Friday, December 5, 2025
Homeഅമേരിക്കകുട്ടീസ് കോർണർ (എൺപത്തിനാലാം വാരം ) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

കുട്ടീസ് കോർണർ (എൺപത്തിനാലാം വാരം ) ✍അവതരണം: സൈമ ശങ്കർ, മൈസൂർ

ഹായ് കുട്ടീസ്!!

ഈ ആഴ്ച നമുക്ക് A)ചിത്രശലഭത്തെ കുറിച്ചൊരു പഠനം. B)വാക്കിലെ പകരക്കാരൻ C)ഹോജ തമാശ, പിന്നെ കുറച്ചു D)പഴഞ്ചൊല്ല്കളും,
കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങളിൽ അവ വരച്ചു നോക്കിയോ?മനസ്സിന്റെ ഉല്ലാസത്തിനും, ഏകാഗ്രതയ്ക്കും ചിത്ര രചന ഏറെ പ്രയോജനം ചെയ്യും 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

A) ചിത്ര ശലഭം (14)


മഞ്ഞപ്പുൽത്തുള്ളൻ

പുൽമേടുകളിൽ സാധാരണ കാണാറുള്ള ചിത്രശലഭമാണ് മഞ്ഞപ്പുൽത്തുള്ളൻ (Taractrocera ceramas).പശ്ചിമഘട്ടവും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളുമാണ് ഇവയുടെ താവളങ്ങൾ. മ്യാന്മറിലും ഇവയെ കാണാറുണ്ട്. പതുക്കെ തെന്നിതെന്നിയാണിവ പറക്കുന്നത്. അധികം ഉയരത്തിൽ പറക്കാറില്ല. ചെറു പൂക്കളാണ് പ്രിയം. മഴക്കാലത്താണ് കൂടൂതൽ കാണപ്പെടുന്നത്.
ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. ചിറകിൽ ഓറഞ്ച് നിറത്തിലുള്ള പുള്ളികൾ കാണാം. മുൻചിറകിന്റെ പുറത്ത് മധ്യത്തായി കാണുന്ന പുള്ളികൾ ചിറകു മൂലയിലെ പുള്ളികൾക്കടുത്താണ് കാണുന്നത്. അതേ സമയം താഴത്തെ പുള്ളികളിൽ നിന്ന് അവ അകന്നിരിക്കും. പിൻചിറകിന്റെ പുറത്ത് രണ്ട് ജോടികളായി നാല് പുള്ളികൾ കാണാം. ഇവയുടെ ക്രമീകരണം നേർരേഖയിലല്ല. ചിറകിന്റെ അടിവശത്ത് കാവിനിറത്തിൽ ഇരുണ്ട പുള്ളികൾ കാണാം.
നെല്ലിലും പുല്ലിലുമാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ക്രീം നിറമാണ്. അർധഗോളാകൃതിയാണ്. ശലഭപ്പുഴു ഇളം മഞ്ഞയും പച്ചയും നിറം കലർന്നതാണ്. ഇല ചുരുട്ടിയാണ് ഇവ കൂടുണ്ടാക്കുന്നത്. പുഴുപ്പൊതിക്ക് മഞ്ഞനിറമാണ്.

📗📗

👫B) വാക്യത്തിലെ പകരക്കാരൻ

കുട്ടീസ്……!😍 വാക്യത്തിലെ പകരക്കാരൻ ഈ ആഴ്ചയും അറിഞ്ഞോളൂ

മലയാളത്തിൽ ഒരു വാക്യം അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥം ഒരു പദം ഉപയോഗിച്ച് എളുപ്പത്തിൽ പകരക്കാരൻ ആകാൻ പറ്റും. പരീക്ഷകൾ, അധ്യാപകർ, കുട്ടികൾ, ജോലി തേടുന്നവർ..അങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിൽ വളരെ പ്രയോജനം നൽകുന്ന നല്ലൊരു ശേഖരമാകുന്നു ഇത് എന്ന് മുൻപേ പറഞ്ഞിരുന്നല്ലോ. 😍

1) പാദം മുതൽ തല വരെ –

ആപാദചൂഡം

2) പിശാചിന്റെ ഭാവം –

പൈശാചികം

3) മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നവൻ –

പരോപകാരി

4) കൂടെ ജനിച്ചവൻ –

സഹജൻ

5) കൂടെ വസിക്കുന്നവൻ –

സഹവാസി

6) കൂടെ പ്രവർത്തിക്കുന്നവൻ –

സഹകാരി

7) ഉയർച്ച ആഗ്രഹിക്കുന്നവൻ –

ഉൽക്കർഷേച്ഛു

8) കൂടുതൽ സംസാരിക്കുന്നവൻ –

വാചാലൻ

9) ബാലൻ മുതൽ വൃദ്ധൻ വരെ –

അബാലവൃദ്ധം

10) മൃഗത്തിന്റെ പെരുമാറ്റം –

മൃഗീയം

📗📗

👫C) ഹോജ( മുല്ല) നസ്രുദീന്റെ തമാശ (17)

