1927 മേയ് 10-ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു. വിദ്യാഭ്യാസാനന്തരം ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1953 മുതൽ 1982 വരെ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി.
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത്. പതിനഞ്ചാം വയസിൽ “യുഗപ്രപഞ്ചം” എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടു തുടങ്ങി. പിന്നീട് പഴഞ്ചൊല്ലുകൾ പോലെയോ കടങ്കഥകൾ പോലെയോ നാല് വരിയിലൊതുങ്ങുന്ന കവിതകൾ എഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “കുട്ടേട്ടൻ” എന്ന പേരിൽ ബാലപംക്തി എഴുതിയിരുന്നു. അതിനു ശേഷം “മലർവാടി” എന്ന കുട്ടികളുടെ മാസികയിൽ1981 ജനുവരി മുതൽ അദ്ദേഹം “കുഞ്ഞുണ്ണിമാഷും കുട്ട്യോളും” നീണ്ട 22 വർഷം ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ, മുതിർന്നവരെയും കുട്ടികളെയും ഒന്നുപോലെയാകർഷിച്ചു. കുഞ്ഞുണ്ണിമാഷിൻ്റെ ‘കാൽശതംകുഞ്ഞുണ്ണി’ എന്നപേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ചു കവിതകൾ പേജ്”എന്ന പേരിലായിരുന്നു. “നേതാവ് എന്നാൽ “നീ താഴ് നീ താഴ് ” എന്ന് അണികളോട് പറയുന്നവനാണ്” എന്നദ്ദേഹത്തിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടു.
“സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ”എന്ന തത്വ
ശാസ്ത്ര സമീപനവും
“പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.”എന്ന ഗൗരവമായ നർമ്മവും ”
“കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം”
എന്ന നൂറ്റാണ്ടിന്റെ ശബ്ദവും അദ്ദേഹത്തിന്റേതാണ് .
ആത്യന്തികമായി ബാല സാഹിത്യകാരനായ അദ്ദേഹം പറഞ്ഞതൊക്കെയും എല്ലാകാലത്തേക്കും എല്ലാവര്ക്കും കൂടിയുള്ളതായിരുന്നു.
രൂപപരമായ ഹ്രസ്വതയെ ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. ഇന്ന് മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന ഹൈക്കു കവിതകളുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കാം.
ഉപഹാസപരതയും ആത്മവിമർശനവും നർമ്മവും ചേർന്ന കവിതകൾ, ആബാലവൃദ്ധം ജനങ്ങളെയും ഒന്നുപോലെയാകർഷിച്ചതാണ് കുഞ്ഞുണ്ണിമാഷിൻ്റെ പ്രസക്തി വർധിപ്പിക്കുന്നത്. ‘കാൽശതംകുഞ്ഞുണ്ണി’ എന്നപേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ചു കവിതകൾ മലയാള കവിതാ സാഹിത്യത്തിന്റെ വളർച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അദ്ദേഹത്തിൻ്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും ഊന്നൽ കൊടുത്തു. ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റവരിയിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സമഗ്ര ദർശനവും ഉണ്ടായിരുന്നു. ഇതുപോലെ സാഹിത്യത്തെ കൈകാര്യം ചെയ്ത ആരും ലോക സാഹിത്യത്തിൽ തന്നെ ഇല്ലെന്നു പറയേണ്ടി വരും.
അവിവാഹിതനായിരുന്ന അദ്ദേഹം കുട്ടികളോട് നിരന്തരം സല്ലപിക്കുമായിരുന്നു. പേരുപോലെ കുട്ടികൾക്കിടയിൽ കുഞ്ഞുണ്ണിയാകാൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. കുഞ്ഞുണ്ണിമാഷ് 2006 മാർച്ച് 26-നു അന്തരിച്ചു.
“ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല” എന്നും കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്നു.
ഇഷ്ടം
Nannayitund
നല്ല എഴുത്ത്..
കുഞ്ഞുണ്ണി
മാഷിനെ നന്നായി ഓർമ്മി ക്കുവാൻ തക്കവണ്ണം ഉള്ള എഴുത്ത്
നല്ല അവതരണം