Friday, December 5, 2025
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #14) ✍ ദീപ ആർ. അടൂർ

വെളുപ്പിനെ എണീറ്റ് അടുക്കളയിൽ കയറിയതാണ്. തിരുവോണമല്ലേ. സദ്യ ഒരുക്കണം. അരി അടുപ്പത്ത് തിളയ്ക്കുന്നുണ്ട്. അവിയൽ, സാമ്പാർ, പുളിശ്ശേരി, തോരൻ ഉപ്പേരി ഒക്കെ തയ്യാറായി. ഇന്നലെത്തന്നെ അച്ചാറും, ഇഞ്ചിക്കറിയും ഉണ്ടാക്കി വെച്ചതുകൊണ്ട് അത്രേം ആശ്വാസം. പരിപ്പും പച്ചടിയും ആകാറായി. പപ്പടം കാച്ചണം. പായസം കൂടി വെച്ചാൽ പിന്നെ വിളക്കിന്റെ മുൻപിൽ നേദിച്ചിട്ട് കഴിച്ചാൽ മതി.

സാധാരണ ചെയ്യുന്നതിന്റെ മൂന്നിരട്ടി വേഗത്തിലാണ് ഇന്നത്തെ ജോലികൾ. ഒരാളും സഹായിക്കാൻ ഇല്ല. മോനോട്‌ കുറച്ചു തേങ്ങ ചുരണ്ടി തരാൻ പറഞ്ഞപ്പോൾ തേങ്ങ ഇടാതെയുള്ള കൂട്ടാൻ മതീന്ന്.. മടിയാണ്. അല്ലാതെന്ത്? ഓണാഘോഷമൊക്കെ തുടങ്ങിവച്ച ആളെ കിട്ടിയെങ്കിൽ… അല്ലപിന്നെ കുറച്ചു പൈസ പൊടിക്കും അത്ര തന്നെ. ചിന്തകൾ കാട് കയറിയപ്പോൾ പുറത്താരോ കാളിംഗ് ബെൽ മുഴക്കുന്നു. ആരാ ഈശ്വരാ ഈ തിരുവോണ ദിവസം രാവിലെ..
മോനെ ഒന്ന് നോക്കിയേ ആരാ വന്നേന്ന്…
അമ്മ നോക്ക്.. ഇതായിരിക്കും മറുപടി എന്ന്
അറിയാവുന്നതുകൊണ്ട് ഞാൻ സ്വീകരണമുറിയുടെ പ്രധാന വാതിലിൽ എത്തി. എന്നാലും ജനലിൽക്കൂടി പുറത്തേക്ക് ഒന്നെത്തിനോക്കി.
പക്ഷെ ആരെയും കാണാൻ പറ്റിയില്ല. ഡോർ തുറന്നതും എനിക്ക് ചിരിയാ വന്നത്.
ദേ ഓലക്കുട പിടിച്ചു നില്ക്കുന്നു.. ഇന്നാണോ ക്ലബ്ബിൽ പ്രോഗ്രാം. നാടകം ഉണ്ടോ.. ഡ്രസ്സ് എല്ലാം ചെളി..പക്ഷെ വീതിയുള്ള മാല, മോതിരം, കിരീടം ഒക്കെയുണ്ട്.

ഓഹ്.. സ്വർണത്തിന് ഇത്രേം വില കൂടി കിടക്കുമ്പോൾ അല്ലെ. വല്ല ഗ്യാരണ്ടിയും ആവും.

ആഗതൻ വിനയാന്വിതനായി. ഞാൻ മാവേലി..
എന്റെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടാവും വന്നയാള് സംസാരിച്ചു തുടങ്ങി.

ഹിഹി…
എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഈ വന്ന ആൾക്ക്‌ വട്ട് ആണോ.. ദൈവമേ ഓണമായിട്ട്.. എന്നാലും മനസ്സിൽ തോന്നിയത് പുറത്ത് കാണിക്കാതെ ഞാൻ കുറെ ചോദ്യം ഒന്നിച്ചു തന്നെ ചോദിച്ചു.