ജനിക്കുന്ന കലങ്ങൾ മരിക്കുന്ന കലങ്ങൾ

അയൽവീട്ടിൽ ഒരു സദ്യ ഒരുക്കാൻ നസ്രുദീൻ തന്റെ കലം കടംകൊടുത്തു. ആവശ്യം കഴിഞ്ഞ്‌ കലം തിരിച്ചുകൊടുക്കുമ്പോൾ അയൽക്കാരൻ ഒരു കുഞ്ഞുകലം കൂടി ഒപ്പം കൊടുത്തു.
‘ഇതെന്താ?’ മുല്ലാ ചോദിച്ചു.
‘നിങ്ങളുടെ സ്വത്ത്‌ എന്റെ കൈവശമായിരുന്നപ്പോൾ അതിനു ജനിച്ച സന്തതിയാണിത്‌; നിയമമനുസരിച്ച്‌ അതിന്റെ അവകാശി നിങ്ങളാണ്‌,’ അയൽക്കാരൻ മുല്ലായെ കളിയാക്കാനായി ചെയ്തതാണത്‌.
പിന്നൊരിക്കൽ നസ്രുദീൻ തന്റെ അയൽക്കാരന്റെ പക്കൽ നിന്ന് കുറേ കലങ്ങൾ കടം വാങ്ങി; പക്ഷേ പിന്നെ തിരിച്ചുകൊടുക്കാൻ പോയില്ല.
ഒടുവിൽ അയാൾ മുല്ലായുടെ വീട്ടിൽച്ചെന്ന് തന്റെ കലങ്ങൾ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.
‘എന്തു ചെയ്യാനാ കൂട്ടേ!,’ മുല്ലാ പരിതപിച്ചു. ‘ഒക്കെ ചത്തുപോയി. കലങ്ങൾ ജീവനുള്ളവയാണെന്ന് നമുക്കു മനസ്സിലായിട്ടുള്ളതല്ലേ! ജനിച്ചവ മരിക്കുകയും വേണമല്ലോ!’

📗📗

👫 D) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (21)

1) വെടക്കാക്കി തനിക്കാക്കുക

സ്വന്തമാക്കനുദ്ദേശിക്കുന്ന എന്തിനേയും മോശമായി ചിത്രീകരിച്ച് മറ്റുള്ളവരെ അകറ്റിയശേഷം അത് സ്വന്തമാക്കുക

2) വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല

അവിവേകികളെ നമ്മൾ എത്ര ഉപദേശിച്ചിട്ടും പ്രയോജനമില്ല. അവർ വെട്ടാൻ വരുന്ന പോത്തിനെപ്പോലെയാണ്. നമ്മളുടെ ഉപദേശം അല്ലെങ്കിൽ നിർദ്ദേശം അവർ ചെവിക്കൊള്ളുകയില്ല

3) വെളുക്കാൻ തേച്ചത് പാണ്ടായി

ഒരു നല്ലകാര്യം ആകുമെന്ന് വിചാരിച്ചു ചെയ്തത് മോശം കാര്യമായിപ്പോയി

4) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

ഒന്നും അസാധ്യമല്ല

5) വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം

വഴി തെറ്റി നടക്കുന്നവൻ ആപത്തിൽ ചെന്നുചാടും.

6) ഈറ്റെടുക്കാന്‍

പോയവള്‍ ഇരട്ടപെറ്റു.

സഹായിക്കാന്‍ പോയ ആളിനു സഹായം
വേണ്ടിവരുന്ന അവസ്ഥ.

7) ഉണ്ടചോറ്റില്‍ കല്ലിടരുത്.

ഉപകാരം ലഭിച്ചിടത്ത് നന്ദികേടു കാണിക്കരുത്.

8) ഇരുന്നാല്‍ പൂച്ച, പാഞ്ഞാല്‍ പുലി.

വെറുതെയിരിക്കുമ്പോള്‍ ശാന്തനായി
കാണപ്പെടുമെങ്കിലും കാര്യം വരുമ്പോള്‍ ശൂരന്‍.

9) ഇരുന്നുണ്ടാല്‍ കുന്നും കുഴിയും.

അധ്വാനിക്കാതെ പൂര്‍വികസ്വത്തു ധാരാളിച്ചാല്‍
എത്ര വലുതായാലും ഒരിക്കല്‍ തീരും.

10) ഊന്നു കുലയ്ക്കില്ല, വാഴയേ കുലയ്ക്കു.

പ്രധാനിയില്‍ നിന്നു കിട്ടുന്നതൊന്നും
അദ്ദേഹത്തിന്റെ സഹായിയില്‍നിന്നു പ്രതീക്ഷിക്കരുത്.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (68)

അവതരണം:
സൈമ ശങ്കർ മൈസൂർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com