തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരോ ?
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ് എന്നിരിക്കെ, പൊതുസ്ഥലങ്ങളിൽ അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമേ അകമേയുള്ള തൊഴിലിടങ്ങളിൽ നിന്നു പോലും അവർ നിരവധി പീഡനങ്ങൾ അനുഭവിക്കേണ്ടതായി വരുന്നതിന്റെ കഥകളും ദുരവസ്ഥകളും നാം ദൈനംദിന ജീവിതത്തിൽ കണ്ടുകൊണ്ടും കേട്ടുകൊണ്ടും കഴിയുകയാണ്.
മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തി ക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾ പങ്കാളികളാകാത്ത തൊഴിലിടങ്ങൾ വിരളമാണ്. ഈ സ്ത്രീ സമൂഹം അവർ ജോലി ചെയ്യുന്ന ഏതു മേഖലയിലും ലൈംഗികാതിക്രമങ്ങളും സുരക്ഷാ ഭീഷണിയും നേരിടുകയാണ് എന്നത് പകൽ പോലെ സത്യം.
റോഡ് ,റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് സിനിമ തിയേറ്റർ, പാർക്ക്, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി ബസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ, വീഡിയോ പകർത്തൽ , മൊബൈൽ ഫോണിന്റെ സഹായത്തോടെയോ അല്ലാതെയോ റെക്കാർഡ് ചെയ്യപ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ ശിക്ഷാർഹമായ കുറ്റമാണ് എന്നതിനോടൊപ്പം, ആരുടെ ചുമതലയിലുള്ള സ്ഥലത്ത് വച്ചാണോ ? അത് നടന്നത് എന്നതും പ്രധാനമാണ്.അതിൻ്റെ ചുമതല വഹിക്കുന്നവർ കണ്ട കാര്യം റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ അവരും കുറ്റക്കാരാണ്.
ഇന്ത്യയിൽ ഓരോ മിനിട്ടിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു എന്നതാണ് കണക്ക്. ഏതു വിധേനയുമുള്ള പുരുഷാതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. നോട്ടത്തിലും ഭാവത്തിലും സ്പർശനത്തിലും ലൈംഗികതയിലും കൊലപാതകത്തിലും അത് അവസാനിക്കുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട ശാരീരിക മാനസിക പീഡനങ്ങൾ വേറെയും ഉണ്ട്.
ചീത്ത വിളി, അപവാദം പറച്ചിൽ, ഭീഷണി, മർദ്ദനം ഇവയൊക്കെ മറച്ചുവച്ചും എത്രയോ സ്ത്രീകൾ തങ്ങളുടെ കുടുംബത്തിന് വേണ്ടി ഇന്നും തങ്ങളുടെ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നു എന്നതും അതിക്രമങ്ങൾക്ക് ഇരയായവരിൽ ഒരു വിഭാഗം ആൾക്കാർ ഭയം മൂലവും , നാണക്കേട് കരുതിയും അത് സഹിച്ച് മുന്നോട്ടുപോകുന്നു എന്നുള്ളതും നാം ഓർത്തിരിക്കേണ്ടതും, സ്ത്രീകളുടെ ദുരവസ്ഥയായി കണക്കാക്കേണ്ടതുമാണ്.
മാന്യത മൂലം ചിലപ്പോൾ സ്വന്തം രക്ഷിതാക്കളോട് പോലും അവർ തൊഴിലിടങ്ങളിൽ നിന്നും തങ്ങൾക്ക് നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും പറയാൻ വിസമ്മതം പ്രകടിപ്പിക്കുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന പല നിയമങ്ങളും ഉണ്ട്. ഭരണഘടന സ്ത്രീപുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്.
നിയമപരമായി തൻ്റെ രാജ്യം തനിക്ക് തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്. ബോധവതിയായിരിക്കേണ്ടതുണ്ട്.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ലീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനം പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടുവർഷം മുതലും, അഞ്ചു വർഷം വരെ( രണ്ടാം വട്ടവും ചെയ്താൽ) തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ചു കടത്തിക്കൊണ്ടുപോയാൽ 10 വർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.
