മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാളസാഹിത്യത്തിലെ നക്ഷത്ര പൂക്കൾ എന്ന രചനയുടെ മുപ്പത്തിയാറാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളസാഹിത്യത്തിൽ ആവിഷ്ക്കരിക്കാൻ ശ്രമിച്ച അത്യന്താധൂനിക കവികളിൽ പ്രമുഖനായ എൻ. എൻ. കക്കാട് എന്ന പേരിൽ അറിയപ്പെടുന്ന കക്കാട് നാരായണൻ നമ്പൂതിരിയാണ് ഇന്നത്തെ
നക്ഷത്രപൂവ്!
എൻ.എൻ. കക്കാട് (3️⃣6️⃣) (14/7/1927- 06/01/1987)
കോഴിക്കോട് ജില്ലയിൽ അവിടനല്ലൂർ കക്കാട് വലിയ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിൻ്റെയും മകനായി 1927 ജൂലൈ പതിന്നാലാം തീയതി ജനിച്ചു. നാരായണൻ നമ്പൂതിരി എന്നാണ് ശരിയായ പേര്.
പണ്ഡിതനായ അച്ഛൻ തന്നെയാണ് സംസ്കൃതവും തന്ത്രവിദ്യയും പഠിപ്പിച്ചത്. കോഴിക്കോട് സാമൂതിരി ഹൈസ്ക്കൂളിലെ പഠനത്തിനു ശേഷം തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും ബിരുദം നേടി. അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തതിനു ശേഷം കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ചു. അവിടെ പ്രൊഡ്യൂസർ പദവിയിലെത്തി 1985 ൽ വിരമിച്ചു.
പഴയ രീതിയിലുള്ള കവിതകളും ശ്ലോകങ്ങളും എഴുതിയാണ് കക്കാട് സാഹിത്യ രചന തുടങ്ങിയത്. തനിനാടൻ പാട്ടുകളുടെയും പഴഞ്ചൊല്ലുകളുടെയും രീതിയിലുള്ള കവിതകളും സംസ്കൃത സ്വാധീനമുള്ള കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പ്രതീകങ്ങളും ബിംബങ്ങളും ധാരാളമായി കക്കാടിൻ്റെ കവിതകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ പല കവിതകളും സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്നവയല്ല എന്നു പറയാറുണ്ട്. ആഗാധമായ അനുഭവങ്ങളെ അതിൻ്റെ വൈരുദ്ധ്യഭാവങ്ങളോടെ അവതരിപ്പിക്കുന്നതാകാം അതിനു കാരണം. ഭാരതീയ പാരമ്പര്യത്തിൻ്റെ അടിസ്ഥാന ഘടകങ്ങൾ ധാരാളമായി കക്കാടിൻ്റെ കവിതകളിൽ കാണാം.
വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിലെ തത്ത്വചിന്തകളും ആ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കാലഘട്ടത്തിന്റെ മാറ്റങ്ങളും ജീവിത തകർച്ചയും ദുഃഖവും, അനീതികൾക്കെതിരെയുള്ള ഉൽബോധനങ്ങളും ഒക്കെ ചേർന്നതാണ് കക്കാടിൻ്റെ കവിതകൾ. മലയാള സാഹിത്യ രംഗത്ത് സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചു സഞ്ചരിക്കുന്നതിൽ വിജയിച്ച കക്കാടിൻ്റെ കവിതകളുടെ പ്രധാന വിഷയം മനുഷ്യ ജീവിതത്തിൻ്റെ വിവിധ ഭാവങ്ങളും അവസ്ഥകളും തന്നെയാണ്!
ശലഭഗീതം, പാതാളത്തിൻ്റെ മുഴക്കം, വജ്ര കുണ്ഡലം, ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്ന്, പകലറുതിയ്ക്കു മുമ്പ്, നന്ദി തിരുവോണമേ നന്ദി, ഇതാ ആശ്രമമൃഗം കൊല്ല്– കൊല്ല്…, നാടൻ ചിന്തുകൾ, കവിതയും പാരമ്പര്യവും, സഫലമീയാത്ര എന്നിവയാണ് പ്രധാന കൃതികൾ.
ഇവയിൽ ഏറ്റവും ജനശ്രദ്ധ നേടിയ കൃതി ‘സഫലമീയാത്ര’ യാണ്. സാധാരണക്കാരുടെ മനോഭാവങ്ങളും ആധുനിക നാഗരീകതയുടെ ഫലശൂന്യതയും മറ്റും ആവിഷ്ക്കരിച്ചിട്ടുള്ള ഈ കൃതി നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്!
“തീ കത്തുന്നൊരു ഭൂമിയിൽ
കരിഞ്ഞ ജന്തുജാലങ്ങൾ വെണ്ണീർ പാറും മരങ്ങൾ തൻ അസ്ഥി ചീന്തുന്ന കുന്നുകൾ…”
ആധൂനിക പരിഷ്ക്കാരത്തിൻ്റെ പേരിൽ പരിസ്ഥിതിക്കുണ്ടാകുന്ന അവസ്ഥകൾ വിവരിക്കുന്ന ഈ വരികൾ ‘സൂര്യഗായത്രി’ എന്ന കവിതയിൽ ഉള്ളതാണ്.
‘വട്ടക്കൊമ്പുകളുടെ കീഴേ തുറിച്ച മന്തൻ കണ്ണാൽ നോക്കി
കണ്ടതും കാണാത്തതുമറിയാതെ
നീയെത്ര തൃപ്തനായി കിടക്കുന്നു.’
പോത്തിനെക്കുറിച്ചാണ് ഈ വരികൾ.
‘നീലച്ചുരുൾ മുടി കെട്ടിച്ചാർത്തിയ പീലിക്കണ്ണു ചലിച്ചു
ഇളകും ചുരുൾ മുടി നെറ്റിയിൽ വീഴ്
കേ, തിലകമൊരല്പം മാഞ്ഞു…
ഉണ്ണിക്കണ്ണനെക്കാറിച്ചുള്ള മനോഹരമായ വരികൾ നമ്മുടെ ചുറ്റും കളിക്കുന്ന കൊച്ചുകുട്ടികളുടെ രൂപമാണ് മനസ്സിൽ തെളിയിക്കുന്നത്!
രോഗാതുരനായ കവി തീവ്രവേദന സഹിച്ചു കൊണ്ട് എഴുതിയ കവിതയാണ്
‘സഫലമീയാത്ര’
*ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലോ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നരികത്തു തന്നെ നില്ക്കു
ഇപ്പോഴുംകൂടൊരു ചുമയ്ക്കടിയിടറി വീഴാം
വൃണിതമാം കണ്ഠത്തിലിന്നു നോവിത്തിരി ക്കുറവുണ്ട് വളരെന്നാൾ കൂടീ…..
ഇതിലെ നൊമ്പരം അനുവാചകൻ്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതാണ്.
കോഴിക്കോട് പ്രവർത്തിച്ചിരുന്ന കേരള സാഹിത്യസമിതിയുടെ പ്രവർത്തക കമ്മിറ്റി, തിരൂർ തുഞ്ചൻ സ്മാരകക്കമ്മിറ്റി, വള്ളത്തോൾ വിദ്യാപീഠം, സാഹിത്യപ്രവർത്തക സഹകരണ സംഘം എന്നിവയിൽ പ്രവർത്തക സമിതി അംഗമായിരുന്ന അദ്ദേഹം 1987 ജനുവരി 6ാം തീയതി അന്തരിച്ചു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕🌹
Thank You Sri.Raju Sankarathil Sir 🙏❤️
നല്ല എഴുത്ത്..