മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിയേഴാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും
മാനിക്കയില്ല ഞാൻ മാനവ മൂല്യങ്ങൾ
മാനിച്ചിടാത്തൊരു നീതി ശാസ്ത്രത്തെയും”
എന്നു പ്രഖ്യാപിച്ച കവിയായ വയലാർ രാമവർമ്മ യാണ് ഇന്നത്തെ
നക്ഷത്രപൂവ്!
വയലാർ രാമവർമ്മ (3️⃣7️⃣) (25/03/1928 – 27/10/1975)

ഒരു കവി എന്നതിലുപരി നാടക, ചലച്ചിത്രഗാന രചയിതാവ് എന്ന നിലയിലാണ് മലയാളികളുടെ മനസ്സിൽ വയലാർ രാമവർമ്മ നിറഞ്ഞു നിൽക്കുന്നത്. രണ്ടായിരത്തിലധികം ഗാനങ്ങളാണ് ഈ രംഗത്ത് അദ്ദേഹം മലയാളികൾക്ക് സംഭാവന ചെയ്തിട്ടുള്ളത്.
വിപ്ലവങ്ങളുടെ വിളഭൂമിയായ ആലപ്പുഴ ജില്ലയിൽ വയലാറിൽ രാഘവപ്പറമ്പു കോവിലകത്ത് അംബാലികത്തമ്പുരാട്ടിയുടെയും ആലുവാ വെള്ളാരപ്പള്ളിയിലെ കേരളവർമ്മ തിരുമുൽപ്പാടിൻ്റെയും മകനായി 1928 മാർച്ച് മാസം 25-ാം തീയതി അദ്ദേഹം ഭൂജാതനായി. വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിലും ചേർത്തല ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം നടത്തി. അതോടൊപ്പം തന്നെ സംസ്കൃതവും പഠിച്ചിരുന്നു.
ആ പ്രദേശത്തിൻ്റെ പ്രത്യേകത കൊണ്ടുതന്നെ തൊഴിലാളിവർഗ്ഗത്തിൻ്റെ ഉയർത്തെഴുന്നേൽപ്പ് അദ്ദേഹത്തിൻ്റെ ഒരു സ്വപ്നമായിരുന്നു. അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിൻ്റെയും പാവപ്പെട്ടവരുടെയും ഹൃദയത്തുടിപ്പുകൾ അദ്ദേഹത്തിൻ്റെ കവിതയ്ക്ക് വിഷയമായി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ആ തൂലിക ചലിച്ചു.
‘ കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ
അതു പറയുമ്പോഴെന്നുടെ നാടി-
ന്നഭിമാനിക്കാൻ വകയില്ലേ…
തുടങ്ങിയ കവിതകൾ സാധാരണ ജനങ്ങളെ ആവേശം കൊള്ളിച്ചു. താൻ ജീവിച്ച ചുറ്റുപാടുകളും വയലാർ എന്ന ഗ്രാമവും പല കവിതകളിലും നിറഞ്ഞു നിന്നു. മാറാല പിടിച്ച പഴയ യാഥാസ്ഥിതിക മനോഭാവത്തിനെതിരെ ഒരു പുതിയ സംസ്കാരം കെട്ടിപ്പടുക്കുവാൻ ആഹ്വാനം ചെയ്യുന്നതാണ്,
‘വരികയാണിനി ഞങ്ങൾ, കൊന്തകളും പൂണൂലും വിരിയാത്ത മാനവ ഭാവനകൾ.
പുതിയ യുഗത്തിൻ്റെ സന്ദേശവാഹകർ
പുതിയ സംസ്കാരത്തിൻ ഗായകന്മാർ…’
ഇത്തരം കവിതകളിലൂടെ സാമൂഹിക വ്യവസ്ഥിതിയിൽ മാറ്റം വരുത്താനാണ് അദ്ദേഹം നില കൊണ്ടത്. പക്ഷേ അതു സാധിച്ചെടുക്കാനായിട്ട് സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും മാർഗ്ഗത്തിലൂടെ ആയിരിക്കണം എന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.
വാളല്ലെൻ സമരായുധം, ത്സണത്സണധാനം മുഴക്കീടുവാ-
നാളല്ലെൻ, കരവാളു വിറ്റൊരു മണിപ്പൊൻ വീണ വാങ്ങിച്ചു_ ഞാൻ.