അയിന്..?
ഇന്നാണോ ക്ലബ്ബിലെ പ്രോഗ്രാം.. ബാക്കി എല്ലാരും എവിടെ.. നിങ്ങള് ചെളിയിൽ വീണോ?

ങ്ങള് ഏതു ട്രൂപ്പിൽ ആണ്. ന്റെ പൊന്ന് ചേട്ടാ.. കുറേ ജോലികൾ തീരാനുണ്ട്.. സദ്യ ഒരുക്കിയിട്ട് വേണം എനിക്ക് എവിടേലും ഇരിക്കാൻ. ങ്ങള് നടന്നു ക്ഷീണിച്ചു വന്നതല്ലേ.. ഞാൻ വെള്ളം എടുക്കാം.. നിൽക്ക്.

ശോ ഇതിനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഇങ്ങോട്ട് നോക്ക്.. ന്റെ കിരീടം കണ്ടോ?

ഹമ്മ്.. പിന്നെ.. ഇവിടെ കടേൽ കിട്ടും.
പിള്ളേർക്ക് ഓണാഘോഷത്തിന് മാവേലി വേഷം കെട്ടാൻ.
ങ്ങളവിടെ ഇരിക്ക്. എനിക്ക് അടുക്കളയിൽ കുറച്ചു പണി കൂടെ ഉണ്ട്..

അല്ല എങ്ങനെ വീട്ടിൽ കയറ്റി ഇരുത്തും? ഈ കാലത്ത് ആരെയും വിശ്വസിക്കാൻ കൊള്ളൂല.(വല്ല കള്ളനോ മറ്റോ ആണോ.. പത്രത്തിലൊക്കെ കാണാമല്ലോ പട്ടാപ്പകൽ പോലും മോഷണങ്ങൾ നടക്കുന്നത്. എന്റെ ചിന്തകൾ അങ്ങനെ കാടുകയറുകയാണ്. )

കൊച്ചെന്നാ ആലോചിക്കുന്നേ.. ഞാൻ ഒർജിനൽ ആണോന്നല്ലേ.. ദേ ഐഡി കാർഡ്..fugiiu7

ങ്ങേ.. അവിടെ ഐഡി കാർഡ് ഉണ്ടോ?

പിന്നില്ലാതെ..

ഉള്ളത്.. തന്നെ…

മോനെ വിളിച്ചുണർത്തി.. അവനോട് അയാളെ ഒന്ന് ശ്രദ്ധിച്ചോണെ എന്ന് പറഞ്ഞു. അടുക്കളയിൽനിന്ന് കുറച്ചു മോരും വെള്ളം കൊണ്ടുവന്ന് കൊടുത്തു. പാവം വല്ലാതെ ദാഹിച്ചിരിക്കുവാരുന്നു.. ഒറ്റ വലിക്ക്‌ കുടിച്ച് തീർത്തു.

എന്നാലും കള്ളനോ മറ്റോ ആണോ എന്തോ..

എന്റെ നിർത്താതെയുള്ള ചോദ്യം കേട്ടാവും ആകെ അന്ധാളിച്ചു നിൽക്കുകയാണ്.

കൊച്ചേ ഞാൻ മാവേലിയാണ്.. പാതാളത്തിൽ നിന്നും ഇങ്ങോട്ടേക്കുള്ള വഴി നോക്കി വന്നതാ.. ഒരു പാട് വഴികൾ കണ്ടു.. ഒരെണ്ണത്തിൽ കൂടി ഇങ്ങ് പോന്നു.. പൊങ്ങിയത് റോഡിൽ.. റോഡെന്ന് പറയാൻ പറ്റില്ല. ആരോ പറയുന്നത് കേട്ടു റോഡിൽ നിന്നും മാറി നിൽക്കാൻ. ടാറുപോലും കാണാനില്ല. ഞാൻ കരുതി ഓണത്തിന് കുളം, കര കളിയ്ക്കാൻ ജനം കുഴിച്ചതാവും എന്ന്.

