Friday, December 5, 2025
Homeഅമേരിക്കഹിമമഴത്തേരിലണയുന്ന രാജകുമാരനെ കാത്ത്

ഹിമമഴത്തേരിലണയുന്ന രാജകുമാരനെ കാത്ത്

റോമി ബെന്നി

മഞ്ഞുകാറ്റിന്റെ മർമ്മരത്തിലും, കുളിരിലും ഗന്ധത്തിലുമെല്ലാം ക്രിസ്തുമസിനെ വരവേൽക്കുന്ന താളം.

സമാധാന പ്രഭുവിന് വഴിയൊരുക്കുവാൻ പ്രകൃതിയൊ രുങ്ങുന്നതിന്റെ ദൃശ്യങ്ങൾ അവർണ്ണനീയം .

ആഗമന കാലം വരവായി. എന്നു പറഞ്ഞാൽ ആരെയോ കാത്തിരിക്കുന്ന കാലമാണത്.

മനുഷ്യനെ തൻ്റെ ഛായയിൽ സൃഷ്ടിച്ച ദൈവം അവന്റെ ദുഷിച്ച ചിന്തകളെയും പ്രവൃത്തിയെയും കണ്ട് എത്ര വിഷാദിച്ചിട്ടുണ്ടാകും.

പ്രവാചകന്മാരെ അയച്ച് പ്രബോധനങ്ങളേകി നൂറ്റാണ്ടുകളായി ദൈവം മനുഷ്യരെ നയിച്ചു കൊണ്ടിരുന്നു.

സ്വന്തം പുത്രനെ അയച്ച് നരവംശത്തിന് നിത്യജീവനേകാൻ ദൈവം നൽകിയ വാഗ്ദാനത്തിന്റെ ജന്മദിനമാണ് ക്രിസ്തുമസ് .

യുഗങ്ങളായി ഈ ആഗമനത്തിനായി കാത്തിരുന്നവർക്കു ലഭിച്ച സമ്മാനം.

ദൈവപുത്രൻ ജനിച്ചത് കൊട്ടാരത്തിലല്ല. അമ്മയായി തിരഞ്ഞെടുത്തത് രാജകന്യകയെയല്ല. ജനിച്ചു വീണ ഉണ്ണിയേശുവിനെ ആദ്യമായി കണ്ടതോ നിരാലംബരായ ആട്ടിടയർ. എല്ലാമെല്ലാം അത്ഭുതകരം.

പഴയ നിയമത്തിന്റെ പൂർത്തീകരണമായി എത്തിയ ദൈവസുതൻ മനുജരുടെ പാപഭാരമേറ്റ് ക്രൂശിതനായി മരിച്ചതും ഉയിർത്തതും ദൈവത്തിന് മനുഷ്യരോടുള്ള അദമ്യമായ സ്നേഹത്തിന്റെ വിസ്മയകരമായ പ്രത്യക്ഷീകരണമാണ്.

അജബലി നടത്തി പാപപരിഹാരം നേടിയവർക്ക് സ്വന്തം മകനെ ബലിയായി നൽകി മനുഷ്യകുലത്തെ വീണ്ടെടുക്കാൻ ദൈവം അയച്ച സമ്മാനത്തെ ഭൂമി സ്വീകരിച്ച ദിവസമാണ് തിരുപ്പിറവി ദിനമായി ആഘോഷിക്കുന്നത്.

ഡിസംബർ ആദ്യവാരത്തിൽ തന്നെ ഓരോ നാടിന്റെ കാലാവസ്ഥയ്ക്കും, അഭിരുചിക്കുമനുസരിച്ച് പരമ്പരാഗതമായ ആഘോഷ ആചാരങ്ങൾ ആരംഭിക്കും.

നക്ഷത്രത്താൽ നയിക്കപ്പെട്ട പൂജരാജാക്കന്മാരെ അനുസ്മരിച്ച് ഡിസംബർ ഒന്നാം തീയതി തന്നെ ഒരു നക്ഷത്രമെങ്കിലും വീടുകളിൽ തെളിയും.