താളം,രാഗലയ ശ്രുതി സ്വരമിവയ്ക്കല്ലാതെയെന്തിന്നൂമി- ന്നോളക്കൂത്തുകൾ തീർക്കുവാൻ കഴിയുകയില്ലെൻ പ്രേമതീർത്ഥങ്ങളിൽ’
എന്ന് അദ്ദേഹം വ്യക്തമായി ഈ വരികളിലൂടെ പറയുന്നത്. അതുകൊണ്ടാണ്
“തൂലിക പടവാളാക്കിയ കവി” എന്ന് വയലാറിനെ വിശേഷിപ്പിക്കുന്നത്.
വയലാറിൻ്റെ കവിതകളേക്കാൾ മലയാളികളുടെ മനസ്സിൽ മാറ്റൊലി കൊള്ളുന്നത് അദ്ദേഹത്തിൻ്റെ നാടക സിനിമാ ഗാനങ്ങളാണ്. വയലാറിൻ്റെ രചനയും ദേവരാജൻ മാസ്റ്ററിൻ്റെ സംഗീതവും യേശുദാസിൻ്റെ ശബ്ദമാധുരിയും കൂടി ചേർന്ന എത്രയോ ഗാനങ്ങൾ മലയാളി ഇന്നും നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നു!
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണു പങ്കുവെച്ചു’….
ചക്രവർത്തിനീ നിനക്കു ഞാനെൻ്റെ ശില്പഗോപുരം തുറന്നു…
ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി..
‘ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിൽ തൂവൽ പൊഴിയും നേരം…
കടലിനക്കരെ പോണോരെ
കാണാപ്പൊന്നിനു പോണോരെ…
തുടങ്ങിയ എത്ര എത്ര മധുര മനോഹരഗാനങ്ങൾ! വയലാർ ആദ്യമായി ഗാനം എഴുതിയത് കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിനാണ്.
ഒരു കാലത്ത് മലയാള നാടക വേദിയിൽ നിറഞ്ഞുനിന്ന കെ.പി.എ. സി എന്ന നാടക ട്രൂപ്പിനു വേണ്ടി വയലാർ എഴുതിയ ഗാനങ്ങളും വളരെ പ്രസിദ്ധങ്ങളാണ്. കേൾക്കുമ്പോൾ ഇന്നും വിപ്ലവാവേശം അലയടിച്ചുയർത്തുന്നതാണ്.
“ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ
സ്മരണകളിരമ്പും രണ സ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ…
എന്നും തുടങ്ങുന്ന സംഘഗാനം ഒരു കാലത്ത് കാമ്പസ്സ് തരംഗമായിരുന്നു!
പാമ്പുകൾക്കു മാളമുണ്ട് പറവകൾക്കാകാശമുണ്ട്…
തലയ്ക്കു മീതെ ശൂന്യാകാശം താഴേ മരുഭൂമീ…
തുടങ്ങിയ നാടകഗാനങ്ങളുടെ അലകൾ ഒരിക്കലും അവസാനിക്കുകയില്ല.
പക്ഷേ ഈ ഗാനകല്ലോലിനികളുടെ ഉറവിടമായ ഗന്ധർവ്വ കവി 1975 ഒക്ടോബർ 27 ന് എന്നെന്നേയ്ക്കുമായി വിട വാങ്ങി🙏 മലയാളികളുടെ മലയാള ഗാനശാഖയുടെ തീരാനഷ്ടം.
അടുത്തലക്കം വീണ്ടും കണ്ടു മുട്ടാം❤️💕💕




Thank You Sri.Raju Sankarathil Sir 🙏❤️
വയലാറിന് മരണമില്ല.
അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ പിറന്ന വരികൾ മലയാളിയുടെ മനസ്സിൽ എന്നും നിലനിൽക്കും. പ്രണയഗാനങ്ങൾ മുതൽ ഭക്തിഗാനങ്ങൾ വരെ…
വയലാറിന്റെ ഒരു പാട്ട് എങ്കിലും മൂളാതെ കേൾക്കാതെ മലയാളി യുടെ ഒരു ദിവസം കടന്നു പോകുന്നില്ല..
അദ്ദേഹത്തെക്കുറിച്ച് നന്നായി എഴുതി
വായനയ്ക്കും |വിശദമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം…നന്ദി സജി സാറേ🙏❤️🙏