ഞാനൊരു സ്ഥാപനം തുടങ്ങുന്നു. നൊമ്പര മധുരം ഫാക്ടറി.
സങ്കടം മർത്യർക്കു
ശർമ്മമായി മാറ്റീടാം
സങ്കല്പ ലോകമല്ലീ യുലകം
എന്നല്ലേ കവിവാക്യം.
സത്യഗ്രഹമോ, പിക്കറ്റിങ്ങോ, പണിമുടക്കോ,
നിയമലംഘനമോ,
നികുതി നിഷേധമോ , നിരാഹാരവ്രതമോ,
പ്രക്ഷോഭണമോ, ഘോഷയാത്രയോ, മുദ്രാവാക്യ വിളികളോ, എന്തിനു ഘെരാവോയെ വരെ പേടിക്കേണ്ട കാര്യമില്ല.
പ്രകൃതി ഇന്നു കാണുന്ന ആധുനിക മനുഷ്യന് സാധാരണ നിലയിൽ നിശ്ചയിച്ചിരിക്കുന്ന ആയുസ്സ് 120 വർഷങ്ങളാണ്. എനിക്കാണെങ്കിൽ 90 കഴിഞ്ഞതേയുള്ളൂ. പെട്ടെന്ന് വെടി തീരാനുള്ള ‘ കയ്യിലിരിപ്പുമില്ല’, ഉറ്റവരുടെ ആയുസ്സിൻ്റെ ബലം നോക്കുമ്പോൾ ഇനി കുറച്ചു ദിവസം കൂടി ഈ മനോഹരമായ ഭൂമിയിൽ തങ്ങാനുള്ള വകുപ്പുകൾ കാണുന്നുണ്ട്. മനസ്സിനു തന്നെ ചെറുപ്പം തോന്നുന്നു. ‘ ആരെടാ എന്നു ചോദിച്ചാൽ എന്തെടാ’ എന്നു മറു ചോദ്യം ചോദിക്കാൻ ഉള്ള സംസ്കാരം ഇല്ല. എങ്കിലും ഞാനെടാ എന്നു മറുപടി പറയാനുള്ള തൻ്റേടമുണ്ടെന്ന് ഒരു തോന്നലുണ്ട്. അതൊക്കെയാണ് ഒരു ഫാക്ടറി തുടങ്ങാനുള്ള എൻ്റെ പ്രധാന ‘മൂലധനം’!
ഈ ഫാക്ടറിയുടെ ഉദ്ഘാടനം ഇത്തവണ ഓണം കാണാനും പ്രജകളുടെ മനസ്സിൽ പൂത്തിരി കത്തിക്കാനുള്ള ചങ്കൂറ്റത്തോടെ വരുന്ന മഹാബലിയെക്കൊണ്ടു നടത്തിക്കണം എന്നാണ് ആഗ്രഹം.
ഹൈന്ദവ വിശ്വാസമനുസരിച്ച് പതിന്നാലു ലോകങ്ങളാണു പ്രപഞ്ചത്തിലുള്ളത്. ഭൂലോകത്തിനു മുകളിൽ ആറെണ്ണം പിന്നീട് ഭൂലോകം.താഴെ ഏഴെണ്ണം. മൊത്തം പതിന്നാലു നിലകളുള്ള ഒരു പാർപ്പിട സമുച്ചയം പോലെ. ഏഴാം നിലയിൽ നിൽക്കുന്ന മാനുഷരെല്ലാം ഒന്നു പോലെ.
കള്ളമോ ചതിയോ ഇല്ല. പൊളിവചനം എളേളാളം പോലും ഇല്ല.
അസുരനായ മാവേലിയുടെ ഭരണം കണ്ട് ദേവന്മാർക്കു സന്തോഷമല്ല അസൂയയും സന്താപവുമാണ് ഉണ്ടായത്. അവർ പ്രപഞ്ചസംരക്ഷകനായ മഹാവിഷ്ണുവിനെ വന്നു കണ്ടു. ഇയാളെ ഇവിടെ നിന്നോടിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. സൂത്രശാലിയായും എല്ലാവരേയും പ്രീതിപ്പെടുത്തുന്നതിൽ തല്പരനുമായ അദ്ദേഹം ‘പാർക്കലാം’ എന്നു പറഞ്ഞ് അവരെ മടക്കി അയച്ചു.
