കുഞ്ഞി കൂട്ടുകാരികൾ എല്ലാം ഓരോസം കഴിയുമ്പോൾ പൊഴിഞ്ഞു പോകുന്നു .
പുതിയ ചില കുഞ്ഞു പെൺ കണ്ണുകൾ വേലിച്ചീരകൾക്കിടയിൽ കാണാം.
പേടിനിറഞ്ഞ പിഞ്ചു കൈകൾ അടുക്കളപ്പുറത്തു ചാരമിട്ടു കിണ്ടി മോറുന്നു .
പെറ്റിക്കോട്ടിട്ടു ഇന്നാള് കെട്ടി ക്കേറിവന്ന ‘താറ’പ്പെണ്ണു മുളകരിഞ്ഞ കൈകൾ വെള്ളത്തിൽ വെച്ചു തണുപ്പിക്കുന്നു . എന്തോരം കഴുകിയാലും തീരാത്ത തുണിക്കെട്ടുകൾ പുഴയിൽ കഴുകി കഴുകി ഉലമ്പുന്നു .
ബുദ്ധി ഉറയ്ക്കും മുമ്പേ കെട്ടിച്ചു വിട്ടില്ലെങ്കിൽ പെണ്ണു കെട്ടുപോകും.
മുലകുടി മാറാത്ത പെണ്ണിനെ കെട്ടിക്കൊണ്ടു വന്ന കഥകൾ പറഞ്ഞു ചെമ്പിയും ഔതെയും കറ വീണ പല്ലുകാട്ടി ചിരിച്ചു കുഴഞ്ഞു മറിയുന്നു .
കെട്ടുകഴിഞ്ഞു രണ്ടുനാൾ കഴിഞ്ഞ മോന്തി നേരത്തു കുഞ്ഞിപ്പെണ്ണിന്റെ
‘അമ്മകണ്ടു, പുറത്തെ വാതിൽ കീറിനരികിൽ പേടിച്ചരണ്ട രണ്ടു കണ്ണുകൾ.
ഒറ്റത്തോർത്തുടുത്തു താലിച്ചരടും ഇട്ടു കുഞ്ഞിപ്പെണ്ണങ്ങനെ ദയനീയമായി നിൽക്കുന്നു .
ഇനിയെന്നെ അങ്ങോട്ടു വിടല്ലമ്മേ
കുഞ്ഞിപ്പെണ്ണു തൊള്ള പൊട്ടി കരഞ്ഞു
കാലിയായ മാറും താലിച്ചരടും മഴപെയ്തപോലെ നനഞ്ഞു .
പമ്പരവും ഓലപ്പന്തും കുഞ്ഞിപ്പെണ്ണിനെ കണ്ടു നെലോളിച്ചു . തൊണ്ടപൊട്ടി അമറി കൂട്ടത്തിൽ കളിച്ച ആട്ടിൻകിടാവ്
തക്കും തിക്കും നോക്കിയമ്മ
മുണ്ടിൻ തുമ്പെടുത്തെളിയിൽ കുത്തി. കുഞ്ഞിപ്പെണ്ണിനെ എടുത്തോക്കത്തിരുത്തി
കുണ്ടൻകുന്നിന് താഴേത്തൊടിയിലെ വീട്ടിലേയ്ക്കമ്മ ആഞ്ഞു നടന്നു.
നാട്ടുപിറപ്പുകൾ ആ പോക്കു കണ്ടു മൂക്കത്തു വിരൽവെച്ചു .
കെട്ടിച്ചു വിട്ട പെണ്ണു കെട്ടിയോന്റെ പുരയിലിരിക്കണം
കുഞ്ഞിപ്പെണ്ണിനു നല്ലബുദ്ധി കൊടുക്കണേ പുണ്യാളാ
രണ്ടു കോഴിയെ പുതുപ്പള്ളി നടയിൽ അമ്മ നേർന്നു.
പതിനഞ്ചു വയസ്സായ കെട്ടിയോൻ വറീത്
താഴേത്തൊടിയിൽ കാൽപ്പന്തു കളിക്കുന്നു .
കനലു കണ്ണിലെരിച്ചു നിൽക്കുന്നു ഏലിത്തള്ള .
കുഞ്ഞിപ്പെണ്ണു പിന്നേം ആട്ടുകല്ലിൽ കളം വരച്ചു . കന്നിനു പുല്ലരിഞ്ഞു . നെരിപ്പോടിനു മുകളിൽ തൊണ്ടുവെച്ചു മൂത്തമ്മയുടെ ക്ക്രാസക്കടിയിൽ വെച്ചു .
