കാളാ..!”

” ന്നിട്ട് വേണം നിക്ക് നരകത്തിലോട്ട് പൂവാൻ…!ങ്ങളൊന്ന് മുണ്ടാണ്ടിരി മൻഷ്യാ! ആ പാവം ഒന്നകത്ത് കേറട്ടേ! എന്നാലും ന്റെ മാവേലിയെ, ങ്ങളെന്താ ഒരു മുന്നറിയിപ്പില്ലാതെ? ”
മറിയുമ്മയും ആലിക്കുട്ടി ഹാജിയും സന്തോഷത്താൽ വെപ്രാളപ്പെട്ട് എന്തൊക്കെയോ ചോദിച്ചു…

” ങ്ങക്ക് ന്താപ്പോ കുടിക്കാൻ മാവേലിയേ? ഒരു സുലൈമാനിയായാലോ? മധുരമിടാൻ ഇവിടെ മ്മൾക്കു രണ്ടാൾക്കും ഷുഗറാ…”
മടിച്ചുമടിച്ച് മറിയുമ്മ പറഞ്ഞു…
“അല്പം ഓട്സായാലോ?” അലിക്കുട്ടി ഹാജി മുരടനക്കി…

“ഹ്ഹാ..ഹാ…”
മാവേലി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു…
തിരുവോണവുമായിട്ട് നമ്മുടെ വരവ് തീരെ പ്രതീക്ഷിച്ചില്ലല്ലേ ? ”
നിങ്ങൾക്കൊന്നും വെപ്പും കുടിയുമില്ലേ? പാവം നമ്മുടെ പ്രജകൾ !”

മറിയുമ്മയാണ് മറുപടി പറഞ്ഞത്, ” പൊന്നു തമ്പുരാനെ ങ്ങളെന്തറിഞ്ഞിട്ടാ… മ്മടെ കേരളത്തിൽ ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും ഷുഗറും പ്രഷറും കൊളസ്ട്രോളും ഒക്കെയാണന്നേ. ” തുടർച്ച പോലെ ഹസ്സൻകുട്ടി ഹാജി പറഞ്ഞു, ” എല്ലാ സൗകര്യങ്ങളും ഉണ്ട് .എല്ലാം സുലഭമാണ്. എന്നാലും ഇവിടെ ആരും പാചകം ചെയ്യാറില്ല .മ്മടെ സ്വിഗ്ഗി സൊമാറ്റോ പിള്ളാരില്ലേ? അവരാ ഇവിടെയെല്ലാം എത്തിക്കുന്നത് . വിരൽത്തുമ്പിൽ ഒരു തോണ്ടലോ ഞെക്കോ മതി. വേഗം ഇങ്ങെത്തത്തില്ലേ?”
അത് പറഞ്ഞയാൾ ചിരിച്ചു.

ബാക്കി മറിയുമ്മയാണ് പൂരിപ്പിച്ചത്, “അതേ, ഇങ്ങക്കെന്താ വേണ്ടത്? വാഴയിലയിൽ നാടൻ സദ്യയാണോ ?”

“അല്ല ഇങ്ങടെ മെതിയടിമാറി നല്ല കിണ്ണൻ സ്വർണ്ണത്തിളക്ക ഷൂസായല്ലോ? മൊത്തം സ്വർണ്ണമയം! കിരീടത്തിൽ നിറയെരത്നങ്ങൾ ഉണ്ടല്ലോ? പാതാളം ഇത്രയും റിച്ചാ ?”

“ങ്ങളെ വല്ലവരും കൊള്ളയടിക്കും സ്വർണത്തിന് ഒക്കെ പൊന്നും വിലയാ ! മാവേലി ആണെന്നൊന്നും കള്ളന്മാർ നോക്കാറില്ല.” മറിയുമ്മ മുന്നറിയിപ്പ് കൊടുത്തു.

