Logo Below Image
Sunday, March 23, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും പംക്തി (75) എന്താണ് 'നാർസിസം? (NPD അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി...

കതിരും പതിരും പംക്തി (75) എന്താണ് ‘നാർസിസം? (NPD അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ’) ✍തയ്യാറാക്കിയത്: ജസിയഷാജഹാൻ.

ജസിയഷാജഹാൻ

ഒന്നു നോക്കിയാൽ മനുഷ്യന്മാരെല്ലാം നാർസിസ്റ്റുകൾ ആണ്. അല്ലേ ? എന്നൊരു ചോദ്യവും നിങ്ങൾ ചോദിച്ചേക്കാം! മനുഷ്യന്മാരുടെ സ്വാർത്ഥതയെ നാർസിസം എന്ന വാക്കിന്റെ ആദ്യ ചവിട്ടുപടിയായി കണക്കാക്കപ്പെടുന്നു. ആർക്കാണ് സ്വാർത്ഥതയില്ലാത്തത് ? എല്ലാവരിലും ഉണ്ട്. അത് തന്നെയല്ലേ ഉത്തരം?

എന്നാൽ ഈ നാർസിസം ഒരു പേഴ്സണാലിറ്റി ഡിസോർഡറിലേക്ക് മാറുന്നത് എപ്പോഴാണ്! അല്ലെങ്കിൽ എങ്ങനെയാണ് ? ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം. അതിനെ ക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത്.

ഈ “ഞാനെന്ന ഭാവത്തിന് കുറച്ച് അമിത പ്രാധാന്യം കൽപ്പിച്ച് ഞാൻ, എന്റേത്, എനിക്ക്, എന്ന വാക്കുകൾക്ക് അല്ലെങ്കിൽ എന്ന വാക്കുകൾ ജീവിതത്തിൻെറ ഒരു ഭാഗമാക്കുന്ന എന്നാൽ ഒപ്പമുള്ള മറ്റുള്ള വ്യക്തികൾക്ക് ഒരു മൂല്യവും കൽപ്പിക്കാത്ത ആൾക്കാരെ പൊതുവേ നാർസിസ്റ്റുകൾ എന്ന് വിളിക്കാം. സൈക്കോളജിക്കൽ ആയും സയൻസ് പരമായും ഈ ഒരു വിഷയത്തിൽ ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

നമുക്ക് ചുറ്റുമുള്ളവരിൽ പലരും നാർസിസ്റ്റുകൾ ആകാം. നമ്മുടെ ബന്ധുക്കൾ, കൂട്ടുകാർ അച്ഛനമ്മമാർ സഹോദരങ്ങൾ, പങ്കാളിഅങ്ങനെ ആരും…. അവരെ തിരിച്ചറിയുക. ഇതിൽ സാധാരണ നാർസിസത്തിൽ ഉള്ള വ്യക്തികളെയും ഇതൊരു ഡിസോർഡർ ആയി കൊണ്ടുനടക്കുന്ന വ്യക്തികളെയും ഈ ഒരു ലേഖനം വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും ഐഡന്റിഫൈ ചെയ്യാൻ പറ്റും.

ആദ്യം നാർസിസ്റ്റുകൾ പൊതുവേ പ്രകടിപ്പിക്കാറുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മറ്റുള്ളവർക്ക് വലിയ മൂല്യങ്ങൾ ഒന്നും കൊടുക്കാതിരിക്കുക.
സഹാനുഭൂതി ഒട്ടും തന്നെ കാണിക്കാതിരിക്കുക , സ്വയം വളരെയധികം പ്രാധാന്യം കാട്ടുക, മറ്റുള്ളവരാൽ പ്രശംസിക്കപ്പെടാനും ഏറെ ശ്രദ്ധ കിട്ടാനും ആഗ്രഹിക്കുക,
എല്ലായ്പ്പോഴും എന്തിലും സ്വാർത്ഥതയെ ഒപ്പം കൂട്ടുക, സംവേദന ക്ഷമത തീരെ ഇല്ലാതിരിക്കുക, ആക്രമണകാരികൾ ആകുക, ഇവരുടെയൊക്കെ സ്വഭാവം എപ്പോഴും സാധാരണമാണ്. എങ്കിലും ഒരു നാർസിസിസ്റ്റിക് ത്വര ഉണ്ടാകാം.

