Saturday, January 24, 2026
Homeഅമേരിക്ക' എൺപതുകളിലെ വസന്തം: ' മണിയൻപിള്ള രാജു' ✍ അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

‘ എൺപതുകളിലെ വസന്തം: ‘ മണിയൻപിള്ള രാജു’ ✍ അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

മണിയൻപിള്ള രാജു.

സുധീർകുമാർ എന്ന മണിയൻപിള്ള രാജു ഒരു നടൻ മാത്രമല്ല പ്രൊഡ്യൂസറും ബിസിനസ്മാനും കൂടിയാണ്. 1970 കളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാജീവിതം പതിറ്റാണ്ടുകൾ പിന്നിട്ട് ഇപ്പോഴും തുടരുന്നു.
വിനയവും ലാളിത്യവും നല്ല പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങളിൽ ചേക്കേറിയ മണിയൻപിള്ള രാജു, മിതത്വം പാലിച്ചുകൊണ്ട് തന്നെ മലയാള സിനിമയിൽ അന്നും ഇന്നും ഒളിഞ്ഞും തെളിഞ്ഞും എന്നാൽ ഏറെക്കുറെ നിറഞ്ഞും സജീവമായി നിലനിൽക്കുന്ന താരങ്ങളിൽ ഒരാളാണ്.

താൻ നല്ലൊരു ബിസിനസ്മാൻ കൂടിയാണെന്ന് തെളിയിച്ച മണിയൻപിള്ള രാജുവിന്റെ Be @Kiwizo എന്ന റസ്റ്റോറന്റ് ഏറെ പ്രശസ്തമാണ്. 2019 ൽ കണ്ണൂരിൽ തുടങ്ങിയ ഈ റസ്റ്റോറന്റ് റോബോട്ടുകളുടെ സർവീസ് സാധ്യമാക്കിയ കേരളത്തിലെ ആദ്യത്തെ റസ്റ്റോറന്റ് ആണ്.

1955 ഏപ്രിൽ 20ന് തിരുവനന്തപുരത്തെ തൈക്കാട് എന്ന സ്ഥലത്ത് ശേഖരൻ നായരുടെയും സരസ്വതി അമ്മയുടെയും മകനായിട്ടാണ് മണിയൻപിള്ള രാജു ജനിച്ചത്. സുധീർകുമാർ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്നുമാണ് മണിയൻപിള്ള രാജു എന്ന പേര് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ബ്രേക്ക് ത്രൂ റോൾ ആയിരുന്നു അത്.

തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിക്ടറി ട്യൂട്ടോറിയൽ കോളേജിൽ നിന്നും പ്രീഡിഗ്രി പാസാവുകയും 1973-75 കാലഘട്ടത്തിൽ മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആക്ടിങ്ങിൽ ഡിപ്ലോമ നേടുകയും ചെയ്ത ശേഷം അഭിനയം തൊഴിലായി സ്വീകരിക്കുകയായിരുന്നു.

1976ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയുടെ വസന്തകാലമായ 80കളിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ മണിയൻപിള്ള രാജുവിന് ഭാഗ്യം ലഭിച്ചു.

ചാമരം, ഇത് ഞങ്ങളുടെ കഥ, ഇത്തിരി നേരം ഒത്തിരി കാര്യം, ചിരിയോ ചിരി, പ്രശ്നം ഗുരുതരം, കൂടെവിടെ, ഏപ്രിൽ 18, അടിയൊഴുക്കുകൾ, നോക്കെത്താദൂരത്ത് കണ്ണും നട്ട്, യുവജനോത്സവം, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, നായർസാബ് തുടങ്ങി മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായ നിരവധി സിനിമകളിൽ അഭിനയിച്ച് കൊറോണ പേപ്പർസ്, നെയ്മർ, തുടരും മുതലായ സിനിമകളിലൂടെ ഇന്നും സജീവമാണ് മണിയൻപിള്ള രാജു.

1985ൽ ശ്രീമതി ഇന്ദിരയെ വിവാഹം ചെയ്ത മണിയൻപിള്ള രാജുവിന് രണ്ടാൺമക്കളാണുള്ളത്. സച്ചിനും നിരഞ്ജും. ഇതിൽ നിരഞ്ജ്, അച്ഛന്റെ പാത പിന്തുടർന്ന് രഞ്ജിത്തിന്റെ ‘ബ്ലാക്ക് ബട്ടർഫ്ലൈസ്’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചു.

2012 ൽ തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പേരിൽ ഒരു പുസ്തകം മണിയൻപിള്ള രാജു എഴുതിയിട്ടുണ്ട്.
ച്ഹോട്ടാ മുംബൈ, ബ്ലാക്ക് ബട്ടർഫ്ലൈസ്, ഒരുനാൾ വരും, അനന്തഭദ്രം, കണ്ണെഴുതി പൊട്ടും തൊട്ട്, അനശ്വരം, ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, ഹലോ മൈ ഡിയർ റോങ് നമ്പർ, മഹേഷും മാരുതിയും തുടങ്ങിയ പ്രശസ്ത ചലച്ചിത്രങ്ങളെല്ലാം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ് എന്ന കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്.

‘ജയ് മഹേന്ദ്രൻ’ എന്ന വെബ് സീരീസിലും ടെലിവിഷൻ രംഗത്തും അദ്ദേഹം തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. മിനി സ്ക്രീനിൽ ജഡ്ജിയായും ഹോസ്റ്റായും നടനായും പ്രത്യക്ഷപ്പെട്ട് കുടുംബ സദസ്സുകളുടെ പ്രീതിയും അദ്ദേഹം പിടിച്ചു പറ്റിയിട്ടുണ്ട്.

ഇപ്പോൾ കാൻസർബാധ മൂലം ചികിത്സയിൽ കഴിയുന്ന, മലയാളികളുടെ പ്രിയ നടന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഇനിയും ബഹുദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്,

അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

RELATED ARTICLES

2 COMMENTS

  1. മണിയൻപിള്ള എന്ന് കേൾക്കുമ്പോൾ ഒരു നിഷ്കളങ്ക മുഖമാണ് മനസ്സിൽ വരുന്നത്.
    തുടരും എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ മുഖഭാവം കാണുമ്പോൾ തന്നെ സങ്കടം വരുന്നു. അദ്ദേഹത്തിന്റെ അസുഖം വേഗം ഭേദമാകട്ടെ.
    നല്ല കുറിപ്പ്

  2. കുട്ടിക്കാലം മുതൽ വെള്ളി തിരയിൽ കാണുന്ന പ്രിയ നടനെ കുറിച്ച് വായിച്ചു അറിയാൻ സാധിച്ചതിൽ സന്തോഷം. മികച്ച രചന 👏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com