ജയിൽ അധികാരി, ആശുപത്രി മേധാവി, പോലീസ് സ്റ്റേഷനിൽ ഉള്ളവർ, എന്നിവർ ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് അടിമപ്പെടുത്തുക, ഗർഭിണി, 12 വയസ്സിന് താഴെയുള്ള പെൺകുട്ടി, ഇവരെ ബലാത്സംഗം ചെയ്യുക തുടങ്ങിയവയൊക്കെ 10 വർഷം മുതൽ ജീവപര്യന്തമോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.
വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കും.
ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടെയോ, സുഹൃത്തുക്കളുടെയോ സാന്നിധ്യത്തിൽ വച്ച് മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ. ഒരു സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന വിധത്തിൽ എന്തെങ്കിലും വാക്ക് ഉച്ചരിക്കുകയോ ആംഗ്യം കാണിക്കുകയോ, എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ അതും ഒരു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.
സ്ത്രീ സുരക്ഷയുടെ ഭാഗമായിട്ട് സ്ത്രീകളുടെ ഭാഗത്തുനിന്ന് ആദ്യം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള നിലവിൽ വന്നിട്ടുള്ള നിയമങ്ങൾ അറിഞ്ഞിരിക്കണം. കൂടാതെ അതിക്രമങ്ങളെ ചെറുത്തുനിൽക്കുന്നതിനു വേണ്ടിയുള്ള കായികവും മാനസികവുമായ ഉൾബലവും തയ്യാറെടുപ്പും ഉണ്ടായിരിക്കണം, അല്ലെങ്കിൽ നേടിയെടുത്തിരിക്കണം.
ചില അസ്വാഭാവികമായ പെരുമാറ്റമുള്ള മനുഷ്യരെയും സാഹചര്യങ്ങളെയും മനസ്സിലാക്കാനും കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടാതെ അവിടെ നിന്നൊക്കെ അകന്നു നിൽക്കാനും തന്ത്രപൂർവ്വം ചില ദുരൂഹ സാഹചര്യങ്ങളിൽ നിന്ന് ഞൊടിയിടയിലുള്ള ചിന്താശേഷിയും പൊതുവായുള്ള വീക്ഷണവും, ജ്ഞാനവും കൊണ്ട് രക്ഷനേടാനും കഴിഞ്ഞിരിക്കണം.
സ്ത്രീകൾ തന്നെയാണ് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധിക്കേണ്ടതും, ക്രാണശക്തി കൊണ്ടും, ഉൾക്കണ്ണുകൾ തുറന്നു കൊണ്ടും, ആത്മബലം കൊണ്ടും, സധൈര്യം സാഹചര്യങ്ങളോട് മല്ലിട്ട് മുന്നോട്ടു പോകേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തട്ടെ.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം .





ഈ ചോദ്യത്തിൽ നിന്ന് പ്രസക്തിയില്ല എന്ന് തോന്നുന്നു. നമ്മുടെ രാജ്യത്തെ അവസ്ഥ അതാണ്. നിയമങ്ങൾ ധാരാളമുണ്ട് പക്ഷേ നിയമത്തിന്റെ പരിധിയിൽ നിന്നും രക്ഷപ്പെടുന്ന കുറ്റവാളികൾ കൂടുതൽ. എവിടെയും സ്ത്രീകൾ അപമാനിക്കപ്പെടുന്നു കൊച്ചു കേരളത്തിൽ പോലും. നല്ല ലേഖനം
സ്ത്രീ സുരക്ഷിതത്വത്തെകുറിച്ചുള്ള വിവരണം നന്നായി എഴുതി 🙏
നിയമം ഉണ്ട്, നല്ല പോലീസും ആണ്. പക്ഷേ രാഷ്ട്രീയ ഇടപെടൽ വരുമ്പോൾ കാര്യങ്ങൾ അട്ടിമറിയുന്നു. അപ്പോൾ നിയമം വഴി മാറുന്നു. പോലീസ് നിഷ്‌ക്രിയർ ആകുന്നു.