ഇതൊരു വ്യക്തിത്വ വൈകല്യമായി മാറുമ്പോൾ ബന്ധങ്ങൾ ജോലി, സാമ്പത്തിക ഇടപാടുകൾ എന്നിങ്ങനെയുള്ള ജീവിതത്തിൻെറ പല മേഖലകളിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഇക്കൂട്ടർ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കാത്തപ്പോൾ അക്ഷമയും ദേഷ്യവും പ്രകടിപ്പിക്കുക, സ്വന്തം കഴിവുകൾ ഉയർത്തി പറയുന്നതും, സ്വഭാവ ന്യൂനതകളെക്കുറിച്ച് മനസ്സിലാക്കാതിരിക്കുന്നതും, സ്വന്തം തെറ്റുകളെ സ്വീകരിക്കാതിരിക്കുന്നതും, ഇവരുടെ പ്രത്യേകതയാണ്. എമ്പതി എന്ന വികാരം ഇവർക്ക് തീരെ കുറവാണ്. ചിലപ്പോൾ ഇവരുടെ പ്രവൃത്തികൾ കാണുമ്പോൾ ഒട്ടും തന്നെ ഈ വികാരം ഇവരിൽ ഇല്ല എന്ന് ഏറ്റവും അടുത്തിടപഴകുന്നവർക്ക് തോന്നും.

പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കത്തക്ക തരത്തിലുള്ള വികാരപ്രകടനങ്ങൾ ഇവരിൽ നിന്നും പ്രതീക്ഷിക്കാം. തീരെ ചെറിയ പ്രകോപനങ്ങളിൽ പോലും സ്ഥലകാല ബോധം മറന്നു പൊട്ടിത്തെറിക്കാനും, ദേഷ്യപ്രകടനങ്ങൾക്കൊടുവിൽ ഉപദ്രവകാരികൾ ആകാനും ഇവർ തുനിഞ്ഞേക്കാം.

ഇവരിൽ ഉണ്ടാകുന്ന ഡിപ്രഷന്റെയും ഉൽക്കണ്ഠയുടെയും ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും, പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്നതും, ഇക്കൂട്ടരിൽ സാധാരണമാണ്.

സ്വയം ശ്രേഷ്ഠൻ ആണെന്ന് തോന്നിപ്പിക്കാൻ കോപത്തോടെയോ, അവഹേളനത്തോടയോ പെരുമാറുക സർവ്വസാധാരണം.

നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ, പത്തോളജിക്കൽ നാർസിസം എന്നും അറിയപ്പെടുന്നു.

ചുരുക്കത്തിൽ ഒരു വ്യക്തി മറ്റുള്ളവരെക്കാൾ മികച്ചവനാണെന്ന് വിശ്വസിക്കുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണിത്. ഈ വൈകല്യം നൂറിൽ ഒന്നു മുതൽ ആറു വരെയുള്ള വരെ ബാധിക്കുന്നു. കുടുംബ ചരിത്രം, ബാല്യകാല അനുഭവങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ ഇവയൊക്കെ ആകാം ഇതിന് കാരണങ്ങൾ എന്ന് പഠനങ്ങൾ പറയുന്നു.

ഇക്കൂട്ടർ പുറമേ നിന്ന് നോക്കിയാൽ വളരെ മാന്യരും സമൂഹത്തിൽ അറിയപ്പെടുന്നവരും, മാനിക്കപ്പെടുന്നവരും, മറ്റുള്ളവരോടൊക്കെ വളരെ നല്ല രീതിയിൽ പെരുമാറുന്നവരുമാണ്.

ഇവരുടെയൊക്കെ തനി നിറം പ്രകടമാക്കുന്നത് ഇവരോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആൾക്കാരോട് ആണ്. അത് പങ്കാളിയാകാം. മക്കൾ ആകാം. അച്ഛനമ്മമാരാകാം.

