ദേവൻ എന്ന പേരുകേൾക്കുമ്പോൾ, നടൻ എന്നതിലുപരി സുമുഖനായ ഒരു വില്ലനെയാണ് നമുക്ക് ഓർമ്മ വരിക. മലയാള സിനിമയിൽ അർഹിക്കുന്ന പ്രാധാന്യമോ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളോ ലഭിക്കാതെ, സഹനടനായും ക്യാരക്ടർ നടനായും വില്ലനായും മാത്രം ഒതുങ്ങിപ്പോയ നിരവധി നടന്മാരിൽ ഒരാളാണ് ദേവനും. ഭാഗ്യം തുണച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഒരുപാട് ഉയരങ്ങളിൽ എത്തുമായിരുന്ന താരം!
ചക്കാമഠത്തിൽ ശ്രീനിവാസന്റെയും ലളിതയുടെയും മകനായി 1954 സെപ്റ്റംബർ 9ന് തൃശ്ശൂരിലായിരുന്നു ദേവൻ ജനിച്ചത്. ദേവൻ ശ്രീനിവാസൻ എന്നാണ് മുഴുവൻ പേര്.
ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ദേവന് പട്ടാളത്തിൽ ചേരാനായിരുന്നു താല്പര്യം. നിരവധിതവണ അതിനായി ശ്രമിച്ചുവെങ്കിലും ഭാഗ്യം തുണച്ചില്ല. പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ദേവൻ സിനിമാലോകത്തേക്ക് എത്തുകയായിരുന്നു.
1984 ൽ ‘വെള്ളം’ എന്ന സിനിമ നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. ഒരു ഗ്രാമത്തെ മുഴുവൻ പ്രളയം വിഴുങ്ങിയ കഥ പ്രമേയമാക്കി എം ടി- ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന മനോഹര ചിത്രമായിരുന്നു വെള്ളം. എന്നാൽ അത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
1985 ൽ ‘കൈയും തലയും പുറത്തിടരുത്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് വരുന്നത്. ഊഴം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ആരണ്യകം, സൈമൺ പീറ്റർ നിനക്ക് വേണ്ടി തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷം ചെയ്ത് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ ദേവൻ പ്രതി നായകനായും സ്വഭാവനടനായും വില്ലനായും നാലു പതിറ്റാണ്ടുകളായി മലയാളക്കരയിൽ മിന്നി മറഞ്ഞു. ന്യൂഡൽഹി എന്ന ചിത്രത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വിയറ്റ്നാം കോളനി, ഏകലവ്യൻ, ഇന്ദ്രപ്രസ്ഥം, നാദം തുടങ്ങിയവ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന ചില ചിത്രങ്ങളാണ്. കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ തിളങ്ങിയത് വില്ലൻ വേഷങ്ങളിലായതിനാൽ സുന്ദരനായ വില്ലൻ എന്ന ഒരു ഇമേജ് ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 150 ഓളം സിനിമകളിൽ തന്റെ കഴിവ് തെളിയിച്ചുവെങ്കിലും ഒരു അംഗീകാരമോ പുരസ്കാരമോ ലഭിക്കാൻ സാധ്യതയുള്ള സിനിമകളോ വേഷങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ല.
എന്നാൽ സുമുഖനായ വില്ലൻ എന്ന വിശേഷണങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ആളല്ല താനെന്ന് പിൽക്കാലത്ത് അദ്ദേഹം തെളിയിച്ചു. ടെലിവിഷനിൽ നിരവധി സീരിയലുകളിൽ അഭിനയിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി അദ്ദേഹം.
മനുഷ്യസ്നേഹിയായ ഒരു നടനാണ് ദേവൻ. നല്ലൊരു വായനക്കാരനായ അദ്ദേഹത്തിന് യാത്രകൾ ഒരു ഹോബിയാണ്. പൗരുഷമുള്ള എന്നാൽ അതിലേറെ മൃദുത്വമുള്ള സംഭാഷണം അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്.
അതുല്യ സംവിധായകൻ രാമു കാര്യാട്ടിന്റെ അനന്തരവനും മരുമകനുമാണ് ദേവൻ. രാമു കാര്യാട്ടന്റെ മകൾ സുമയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. H1 N1 വൈറസ് ബാധിച്ച് അവർ ഈ ലോകത്തോട് വിട പറഞ്ഞു. മകൾ ലക്ഷ്മി.
കേരള പീപ്പിൾസ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ സജീവമാണ് ഇപ്പോഴദ്ദേഹം. പ്രിയപ്പെട്ട നടന് രാഷ്ട്രീയത്തിൽ നല്ലൊരു ഭാവി ആശംസിച്ചുകൊണ്ട്,
ആസിഫ അഫ്റോസ്
ബാംഗ്ലൂർ.