മാവേലി ഒന്ന് ഇളകിയിരുന്നു,എന്നിട്ട് പറഞ്ഞു “തിരുവോണത്തിന് നാം വരുന്നത് പ്രമാണിച്ച് കടകളായ കടകളെല്ലാം നമ്മെ വെച്ചല്ലേ പരസ്യം ചെയ്തിരിക്കുന്നത് പരസ്യത്തിന്റെ റോയൽറ്റിയാണിത് .ഇങ്ങോട്ട് പുറപ്പെടുമ്പോൾ നമ്മുടെ പട്ടമഹിഷി വിന്ധ്യാവലി പ്രത്യേകം ഉപദേശിച്ചാണ് വിട്ടത്. ഇനി മുതൽ കണക്ക് പറഞ്ഞു വാങ്ങിയേ വരാവൂന്ന് .”

“ൻ്റെ റബ്ബേ! അപ്പോൾ മ്മടെ ഖജാനയും കൊണ്ടേ ഇങ്ങള് പോവൂ…”

“ഓ !ഖജാനയല്ല മറിയൂ… ഖജനാവ് !” ഹസൻകുട്ടി ഹാജി തിരുത്തി.

“അല്ല ഇവിടെ പൂക്കളവും കുട്ട്യാേളും
ഒന്നുമില്ലേ? ങ്ങൾ തനിച്ചാണോ?”
ചോദ്യം കേട്ടതും രണ്ടുപേരുടെയും മുഖം മങ്ങി പരസ്പരം നോക്കി.

ഹസ്സൻ ഹാജിപറഞ്ഞുതുടങ്ങി,” ൻറെ മാവേലി തമ്പുരാനെ, തമ്പുരാൻറെ പേരിൽ കുറേ സ്റ്റോറുകളും വില്പനശാലകളും കേരളത്തിൽ ഉണ്ട്. എന്നാൽ എല്ലായിടത്തും മറുനാടൻ തൊഴിലാളികളാണ്. ഇവിടെയുള്ള കുഞ്ഞുങ്ങൾ പഠിക്കാനായി വിദേശത്ത് പോകുന്നു .ഇവിടെ പഠിച്ചാലും അവർക്കിവിടെ തൊഴിലില്ല. ലോണും കടവുമായി പോകുന്ന കുട്ടികൾ പിന്നെ തിരിച്ചു വരുന്നില്ല. ഇത് നമ്മുടെ മോൻ മനാഫ് വച്ചതാ.. ഓനും കുടുംബവും കുട്ടികളും അങ്ങ് ആസ്ത്രേലിയായിലാണന്നേ . ഇവിടത്തെ മിക്ക വീടുകളും അങ്ങനെ തന്നെയാ.വയസ്സായ ഒന്നോ രണ്ടോ ആളുകൾ കാണും! വലിയ മതിലും പൂട്ടും ഒക്കെയായി ജയിലിനകത്തായ പോലെ . അങ്ങയുടെ ഭരണം ഇനി വരുമോ? നമ്മടെ കുട്ട്യോൾക്ക് ഇവിടെത്തന്നൊരു ജോലി? അങ്ങ് വിചാരിച്ചാൽ നടക്കും!”

“പിന്നെ പൂക്കളം,” എന്നിട്ട് മാവേലിയുടെ മുഖത്തേക്ക് ചാഞ്ഞു അടക്കത്തിൽ പറഞ്ഞു , “ഒക്കെ വിഷം തളിച്ചാ വരുന്നത് പൂക്കളത്തിന്റെ അടുത്തൊന്നും പോയേക്കരുത്. ങ്ങളെ എനിക്ക് ബോധിച്ചു മാവേലിയേ… ദേ, ഈ ഊഞ്ഞാലിൽ ഒന്നാടിക്കോളീൻ..ആട്ടുകട്ടിൽ ചൂണ്ടി മറിയുമ്മ പറഞ്ഞു. മ്മള് പണ്ടേ പഠിച്ച പാട്ട് ” മാവേലി നാടു വാണീടും…” മറിയുമ്മ നീട്ടിപ്പാടിത്തുടങ്ങി..
മാവേലി യാത്ര പറഞ്ഞുമിറങ്ങി…
” സൂക്ഷിച്ച് പോണേ മാവേലി… വണ്ടിവാഹനാളെല്ലാം നൂറേലാ.. പിള്ളാരാണേൽ കണ്ണും കാണൂല…” മറിയുമ്മ ഉറക്കേ പിൻവിളിയായി…

സഹീറ എം.✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com