പ്രളയമുണ്ടാക്കുന്ന മഴ വന്നൊന്നു ഒലിച്ചു പോണേന്നു പുണ്യാളനോട് അവൾ രഹസ്യം പറഞ്ഞു .
ഒരു ചീന്തു തഴപ്പാ ചുരുട്ടിപിടിച്ചു രാത്രിയിൽ കുഞ്ഞിപ്പെണ്ണൊരു മൂലയിൽ അന്തം വിട്ടുനിൽക്കും .
ഇരുട്ടിലൊരു കൈ വന്നവളെ വലിച്ചടുപ്പിച്ചു കെട്ടിപ്പുണരും .
ആട്ടിൻകുട്ടിയെ കെട്ടിപ്പിടിച്ചു കച്ചിത്തുറുമേലെ കുത്തിമറിഞ്ഞതു കുഞ്ഞിപ്പെണ്ണിനപ്പോൾ ഓർമ്മവരും .
ഒറ്റകുറിയാണ്ടഴിഞ്ഞു പോയത് ഇരിട്ടിലൊത്തിരി തപ്പിത്തടയും .
ചക്കു വലിക്കണ മൂരി പോലെ കുഞ്ഞിപ്പെണ്ണു പിന്നേം കറങ്ങിക്കൊണ്ടിരുന്നു .
വയറുനിറച്ചുണ്ണുന്നതു ക്നാവു മാത്രം ആയി .
ചീര ത്തണ്ടും ഇലയും കഞ്ഞിവെള്ളത്തിലിട്ടു മോന്തിയും ചക്കക്കുരു ചുട്ടുതിന്നും വട്ടക്കൂറ പോലെ ചുരുണ്ടും .
കച്ച തോർത്തു കെട്ടി പള്ളയെരിയാതെ നിർത്തി
കെട്ടിച്ചു വിട്ട പെണ്ണുങ്ങടെ മാനം കാത്തു .
അമ്മ അനിയനെ പെറ്റതറിഞ്ഞു
കുണ്ടൻകുന്നു കടന്നൊന്നു പോയികണ്ടു .
മാറിനുകുറുകെ കുറിയാണ്ടിടുന്ന പച്ച പഷ്ക്കാരി ആയി കുഞ്ഞിപ്പെണ്ണിപ്പോൾ.
തിളയ്ക്കുന്ന ചെമ്പിൽ നെല്ലു കോരിയിട്ടപ്പോൾ കുഞ്ഞിപ്പെണ്ണിനു കണ്ണിലിരിട്ടുകേറി.
കട്ടൻകപ്പ പുഴുക്കിന്റെ ചൂരടിച്ചു കുഞ്ഞിപ്പെണ്ണു ഓക്കാനിച്ചു ചാണകത്തറയിൽ തളർന്നു വീണു
മാസം ആറാണെന്ന് പേറ്റിച്ചി തറുത
പ്രഖ്യാപിച്ചു.
ചൊടിയോടെ പണിതാൽ പെടാപ്പാടില്ലാതെ പിള്ളയും മറുപിള്ളയും പെട്ടന്നു പിരിഞ്ഞു കിട്ടും . തറുത പറഞ്ഞു വെച്ചു .
കപ്പയ്‌ക്കിട കിളയ്ക്കുമ്പോൾ കുഞ്ഞിപ്പെണ്ണിനു ഈറ്റുനോവ് വന്നു .
രണ്ടുകണ്ടി തടം കൂടി എടുത്തിട്ടു പെറ്റാൽമതി, ഏലിത്തള്ള കട്ടായം വെച്ചു.
പ്ലാവില കീറിൽ തുടയിലൊഴുകുന്ന
ചോര കോരി കാട്ടി തെളിവിനായി .
കിഴക്കേ ചായിപ്പിൽ പേറ്റുപലകയിൽ
കുഞ്ഞിപ്പെണ്ണു പെറ്റൊരു എല്ലരിച്ച കുഞ്ഞിനെ രെതിയറിയാതെ .
പെണ്കുഞ്ഞാണ്,തറുത പുക്കിൾ കൊടി അറുത്തു കൊണ്ട് പറഞ്ഞു .
ദുരിത വഴിയിലേയ്ക്കൊന്നു കൂടി
കാതങ്ങളെത്ര താണ്ടുവാൻ .




അവ്യക്തമായ എന്തിനെന്നറിയാത്ത ഒരു നോവാകുന്നു ഈ കഥ
ഇതു വായിച്ചിട്ട് എനിക്ക് വയ്യ
നിഷയുടെ കഥകൾക്കായി വീണ്ടും കാത്തിരിക്കുന്നു