അവരുടെയൊക്കെ സമീപനത്തിനോ, സമയത്തിനോ, പ്രവൃത്തികൾക്കോ, മൂല്യങ്ങൾക്കോ, ഒരു വിലയും കൽപ്പിക്കാതെ, അവരുടെ മുഴുവൻ ശ്രദ്ധയും ഇക്കൂട്ടർ പിടിച്ചുപറ്റി, തന്റേതായ ലോകത്തേക്ക് മാത്രമായി അവരെ ചുരുക്കി, അടക്കി ഭരിച്ച്, അവരുടെ അഭിപ്രായങ്ങൾക്കോ സ്വാതന്ത്ര്യങ്ങൾക്കോ, വിലങ്ങിട്ട് , ഞാനെന്ന ഭാവത്തോടെ ഒരു അധികാരിയായി വാഴുക ഇവരുടെ പ്രത്യേകതയാണ്.

ഇവരുടെ എന്ത് കുറ്റവും മനസ്സിലാക്കാതെ അതിന്റെ പരണിത ഫലങ്ങൾ കൂടി തന്റെ പങ്കാളിയിലോ , തന്നോട് അടുത്തിടപഴകുന്നവരിലോ, ചുമത്തി സ്വയം നിർവൃതി യടയുക, ഒപ്പം നിൽക്കുന്നവരുടെ നേട്ടങ്ങളെയും ഉയർച്ചകളെയും, അസൂയയോടെ നോക്കി കണ്ട്, അവരെ മാനിക്കാതെ തികച്ചും അവഗണനയുടെ ചട്ടക്കൂട്ടിലടച്ച് ശ്വാസം മുട്ടിക്കാൻ ഇവർക്കൊരു പ്രത്യേക കഴിവുണ്ട്.

എന്തും തന്റെ അധികാരപരിധിയിൽ നിന്ന് മാത്രമേ ചെയ്യാവൂ എന്നും, ചിന്തിക്കാവൂ എന്നും, തന്റെ വലിപ്പത്തരം മറികടന്ന് മറ്റാരും മുന്നോട്ടു വരരുത് എന്നും ഇക്കൂട്ടർ ആഗ്രഹിക്കുന്നു.

തന്റേതു മാത്രമായ ഒരു ലോകം സൃഷ്ടിക്കാനും, സ്ഥാനം അലങ്കരിക്കാനും ഏറ്റവും അടുത്ത് നിന്ന് സ്നേഹിക്കുന്നവരെ പോലും എത്ര ക്രൂരമായും തള്ളിപ്പറഞ്ഞ് പിന്നോട്ട് നോക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കാനും, ഇക്കൂട്ടർ മിടുക്കരാണ്.

ആഴത്തിലുള്ള ഒരു ബന്ധങ്ങളും ഇവർ സ്ഥാപിച്ചെടുക്കില്ല. ആരെയും വകവയ്ക്കില്ല. സ്വാർത്ഥത മാത്രം നിറഞ്ഞ അവരുടെ ലോകത്തേക്ക് കുതിക്കാൻ അവരെന്തും കാട്ടിക്കൂട്ടും.

ഇവരോടൊപ്പം ജീവിതം പങ്കിടാൻ എത്തുന്ന പങ്കാളിയായിരിക്കും (അതാണായാലും, പെണ്ണായാലും (ഏറ്റവും കൂടുതൽ ജീവിതത്തിൽ ബുദ്ധിമുട്ടുക. അവർക്ക് തന്റെ പങ്കാളിയെക്കുറിച്ച് ആരോടും ഒന്നും പറയാൻ പറ്റില്ല. അത്രയ്ക്കും അദ്ദേഹം പുറത്ത് മാന്യനാണ്. സ്വയം ശിക്ഷകൾ ഏറ്റുവാങ്ങി അവരുടെ ഒരു ജന്മം ഇവർക്കു മുന്നിൽ ഹോമിക്കപ്പെടുന്നു എന്നതാണ് വാസ്തവം. തനിക്കെല്ലാ ശ്രദ്ധയും കിട്ടണം എന്നാൽ തന്നോടൊപ്പം നിന്ന് ജീവിതം ദുരിതത്തിലാകുന്നവരെക്കുറിച്ച് ഒന്ന് പരിഗണിക്കാനോ? ഒരു നിമിഷനേരമെങ്കിലും ഒന്ന് ചിന്തിക്കാനോ ഇക്കൂട്ടർ തയ്യാറാകില്ല.