താങ്കളുടെ പ്രജകൾ തന്നെയാണ് കുഴിച്ചിട്ടത്.

ദേഹം മുഴുവനും ചെളിവെള്ളം ആവുകയും ചെയ്തു. കുഴിയിൽ നിന്നും ഒരുവിധം കര കയറിയപ്പോൾ വഴി നിറയെ പട്ടികൾ.. അവറ്റോൾടെ കടിയേൽക്കാതെ ഒരുവിധം രക്ഷപെട്ടു.. അങ്ങനെ മുന്നോട്ട് വന്നപ്പോൾ ഒരു കൂട്ടം പന്നികൾ.. അവയിൽ നിന്നും രക്ഷപെടാനായി ഓടി ഇവിടെ എത്തി.

മാറിയുടുക്കാൻ ഒരു തുണി കിട്ടുമോ?
ഓണത്തിന് മാവേലി വന്നാല് പ്രജകൾക്ക് സമ്മാനം ലഭിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുള്ള ഞാൻ ആകെ വാപൊളിച്ചു നിൽപ്പായി. ഇതിപ്പോ പുള്ളിക്ക് അങ്ങോട്ട് മുണ്ട് വാങ്ങി കൊടുക്കേണ്ട അവസ്ഥയാ.
കുളിച്ചു വന്നപ്പോഴേക്കും മോന്റെ ഒരു മുണ്ട് എടുത്ത് കൊടുത്തു. ഒരു നേര്യതും കൊടുത്തു. ഷർട്ട്‌ കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞു.

നിങ്ങള് വന്നതല്ലേ സദ്യ ഉണ്ടിട്ട് പോകാം എന്ന് പറഞ്ഞു.

സദ്യ ആകും വരെ ആളെ പിടിച്ചിരുത്തണ്ടേ. ന്യൂസ്‌ പേപ്പർ എടുത്തു കൈയിൽ കൊടുത്തു. ഇരുന്നു മുഷിയേണ്ടല്ലോ.
പേപ്പർ നിറയെ പലവിധ പരസ്യങ്ങൾ, പീഡനം, കൈക്കൂലി, കൊലപാതകം… അപ്പോഴേ പേപ്പർ താഴെ വച്ചു. എന്നാൽ ടിവി കാണട്ടെ എന്ന് കരുതി അത് ഓൺ ആക്കി കൊടുത്തു. അവിടെ ഒരു ചാനലിൽ ചർച്ച.. എങ്ങനയാണ് അയാൾ നിങ്ങളെ പീഢിപ്പിച്ചത്? എവിടെയൊക്കെ ആണ് അയാൾ നിങ്ങളെ കൊണ്ടുപോയത്?
രക്ഷപെടാൻ എന്ത് കൊണ്ട് ശ്രമിച്ചില്ല.. വർഷങ്ങൾക്ക് ശേഷമാണോ നിങ്ങൾക്ക് അത് പീഡനമായി തോന്നിയത്? ചാനൽ മാറ്റാൻ പറഞ്ഞു കൊടുത്തത് കൊണ്ട് തനിയെ ചാനൽ മാറ്റി. കണ്ണീർ മഴയുമായി സീരിയൽ നായിക.. ദുഷ്ടത്തി അമ്മായിയമ്മ, പേടിത്തൊണ്ടൻ അമ്മായിയപ്പൻ, ഭർത്താവ്.. ആകെ ജഗപൊഗ. ആ ചാനലും മാറ്റി.. അടുത്തത്.. കുറെ പേരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച്.. അവിടാകെ അടിയും വഴക്കും തെറി വിളിയും.. ആകെ ബോർ..

