Logo Below Image
Sunday, March 30, 2025
Logo Below Image
Homeഅമേരിക്കലഹരി (കഥ) ✍അനിത മുകുന്ദൻ

ലഹരി (കഥ) ✍അനിത മുകുന്ദൻ

അനിത മുകുന്ദൻ

അടച്ചിട്ട മുറിയിൽകമലയെന്ന സ്ത്രീ ഒരു ഭ്രാന്തിയെപ്പോലെ ഒറ്റയ്ക്കിരിയ്ക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമാകുന്നു.
ഇടയ്ക്കിടെ വാതിലിൽ തട്ടി വിളിയ്ക്കുന്നവർക്ക്നേരെ അവൾ ആക്രോശിക്കുന്നുണ്ട്.
തന്റെ മുറിയുടെ ജനാലയിലൂടെ തെക്കേമുറ്റത്ത് എരിഞ്ഞമർന്ന തന്റെ മകളുടെ ചിതയിലേക്ക് നോക്കി അവൾ അലറിക്കരയുന്നുണ്ട്. അപ്പോഴെല്ലാം അവളുടെ കണ്ണുകൾ പ്രതികാരത്തിന്റെ അഗ്നിഗോളങ്ങളാകും.
മുടിക്കെട്ടഴിഞ്ഞു കൈകൾ കൊണ്ട് തലയിൽ അമർത്തിപിടിച്ച് അവൾ നിലത്തിരുന്നു പൊട്ടിക്കരയും.
അവൾക്കെന്തോ മനോനില തെറ്റിയത് പോലയാ..
ആളുകൾ അടക്കം പറഞ്ഞു തുടങ്ങി.
ആ വാർത്ത അയൽ വീടുകളിൽ നിന്നും വഴിയോരങ്ങളിലേയ്ക്കും നാട്ടുവർത്തമാനങ്ങളിലേയ്ക്കും കടന്നു.

നാലാമത്തെ ദിവസം കമല മുറിവിട്ട് പുറത്തിറങ്ങി.
മകളെ അടക്കം ചെയ്ത മണ്ണിൽ നിശബ്ദയായി കുറച്ചു നേരം നിന്നു.
ഇനി ഒഴുക്കുവാൻ അമ്മയ്ക്ക് കണ്ണ് നീരില്ല.
നീതി കിട്ടണം നിനക്ക്. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല.
ഇന്ന്… ഇന്ന് അവരെ കോടതിയിൽ ഹാജരാക്കാൻ പോകുവല്ലേ..
അമ്മയും അങ്ങോട്ട്‌ പോകുവാ…

നിന്ന വേഷത്തിൽ കമല റോഡിലേയ്ക്ക് നടക്കാൻ തുടങ്ങി.
ആളുകൾ അവളെ നോക്കി പിറുപിറുത്തു.
സുഖമില്ലാത്ത കുട്ടിയാ ആരെങ്കിലും പിടിച്ചു വീട്ടിൽകൊണ്ടാക്ക്.
ആരൊക്കയോ പിറകെ കൂടി…
കമലയുടെ നടത്തത്തിനു വേഗം കൂടി..
കോടതി മുറ്റത്ത്‌ കമലയോടൊപ്പം ഒരു വൻ ജനാവാലി തന്നെയുണ്ടായിരുന്നു.

കഥയറിയാത്തവർ മറ്റുള്ളവരോട് കാര്യം തിരക്കി.

ഇത് കമല.
അവളുടെ മകൾ നഴ്സിംഗ് സ്റ്റുഡന്റായിരുന്നു.
ക്ലാസ്സ്‌ കഴിഞ്ഞ് വരുന്ന വഴിയ്ക്ക് വഴിയിൽ തടഞ്ഞ് ഒരു കൂട്ടം ചെറുപ്പക്കാർ ലഹരിയുടെ ബലത്തിൽ അവളെ ക്രൂരമായി ആക്രമിച്ചു.
അവൾ മരിച്ചു. ആ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയാണ്.

കഥ കേട്ടവർ കമലയെ സഹതാപത്തോടെ നോക്കി.
പ്രതികളെയും കൊണ്ട് പോലീസ് വാഹനം കോടതി മുറ്റത്തെത്തി.

തന്റെ മകളുടെ ചോര വാർന്ന ശരീരം ഓർമ്മ വന്നപ്പോൾ കമല മുന്നോട്ടഞ്ഞു.
പോലീസുകാർ അവളെ തടയാൻ മുന്നിലേക്ക്‌ നീങ്ങി….

അവൾ പ്രതികൾക്ക് നേരെ നോക്കി.

തൃപ്തിയായോ തൃപ്തിയായോടാ നിനക്കൊക്കെ.
അവൾ ഒരുവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. അവനെ മുന്നോട്ടും പിന്നോട്ടും തള്ളി.

തിരിച്ചു താ. എന്റെ മോളെ.. തിരിച്ചു താടാ…
എന്തു ദ്രോഹമാ.. അവൾ നിന്നോട് ചെയ്തത്. അവൾ കൈവീശി അവരുടെ മുഖത്താഞ്ഞടിച്ചു.

പോലീസുകാർ പ്രതികളുമായി കോടതിമുറിയ്ക്കുള്ളിലേയ്ക്ക് പോയി.
കുറച്ചു പോലീസുകാർ കമലയുടെ നേരെ അടുത്തു. അവർ അവളെ വിലങ്ങു വെയ്ക്കാൻ ഒരുങ്ങി. കമല അവരുടെ കൈതട്ടിയെറിഞ്ഞു.

