ഓർമ്മകൾക്ക് … കാപ്പിപ്പൂക്കളുടെ നിറമായിരുന്നു… മണമായിരുന്നു… ജനുവരിയിലെ നനുത്ത മഞ്ഞിന്റെ പുതപ്പിൽ വിരിയുന്ന കാപ്പിപ്പൂക്കൾ… എന്തൊരു വശ്യത … എന്താ ….സുഗന്ധം… നേർത്ത … നനുത്ത … കുളിരുള്ള പ്രഭാതത്തിലെ ഹിമകണങ്ങൾ കാപ്പിപ്പൂക്കളെ വാരിപ്പുണരുമ്പോൾ … എന്തു ചന്തമാണെന്നോ അവയ്ക്ക് …
വളഞ്ഞുപുളഞ്ഞ ചെറിയ വഴിത്താരയിലൂടങ്ങനെ…. ഒഴുകി നീങ്ങുകയാണ് …. ഓർമ്മകൾ …
അമ്മേ… നാളെ കോളജ് ഡേയാ … സെറ്റുസാരി ഉടുത്തോണ്ട് ചെന്നില്ലേൽ സാറ് ക്ലാസിൽ കയറ്റൂല്ലന്നാ പറഞ്ഞേക്കുന്നെ…
പാവം അമ്മ… നുണപറഞ്ഞ് കാര്യം സാധിക്കാൻ ഞാൻ മിടുക്കിയാണെന്ന വിവരം അമ്മയ്ക്കറിയില്ലല്ലോ…
പിന്നെ … സെറ്റുസാരി …
നീ ..വേറെ വല്ല പണീം നോക്ക് …
അമ്മേ ..എന്നെ ക്ലാസീന്ന് ഇറക്കിവിടും.
അയൽപക്കത്തെ ഹിന്ദു ചേച്ചീടെ പുതിയ സെറ്റുസാരി കണ്ടു വച്ചിട്ടാ ഞാൻ വിദ്യയിറക്കുന്നതെന്ന് അമ്മയ്ക്കറിയില്ലല്ലോ…
ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ച് സെറ്റുസാരിയും വാങ്ങി …
അതിരാവിലെ തന്നെ എഴുന്നേറ്റു… കുളിച്ച് സാരിയുടുത്ത് തലേന്ന് പറിച്ചു കോർത്തു വച്ചിരുന്ന മുല്ലപ്പൂവും ചൂടി എല്ലാം പെർഫെക്ട് ആയോ എന്നറിയാൻ ഒന്നുകൂടി കണ്ണാടിയിൽ നോക്കി ചിരിച്ച് … സാരി ഞൊറികൾ മെല്ലെ ഉയർത്തിപ്പിടിച്ച് ഇട വഴിയിലൂടെയുള്ള നടപ്പ് … നല്ല മഞ്ഞാണ് … ആ മഞ്ഞിൽ … നിറയെ വെളുത്ത് അന്നു വിരിഞ്ഞ കാപ്പിപ്പൂക്കൾ… മത്തുപിടിപ്പിക്കുന്ന സുഗന്ധവും… ഏതോ ദേവലോകത്ത് എത്തിപ്പെട്ടതുപോലെയുള്ള അനുഭവം.
ഹോ… ഏഴുമണിയാകുന്നു… ബസ് ഇപ്പോൾ വരും.. ഇങ്ങനെ പോയാൽ എത്തില്ല.
നടക്കാമ്പറ്റുന്നില്ലല്ലോ … ഈശ്വരാ…!!
എന്തും വരട്ടെ … രണ്ടു വശത്തു നിന്നും സാരി മുണ്ടുമടക്കുന്ന പോലെ മടക്കിക്കുത്തി ഓടി…
ആ ..ബസി നോട് ഒന്ന് നില്ക്കാൻ പറയണേ .. ഈശ്വരാ…പ്ലീസ് ….ന്നു പറഞ്ഞ് ഓടിയ ഓട്ടം ഇപ്പോഴും തെളിഞ്ഞുവരുന്നു… ഇതിനൊക്കെ കാരണം കാപ്പിപ്പൂക്കളായിരുന്നു… അവയോടൊന്നു കിന്നരിച്ച് ഉമ്മ കൊടുത്ത്, തഴുകി തലോടി വന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല.കാപ്പിപ്പൂക്കളെ കാണാൻ എന്തു ഭംഗിയാണ്..
എത്ര സന്തോഷമായിരുന്നു.. എത്ര പെട്ടെന്നാണ് കടന്നുപോയത്… അക്കമിട്ടു നിരത്തിയതുപോലെ കടം കൊണ്ട ഓർമ്മകൾക്കു ഭാരം കൂടിക്കൂടി വന്നു . ഏറെ പണിപ്പെട്ടു നേടിയെടുത്ത പലതും നഷ്ടമായിരിക്കുന്നുവോ…? ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന് രാവുകളെ ശപിച്ചതും അടുത്തെത്തിയ കാലൊച്ചയെ ഭയന്നതും എന്തിനായിരുന്നു…?
ഉപദേശക വൃന്ദങ്ങൾ ഉണ്ടായിരുന്നു ഒരു പാട്…. അവരോടൊക്കെ ഇളിച്ചു കാട്ടി.സ്വയം നന്നാകാതെ മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ നടക്കുകയാ അവറ്റകള്… നെരിപ്പോടിൽ ചവിട്ടി നില്ക്കുമ്പോൾ അതിലേയ്ക്ക് എണ്ണ കോരിയൊഴിക്കാൻ വന്നിരിക്കയാ…
ഇറുകി വരുന്ന ദേഷ്യത്തെ കടിച്ചമർത്തിവച്ചു…
വേണ്ട…. തന്റെ വേദനകൾ തന്റേതു മാത്രമായി അവസാനിക്കട്ടെ… ബദ്ധപ്പെട്ട് ചിരിക്കാൻ ശ്രമിച്ചിട്ടും ചുണ്ടുകൾ വിതുമ്പി കോടിപ്പോകുന്നു.
ഒരിക്കലുമില്ലാത്ത പോലെ ഇന്നെന്താണ് ഓർമ്മകളിങ്ങനെ…
അന്ന് ആസ്വദിച്ച അതേ കുളിര് ഇന്നും … കണ്ണുകൾ തുറക്കാനാവുന്നില്ല… ഒന്നുകൂടി ശ്രമിച്ചു നോക്കി… ആവുന്നില്ല…എവിടെയാണ് ഞാൻ … എന്തായാലും കനമില്ലാതെ ഒഴുകുകയാണ് … കാപ്പിപ്പൂക്കളുടെ ഗന്ധവും നേർത്ത മഞ്ഞിൻ തണുപ്പും …
ആഹാ എല്ലാവരും എത്തിയിരിക്കുന്നു…. വർഷങ്ങളായികാണാൻ കൊതിച്ചിരിക്കുന്നു. ഇപ്പോഴെങ്കിലും ഒന്നു കാണാൻ എത്തിയല്ലോ… സന്തോഷമായി .. ഓരോരുത്തരായി തന്നെ കെട്ടിപ്പിടിക്കുന്നു. സന്തോഷത്താലാവും കണ്ണിൽ നിന്നും ധാരധാരയായി നീർ പൊഴിയുന്നു….
അല്ല ഇതാരാ വരുന്നത് … വാ..വാ.. ഇരിക്ക് … എത്ര നാളായി ഒന്നു കണ്ടിട്ട് … കയ്യിൽ പൂച്ചെണ്ടൊക്കെ ഉണ്ടല്ലോ..!!. ആർക്കു കൊടുക്കാനാ… എന്തേലും പ്രോഗ്രാം ഉണ്ടോ…?എന്താണാവോ വരുന്നവർക്കൊന്നും സന്തോഷമില്ലാത്തത് …
ഹോ… വരുന്നുണ്ടല്ലോ മത്തക്കണ്ണൻ… എന്തിനുള്ള വരവാണാവോ ? …എല്ലാവരും വന്നപ്പോൾ സന്തോഷിച്ചതാ…
അതിനും കൂടി ഇപ്പോ …ആഹ്… ഇങ്ങു വരട്ടെ…
നില്ല്… നില്ല്… അവിടെ നിന്നാ മതി…
നീയെന്നോട് ചെയ്തിരിക്കുന്ന ദ്രോഹങ്ങള് അത്രയ്ക്കാ…
എനിക്കു കാണുകേം വേണ്ട… പൊയ്ക്കോ വേഗം… മത്തക്കണ്ണാ …
വീണ്ടും വരുവാണോ… ദേ… ഒരു കാര്യം ഞാമ്പറഞ്ഞേക്കാം… എന്റടുത്ത് വന്നാ… വിവരം അറിയും..ആരൂല്ലേ … ഇവനിട്ട് രണ്ടു കൊടുക്കാൻ…
വേണ്ട… ഞാൻ തന്നെ മതി…. സർവ്വശക്തിയുമെടുത്ത് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു….
ഹ്… ഒന്നും സംഭവിക്കുന്നില്ല …. എനിക്കെന്ത് പറ്റി…?!!
ഞാൻ… ഞാനെവിടെ…?!!
എനിക്കെന്താ പറ്റിയത്..?
പഴയ ഓർമ്മകളൊക്കെ അതേ പോലെ ആസ്വദിക്കാനാവുന്നത് മരണത്തിലാണെന്ന് വല്യമ്മച്ചി പറഞ്ഞത് ഓർത്തു…
അപ്പോൾ ഞാൻ…?!!
എല്ലാവരും സന്തോഷിക്കാത്തതും .. പൂച്ചെണ്ടുമായി തന്റെ അടുത്തു വന്നതും….?
ശീതികരിച്ച ചില്ലു കൂട്ടിൽ എവിടെ നിന്നോ വന്ന കൊച്ചു കുട്ടി മുല്ലപ്പൂവെന്നു കരുതി അവന്റെ കയ്യിലിരുന്നകാപ്പിപ്പൂക്കൾ വിതറിയിരുന്നു ….!!




👍
🙏❤️
👍
❤️❤️
ഹൃദ്യം…
നല്ല അവതരണം
നല്ല ശൈലി
നല്ല ഭാഷ
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി…🙏❤️
🙏❤️
❤️❤️
നല്ലെഴുത്ത്.. ഹൃദ്യമായ അവതരണം…
അഭിനന്ദനങ്ങൾ 🌹🌹
Thank you Jisha❤️
😍