നമ്മുടെ നാട്ടിൽ നിത്യേന യെന്നപോലെ സംഭവിച്ചുകൊണ്ടിരിക്കുന്ന പല കുറ്റകൃത്യങ്ങൾക്കും ആത്മഹത്യകൾക്കും പിന്നിൽ സൈക്കോപാത്തുകളുടെ
വൈകല്യ പ്രവൃത്തികളാണ് അരങ്ങേറുന്നത്.
നമുക്കിടയിൽ ഒക്കെ സൈക്കോ പാത്തുകൾ ഉണ്ട്. പക്ഷേ ഇവരെ കണ്ടെത്താൻ, തിരിച്ചറിയാൻ കുറച്ച് ആഴത്തിലുള്ള അറിവ് തന്നെ വേണ്ടിവരും! അല്ലെങ്കിൽ ഒരു സമഗ്രമായ പഠനം തന്നെ വേണ്ടിവരും.പല തരത്തിലുള്ള സ്വഭാവപ്രകടനരീതിയിലെ വൈവിധ്യമാർന്ന വികാരപ്രതിഫലനങ്ങളിലൂടെ ഇവർ തന്നെ വേറിട്ട തലങ്ങളിലുള്ളവരാണ്.
നമുക്കിടയിൽ ജീവിക്കുന്ന പലരും സൈക്കോപാത്തുകൾ ആയിരിക്കാം. എന്നാൽ പെട്ടെന്ന് നമുക്കിവരെ അറിയാൻ കഴിയില്ല.
എന്താണീ സൈക്കോ പാത്ത് ? ഇവരൊക്കെ മനോരോഗികളാണോ? ഇവരെ എങ്ങനെ തിരിച്ചറിയാം… എന്നൊക്കെ അറിയണ്ടേ?
സൈക്കോ പാത്തുകളെല്ലാം ക്രിമിനലുകൾ അല്ല, മനോരോഗികളും അല്ല. സൈക്കോ പാത്ത് ഒരു തരം വ്യക്തിത്വ വൈകല്യമാണ്. മാനസികാവസ്ഥയാണ്.
ഇവർക്ക് യാതൊരു വിധ കുറ്റബോധവും ഉണ്ടാകില്ല.ക്രൂരമായ മനോവൈകൃതങ്ങൾ ഉള്ളവരായിരിക്കും ഇത്തരക്കാർ.സമൂഹത്തിൽ വളരെ നന്നായി പെരുമാറുന്നവരും, ആകർഷകമായ വസ്ത്രധാരണം, വ്യക്തിത്വം,സംഭാഷണചാതുര്യം, പെർഫോമൻസ് ഒക്കെ കാട്ടി ആരെയും ഒരു കാന്തം പോലെ തന്നിലേക്ക് അടുപ്പിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ നമ്മളോടൊപ്പമോ,നമുക്കിടയിലോ, നമ്മുടെ ബന്ധുക്കളിലോ, അയൽപക്കത്തോ, സുഹൃത്തുക്കളുടെ ഇടയിലോ ഒന്നുമുള്ള സൈക്കോ പാത്തുകളെ നമുക്കൊരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.
എന്നാൽ എല്ലാ സൈക്കോപാത്തുകളും ക്രിമിനലുകൾ അല്ല. സീരിയൽകൊലയാളികളും അല്ല. അപ്പപ്പോൾ തോന്നുന്ന വികാരങ്ങൾക്കനുസരിച്ചായിരിക്കും സൈക്കോ പാത്തുകളുടെ പ്രതികരണം. സാമൂഹ്യവിരുദ്ധപ്രവൃത്തികൾ ചെയ്യുകയും അതിൽ യാതൊരു വിധ കുറ്റബോധവും കാണിക്കാതിരിക്കുകയും ചെയ്യുന്ന ഇവർ സഹജീവികളോട് യാതൊരു വിധ സഹാനുഭൂതി ഇല്ലാത്തവരും ഒരു പരിധിയിൽ കവിഞ്ഞ് സ്വയം സ്നേഹികളും (നാർസിസം) ആയിരിക്കും. നാർസിസ്റ്റുകളെക്കുറിച്ച് ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. അവരെക്കാൾ ഒരു പടി മുന്നിലാണ് ഈ സൈക്കോ പാത്തുകൾ.
ഏലന്തൂർ നരബലി കേസിലെ കുറ്റവാളിയായ ഷാഫി ജീവനുള്ള ശരീരത്തിൽ നിന്നും ചോര ചീറ്റി ഒഴുകുമ്പോൾ ഉന്മാദം അനുഭവിച്ചിരുന്നയാളാണ്.
കൂടത്തായി കൊലപാതക പരമ്പരയിലെ ജോളി എന്ന ക്രിമിനൽ സൈക്കോപാത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. കൊല്ലം അഞ്ചലിൽ സ്വന്തം ഭാര്യയെ പാമ്പുകടിപ്പിച്ചു കൊന്ന സൂരജ്, പ്രണയാഭ്യർത്ഥന നിരസിച്ച കുട്ടിയെ വെടിവെച്ച് കൊന്ന യുവാവ്, കാമുകനെ കൊന്ന് വെട്ടിനുറുക്കി ബാഗിൽ ആക്കി ഉപേക്ഷിച്ച് “ഡോക്ടർ കാമുകി” അങ്ങനെ നീളുന്നു നമ്മുടെ നാട്ടിലെ കുറ്റകൃത്യ സംഭവങ്ങൾ! സൈക്കോപാത്ത് പരമ്പരകൾ!
മനസുഖം ,ധനസുഖം, ശരീര സുഖം … സുഖങ്ങൾ തേടിയുള്ള ലക്ഷ്യബോധ യാത്രയിൽ മനുഷ്യരുടെ സ്വാഭാവിക മനസ്ഥിതിയൊക്കെ മാറിയിരിക്കുന്നു. അല്ലെങ്കിൽ കാലം മാറ്റിമറിച്ചിരിക്കുന്നു!
ഇനി ഈ സൈക്കോ പാത്തുകൾക്കുള്ള ഒരു സവിശേഷതയാണ് ഇത്തരം ആളുകൾ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ, ചെയ്താലും അവരുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല എന്നുള്ളത്. വളരെ അടുത്തിടപഴകുമ്പോൾ മാത്രമേ ഒരു മനുഷ്യനിലുള്ള സൈക്കോപാത്തിനെ നമുക്ക് കുറേശ്ശെയായി തിരിച്ചറിയാൻ കഴിയുന്നുള്ളൂ എന്നുള്ളതാണ് ഇതിൻ്റെ ഒരു സുപ്രധാന ദൂഷ്യവശവും.
യാതൊരു കാരണവുമില്ലാതെ മൃഗങ്ങളെ ഉപദ്രവിക്കുക, ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുക, സാധനങ്ങൾ വലിച്ചെറിയുക, ഒരു കുറ്റവും ഏറ്റെടുക്കാതിരിക്കുക, ചെയ്തുകൂട്ടുന്ന പീഡനങ്ങളിലോ കുറ്റകൃത്യങ്ങളിലോ ഒന്നും തന്നെ യാതൊരുവിധ പശ്ചാത്താപവും തോന്നാതിരിക്കുക, സ്വന്തമായി വിധിയെഴുതി തന്നെക്കാൾ വലുതായി ആരുമില്ല ,താൻ പറയുന്നതാണ് എല്ലാം ശരി എന്നുള്ള ഉറച്ച തീരുമാനത്തിൽ എന്ത് കുറ്റവും ഒപ്പമുള്ള പങ്കാളിയിലോ മറ്റുള്ളവരിലോ, ചുമത്തി അവരെ മുറിവേൽപ്പിച്ച് ആനന്ദിക്കുക, ജീവിതത്തിൽ ഒരിക്കലും ഒരു സോറി പറയാതിരിക്കുക, ഇതൊക്കെ അവരുടെ സ്വഭാവ സവിശേഷ വൈകല്യങ്ങളാണ്.
മനശ്ശാസ്ത്രൻമാരും മനോരോഗ വിദഗ്ധന്മാരും ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ എന്ന് വിളിക്കുന്ന ഈ വൈകല്യം തിരിച്ചറിഞ്ഞ് സ്വയം രക്ഷ നേടുക. നമ്മുടെ നാട്ടിൽ നടക്കുന്ന സ്ത്രീധന പീഡനം മുതൽ നരബലി തട്ടിപ്പ് ,വെട്ടിപ്പ്, അരും കൊലകൾ ആത്മഹത്യകൾ, മോഷണം, എന്തിന്? അപവാദം പറച്ചിലും നുണപ്രചരണങ്ങളും ഗോസിപ്പുകളും കെട്ടിച്ചമച്ച് കുടുംബം തകർക്കൽ വരെ ( സ്ത്രീകളിൽ കണ്ടുവരുന്ന സൈക്കോപാത്തിന്റെ ഉദാഹരണം) സൈക്കോപാത്തിന്റെ വിവിധ മാനസികാവസ്ഥയിൽ പെടുന്നതാണ്.
അതുകൊണ്ടുതന്നെ ഒരു കുട്ടിയുടെ ജനിച്ച് ഏഴു വയസ്സു വരെയുള്ള സമയം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ വയസ്സിനകത്ത് എന്തിനും അനാവശ്യമായി വാശിപിടിക്കുന്ന കുട്ടികളെയും, സാധനങ്ങൾ എടുത്തെറിയുന്ന കുട്ടികളെയും, താൻ കാണിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടിഎത്ര നിർബന്ധിച്ചാലും ഒരു തവണയെങ്കിലും ഒരു സോറി പറയാത്ത കുട്ടികളെയും, എന്തെങ്കിലും സ്വഭാവ വൈകല്യങ്ങൾ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി കാണുന്ന കുട്ടികളെയും ഒക്കെ ആദ്യം മുതലേ മാതാപിതാക്കൾ നിരീക്ഷിച്ച് ഇനി അത് തുടർന്നും മുന്നോട്ട് ആവർത്തിച്ചു ചെയ്യുന്നു എങ്കിൽ അവരെ വളരെയധികം ശ്രദ്ധിക്കുക. ഒരു കൗൺസിലിംഗിന് കൊണ്ടുപോകുക. നിങ്ങളുടെ സംശയങ്ങൾ ആദ്യമേ തന്നെ സ്ഥിരീകരിക്കുക. വേണ്ട ഉപദേശങ്ങളും സഹായങ്ങളും ചികിത്സകളും തേടുക. കൃത്യമായ ഈ നിരീക്ഷണവും ശ്രദ്ധയും കൊണ്ട് ഭാവിയിലെ സൈക്കോപാത്തുകളെ നമുക്ക് നിയന്ത്രിക്കാൻ കഴിയും.
സൈക്കോ പാത്തുകൾ സൃഷ്ടിക്കപ്പെടുന്നത് അവരുടെ ബാല്യകാലത്തിലുള്ള ജീവിത സാഹചര്യങ്ങളുടെയും ദുരനുഭവങ്ങളുടെയും, ചിലപ്പോൾ അവർ നേരിടേണ്ടിവരുന്ന മാനസിക ശാരീരിക പീഡനങ്ങളുടെയും ഒക്കെ പശ്ചാത്തലത്തിൽ ആകാം. പാരമ്പര്യവും ഒരു ചെറിയ ഘടകം തന്നെയാണ്.
ഉദാഹരണത്തിന് ബോളിവുഡ് ചലച്ചിത്രമായ ജോക്കർ നമ്മൾ ആരും മറന്നുകാണില്ല. പ്രത്യേകിച്ചും അതിലെ കേന്ദ്രകഥാപാത്രമായ ആർദ്രർ ഫ്ളേക്കിനെ. മനോരോഗിയായ മാതാവിൻ്റെ കൊടിയ മർദ്ദനത്തിലുള്ള ഒരു ബാല്യം… ജീവിക്കാൻ വേണ്ടി നിരവധി കോമാളി വേഷങ്ങൾ കെട്ടി പരിഹസിക്കപ്പെട്ട് , പരാജയപ്പെട്ട് ഒടുവിൽ ഒരു നിമിഷത്തിൽ പ്രേരണ കൊണ്ട് നിരവധിപേരെ കൊല്ലുന്ന ഒരു കഥാപാത്രം! ആ സിനിമ നമുക്കൊരു സന്ദേശം നൽകുന്നുണ്ട്, അതിൽ പറയുന്നുണ്ട് “ഈ സമൂഹമാണ് തന്നെ ഒരു സൈക്കോ പാത്ത് ആക്കി മാറ്റിയതെന്ന്.
അതുപോലെതന്നെ മാനസികരോഗികളും സൈക്കോപാത്തുകളും തമ്മിൽ വ്യത്യാസമുണ്ട്. പുരുഷൻമാരെ പോലെ തന്നെ സ്ത്രീകളിലും സൈക്കോ പാത്തുകൾ ഉണ്ട്. തീവ്രമായ മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ബോധവും ഉൾക്കാഴ്ചയും ഉണ്ടാകില്ല. ചിലപ്പോൾ കുറ്റകൃത്യം ചെയ്തു കഴിഞ്ഞ് അവരതിൽ ബോധവാന്മാരായേക്കാം. പക്ഷേ ഇക്കൂട്ടർ അങ്ങനെയല്ല .
അതുകൊണ്ടുതന്നെ ഇപ്പോൾ ഷാർജയിൽ നടന്ന അതുല്യയുടെ ആത്മഹത്യ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളെ വിലയിരുത്തുക.
സൈക്കോപാത്തുകൾക്കൊപ്പമള്ള ജീവിതം വളരെ ദുർഘടം പിടിച്ചതാണെന്ന് സ്വയം തിരിച്ചറിഞ്ഞ് മനസ്സിലാക്കുക. നല്ല നിരീക്ഷണ ബോധമുള്ളവരായി ജീവിക്കുക. സ്വയരക്ഷക്കായി പരിശ്രമിക്കുക. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ല അത് ഈ ഭൂമിയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് വരുംതലമുറയിലെ പെൺകുട്ടികളെങ്കിലും രക്ഷ നേടുക.
എൻ്റെ ഈ ചെറിയ ലേഖനം ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ !എന്ന് പ്രത്യാശിച്ചുകൊണ്ട് വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, നമസ്കാരം🙏
ജസിയ ഷാജഹാൻ✍




സൈക്കോ പാത്തുകൾ അറിയേണ്ടതല്ലാം നന്നായി എഴുതി