ടീനെക്ക് (ന്യൂ ജേഴ്‌സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി.
പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളിലാണ് നാടകം.
ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം. ആ ജീവിതത്തിന്റെ സമസ്യകളെ പൂരിപ്പിക്കുക ഒരു സാധാരണ ജീവിതം കൊണ്ട് അസാധ്യമാണ് . ജീവിത സായാഹ്നത്തിൽ എല്ലാം നഷ്ടപ്പെട്ട് ഒരു പദവിയിലും ആരും ഉൾക്കൊള്ളാതാവുന്ന ചില ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ”ബോധിവൃക്ഷത്തണൽ”.
റോയി മാത്യു, സജിനി സഖറിയാ , സണ്ണി റാന്നി, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്, റിജോ എരുമേലി , ജോർജി സാമുവേൽ എന്നിവർ രംഗത്ത് എത്തുന്നു . സംവിധാനം – റെഞ്ചി കൊച്ചുമ്മൻ.
2001 ഫെബ്രുവരിയിലാണ് പദ്മവിഭൂഷൺ ഡോ . കെ ജെ യേശുദാസ് ഭദ്രദീപം കൊളുത്തി, പുതിയൊരു സാംസ്കാരിക അധ്യായത്തിന് തുടക്കമിട്ടത് .
മലയാളത്തിന്റെ ചൂടും ചൂരുമുള്ള കലാരൂപങ്ങൾ വ്യത്യസ്തതയോടുകൂടി, ചിട്ടയായി, സമയക്ലിപ്തത പാലിച്ച് അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ചും, ലോക മലയാളികൾക്കും പ്രാപ്യമായി കാഴ്ചവച്ച് കൊണ്ട് 23 വർഷങ്ങളും എല്ലാവരുടെയും മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടുകയായിരുന്നു ഫൈൻ ആർട്സ് മലയാളം ക്ളബ്.
നാടകം, നൃത്തം ചരിത്രാവിഷ്ക്കാരം, ഡാൻസ് ഡ്രാമകൾ തുടങ്ങി വിവിധ കലാരൂപങ്ങൾ ആസ്വാദകസമക്ഷം സമർപ്പിച്ച ക്ളബ്ബിന് സ്വന്തമായി രംഗപടങ്ങൾ (ഇപ്പോൾ വീഡിയോ വോളും ) ലൈറ്റിങ്, മേക്കപ്പ് സാമഗ്രികൾ തുടങ്ങിയവയും ഉണ്ട് . അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി അൻപതിലധികം കലാരൂപങ്ങൾ അരങ്ങേറിയിട്ടുമുണ്ട് . ഫൈൻ ആർട്സിന്റെ 27 -മത് നാടകമാണിത് .വിവിധ ധനശേഖരണ പരിപാടികളിലായി 6 ലക്ഷത്തിലധികം ഡോളർ സംഘാടകർക്ക് നേടിക്കൊടുക്കുന്നതിനും ഫൈൻ ആർട്സ് ചാലകശക്തിയായി.
പി ടി ചാക്കോ (മലേഷ്യ)യുടെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയമാണ് പിന്നീട് ഫൈൻ ആർട്സ് മലയാളം ക്ളബ്ബായി പരിണമിച്ചത് .
ഈ നാടകം നടത്താനാഗ്രഹിക്കുന്ന കലാപ്രസ്ഥാനങ്ങളോ സംഘടനകളോ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
ജോൺ (ക്രിസ്റ്റി) സഖറിയ (908) 883 -1129
എഡിസൺ എബ്രഹാം (862) 485 -0160
റോയി മാത്യു (201) 214 -2841
റെഞ്ചി കൊച്ചുമ്മൻ (201) 926-7070