ആർത്തലച്ചു വന്ന കൊടുങ്കാറ്റിനെതിരെ അടിപതറാതെ അലറിവിളിച്ചു കമല.
അഴിഞ്ഞുലഞ്ഞ മുടിയിഴകൾ ചിതറിപറക്കുന്നുണ്ട്. കണ്ണുകളിലെ അഗ്നിയും എന്തിനും പോന്ന ധൈര്യവും കണ്ടപ്പോൾ ആളുകൾക്ക് അവളൊരു ശക്തിരൂപിണിയാണെന്ന് തോന്നി.

വിരൽ ചൂണ്ടി അവൾ ചുറ്റുമുള്ളവരോട് ചോദിച്ചു.

നിങ്ങളെല്ലാവരും എന്താ നാടകം കാണുകയാണോ..?
ഇതെനിക്ക് മാത്രം സംഭവിച്ച കാര്യമായണോ നിങ്ങൾ കരുതുന്നത്.
എന്നാൽ കേട്ടോ നിങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഇത് സംഭവിയ്ക്കാൻ ഇനി ഏറെ താമസമില്ല.
ലോകം നശിക്കാൻ പോകുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾ അറിഞ്ഞും അറിയാതെയും ലഹരിയ്ക്കടിമകളാകുകയാണ്.

അവർ സ്വയം കൊന്നും കൊലവിളിച്ചും ഇവിടെ ചോരപ്പുഴ ഒഴുക്കുകയാണ്.
മടിയിലിരുന്നു ചിരിച്ചു കാണച്ച് കഴുത്തറക്കുന്നു.
കൂട്ടക്കുരുതികൾ നടത്തുന്നു. കൂസലില്ലാതെ പുറത്തിറങ്ങി നടക്കുന്നു.

ഭയത്തോടെയല്ലാതെ മക്കൾ പുറത്തുപോയി വരുമ്പോൾ അവരെ സമീപിക്കാൻ പറ്റുമോ.
ഭ്രാന്ത് പിടിച്ച ഈ സമൂഹദ്രോഹത്തെ എന്തു കൊണ്ടാണ് കണ്ടിട്ടും കാണാത്ത മട്ടിൽ നിങ്ങൾ നടക്കുന്നത്.
എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു.

കമലയുടെ വാക്കുകളിൽ വേദന നിറഞ്ഞു.
കൊഴിഞ്ഞു പോയ ഇലകളൊന്നും
ചില്ലയിൽ ചേർത്തു വെയ്ക്കാനാവില്ല.

ഇവർക്ക് കൊടുക്കേണ്ട ശിക്ഷ കേവലം ജയിലിൽ അടയ്ക്കുക മാത്രമാണോ…
ഈ സമൂഹത്തിനെ, ഈ നാടിനെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ രക്തസാക്ഷിയായതാണ് എന്റെ മകൾ.
നാളെ നിങ്ങളുടെ ഓരോവീടുകളിലും ഒന്നുകിൽ ഒരു രക്തസാക്ഷി, അല്ലെങ്കിൽ ഒരു കൊലപാതകി ഉണ്ടാകതിരിക്കാൻ,… ജാതിയും മതവും മറന്ന്, രാഷ്ട്രീയവും, അധികാരവും ഇല്ലാതെ.. ഒറ്റകെട്ടായി പൊരുതാൻ മനസ്സുള്ളവർ എന്റെയൊപ്പം കൂടൂ..
നമുക്കുനടപ്പാക്കാം ഇവരുടെ ശിക്ഷ…

കൂടി നിന്ന ജനങ്ങളിൽ ഒരു ചലനമുണ്ടായി.
സ്ത്രീകൾ പലരും മുന്നോട്ടു വരാൻ തുടങ്ങി…
ഞങ്ങളുണ്ട്, ഞങ്ങളുണ്ട്…പലരും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…
നിമിഷം കൊണ്ട് കമലയ്ക്കു പിന്നിൽ ഒരു നാട് മുഴുവൻ അണിനിരന്നു.
അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.
പല മതത്തിലും,പലരാഷ്ട്രീയത്തിലുള്ളവരും ഉണ്ടായിരുന്നു. ഡോക്ടർമാരും, വക്കീലന്മാരും പോലീസുകാരും ജഡ്ജിമാരുമുണ്ടായിരുന്നു. തൊഴിലാളികളും മുതലാളിമാരുമുണ്ടായിരുന്നു.
അവർക്കു മുന്നിൽ വ്യത്യാസങ്ങളോ ഭേദങ്ങളോ പകരാത്ത ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…

ലഹരി നിർമാർജ്ജനം.
ഒറ്റയ്ക്ക് നിന്നാൽ സാധ്യമാകാത്ത പലതും ഒരേ മനസ്സോടെ ഒന്നിച്ച് നിന്നാൽ സാധ്യമാകും.

നാളത്തെ പുലരികൾ ലഹരിയുടെ വിഷം തീണ്ടാത്ത വെളിച്ചമാകട്ടെ..
വരുവിൻ നമുക്കൊന്നിച്ചു പൊരുതാം..

ലഹരിയുടെ പുകമറയിൽ നിന്നും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ശുദ്ധവായൂ ശ്വസിയ്ക്കാൻ നമുക്കും ഒന്നിച്ച് നിൽക്കാം…

✍️ അനിത മുകുന്ദൻ

RELATED ARTICLES

2 COMMENTS

  1. ഇന്നത്തെ അവസ്ഥ …….. നന്നായിട്ട് അവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments