നമ്മുടെ നാട്ടിൽ വിവാദങ്ങൾ ചുറ്റിപ്പടരാൻ ഏറെ സമയമൊന്നും ആവശ്യമില്ല . വിഷയ വൈവിധ്യം ഈ വിവാദങ്ങളുടെ ചൂടേറ്റുന്നു എന്നതും ശ്രദ്ധേയമാണ്.അങ്ങനെ ഇപ്പോൾ എത്തി നിൽക്കുന്ന വിവാദം സുംബാ ഡാൻസ് ക്ലാസിനെ കുറിച്ചാണ്. മതവും വസ്ത്രമില്ലായ്മയും ആൺപെൺ ഇടകലർത്തലുമൊക്കെ കൂട്ടിച്ചേർത്ത് ഈ സംരംഭം ഇപ്പോൾ ചാനൽ ചർച്ചകളിലും മറ്റു സോഷ്യൽ മീഡിയകളിലും പൊതുവേദികളിലും ഒക്കെ ആകെ വിവാദങ്ങളും സംവാദങ്ങളും ആയി മാറിയിരിക്കുകയാണ്.
കലോറി ഉപഭോഗം ഉറപ്പാക്കുന്ന ഒരു സമ്പൂർണ്ണ ശരീര കാർഡിയോ, എയ്റോബിക് വ്യായാമമാണ് സുംബ ലക്ഷ്യം വെച്ചിരിക്കുന്നത്.
ഉയർന്ന കലോറി എരിച്ചു കളയുന്നതിന് പുറമേ, എൽ ഡി എൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗസാധ്യത എന്നിവ കുറയ്ക്കാനും, നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സുംബാ നൃത്തം സഹായിക്കുന്നു.
സുംബാ ഡാൻസിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഓപ്ഷനുകൾ ഉള്ളതിനാൽ ഏത് പ്രായക്കാർക്കും ഇത് സുരക്ഷിതമാണെന്നും ആർക്കും പങ്കെടുക്കാം, പരിശീലിക്കാം എന്നതും ഇതിൻ്റെ വക്താക്കൾ അവകാശപ്പെടുന്ന പരമപ്രധാനമായ ഒരു കാര്യമാണ്.
16 പ്രധാന ചുവടുകൾ മുഴുവനായോ അല്ലെങ്കിൽ ചിലതോ ഉപയോഗിച്ചാണ് സുംബാ നൃത്ത സംവിധാനം രചിച്ചിരിക്കുന്നത്. സൽസ,റെഗ്ഗെറ്റൺ,മെറൻഗ്യു,കുംബിയ എന്നീ നാല് അടിസ്ഥാന താളങ്ങളുണ്ട് ഈ നൃത്ത സംവിധാനത്തിൽ. ഓരോ അടിസ്ഥാന താളത്തിനും നാല് പ്രധാന ചുവടുകളുണ്ട്.
സുംബാ ക്ലാസുകൾ നല്ല ഇൻസ്ട്രക്ടർമാരുടെ കീഴിൽ പ്രാക്ടീസ് ചെയ്യുക. തുടക്കക്കാർ ആദ്യം കുറച്ചു സമയത്തിൽ തുടങ്ങി കാലക്രമേണ സമയദൈർഘ്യം കൂട്ടിക്കൊണ്ടു വരുന്നതായിരിക്കും നല്ലത്.
കാർഡിയോയും ലാറ്റിൻ പ്രചോദിതമായ നൃത്തവും ഉൾപ്പെടുന്ന ഒരു ഫിറ്റ്നസ് പ്രോഗ്രാം ആണ് സുംബ. 1990 കളിൽ കൊളംബിയയിലെ കാലിയിൽ എയ്റോബിക് ഇൻസ്ട്രക്ടറും, നർത്തകനും നൃത്ത സംവിധായകനുമായ ബെറ്റോ പെരെസാണ് സുംബ സൃഷ്ടിച്ചത്. 1990 കളുടെ അവസാനത്തിൽ അദ്ദേഹം സുംബ എന്ന വ്യായാമ ഫിറ്റ്നസ് പ്രോഗ്രാം സൃഷ്ടിച്ചു. ഇതിൽ നൃത്തവും എയ്റോബിക് വ്യായാമ ഘടകങ്ങളും അനുബന്ധ സംഗീതവും ,പ്രത്യേകിച്ച് ലാറ്റിൻ അനുബന്ധ ആയോധന കലകളുടെ നീക്കങ്ങൾ,സ്ക്വാറ്റുകൾ, ലങ്കുകൾ മറ്റ് എയ്റോബിക് ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുന്നു.
സംഗീതം ശ്രവിച്ചുകൊണ്ടുള്ള ഈ വ്യായാമനൃത്തം ജിമ്മിൽ പോകാനും, വ്യായാമം ചെയ്യാനും ഒക്കെ ശരിക്കും മടിയുള്ളവർക്ക് നല്ലൊരു വഴികാട്ടിയാണ്.യൂട്യൂബിൽ ഇതിൻ്റെ ധാരാളം വീഡിയോസ് ഉണ്ട്. വീട്ടമ്മമാർക്ക് അതിനോടൊപ്പം ഫോളോ ചെയ്യാൻ എളുപ്പമാണ്.
സത്യത്തിൽ സ്കൂളുകളിൽ ആയാലും മറ്റ് ഓഫീസുകളിലോ, സ്ഥാപനങ്ങളിലോ ഒക്കെ ആയാലും ഒരേപോലെ ഇരുന്നുള്ള ജോലിയിൽ നിന്നും,മുഷിച്ചിലിൽ നിന്നും (ഇനി വളരെ കുറച്ച് സമയം ആയാൽ പോലും) ഈ സുംബാ നൃത്തം പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ശരീരത്തിനും മനസ്സിനും ഉന്മേഷവും , ഊർജ്ജവും നൽകുന്നതിലുപരി കലോറി എരിഞ്ഞുതീരുന്നതിനും ഹൃദയസംരക്ഷണത്തിനും രക്തയോട്ടം കൂട്ടുന്നതിനും തുടർന്നുള്ള സമയം എനർജറ്റിക് ആയി ചിലവഴിക്കുന്നതിനും ഉതകുന്നതാണ്. ഈ ഒരന്തരീക്ഷത്തിൽ അനുഭവസ്ഥരാകുമ്പോൾ ഒരു പ്രത്യേക വൈബ് കിട്ടും എന്നത് ഉറപ്പ്!.
അപ്പോ.. ഇനിയും മടിച്ചിരിക്കേണ്ട. നമുക്കും വേണ്ടേ ഒരു നല്ല ചേഞ്ച്. വ്യത്യസ്തമായ ഒരാസ്വാദനം. നിങ്ങൾക്കും സംഘടിപ്പിക്കാം ഇനി ഈ സുംബാ നൃത്തം. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാം.
അപ്പോ… തുടങ്ങാം അല്ലേ?..
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.




കൊള്ളാം
നല്ല അറിവ്