ഇവരുടെ നിഷ്ക്കരുണമായ പെരുമാറ്റവും അവഗണനയും, തള്ളിപ്പറയലും, സ്നേഹമില്ലായ്മയുമൊക്കെ അനുഭവിച്ച് ഒപ്പം നിൽക്കുന്നവരുടെ ഒരു കടമയാണ് ഈ നിറവേറ്റലുകളൊക്കെ എന്ന ചിന്തയാണ് ഈ കൂട്ടർക്ക്.

ഇനി… ഇതിനൊരു ഐതിഹ്യം കൂടിയുണ്ട്. ഗ്രീക്ക് പുരാണത്തിൽ നാർസിസ്സസ് ഥെസ്പിയയിൽ നിന്നുള്ള അതിസുന്ദരനായ ഒരു നായാട്ടുകാരനാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതൻ ജോൺ റ്റിസെറ്റ്സിൻ്റെ അഭിപ്രായപ്രകാരം മനോഹരമായ എല്ലാത്തിനെയും സ്നേഹിച്ച ലാക്കോണിയക്കാര നായിരുന്ന വേട്ടക്കാരൻ ആയിരുന്നു നാർസിസ്സസ്.തൻ്റെ സൗന്ദര്യത്തെക്കുറിച്ച് അഹങ്കാരിയും ബോധവാനുമായിരുന്ന ഇയാൾക്ക് തന്നെ സ്നേഹിക്കുന്നവരോട് പുച്ഛമായിരുന്നു. ഇയാളോടുള്ള ആരാധന മൂത്ത് പലരും ജീവൻ ബലികഴിക്കാൻ വരെ തയ്യാറായി വന്നു. ഒരു വ്യക്തിക്ക് തന്നോടു തന്നെ മതിപ്പും ആരാധനയും ഉണ്ടാകുന്ന അവസ്ഥയ്ക്കുള്ള പേരായ നാർസിസിസം എന്ന പദത്തിന്റെ ഉത്സവം ഈ നാർസിസസ് എന്ന കഥാപാത്രത്തിൽ നിന്നാണ് .

ഇക്കൂട്ടർ പൊതു സമൂഹത്തിൽ വച്ചോ, മറ്റ് പൊതു സാഹചര്യങ്ങളിൽ വച്ചോ, പങ്കാളിയെയോ, അച്ഛനമ്മമാരെയോ, മക്കളെയോ ഒക്കെ തീരെ നിസ്സാര  കാര്യങ്ങൾക്ക് പോലും അകാരണമായി ദേഷിക്കാനും, അവർക്ക് നേരെ വിരൽ ചൂണ്ടാനും അങ്ങനെ അവരിൽ തനിക്കുള്ള അധികാരവും, ആധിപത്യവും സ്ഥാപിക്കാനും, ഞാനെന്ന ഭാവം നിലനിർത്താനും ശ്രദ്ധാലുവാകുന്നു. അവരിതൊന്നും തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല എന്നതാണ് സത്യം.

അപ്പോ… ഈയൊരു ചെറു ലേഖനത്തിലൂടെ നിങ്ങൾക്ക് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആരെയെങ്കിലും നിങ്ങൾക്കു തൊട്ടടുത്തോ, നിങ്ങളെ തൊട്ടോ, നിങ്ങൾക്ക് ചുറ്റുവട്ടത്തോ, ഐഡന്റിഫൈ ചെയ്യാൻ പറ്റിയോ? തീർച്ചയായും കമൻറ് ചെയ്യുക.

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം നന്ദി,സ്നേഹം

ജസിയഷാജഹാൻ✍

 

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments