Thursday, January 8, 2026
Homeഅമേരിക്കഅതുല്യ കലാകാരൻ : 48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

അതുല്യ കലാകാരൻ : 48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്.

മലയാളിയുടെയും മലയാളി ജീവിതത്തിന്റെയും കണ്ണാടിയായിരുന്നു ശ്രീനിവാസൻ. ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ നടൻ. ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യവിമർശനവും നിറച്ച കഥാപാത്രങ്ങൾ. സാധാരണക്കാരൻ എന്ന അസ്തിത്വത്തെ അവ ആഘോഷിച്ചു. അമിതമായ ചലനങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ലാത്ത ശ്രീനിവാസൻ കഥാപാത്രങ്ങൾ ഹാസ്യത്തിന് പുതിയ ഭാഷ രചിച്ചു.

നാടോടിക്കാറ്റി’ലെ ദാസൻ, ‘സന്ദേശ’ത്തിലെ പ്രഭാകരൻ, ‘കഥ പറയുമ്പോഴിലെ ബാർബർ ബാലനും അറബിക്കഥയിലെ ക്യൂബ മുകുന്ദനും ഉദയനാണ് താരത്തിലെ സരോജ് കുമാറും മലയാളിക്ക് മറക്കാനാകാത്ത വേഷങ്ങളായി. ഹാസ്യവേഷങ്ങളും സ്വഭാവ റോളുകളും നായകവേഷങ്ങളും ശ്രീനിവാസന് ഒരുപോലെ ഇണങ്ങി.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.

ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകർഷതാബോധമുള്ള ഒരു ഭർത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂർവ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.

വിമല ശ്രീനിവാസനാണ് ഭാര്യ. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കൾ. മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സംഭാവനകൾ നൽകിയാണ് ശ്രീനിവാസൻ വിട വാങ്ങുന്നത്. കാലാതിവർത്തിയായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ പ്രേക്ഷകഹൃദയങ്ങളിൽ അനശ്വരനായി തുടരുക തന്നെ ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com