കുട്ടികൾക്ക് പഠിക്കാനും വളരാനുമുള്ള സുരക്ഷിതമായ ഇടങ്ങളാണ് വിദ്യാലയങ്ങൾ. എല്ലാ ആളുകളും അങ്ങനെയൊരു ചിന്താഗതിയിൽ ജീവിച്ചു പോരുന്നവരുമാണ്. എന്നാൽ സമീപകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ എല്ലാവരെയും അക്ഷരാർത്ഥത്തിൽ
ഞെട്ടിച്ചു കളഞ്ഞു. തികച്ചും ആസൂത്രിതമായ ആൾകൂട്ട കൊലപാതകമായിരുന്നു അത്. അതിനെ തുടർന്ന് പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ അവരുടെ ആസൂത്രണമാണ് പുറത്തു കൊണ്ട് വന്നത്. ക്ലാസ് മുറികളിൽ അസ്വസ്ഥത നിറഞ്ഞു നിൽക്കുന്നു നിസ്സാര പ്രശ്നങ്ങൾ ഗാങ് വാറിലേക്ക് നീങ്ങുന്നു. പലപ്പോഴായി പലയിടത്തും ഇങ്ങനെ ചേരി തിരിഞ്ഞു പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കുട്ടികൾ എന്നൊരു പരിഗണനയിൽ എല്ലാം ഒതുങ്ങി. പലതും ഗുരുതര പ്രശ്നമില്ലാതെ പോയതും ഇത്തരം സംഭവങ്ങളുടെ ഗൗരവം കുറച്ചു.
ഈ അടുത്ത് താമരശ്ശേരിയിൽ നടന്ന ആ കുട്ടിയുടെ കൊലപാതകം, സാധാരണ രീതിയിൽ അവിടെ ലഹരിയോ, രാഷ്ട്രീയമൊ കാരണമാകാറുണ്ട്. പക്ഷെ ഇവിടെ ഇതിന്റെ രണ്ടിന്റെയും സാനിധ്യമല്ല മറിച്ചു ട്യൂഷൻ സെന്റർ വാർഷികാവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവത്യാസങ്ങൾ അഭിമാനപ്രശ്നമായി കണ്ടതാണ്. അതൊരു കൂട്ട അക്രമമാവുകയും ആ കുട്ടി കൊല്ലപ്പെടുകയും ചെയ്തതോടെ പ്രശ്നം ഗുരുരുതരമായി.
ഇത്തരം വിദ്യാർത്ഥി സംഘട്ടനങ്ങൾ ഇപ്പൊ പുതുമയുള്ള കാര്യമല്ല. ഇതിൽ സമത്വവും കൈവരിച്ചിട്ടുണ്ട്. വിദ്യാർഥിനികളും ഇത്തരം സംഘട്ടനങ്ങളുടെ ഭാഗമാകുന്നു, നേരിട്ടല്ലെങ്കിൽ കൂടി ഇത്തരം സംഘട്ടനങ്ങൾക്ക് കാരണമാകുന്നു എന്നൊരു വസ്തുത കൂടിയുണ്ട്.
എവിടെയാണ് നമുക്ക് പിഴച്ചത്? ഓരോ ദിവസവും നേരം പുലരുമ്പോൾ ഇന്നെന്താണ് അരുതാത്തതു സംഭവിച്ചതു, അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നൊരു പ്രാർഥനയാണ്. എന്നിട്ടും, സോഷ്യൽ മീഡിയ തുറക്കുമ്പോൾ ഇത്തരം വാർത്തകൾ കാണുന്നു. മനസു നിറയെ പേടിയാണ് മക്കളെക്കുറിച്ച്, അവരുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയാണ് ഓരോ രക്ഷിതാവും.
കളിചിരിയും, തമാശകളും, സൗഹൃദവും, പ്രണയവും, സർഗാത്മകതയും ആസ്വദിച്ചു, കൗതുകങ്ങൾ അന്വേഷിക്കേണ്ട കാലത്ത് പകയും, വിദ്വേഷവും മനസ്സിൽ നിറച്ചു കൊലപാതകം ചെയ്യുക. തോളിൽ കൈയിട്ടു നടക്കേണ്ട സ്വന്തം സഹപാഠിയുടെ കൈകൾ കൊണ്ട് കൊല്ലപ്പെടുക! സഹപാഠികൾ തമ്മിൽ നേർക്കുനേർ അക്രമം നടത്തുക എന്തൊരു നാശത്തിലേക്കാണ് നമ്മുടെ മക്കളുടെ പോക്ക്?
