ദാനധർമിഷ്ടനും ധീരനുമായ അസുരരാജാവ്…
കൊടുത്ത വാക്ക് പാലിക്കാൻ സ്വന്തം ശിരസ്സ് കാട്ടികൊടുത്ത ആ ധീരൻ…
മാവേലി തമ്പുരാൻ എന്റെ വീട്ടിലേക്ക് കടന്നു വന്നപ്പോൾ എന്റെ കാഴ്ചപ്പാടിൽ സിസ്സ് പാക്ക് ഒക്കെയായി ഒരു സുമുഖസുന്ദരൻ ആയികാണും എന്നായിരുന്നു വിചാരം…
എന്നാൽ ഇത്തവണ ഓണത്തിന് പുള്ളിക്കാരൻ വന്നതോ.. ഹെവി ഓണസദ്യയും കഴിച്ച് വയറൊക്കെ ചാടി തടിയും വെച്ച്….
എല്ലായിടത്തും കയറിയിറങ്ങി സദ്യ കഴിക്കുന്നതുകൊണ്ടാവാം ഇത്ര കുടവയറ് എന്നു ഞാൻ മനസ്സിൽ വിചാരിച്ചു…
വിശേഷങ്ങൾ പറയുന്നതിനിടയിൽ പാതാളത്തിലേക്ക് ഉള്ള അങ്ങയുടെ തിരികെ പോക്ക് എന്നാണ് എന്ന് ഞാൻ ചോദിച്ചു.
“പാതാളത്തിൽ ഇപ്പോൾ ഭയങ്കര ചൂടായതു കാരണം നാം ഇനി തിരികെ പോകുന്നില്ലാന്ന് തീരുമാനിച്ചാണ് അവിടെ നിന്നും പോന്നത്. ഇവിടാകുമ്പോ നല്ല മഴയും തണുപ്പുമൊക്കെയല്ലേ…
എന്നാൽ ഞാനിപ്പോൾ ആ തീരുമാനം മാറ്റി…അധികം താമസിക്കാതെ തിരികെ പോകുവാണ്…”
തെല്ലു വിഷമത്തോടെ മറുപടി പറഞ്ഞ മാവേലിയോട് ഞാൻ കാരണം തിരക്കി….
അപ്പോൾ മാവേലി കാലിലെ മുറിവ് കാണിച്ചുതന്നു…
എന്താന്ന് തിരക്കിയപ്പോളല്ലേ കാര്യം പിടികിട്ടിയേ…വഴി നിറയേ നായകളല്ലേ..വരുന്ന വഴിയിൽവച്ച് ഒരു നായ മാവേലിയെ ആക്രമിച്ചു..ജില്ലാ ആശുപത്രിയിൽ പോയി കുത്തു കൊണ്ടിട്ട് വരുന്ന വഴിയാണന്ന്..
നടന്നുവന്നാൽ ഇനിയും നായ കടിച്ചാലോന്ന് കരുതി ഒരു വെള്ളിമൂങ്ങ (നാലു ചക്ര ഓട്ടോയുടെ ഓമന പേര്) വിളിച്ചു അതിലാ വന്നതെന്ന് പറഞ്ഞു…അവിടേയും പ്രശ്നം..അതിലിരുന്നു വന്നപ്പോ മാവേലീടെ വയറൊക്കെ “ധും ധും”എന്ന് കുലുങ്ങുവാരുന്നെന്ന്..കൂടെ സമ്മാനമായി നടുവേദനയും…കാരണം ഊഹിക്കാമല്ലോ..നമ്മുടെ ഇപ്പോഴത്തെ റോഡുകൾ മുഴുവനിപ്പോ കുണ്ടും കുഴിയുമാണല്ലോ… കയ്യിൽ ചേഞ്ച് ഇല്ലാഞ്ഞതിനാൽ പാതാളത്തിൽ ചെന്നിട്ട് ഗൂഗിൾപേ ചെയ്താൽ മതി എന്ന് ഓട്ടോക്കാരൻ പറഞ്ഞ കാര്യവും കൂട്ടിച്ചേർത്തു.
വിഷമത്തോടെ ഞാൻ മാവേലിയോട് ചോദിച്ചു.
“ബാക്കി കുത്തു കൊള്ളുവാൻ ഇനിയും പോകണ്ടേ ജില്ലാ ആശുപത്രിയിലേക്ക്. അപ്പോൾ അങ്ങേക്ക് ഉടനെ തിരികെ പോകാൻ സാധിക്കില്ലല്ലോ.”
മറുപടി ഉടൻ വന്നു.
“എനിക്ക് ഉടനെ പതാളത്തിലേക്ക് തിരികെ പോകേണ്ടതിനാൽ ബാക്കി കുത്തുകൂടി ഒന്നിച്ച് കുത്തിയേക്കാൻ ഉള്ള എന്റെ ആവശ്യം അവർ അംഗീകരിച്ചു തന്നു”.
നായയും പൂച്ചയും കടിച്ചിട്ട് ഇടവിട്ടുള്ള കുത്തിവെപ്പുകൾ എല്ലാം എടുത്തിട്ടും പലർക്കും ഏക്കാതിരുന്ന സംഭവങ്ങൾ മനസ്സിലേക്ക് എത്തിയപ്പോൾ തവണകളായി കൊള്ളണ്ട കുത്തുകൾ ഒന്നിച്ചു കുത്തിവപ്പിച്ച് തിരികെ വന്ന മാവേലിയുടെ മറുപടി കേട്ടപ്പോൾ എന്റെ കണ്ണുതള്ളി..
മാവേലി തമ്പുരാന്റെ വിശേഷങ്ങൾ പരാതികളിലേക്ക് വഴി മാറിയപ്പോൾ …
കൊറോണ കഴിഞ്ഞപ്പോ പാതാളത്തിൽ പട്ടിണിയായകാര്യവും.. അതിനാൽ ഇവിടെ വന്നപ്പോൾ ഒരു റേഷൻകാർഡ് എടുക്കാം.. അപ്പോൾ കിറ്റും കിട്ടുമല്ലോന്ന് ഓർത്തു.. അപ്പോ ദേ അവിടേം പ്രശ്നം.. ആധാറിൽ “മാവേലി” എന്നും പാൻകാർഡിൽ “മഹാബലി” എന്നും പേര്..
മാവേലിയുടെ കഴുത്തിലേയ്ക്ക് എന്റെ കണ്ണുടക്കി.. തൂങ്ങി കിടക്കുന്ന 50 പവന്റെ മാലകൾ ഭീമാ ജ്വല്ലറിയുടെ സ്വർണ്ണമാണന്ന്… കാതിലെ കമ്മലോ ജോയ് ആലുക്കാസ് ഗിഫ്റ്റ് കൊടുത്തതാന്ന്… പട്ടു ചേലയാണെങ്കിൽ ബീനാ കണ്ണൻ കൊടുത്തത്.. പാരഗണീന്ന് കൊടുത്ത ചെരുപ്പും.. മുഴുവനും ഓൺലൈനാന്ന്..ഒന്നിനും ഇപ്പോ പണ്ടത്തേപ്പോലെ തപ്പിനടക്കണ്ടല്ലോന്ന്…
മാവേലി എന്തു ഭാഗ്യവനാ അല്ലേ…
മാവേലിത്തമ്പുരാൻ വീട്ടിൽ വന്ന ആശ്ചര്യത്തിൽ വിശേഷങ്ങൾ പറഞ്ഞു നിൽക്കവേ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാൻ മറന്ന എന്നോട്
എനിയ്ക്ക് വിശക്കുന്നൂന്ന് മാവേലി പറഞ്ഞപ്പോൾ…
ഹോട്ടലിൽനിന്ന് നല്ല സദ്യയും പായസവും ഓർഡർ ചെയ്തു വാങ്ങി…അതുകണ്ട മാവേലിയ്ക്ക് അദ്ഭുതവും ദേഷ്യവും ..
“ഇവിടെയാരുമില്ലേ നമുക്ക് രുചിയോടെ ഒരുനേരം വെച്ചു വിളമ്പി തരുവാൻ” എന്ന ചോദ്യത്തിന് ഞാൻ വിനീതമായി മറുപടി നൽകി..
“എല്ലാവീട്ടിലും മക്കളൊക്കെ
യു.കെ.യിലും കാനഡയിലുമൊക്കെയാ.. വീട് കാക്കാൻ വൃദ്ധരായ മാതാപിതാക്കൾ ഒക്കെ ഉണ്ടെങ്കിൽ ആയി … ഇപ്പോ ഓണം കാശുകൊടുത്താ കിട്ടും എന്നായി തമ്പുരാനെ …അതാ ഞാനും അങ്ങ് ഓർഡർ ചെയ്തത്…നാടോടുമ്പോ നമ്മളും കൂടെ ഓടണമല്ലോ പൊന്നു തിരുമേനി …”
സദ്യ കഴിച്ചു കഴിഞ്ഞ മാവേലി
“ഓൺലൈനിൽ മേടിച്ചതാണെങ്കിലും സദ്യ കേമം ആയിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
“പാതാളത്തിലേക്ക് തിരികെ പോകാതെ കേരളത്തിൽ തങ്ങി കൂടെ” എന്ന എന്റെ ചോദ്യം കേട്ടപ്പോൾ മാവേലി തുടർന്നു..
“നാം പര്യടനം തുടങ്ങിയിട്ടേയുള്ളൂ..
പക്ഷേ പലയിടത്തും ചെന്നപ്പോളേ മാവേലിയ്ക്ക് സംശയമായിരുന്നൂന്ന്… ഇത് കേരളം തന്നെയല്ലേന്ന്… കാരണം അറിയാല്ലോ.. മലയാളം സംസാരിക്കുന്ന ആരെയേലും കാണണ്ടേ.. നമ്മുടെ നാട്ടിൽ മുഴുവൻ ഹിന്ദിക്കാരല്ലേ… മലയാളികൾ ഇല്ലാതായത് എന്തുകൊണ്ടാന്ന് അപ്പോൾ ആണ് മാവേലിക്ക് കത്തിയതെന്ന്…
മൊത്തത്തിലുള്ള കേരളത്തിന്റെ അവസ്ഥ കണ്ടപ്പോൾ ആകെപ്പാടെ നിരാശനായ മാവേലിതമ്പുരാൻ ഇനി കേരളത്തിൽ നിൽക്കാമെന്നുള്ള തീരുമാനം മാറ്റി..
പാതാളമാണ് ഇതിലും ഭേദം എന്നുപിറുപിറുത്തുകൊണ്ട് നന്ദി പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിനടന്നു…..




❤️❤️
👌❤️
നർമ്മ രസത്തിൽ ചാലിച്ച് ഇത്ര മനോഹരമായി മാവേലിയുമായി സംഭാഷണം നടത്തി വായനക്കാരെ രസിപ്പിച്ച മഹിമ കുര്യന് അഭിനന്ദനങ്ങൾ… ❤️👍
Nannayitund
മാവേലി തമ്പുരാൻറെ വരവും തുടർന്നുണ്ടായ സംഭാവവികാസങ്ങളും ലളിതവും, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അതി അതിമനോഹരമായി വായനക്കാരിലേക്ക് എത്തിച്ച മഹിമ കുര്യന് അഭിനന്ദനങ്ങൾ, ആശംസകൾ 🙏❤️