2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണം – “ബിരിയാണി “.
’ബിരിയാണി’ പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം ബിരിയാണി ഓർഡർ ചെയ്യുന്നുവെന്നാണ് വാർഷിക റിപ്പോർട്ടിലുള്ളത്.
ഒരു ബിരിയാണിക്ക് എത്രയാണ് വിലയെന്ന് ഏറെക്കുറെ നമുക്കറിയാം. പല സ്‌ഥലത്തും പല വിലയായിരിക്കും ഈടാക്കുക. എന്നാൽ, ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണിയുടെ വില എത്രയാണെന്ന് അറിയാമോ? പ്ളേറ്റിന് 20,000 രൂപയോളം വരും. കേൾക്കുമ്പോൾ അൽഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ദുബായിലെ ഒരു ഇന്ത്യൻ റെസ്‌റ്റോറന്റ് നൽകുന്ന ബിരിയാണിയുടെ വിലയാണിത്.
‘റോയൽ ഗോൾഡ് ബിരിയാണി’ എന്നാണിതിന്റെ പേര്. ഇതിൽ ഭക്ഷ്യയോഗ്യമായ സ്വർണമൊക്കെയുണ്ട് കേട്ടോ. മൂന്ന് കിലോയോളം ചോറുൾപ്പെടുന്നതാണ് ഈ ബിരിയാണി. 14,000 കിലോയാണ് ലോകത്തിലെ ഏറ്റവും വലിയ ബിരിയാണിയുടെ ആകെ ഭാരം. 2008ൽ ന്യൂഡെൽഹിയിലാണ് ഈ വമ്പൻ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത്.
60 പാചകക്കാർ ന്യൂഡെൽഹി സ്പോർട്‌സ് സ്‌റ്റേഡിയത്തിൽ ഒരുക്കിയ വലിയ പാത്രങ്ങളിലാണ് ബിരിയാണി തയ്യാറാക്കിയത്. മൂന്നടി പൊക്കമുള്ള ഫർണസിലായിരുന്നു ബിരിയാണി തിളച്ചത്. അഗ്‌നിരക്ഷ നൽകുന്ന പ്രത്യേക വസ്‌ത്രങ്ങൾ അണിഞ്ഞാണ് പാചകക്കാർ അണിനിരന്നത്. പാത്രത്തിന് 16 അടി പൊക്കമുണ്ടായിരുന്നു. ആറുമണിക്കൂർ സമയം ഈ ബിരിയാണിയുടെ പാചകത്തിനായി വേണ്ടിവന്നു.
3000 കിലോ ബസ്‌മതി അരി, 85 കിലോ മുളക്, 1200 ലിറ്റർ എണ്ണ, 3650 കിലോ പച്ചക്കറികൾ ഇതിനായി ഉപയോഗിച്ചു. 86 കിലോ ഉപ്പും ഇതിലേക്കിട്ടു. 6000 ലിറ്റർ വെള്ളമാണ് ബിരിയാണിയിലേക്ക് ഒഴിച്ചത്. അരിയും മറ്റ് വസ്‌തുക്കളും ബിരിയാണിയിലേക്ക് ഇടാനായി ക്രെയിനും ഉപയോഗിച്ചിരുന്നു. ‘ബിരിയാൻ’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ‘ബിരിയാണി’ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
പാകം ചെയ്യുന്നതിന് മുൻപ് വറുക്കുക എന്നതാണ് ‘ബിരിയാൻ’ എന്ന വാക്കിന്റെ അർഥം. അരിയെന്ന് അർഥം വരുന്ന ‘ബിരിഞ്ച്’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ബിരിയാണി എന്ന വാക്കിലേക്ക് എത്തിയതെന്നും പറയപ്പെടുന്നുണ്ട്.
ഷാജഹാൻ ചക്രവർത്തിയുടെ പത്‌നി മുംതാസ് മഹലാണ് ബിരിയാണി തയ്യാറാക്കാൻ കാരണമായതെന്നും ഒരു കഥയുണ്ട്.
ഒരിക്കൽ മുഗൾ സൈന്യത്തിന്റെ പട്ടാള ബാരക്കുകൾ സന്ദർശിച്ച മുംതാസ് പട്ടാളക്കാർ ആകെ അനാരോഗ്യരായിരിക്കുന്നത് ശ്രദ്ധിച്ചു. മതിയായ പോഷകാഹാരത്തിന്റെ കുറവാണ് ഇതെന്ന് മനസിലാക്കിയ മുംതാസ് ഇറച്ചിയും ചോറും സുഗന്ധദ്രവ്യങ്ങളും ഇടകലർത്തി രുചികരമായ സമീകൃത ആഹാരമുണ്ടാക്കാൻ പാചകക്കാർക്ക് കൽപ്പന നൽകി. ഇങ്ങനെയാണ് ഇന്ത്യയിൽ ബിരിയാണി തുടങ്ങിയതത്രേ.
ഇന്ത്യയിൽ പലതരം ബിരിയാണികളുണ്ട്. വലിയ സുഗന്ധമുള്ള ബിരിയാണിയാണ് മുഗ്‌ളൈ ബിരിയാണി. മുഗൾ രാജവംശത്തിന്റെ സംഭാവനയാണ് ഈ ബിരിയാണി. ഒരുപാട് സുഗന്ധദ്രവ്യങ്ങളും ഉണക്കിയ പ്ളമ്മുകളും ഉപയോഗിക്കുന്ന ബോംബൈ ബിരിയാണിയും പ്രശസ്‌തമാണ്. ഇന്ത്യൻ ബിരിയാണിയിൽ രാജാവാണ് ഹൈദരാബാദി ബിരിയാണി. ഹൈദരാബാദിലെ ഭരണാധികാരിയായ നിസ ഉൽ മാലിക്കാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. ബാംഗളൂരിയാൻ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ദിണ്ടിഗൽ
ബിരിയാണി, കേരളത്തിന്റെ സ്വന്തം കോഴിക്കോടൻ ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി ബിരിയാണി വിഭാഗങ്ങൾ രാജ്യത്ത് ഒട്ടേറെയുണ്ട്.
ജപ്പാനിൽ ഈയിടെ ഒരു ട്യൂണ (ചൂര) വിറ്റത്
11 കോടി രൂപയ്ക്ക്
നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ, അങ്ങ് ജപ്പാനിൽ ഈ മീനിന് ഭയങ്കര ഡിമാൻഡാണ്. റെക്കോർഡ് വിലയിൽ വിൽപ്പന നടക്കുന്ന ഈ മീനിന് അവിടെ വിവിഐപി പരിഗണനയാണ്. ജപ്പാനിൽ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 11 കോടി രൂപയ്‌ക്കാണ്. നിങ്ങൾ ഒന്ന് ഞെട്ടിക്കാണുമല്ലേ?
സംഭവം ഉള്ളതാണ്. 276 കിലോ ഭാരമുള്ള ട്യൂണയാണ് ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്‌ക്ക് വിറ്റുപോയത്. ഒരു മോട്ടോർബൈക്കിന്റെ വലിപ്പവും ഭാരവും ഉണ്ടായിരുന്ന മൽസ്യത്തെ, അമോറിയുടെ വടക്കുകിഴക്കൻ പ്രിഫെക്‌ചറിലെ ഒമാ തീരത്ത് നിന്നാണ് പിടിച്ചത്.
ഭിക്ഷാടകർക്ക് പണം നൽകിയാൽ
നിങ്ങൾക്കെതിരെ പോലീസ് കേസെടുക്കുന്ന
ഇന്ത്യയിലെ ഒരു സ്ഥലം
സൂക്ഷിച്ചോളൂ, ഇന്ത്യയിലെ ഈ നഗരത്തിലെ ഭിക്ഷാടകർക്ക് പണം നൽകിയാൽ നിങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഏതാണ് ആ രാജ്യം എന്നല്ലേ, മധ്യപ്രദേശിലെ ഇൻഡോർ ആണ് ആ സ്‌ഥലം. ഇൻഡോറിനെ യാചക വിമുക്‌ത നഗരമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പാക്കുക. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ഇൻഡോർ. ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ അവിനാശ് സിങ് പറഞ്ഞു. ഭിക്ഷാടനത്തിന് എതിരായ ബോധവൽക്കരണ ക്യാമ്പയിനുകൾ ഈ മാസം അവസാന വാരം തുടരും.
ജനുവരി ഒന്ന് മുതൽ ആരെങ്കിലും ഭിക്ഷ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഭിക്ഷ യാചിക്കുന്നത് തെറ്റാണെന്നും ഭിക്ഷ നൽകി ഈ കുറ്റത്തിൽ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ താമസക്കാരോടും അഭ്യർഥിക്കുകയാണെന്നും കളക്‌ടർ കൂട്ടിച്ചേർത്തു. ഇൻഡോറിൽ ഭിക്ഷാടന മാഫിയ വ്യാപകമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കർശന നടപടിയുമായി രംഗത്തെത്തിയത്.
ആളുകളെ ഭിക്ഷ യാചിക്കാൻ ഇരുത്തുന്ന മാഫിയകളെ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. യാചകരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇൻഡോറിന്റെ തെരുവുകളെയും യാചകരില്ലാത്ത ഇടമാക്കി മാറ്റുന്നത്. ഡെൽഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇൻഡോർ, ലഖ്‌നൗ, മുംബൈ, നാഗ്‌പുർ, പട്‌ന, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് കേന്ദ്ര പദ്ധതി നടപ്പാക്കുന്നത്.
ഭിക്ഷാടന വിരുദ്ധ പ്രചാരണം നടത്തുന്നതിനിടെ ഇൻഡോർ ഭരണകൂടം പല ഞെട്ടിക്കുന്ന കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ”ചില യാചകർക്ക് നല്ല വീടുണ്ട്. മറ്റു ചിലരുടെ മക്കൾ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ഒരു യാചകനിൽ നിന്ന് 29,000 രൂപ കണ്ടെത്തി. മറ്റൊരാൾ പണം വായ്‌പ കൊടുത്ത് പലിശ വാങ്ങുന്നുണ്ടായിരുന്നു. രാജസ്‌ഥാനിൽ നിന്ന് ഒരു സംഘം, കുട്ടികളുമായി ഇവിടെ ഭിക്ഷാടനത്തിനായി എത്തിയിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് അവരെ രക്ഷപ്പെടുത്തിയത്”- പ്രോജക്‌ട് ഓഫീസർ ദിനേശ് മിശ്ര പറഞ്ഞു.
തയ്യാറാക്കിയത്: കാർത്തിക് ശങ്കർ
കൗതുക വാർത്തകൾ ഇഷ്ടം
നല്ല അവതരണം