Logo Below Image
Sunday, March 23, 2025
Logo Below Image
Homeഅമേരിക്ക' എൺപതുകളിലെ വസന്തം: ' നെടുമുടി വേണു' ✍ അവതരണം: ആസിഫ...

‘ എൺപതുകളിലെ വസന്തം: ‘ നെടുമുടി വേണു’ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

മലയാളത്തിന്റെ അഭിനയകുലപതി, അഭിനയിക്കുന്നതിലുപരി കഥാപാത്രങ്ങളായി ജീവിച്ച കലാകാരൻ, കുട്ടനാടിന്റെ മണ്ണിൽ നിന്നും വളർന്നുവന്ന് മലയാളക്കരയെ വിസ്മയിപ്പിച്ച പ്രതിഭ, മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാൾ….!! അതെ നെടുമുടി വേണുവാണ് ഇന്നത്തെ താരം.

1948 മെയ് 22ന് അധ്യാപക ദമ്പതികളായ പി. കെ. കേശവൻ നായരുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും 5 ആൺമക്കളിൽ ഇളയവനായി ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിന്റെ ജനനം.

നെടുമുടി എൻ.എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആലപ്പുഴ എസ്. ഡി. കോളേജിൽ നിന്നാണ് ബിരുദം നേടിയത്. സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് കടക്കുന്നത്. പഠനകാലം തൊട്ടേ അഭിനയം നന്നേ വഴങ്ങിയിരുന്നു അദ്ദേഹത്തിന്. കാവാലം നാരായണ പണിക്കരെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഭാഗമായി. നല്ല നാടക മുഹൂർത്തങ്ങൾ മലയാളത്തിന് സമ്മാനിച്ചു. സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത് നല്ല നടിക്കുള്ള സമ്മാനം നേടിയിട്ടുണ്ട് അദ്ദേഹം.

പഠനകാലത്ത് തന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബിരുദം എടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.

തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി, ജോൺ എബ്രഹാം, ഭരതൻ എന്നിവരുമായി തുടങ്ങിയ സൗഹൃദമാണ് സിനിമാലോകത്തേക്കുള്ള കവാടം തുറന്നത്. അരവിന്ദന്റെ 1978 ൽ പുറത്തിറങ്ങിയ ‘തമ്പ്’ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പത്മരാജൻ സംവിധാനം ചെയ്ത ‘ഒരിടത്തൊരു ഫയൽവാൻ’ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് നാന്ദിയായി. പിന്നീട് മലയാളത്തിലെ തിരക്കേറിയ സഹനടനായി മാറാൻ അധികസമയം വേണ്ടിവന്നില്ല.

അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും കഥാപാത്രങ്ങൾക്ക് കരുത്തേകി. ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെട്ടുപോകുന്ന അഭിനയ ചാതുര്യം അദ്ദേഹത്തെ ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റി. നടൻ മാത്രമല്ല, സമർത്ഥനായ മൃദംഗം വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. സംവിധാനവും തിരക്കഥാ രചനയും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. ‘പാച്ചി’ എന്ന അപരനാമത്തിൽ കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, അമ്പട ഞാനേ, സവിധം, അങ്ങനെ ഒരവധിക്കാലത്ത് എന്നീ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. ‘പൂരം’ എന്ന ഒരു സിനിമ സംവിധാനവും ചെയ്തു. ദൂരദർശന്റെ പ്രതാപ കാലത്ത് ടെലിവിഷനിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കൈരളി വിലാസം ലോഡ്ജ് എന്ന പരമ്പര സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.

1990ല്‍ ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡും 2003ല്‍ മാർഗ്ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയതലത്തിൽ ജൂറി പ്രത്യേക പരാമർശം അവാർഡും അദ്ദേഹം നേടി.
ചാമരം, വിടപറയും മുമ്പേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, സാന്ത്വനം, തേന്മാവിൻ കൊമ്പത്ത് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് കേരള സംസ്ഥാന അവാർഡുകൾ നേടിക്കൊടുത്തു. 2007 ൽ പുറത്തിറങ്ങിയ ‘തനിയെ’ അദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിക്കൊടുത്ത ചിത്രമാണ്. മാർഗം, സൈറ എന്നീ ചിത്രങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. അവസ്ഥാന്തരങ്ങൾ, തന്മാത്ര, നോർത്ത് 24 കാതം, എൽസമ്മ എന്ന ആൺകുട്ടി, രുദ്ര സിംഹാസനം, ഒരു സെക്കൻഡ് ക്ലാസ് യാത്ര മുതലായ ചിത്രങ്ങൾ മലയാളികൾ കണ്ട പതിറ്റാണ്ടുകൾക്ക് സാക്ഷിയായി. മലയാളത്തിലും തമിഴിലുമായി 500 ഓളം സിനിമകൾ ആ പ്രതിഭയുടെ കൈകളിൽ സുരക്ഷിതമായി വെള്ളിത്തിരയിൽ മിന്നി മറിഞ്ഞു.

തന്റെ ദീർഘമായ കലാജീവിതത്തിനിടയിൽ ടി. ആർ. സുശീല എന്ന ജീവിതസഖിയോടൊപ്പം ഉണ്ണി വേണു, കണ്ണൻ വേണു എന്നിവരുൾപ്പെടുന്നതാണ് നെടുമുടി വേണുവിന്റെ കുടുംബം. 2017 ൽ അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മലയാള സാഹിത്യത്തെയും സിനിമയെയും അടയാളപ്പെടുത്തി, പ്രമേഹം, ഹൃദ്രോഗം, കരൾ വീക്കം എന്നെ അസുഖങ്ങൾ മൂലം 2021 ഒക്ടോബർ 11ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ അദ്ദേഹം നമ്മോട് വിട പറഞ്ഞു. തൈക്കാട് ശാന്തി കവാടം വൈദ്യുതി ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ആയിരങ്ങളെ സാക്ഷി നിർത്തി ആ ഭൗതികശരീരം സംസ്കരിച്ചു.
ഏറെ ബഹുമാനാദരങ്ങളോടെ അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട്

അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

RELATED ARTICLES

5 COMMENTS

  1. തകര യിലെ ചെല്ലപ്പ നാശാരി മുതൽ മനസ്സിൽ സ്ഥാനം പിടിച്ച, പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭ..
    അദ്ദേഹത്തെ നന്നായി അനുസ്മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments