ഇവിടെ ജീവനെന്തു വില?
ഇവിടെ മർത്യജീവനെന്തു വില?
ഹേ…വഴിയാത്രക്കാരാ..
നിനക്കും തരാം
ഉയിരു പിടയുമൊരു
ജീവൻവിലപേശലില്ലാതെ.
ഇനിയാർക്കു വേണം പറയൂ…
ചിന്തകൾ പിളർക്കുമൊരു
ശിരസ്സ്
ഉടൽ വെന്ത സ്വപ്നങ്ങൾ,
ബാല്യം ചീന്തിയ കുഞ്ഞുടുപ്പുകൾ,
പ്രണയപ്പക മൂത്ത
മധുര ജലം,
ഒറ്റുകാരൻ്റെ കത്തിമുന,
സ്വാർഥ മോഹിയുടെ
കൊടും ചതി,
ലഹരി വാഴും പൈശാച
കൊടും കൊലകൾ,
ആത്മഹത്യാ മുനമ്പിലെ
സ്ത്രീധന പെരുമ്പറ,
പെൺവാണിഭത്തിൻ
കാണാകടത്തുകൾ,
അടഞ്ഞവീടിൻ
അകത്തള ജീർണ്ണ
ജഡങ്ങൾ,
അന്യായം തൂങ്ങും
ത്രാസ്സുകൾ,
നീതി മരിച്ച
കാലത്തിൻ
കാലടിയൊച്ചകൾ..
പതയിരിപ്പുണ്ട് മരണം
എപ്പൊഴുമെങ്ങുമെവിടെയും
പതിയിരിപ്പുണ്ട് മരണമോർക്കുക നീ…
ചീറിപ്പാഞ്ഞു വരുമൊരു വണ്ടിതൻ
ചക്രങ്ങളിൽ
കൂണുപോൽ മുളച്ചു പൊങ്ങും
സിമൻ്റു കൂമ്പാരങ്ങളിൽ,
തണലിടമായൊരു
വൃക്ഷ വേരിൽ,
നീ കനികളറുത്തുമാറ്റിയ
ഭൂപ്രകൃതിയിൽ
കബന്ധപ്പുരകളാണെവിടെയും
അഴിച്ചുപണികളിവിടെ
അനിവാര്യം!
സ്വസ്തി തേടുക ! ശുദ്ധനാവുക…
മുക്തനാവുക മർത്യാ നീ.




👍