സ്കൂളുകളുളിൽ രാഷ്ട്രീയമുണ്ടായിരുന്നപ്പോൾ ആശയങ്ങൾ ഏറ്റുമുട്ടി അത് വ്യക്തികളിലേക്ക് ഇറങ്ങിയുള്ള അക്രമങ്ങൾ സ്ഥിരം കാഴ്ചകൾ ആയിരുന്നു. രണ്ടു ചേരികളിൽ പെട്ടവരുടെ സമരങ്ങളും, സംഘർഷങ്ങളും അതിനെ തുടർന്നുള്ള പഠിപ്പ് മുടക്കലും തുടർകഥയായപ്പോഴാണ് സ്കൂളുകളിൽ രാഷ്ട്രീയനിരോധനം വന്നത്. അതൊരു ആശ്വാസമായി തുടങ്ങുമ്പോഴാണ് ഇന്നത്തെ പ്രശ്നങ്ങൾ തലപ്പൊക്കുന്നത്. നിസ്സാര പ്രശ്നങ്ങളാണ് കുട്ടികളും അവരുടെ ഗാങ്ങും ചേർന്ന് ഊതി പെരുപ്പിച്ചു കൊണ്ട് വരുന്നത്. ബസ് സ്റ്റാൻന്റുകളിലും, മാർക്കെറ്റിലും, സ്കൂൾ ഗ്രൗണ്ടുകളും, റോഡുകളും എല്ലാം ഇത്തരം സംഘർഷങ്ങളുടെ നിത്യ ഇടമാണ്.
ഇത്തരം പ്രശ്ങ്ങൾ, സംഘർഷങ്ങൾ ജീവനെടുക്കുകയോ, മറ്റു പരുക്കുകൾ, മാനസിക ആഘാതങ്ങൾക്കു വഴിവെക്കുകയോ ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം? എന്താണ് പരിഹാരം? കാരണമറിഞ്ഞു പരിഹാരങ്ങൾ തേടണം. മാനുഷിക പരിഗണനകളോ, സ്നേഹമൊ, മറ്റു മൃദുലവികാരങ്ങളോ അറിയാത്ത ഒരു തലമുറയാണ് ഇന്നുള്ളത്. അവർക്കു ആരോടും ഒരു പരിഗണനയില്ല. അവരുടെ ആവശ്യങ്ങൾ അതു നിവർത്തിക്കുക, അതു നിവർത്തിക്കാൻ മാതാപിതാക്കൾക്കു കഴിയില്ലെങ്കിൽ എങ്ങനെയും, ഏതു വിധേനയും നേടിയെടുക്കാൻ ശ്രമിക്കും.ഒന്നിനെയും പേടിയില്ലാത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. നിയമത്തിന്റെയും, പോലീസ് സംവിധാനങ്ങളുടെയും അപര്യാപ്തതകളും, പോരായ്മകളും കൃത്യമായി മനസിലാക്കിയ തലമുറയാണ് ഇന്നുള്ളത്.
കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന കാരണങ്ങൾ തിരക്കുമ്പോൾ ശക്തമായ നിയമ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാണ്. പലപ്പോഴും രക്ഷിതാക്കളുടെ ഇടപെടൽ, പാർട്ടിക്കാരുടെ ഇടപെടൽ, മറ്റു ബന്ധങ്ങളുടെ ഇടപെടൽ കൊണ്ട് കേസുകളിൽ നിന്നും ഊരി പോരുമ്പോൾ ഇതൊക്കെ നിസ്സാരമായി കാണുകയും, എന്ത് ചെയ്താലും ഇത്രയൊക്കെയേ നിയത്തിന് പറ്റൂ എന്നൊരു തോന്നൽ ഉണ്ടാവുകയും ചെയ്യും. ഇന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ കൃത്യമായ കാരണം ഇതുതന്നെയാണ്.
കുട്ടികൾക്കും, രക്ഷിതാക്കൾക്കും കൃത്യമായ അവബോധം സൃഷ്ട്ടി ക്കുകയും, ശക്തമായ നിയമങ്ങൾ എഴുതപ്പെടുകയും, നടപ്പിലാക്കുകയും വേണം. എങ്കിൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ കഴിയൂ. അതിനുള്ള തുടക്കങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം.
നല്ലെഴുത്ത്