ക്രിസ്തുമസ് ഈവ് ആകുമ്പോഴേയ്ക്കും പുൽക്കൂട് അടക്കമുള്ള അലങ്കാരവും താരകാവലിയും വർണ്ണപ്പകിട്ടോടെ കാവൽ വിളക്കുകളാകും. ഉത്സവരാവണയും.

ഓർമ്മകളിൽ മാത്രമല്ല എന്നും എത്തിച്ചേരാൻ മനസു കൊതിച്ചു കാത്തിരിക്കുന്ന നാളുകളാണ് ബോഗിൻ വില്ലകൾ പടർന്നു പൂക്കുന്ന വർഷാന്ത്യത്തിലെ ഡിസംബർ മാസം.

ഇരുപത്തിയഞ്ചുനൊയമ്പ് എടുക്കുന്ന സമ്പ്രദായമുണ്ട്.

സാധാരണയായി ഇഷ്ടഭക്ഷണം ഒഴിവാക്കും.പ്രത്യേകിച്ച് നോൺവെജ് ,ആഹാരം

പണ്ട് നിർബന്ധിതമായിരുന്നത് ഇന്ന് വൈയക്തിക തീരുമാനമാണ് നോമ്പാചരണം.

മനുഷ്യപുത്രന് വഴിയൊരുക്കുവാൻ വീടും പറമ്പും മാത്രമല്ല മനസിലെ കാടും പടലയും പൊടിയും വൃത്തിയാക്കാൻ ഒരുങ്ങുന്ന ദിനങ്ങൾ.

കുട്ടിക്കാലത്ത് ക്യാറ്റിക്കിസം ക്ലാസിൽ സിസ്റ്റർ ഒരു ലിസ്റ്റു തരുമായിരുന്നു .ഒരു മാസം ചെയ്യേണ്ട പുണ്യപ്രവർത്തികൾ.

ഓരോ ദിനവും ചെയ്യുന്നതനുസരിച്ച് സ്വർഗത്തിൽ അത് ഉണ്ണിയേശുവിന് സമ്മാനമായി രൂപാന്തരം പ്രാപിക്കുമത്രെ.

ഉദാഹരണമായി പറഞ്ഞാൽ ഒന്നാം തീയതി ചൊല്ലേണ്ടത് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന മൂന്നു തവണയാണെങ്കിൽ അത് ഉരുവിട്ടു കഴിയുമ്പോൾ
സ്വർഗത്തിലേയ്ക്ക് നമ്മൾ അയച്ച സമ്മാനം ഉണ്ണിയേശുവിന് കുഞ്ഞുടുപ്പായി മാറും.

ചില ദിവസങ്ങളിൽ കാലുറയോ , ചുവന്നകമ്പിളിയോ , തൊപ്പിയോ ഒക്കെയായിരിക്കും സമ്മാന വസ്തുക്കൾ ഉണ്ണിക്ക് കിട്ടുന്നത്.

സുകൃത ജപങ്ങൾ ഓരോ ദിനവും വ്യത്യസ്തമായിരിക്കും ചൊല്ലേണ്ടത്.

ഒരു ദിവസമെങ്കിലും പ്രാർത്ഥിക്കാൻ വിട്ടുപോയാൽ നമ്മുടെ സമ്മാനം കിട്ടാതെ ഉണ്ണിമിശിഹാ തണുത്തു വിറക്കുമെന്ന് ആരോ പറഞ്ഞു തന്നു.

അതുകൊണ്ട് രാവിലെ ഉണർന്നയുടൻ
ജപാർച്ചന നടത്തി ഇരുപത്തിയഞ്ചു ദിവസം കൊണ്ട് പ്രാർത്ഥന പൂർത്തിയാക്കും.

ക്രിസ്തുമസ് ദിനത്തിൽ പ്രാർത്ഥന പൂർത്തിയാകുമ്പോൾ ആ വർഷം മുഴുവൻ നമുക്കു ആവശ്യമായ നന്മകൾ ഉണ്ണിയീശോ തരുമെന്നു ഉറച്ചു വിശ്വസിച്ചിരുന്നു.

ലോകവും, കാലവും, ആചാര രീതികളും മാറിയെങ്കിലും ഞാൻ
മക്കൾക്ക് ഈ പ്രാർത്ഥനാ രൂപം അവരുടെ ചെറുപ്പം മുതലേ കൈമാറിയിരുന്നു.

അവരും മുടങ്ങാതെ പ്രാർത്ഥന ചൊല്ലും. ഡിസംബർ ഇരുപത്തിനാലിന് പാതിരാ കുർബാനയ്ക്കു ശേഷം ഉണ്ണിയുടെ രൂപം പുൽക്കൂട്ടിൽ വെയ്ക്കുമ്പോഴുള്ള പ്രാർത്ഥന കഴിഞ്ഞ് അവരോടിച്ചെല്ലുന്നത് ക്രിസ്തുമസ് ട്രീയുടെ താഴെ ക്രിസ്തുമസ് പാപ്പ കൊണ്ടു വെച്ചിട്ടു പോയ ഇഷ്ടസമ്മാനം തേടിയാണ്.

സമ്മാനം ക്രിസ്തുമസ് പപ്പയുടെ കൈവശം കൊടുത്തു വിട്ടത് ഉണ്ണിയേശുവാണെന്ന് അന്നവർ വിശ്വസിച്ചു പോന്നു.
അവരെന്താഗ്രഹിക്കുന്നുയെന്ന് അറിയാവുന്നതു കൊണ്ട് ചെറുതെങ്കിലും ഇഷ്ട സമ്മാനങ്ങൾ ഞങ്ങൾ ഒരുക്കി വെച്ചിരുന്നു.

വലുതായി കഴിയുമ്പോൾ ഇത്തരം ആകർഷണീയത സ്വഭാവികമായും കുറയുമല്ലോ! അതുകൊണ്ട് പതിയെ സമ്മാന ദാനം നിറുത്തി.

പക്ഷേ അവർ ഇപ്പോഴും ക്രിസ്തുമസ് ട്രീയുടെ കീഴെ സമ്മാനങ്ങൾക്കായി മനസു കൊണ്ടും, മിഴികൾ കൊണ്ടും പരതുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചിലപ്പോൾ സമ്മാനമൊന്നുമില്ലേയെന്നു കളിയായി അവർ ചോദിക്കാറുമുണ്ട്.

അതൊക്കെ കുട്ടികളുടെ ആഘോഷമല്ലേ?
നിങ്ങളുടെ ഈ പ്രായത്തിൽ ഞങ്ങൾ എന്തു സമ്മാനം മേടിച്ചു തരാനെന്നു തിരിച്ചു ചോദിക്കും. !

ഹൃദയത്തിൽ ഇപ്പോഴും ഒരു കുട്ടിയുണ്ടെന്നും സമ്മാനങ്ങൾ കൊതിക്കുന്ന ബാല്യത്തെ മനസിൽ നിന്ന് ഇറക്കിവിടാൻ പറ്റുന്നില്ല എന്നുമവർ പറയും.

കഴിഞ്ഞ ദിവസങ്ങളിൽ കുടുംബ സദസിൽ ചെറുപ്പ കാലത്തെ ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ ചോദിച്ചു.

അന്നത്തെ അഹ്ലാദവും, വിസ്മയവും ഇന്നും നിങ്ങൾക്ക് ക്രിസ്തുമസാകുമ്പോൾ തോന്നുന്നുണ്ടോ?

ഇളയ മകൻ്റെ മറുപടി വല്ലാതെന്നെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

” അമ്മേ അന്ന് സമ്മാനം ലഭിക്കാനുള്ള ആഗ്രഹം, നല്ല വിഭവങ്ങൾ,അവധിയാഘോഷം, ഉണ്ണീശോയെ കാണൽ, പള്ളിയിൽ പോകൽ, അലങ്കാരങ്ങൾ അങ്ങനെ വിസ്മയ ലോകമായിരുന്നു ക്രിസ്തുമസ് കാലം.

വലുതായി തിരിച്ചറിവിന്റെയും വിശ്വാസങ്ങളെ സംശയിക്കുന്ന കാലഘട്ടങ്ങളായപ്പോഴും എന്റെ വിസ്മയവും ഭക്തിയും,കൂടിയിട്ടേയുള്ളു. കാരണം …….

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടിച്ച സർവവ്യാപിയായ ദൈവം മറ്റൊന്നിനോടും കാണിക്കാത്ത അപൂർവ സ്നേഹം മനുഷ്യനോട് പ്രദർശിപ്പിക്കുക.

അൽഫയും ഒമേഗയും ആയവൻ ഇസ്രായേലിലെ കൗമാരപ്രായം കഴിയാത്ത കന്യകയുടെ ഉദരത്തിൽ ഒരു സെൽ (കോശം) ആയി കടന്നു ചെന്ന് വളർച്ചയുടെ പ്രക്രിയകൾക്കു ശേഷം മനുഷ്യ രൂപമെടുക്കുക.

ഒരു കോശത്തോളം ചെറുതായി സ്വയം താഴ്ത്തി എളിമപ്പെട്ട് ഇറങ്ങി വന്ന സ്രഷ്ടാവ് ഒൻപതുമാസം ഗർഭപാത്രത്തിൻ്റെ അരിഷ്ടതയിൽ ജീവിക്കുക .

പുൽക്കൂട്ടിൽ ശിശുവായി ജനിക്കുക .

പല്ലും നഖവും മുടിയും ഒക്കെ വഹിച്ച മർത്ത്യ ശരീരിയായി സാധാരണക്കാരുടെ ഇടയിൽ ജീവിച്ച് ആത്മാവിനാൽ സദ് വാർത്ത നൽകുക .
കൊല്ലപ്പെടാനനുവദിക്കുക,ഉയർത്തെഴുന്നേൽക്കുക. ഇന്നും ജീവിക്കുക. ഇതിൽപരം എന്തത്ഭുതമാണ് ലോകത്ത് സംഭവിക്കാനുള്ളത്.

ഓരോ ക്രിസ്തുമസും ദൈവത്തിന് മനുഷ്യനോടുള്ള വിസ്മയകരമായ സ്നേഹത്തിന്റെ പൂർത്തികരണ വാർഷികദിനത്തിൻ്റെ അത്ഭുതാഘോഷമല്ലേ! ചിന്തിച്ചാൽ വിസ്മയ മേറുന്നതേയുള്ളു. ”

അവൻ പറഞ്ഞു നിറുത്തി.

സയൻസിനു പിറകേ പോയി ദൈവത്തെ മറക്കുന്ന തലമുറയ്ക്കിടയിൽ മനുഷ്യജീവന് സംരക്ഷണമായി ദൈവം മാത്ര മേയുള്ളുവെന്ന് ഡോക്ടറായ ശേഷം കൂടുതൽ അനുഭവങ്ങൾ അവന്റെ ജീവിത യാത്രയിൽ കിട്ടിക്കാണണം.

“കുട്ടികളെ,നല്ലവരാക്കാൻ ഏറ്റവും നല്ല മാർഗ്ഗം അവരെ സന്തുഷ്ടരാക്കുകയാണ്.”

എന്ന് ഓസ്കർ വൈൽഡ് പറഞ്ഞിട്ടുണ്ട്.

അതെ . നമ്മുടെ കുഞ്ഞുങ്ങൾക്കെങ്കിലും, ക്രിസ്തുമസ് കാലം ആകുലതകളില്ലാതെ കഴിയാനാകട്ടെ.

വിശ്വാസവും , ദൈവസ്നേഹവും പ്രായമേറിയാലും മനസിൽ നിലനിൽക്കട്ടെ.

മലയാളി മനസ് USA യുടെ എല്ലാ വായനക്കാർക്കും നല്ലൊരു ക്രിസ്തുമസ് സീസണിന്റെയും, തിരുപ്പിറവി ദിനത്തിൻ കാത്തിരിപ്പിൻ്റെയും ആശംസകൾ.

റോമി ബെന്നി✍

RELATED ARTICLES

9 COMMENTS

  1. ഡിസംബർ, നീ… അവസാനമോ, ആരംഭമോ, ഏതായാലും തിരുപ്പിറവിയുടേയും, പുതുപ്പിറവിയുടേയും വരവറിയിക്കാനുളള സൗഭാഗ്യം നിനക്കല്ലേ,ഹിമകമ്പളം പുതച്ച ധനുരാവിലൊന്നിൽ നീ മടങ്ങുമ്പോൾ കല്മഷകാലത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ വഴിയിലുപേക്ഷിയ്കുക. സ്നേഹം പുലർന്നു വീണത് നിന്റെ മടിത്തട്ടിലേയ്ക്കെന്നറിയുക. വർഗ്ഗവർണമതജാതി ഭേദങ്ങളില്ലാത്ത നന്മയുടെ നാളുകൾ പുലരാൻ നമുക്കൊരുമിച്ച് ലോകനാഥനെ വരവേൽക്കാനൊരുങ്ങാം….🙏
    ടീച്ചർ,…
    മാസ്മരികമായൊരു ശൈലിയിലുളള ഭാഷാസ്വാധീനത്താൽ വായനക്കാരനിലേയ്ക്ക് ദൃശ്യ ചാരുതകൂടി പകർന്നു നൽകിയാണ് ഓരോ എഴുത്തും കടന്നു പോകുന്നത്.
    നിഴൽകണ്ട് ഭയന്ന് കരയുന്നവരേ പേടിച്ച് നിലാവുദിയ്ക്കാതിരിയ്ക്കില്ലല്ലോ…. തുടരുക❤️

  2. ഡിസംബർ മാസത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായ ക്രിസ്തുമസ് ആണ്. വളരെ ലളിതമായി തിരുപ്പിറവി വിശേഷങ്ങൾ പങ്കുവെച്ചു…
    ആശംസകൾ

  3. എഴുത്തിലും ഭാവനയിലും കൂടുതൽ ക്രിസ്തുമസ് വിളക്കുകൾ തെളിയട്ടെ.

  4. ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്താൽ സ്വന്തം പുത്രനെ അയച്ചു നിത്യ ജീവനേക്കാൻ,…. പഴയ നിയമത്തിന്റെ പൂർത്തികരണമായി എത്തിയ ദൈവത്തിന്റെ വാഗ്ദാനമായ ദൈവ പുത്രന്റെ ആഗമന കാലത്തെ കുറിച്ചുള്ള അവതരണം അതിമനോഹരമായി വായനക്കാരിൽ എത്തിച്ചു…. ബാല്യകാലത്ത് മക്കൾക്ക് പകർന്ന ക്രിസ്മസ്സ്‌ ആഘോഷവും ആഹ്‌ളാദവും ഇന്നും ഉണ്ടോ എന്ന് ഇളയ മകനോട് ചോദിക്കുമ്പോൾ ഉള്ള മറുപടി അത്ഭുതപെടുത്തി…. ഉണ്ണിയേശു, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നത് പോലെ മക്കളെയും വളർത്തിയതുകൊണ്ടാണ് ഇങ്ങനെ മറുപടി നൽകുവാൻ സാധിക്കുന്നത്… അഭിനന്ദനങ്ങൾ റോമി ബെന്നി…. ❤️❤️❤️❤️

  5. റോമിയുടെ ഉണ്ണിയേശുവിൻ്റെ ജനനത്തെ കുറിച്ചുള്ള ഈ അവതരണം എല്ലാവായനക്കാരേയും അവരുടെ ബാല്യകാല ക്രിസ്തുമസ്സ് ആഘോഷങ്ങളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ട് പോയിട്ടുണ്ട് എന്നുള്ളതിൽ ഒരു സംശയവും ഇല്ല. എല്ലാ ഓർമ്മപ്പെടുത്തലുകൾക്കും നന്ദി.റോമിക്കും കുടുംബത്തിനും എൻ്റെ ക്രിസ്തുമസ്സ് ആശംസകൾ.

  6. ഈ ക്രിസ്തുമസ് ദിനത്തിൽ ഏറ്റവും സാധാരണക്കാരനായി ജനിച്ച ദൈവപുത്രനായ യേശുദേവനെ എല്ലാവരും സ്മരിക്കട്ടേ. ആ എളിമ കാരുണ്യം എല്ലാവരിലേക്കും പടരട്ടെ.

Leave a Reply to Maria Jacintha Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com