Friday, January 9, 2026
Homeഅമേരിക്ക"ലോകം പോയ വാരം" ✍തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ

1. സൗരയൂഥത്തിൽ പുതിയ കുള്ളൻ ഗ്രഹം കണ്ടെത്തി.

സൗരയൂഥത്തിലെ ഏറ്റവും വെളിയിലുള്ള ഗ്രഹമായ നെപ്റ്റ്യൂണിനപ്പുറം, സാധാരണ ഛിന്നഗ്രഹങ്ങളെക്കാളും വാൽനക്ഷത്രങ്ങളെക്കാളും വലുപ്പമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ കുള്ളൻഗ്രഹമാകാം ഇതെന്നാണു കണക്കാക്കപ്പെടുന്നത്. 2017 ഒഎഫ്201 എന്നു പേരു നൽകിയിരിക്കുന്ന ഈ വസ്തുവിനെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ ടെലിസ്കോപ്പുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണു കണ്ടെത്തിയത്.
ഏകദേശം 700 കിലോമീറ്റർ വ്യാസമുള്ള ഈ വസ്തുവിന് ഗോളാകൃതിയാണ്. 25,000 വർഷങ്ങളെടുത്താണ് ഇതു സൂര്യനെ ഒരു തവണ ചുറ്റുന്നത്.8 ഗ്രഹങ്ങൾ കൂടാതെ പ്ലൂട്ടോ, സിരിസ്, എറിസ്, ഹോമിയ, മേക്ക്മേക്ക്, ഗോങ്ഗോങ്, ക്വോഹർ, സെഡ്ന, ഓർകസ് എന്നിങ്ങനെ 9 അംഗീകൃത കുള്ളൻഗ്രഹങ്ങളാണു നിലവിൽ സൗരയൂഥത്തിലുള്ളത്. തങ്ങളുടേതു മാത്രമായ വ്യക്തവും കൃത്യവുമായ ഭ്രമണപഥങ്ങളുള്ളവയാണു ഗ്രഹങ്ങൾ.എന്നാൽ കുള്ളൻഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ മറ്റു വസ്തുക്കളുമുണ്ടാകാം.

2. യു എസിന്റെ പുതിയ വെടിനിർത്തൽ പ്രമേയം അംഗീകരിച്ച് ഹമാസ്.

യുഎസ് ഏറ്റവും പുതിയതായി മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് ഹമാസിന്റെ അംഗീകാരം. യുഎസ് നൽകുന്ന ഉറപ്പുകൾ, ബന്ദി മോചനത്തിന്റെ സമയം തുടങ്ങിയ കാര്യങ്ങളിൽ ഏതാനും മാറ്റങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായ വെടിനിർത്തലും ഗാസയിൽ നിന്ന് ഇസ്രയേൽ സേനയുടെ പൂർണമായ പിന്മാറ്റവും സഹായവിതരണം ഉറപ്പാക്കുന്നതും യുഎസ് നിർദേശങ്ങളിൽപെടുന്നതായി ഹമാസ് പ്രസ്താവനയി‍ൽ അറിയിച്ചു. ജീവിച്ചിരിക്കുന്ന 10 ബന്ദികളെ ഹമാസ് മോചിപ്പിക്കും; മരിച്ച 18 ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കും.പകരം ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കും.

3. റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ.

റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് വൻ ഡ്രോണാക്രമണം നടത്തി യുക്രെയ്ൻ. റഷ്യയ്ക്കു നേരെ യുക്രെയ്ൻ നടത്തിയിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നാണിത്. നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെ, കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് വിവരം. ആക്രമണം ഇർകുട്സ്ക് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്.
തുടർന്ന് വ്യാഴാഴ്ച്ച റഷ്യ നടത്തിയ തിരിച്ചടിയിൽ വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി.

ഇതേസമയം മൂന്നു വർഷമായി തുടരുന്ന റഷ്യ – യുക്രെയ്‌ൻ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന കരാറിനുള്ള രൂപരേഖ ഇരുരാജ്യങ്ങളും കൈമാറി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും രൂപരേഖ കൈമാറിയത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കാൻ മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വെടിനിർത്തലിന്റെ മാനദണ്ഡങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യ അവകാശമുന്നയിക്കുന്ന ലുഹാൻസ്ക്, ഡോണെറ്റ്സ്‌ക്, സാപൊറീഷ്യ, കെര്‍സൺ എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്‌ൻ പൂർണമായി പിന്മാറണമെന്നും പിന്മാറ്റം മുപ്പതു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സമയബന്ധിതമായി ഇതു നടപ്പാക്കിയാൽ ആക്രമണം നിർത്താമെന്നും റഷ്യ വ്യക്തമാക്കി. വിദേശ സൈനിക സഹായവും സൈനിക നീക്കവും യുക്രെയ്‌ൻ മരവിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യയ്‌ക്കു മേൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം, യുദ്ധത്തിൽ ഇരുരാജ്യങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങളുടെ അവകാശവാദങ്ങൾ എഴുതിത്തള്ളണം, നയതന്ത്ര – സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും റഷ്യ മുന്നോട്ടുവച്ചു. മുപ്പതു ദിവസമെങ്കിലും പൂർണവും നിരുപാധികവുമായ വെടിനിർത്തൽ നടപ്പാക്കാതെ ചർച്ച സാധ്യമല്ലെന്ന് യുക്രെയ്‌ൻ വ്യക്തമാക്കി. വെടിനിർത്തൽ യുഎസിന്റെ നിരീക്ഷണത്തിലും മറ്റു രാജ്യങ്ങളുടെ പിന്തുണയിലുമായിരിക്കണം. യുക്രെയ്‌നിൽ നിന്നു റഷ്യ പിടികൂടിയ കുട്ടികൾ, മുതിർന്നവർ, ഇരു രാജ്യങ്ങളിലെയും യുദ്ധത്തടവുകാർ എന്നിവരെ സ്വന്തം രാജ്യങ്ങൾക്കു വിട്ടുകൊടുത്ത് പരസ്പര വിശ്വാസം മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും യുക്രെയ്‌ൻ ആവശ്യപ്പെട്ടു.