കുറച്ചു നേരം അനക്കം കേൾക്കാഞ്ഞ് നോക്കിയപ്പോൾ രസകരമായി ടി വി കണ്ട് ഇരിക്കുന്നു. എന്താന്ന് അറിയാൻ നോക്കിയപ്പോൾ കക്ഷി കാണുന്നത് നിയമസഭയിൽ നിന്നുള്ള തത്സമയം.. ഉന്തും തള്ളും.. കസേരയുടെയും മേശയുടെയും മുകളിൽ കേറി അടി. വാടാ പോടാ വിളികൾ. എന്നുവേണ്ട ആകെ ബഹളം..
അല്ല, ങ്ങള് എന്തോന്ന് കാണുവാ..
ദേ കൊച്ചേ കണ്ടില്ലേ ഓണാഘോഷം.. കസേര കളി.. വടംവലി..

സൂപ്പർ.. ന്റെ പൊന്ന് മാവേലി അത് നിയമസഭാസമ്മേളനത്തിന്റെ വാർത്തയാണ്.. അല്ലാണ്ട് കസേര കളി അല്ല.
ഓഹോ എനിക്ക് വൈഫൈയുടെ പാസ്സ്‌വേർഡ്‌ തരുമോ?അവിടുത്തെ നെറ്റ് ഇവിടെ ലഭിക്കില്ല.
ഫോൺ നോക്കാം. ചിലപ്പോൾ അവിടെ നിന്നും വിളി ഉണ്ടാവും.
ഇതെന്തോന്ന് മൊബൈലിലും അടി.. ഒരു വീട്ടിൽ കുറെ സ്ത്രീകളും പുരുഷന്മാരും അടി, ചീത്തവിളി.. കുടുംബ വഴക്കൊക്കെ ആരാ എടുത്ത് ഇങ്ങനെ ഇടുന്നത്?

അത് കുടുംബ വഴക്കല്ല.. ടിവി യിലെ ഒരു പ്രോഗ്രാം ആണ്.
എന്നാ ഞാൻ കുറച്ചു നേരം മെഡിറ്റേഷൻ ചെയ്യാം.. അതാവും നല്ലത്.

ഈ കിരീടം, മാല, വള ഒക്കെ എവിടുന്ന്.. അവിടെ സ്വർണത്തിന് ഇപ്പോൾ എന്താ വില.. ഏതു കടയിൽ നിന്നും വാങ്ങിയതാ ഇത്?

ഇത് പഴയ സ്വർണമാ കൊച്ചെ. എന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോൾ ഞാൻ ധരിച്ചിരുന്നത്. ഇപ്പോൾ
എന്തൊരു വിലയാ.. അല്ലെങ്കിലും പാതാളത്തിൽ കിടക്കുന്ന എനിക്കെന്തിനാ സ്വർണം? പിന്നെ ഇതൊക്കെ ഇട്ടു വന്നില്ലെങ്കിൽ എന്റെ പ്രജകൾ എന്നെ അംഗീകരിക്കില്ലല്ലോ.

ഈശ്വരാ അപ്പോൾ ഇത് ഇത് ഒർജിനൽ സ്വർണം അല്ലേ.. എന്റെ കണ്ണ് തള്ളി.. ഇത്രയും സ്വർണം..! ഇതെത്ര പവൻ കാണും..!!

ഇതിനിടയിൽ സദ്യ തയ്യാറായി. സന്തോഷമായി അദ്ദേഹം സദ്യ കഴിച്ചു പായസവും കുടിച്ചു.

അടുത്ത വർഷം മുതൽ ഞാൻ വരുന്നില്ല കൊച്ചെ.. റോഡിൽ കൂടി പോയാൽ തിരികെ പാതാളത്തിൽ എത്തുമെന്ന് ഉറപ്പില്ല..

കൈവീശി കാണിച്ചുകൊണ്ട് മാവേലി ദൂരേയ്ക് നടന്നു മറഞ്ഞു. വരില്ലെന്ന് പറഞ്ഞിട്ട് പോയാലും മാവേലി വീണ്ടും വരുമെന്ന പ്രത്യാശയോടെ ഞാനും സദ്യ കഴിക്കാനിരുന്നു.

ദീപ ആർ. അടൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com