കാശ്മീരിൽ മതമൗലിക തീവ്രവാദികൾ നടത്തിയ അറും കൊലകളുടെ പേരിൽ ഇന്ത്യയിലെ മനുഷ്യരുടെ സമാധാന ജീവിതം തകർക്കുന്നതാവരുത് ഇന്ത്യാ ഗവണ്മെൻറിൻ്റേയും ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടേയും നിലപാടുകളും പ്രസ്താവനകളും. ഭാരതത്തിൽ അശാന്തിയുടെ വിത്ത് വിതറി അസ്ഥിരപ്പെടുത്താൻ ബ്രിട്ടീഷുകാർ പ്രയോഗിച്ച “Divide and Rule” എന്ന വിഭിന്ന മതങ്ങളുടെ മനസ്സിൽ വിഭജനത്തിൻ്റെ വിത്ത് പാകുന്നതാവരുത് ഇക്കാലത്ത് ഇതുപോലുള്ള സന്ദർഭങ്ങളിൽ ഗവണ്മെൻ്റും രാഷ്ട്രീയ നേതൃത്വവും സ്വീകരിക്കേണ്ട സമീപനം.
ഇന്ത്യയിലെ കാശ്മീരുൾപ്പെടുന്ന എല്ലാ പ്രദേശത്തെയും മുസ്ലിം മത വിശ്വാസികൾ ഇതര മതസ്ഥരുടെ ജീവന് വില കൽപ്പിക്കുന്നവർ തന്നെയാണെന്നാണ് എൻ്റെ വിശ്വാസം. അങ്ങനെയുള്ളൊരാൾക്ക് മറ്റൊരുവൻ്റെ ജാതി ചോദിച്ച്, അവനെ ഏത് വിശ്വാസ സംഹിതയുടെ പേരിലായാലും ഇല്ലാതാക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. മതമുള്ളവനും ഇല്ലാത്തവനും ജീവിക്കാൻ സ്വാതന്ത്യം നൽകുന്ന അനുപമായ നമ്മുടെ ഭരണഘടന തന്നെയാണ് എല്ലാ മത ഗ്രന്ഥങ്ങൾക്കും മേലെ നിലകൊള്ളുന്നത് .
ഇപ്പോൾ കാഷ്മീരിൽ നടന്നത് രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും മേൽ ഒരു പറ്റം മതതീവ്രവാദികളുടേയും അവരെ സൃഷ്ടിക്കുന്ന മൗലീക വാദികളുടേയും കടന്നുകയറ്റമാണ്.ഇത് തടഞ്ഞേ മതിയാവു.
ആഭ്യന്തരവും അന്തരാഷട്രീയവുമായ ഇത്തരം ചിദ്രശക്തികളെ തിരിച്ചറിഞ്ഞ് തിരിച്ചടി നൽകാൻ പ്രാപ്തമാണ് നമ്മുടെ രാഷ്ട്രം:
ജവഹരിലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയുമൊക്കെ കാണിച്ചു തന്ന മാർഗ്ഗത്തിലൂടെ നമുക്ക് ചരിക്കാം. അവിടെ പൊതു ശത്രുവുണ്ട്. അവരെ തിരിച്ചറിഞ്ഞ് തിരഞ്ഞുപിടിച്ച് വീഴ്ത്താം. അതിൽ സഹോദരങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന വികലമനസ്സ് ഒഴിവാക്കാം.
രാഷ്ട്രീയമെന്തുമായിക്കൊള്ളട്ടെ ,പൊതുശത്രുവിനെ തേടുമ്പോൾ സമാന മതസ്ഥരെ മുഴുവൻ പൊതുശത്രുവായി കാണുന്ന രാഷട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള സമീപനം അപഹാസ്യമാണ്.
വിവേകപൂർണ്ണമായി ചിന്തിക്കാനും നിലപാടുകൾ കൈക്കൊള്ളാനും ഇന്ത്യക്കും കഴിയണം.
ഇനിയൊരു ശത്രുവിനും നമുക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത വിധം നിശ്ശബ്ദരാക്കാൻ നമുക്ക് കഴിയണം.
ജയ് ഹിന്ദ്
ജയ്ഹിന്ദ്