4. ബംഗ്ലദേശ് കറൻസിയിൽ ഇനി മുതൽ ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങൾ

ബംഗ്ലദേശ് കറന്‍സി നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്‍ പുറത്ത്. രാജ്യംവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ. ഹസീനയുടെ പുറത്താക്കലിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പുതുതായി രൂപകൽപന ചെയ്ത നോട്ടുകളിൽ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊറൈസൻ ഖാൻ പറഞ്ഞു. പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികളുമാണ് പുതുതായി രൂപകൽപന ചെയ്ത കറൻസികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറൻസിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം മുഹമ്മദ് യൂനുസ്, സർക്കാർ നാഷനൽ ഫ്രീഡം ഫൈറ്റേഴ്സ് ആക്ട് ഭേദഗതി ചെയ്തു. ഇതിൻപ്രകാരം ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ ബംഗ്ലദേശ് രാഷ്ട്രപിതാവ് പദവി നഷ്ടമായി. കൂടാതെ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യം 1971ൽ പ്രഖ്യാപിച്ചത് മുജീബുർ റഹ്മാനല്ല, അന്ന് സൈനിക മേജറായിരുന്ന സിയാവുർ റഹ്മാനാണെന്ന് ജനുവരിയിൽ പുതിയ പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തിയിരുന്നു.

5. സിറിയയിൽ നിന്ന് മിസൈലുകൾ വർഷിച്ചെന്ന് ഇസ്രയേൽ; പിന്നാലെ ദക്ഷിണ സിറിയയിൽ ഇസ്രയേല്‍ ആക്രമണം

സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ടു മിസൈലുകൾ വർഷിച്ചെന്നും തുറസായ പ്രദേശത്താണ് അവ പതിച്ചതെന്നും ആരോപിച്ച് ഇസ്രയേല്‍ സൈന്യം. പ്രദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് മിസൈലുകൾ വർഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനു നേരെയുള്ള എല്ലാ ഭീഷണിക്കും സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറാ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും ഉടൻ തന്നെ മറുപടി നൽകുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലിന്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ സിറിയ തയാറായില്ല. വൈകാതെ, ദക്ഷിണ സിറിയയിലെ ധരായിൽ ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് സിറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പീരങ്കി ഉപയോഗിച്ച് ദക്ഷിണ സിറിയയിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. സംഘർഷം അവസാനിപ്പിക്കാൻ അടുത്തിടെ ഇരുരാജ്യങ്ങളും ചർച്ച നടത്തിയിരുന്നു.

6. ട്രെമ്പിന്റെ നികുതി നിയമത്തിനെതിരെ പ്രതിഷേധിച്ചു ഇലോൺ മസ്ക്

ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക്. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് ഇലോൺ മസ്കിന്റെ വിമർശനം. ‘‘ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല. ഈ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കത് അറിയാം’’ – ഇലോൺ മസ്ക് എക്സിൽ കുറിച്ചു. മസ്‌കിന്റെ വിമർശനത്തിനു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ‘‘ഈ ബില്ലിൽ ഇലോൺ മസ്‌ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിന് ഇതിനകം അറിയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നു’’ – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

7. അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചൈനീസ് പൗരൻമാരായ രണ്ട് പേർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്‍തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം പ്രത്യുൽപാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ പഠനാവശ്യത്തിനായി ഡെറ്റ്‌ട്രോയിറ്റ് മെട്രോപോളിറ്റൻ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

പിടിയിലായ ലിയു ഇതേ രോഗാണുവിനെക്കുറിച്ചാണ് ചൈനയിലെ ഒരു സർവകലാശാലയിൽ പഠനം നടത്തുന്നത്. രോഗാണുക്കളെക്കുറിച്ച് ചൈനയിൽ പഠനം നടത്തുന്നതിന് ചൈനീസ് സർക്കാരിൽനിന്ന് ജിയാന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ജിയാന് ബന്ധമുണ്ടെന്നും പട്ടേൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.

8. ഗാസയിലെ വെടിനിർത്തൽ: പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് യുഎസ്

ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎൻ രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തു. ബാക്കി 14 രാജ്യങ്ങളും കരടു പ്രമേയത്തെ പിന്തുണച്ചെങ്കിലും യുഎസ് പ്രമേയത്തിന് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലെന്ന ആവശ്യം ഇസ്രയേൽ നേരത്തേ തന്നെ നിരാകരിച്ചിരുന്നു. അതേസമയം, ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com