മറ്റു ദേവന്മാരുടെ ആഗ്രഹം നിറവേറ്റാൻ വിഷ്ണുവെന്ന പരിപാലകൻ വാമന രൂപം
പൂണ്ട് ഭൂലോകത്തു നിന്നു മഹാബലിയെ ചവിട്ടി സുതലം എന്ന ലോകത്തെത്തിച്ചു. അവിടത്തെ ചക്രവർത്തിയാക്കി. ഭൂതലലോകത്തുണ്ടായ നൊമ്പരത്തെ സുതലം എന്ന ലോകത്തെ മധുരമാക്കിയ മഹാബലിയെന്ന മാവേലി വീട്ടിലെത്തിയാൽ ഈ ഫാക്ടറിയുടെ ഉദ്ഘാടന കർമ്മം അദ്ദേഹത്തെ കൊണ്ട് നടപ്പിലാക്കും ഉറപ്പ്.
സൂര്യഭഗവാൻ പതിവുപ്പോലെ അസ്തമയവും ഉദയവും നടത്തിയും ഭൂമിദേവി കറങ്ങിയും എന്തിനു പറയുന്നു മഹാബലി വരുന്ന ദിവസം ഇങ്ങെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ അതിനായിട്ട് തയ്യാറായതുപോലെ എൻ്റെ ഫാക്ടറിയുടെ ഉദ്ഘാടത്തിനായി ലോകമെമ്പാടുമുള്ള എൻ്റെ മക്കളും മരുമക്കളും അവരുടെ കുട്ടികളും ഭർത്താക്കന്മാരും അവരുടെ കുട്ടികളും ഉഷാറിലായി . അവരുടെയെല്ലാം ‘ അപ്പച്ചനായ’ ഞാൻ രാവിലെ തന്നെ റെഡിയായി. എൻ്റെ മകനും കുടുംബവും ഉദ്ഘാടനം എല്ലാവരേയും കാണിക്കാനായിട്ട് കംപ്യൂട്ടറുമായി വീട്ടിലെത്തി. പറഞ്ഞ സമയത്ത് തന്നെ ഓരോരുത്തരായി ‘ ഗൂഗിൾ മീറ്റിനെത്തി. ചിലർ ഒരുറക്കം കഴിഞ്ഞ് അലാറം വെച്ച് എണീറ്റ് കാണാൻ വന്നവരാണ്. മറ്റു ചിലർ ഉച്ചയൂണ് തയ്യാറാക്കുന്നതിനിടയിൽ വന്നവർ. ഇനിയും ചിലർ ഇന്ത്യൻ സമയത്തിനും പുറകിലോട്ട് ആയവർ ആണ്.
എല്ലാവരും അവരവരുടെ ഓണം വേഷവും അറിയാവുന്ന ഓണപ്പാട്ടുകളൊക്കെ പാടി കൊണ്ടിരിക്കെ, നമ്മുടെ മാവേലി എത്തി. ‘ ഞാൻ പോട്ടെ ….. സമയം പോയി’, മാവേലി ധൃതിയിലാണ്. കുട്ടികളാണെങ്കിൽ അവർ പഠിക്കുന്ന ഗിറ്റാറും ഡ്രസ്സും ഒക്കെ ’ പ്ലേ’ ചെയ്തു കൊണ്ടാണ് വെൽക്കം ചെയ്തത്. ആ പുതുമ അദ്ദേഹത്തിന് ഇഷ്ടമായെന്ന് തോന്നുന്നു. കുറച്ചു നേരം അത് ശ്രദ്ധിച്ചു. എന്നെ മാറ്റി നിറുത്തി കൊണ്ട് അദ്ദേഹം ചോദിച്ചു ‘ഈ മധുരനൊമ്പര ഫാക്ടറി, മുന്നോട്ട് പ്രവൃത്തിച്ചു കൊണ്ടു പോകാൻ പറ്റുമോ, അപ്പച്ചാ?’
‘ അതിനെന്താ സംശയം?’ എന്നു ഞാൻ.
‘ എന്നാൽ അടുത്ത വർഷം ഞാൻ ഇതു വഴി വരുമ്പോൾ കാണാം’ എന്നു പറഞ്ഞു പിരിഞ്ഞു.
കൂട്ടത്തിൽ ഗൂഗിൾ മീറ്റിൽ ഓൺലൈനിൽ ഉള്ള എല്ലാവർക്കും ഓണാശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഈ അപ്പച്ചൻ്റേയും ഓണാശംസകൾ കൂട്ടത്തിൽ ഈ ഫാക്ടറിയെ നിങ്ങൾ എല്ലാവരും കൂടി വിജയിപ്പിക്കില്ലേ?




ഓണാശംസകൾ