മലയാള സിനിമയുടെ, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരമൂല്യ നടനും നഷ്ട വസന്തവുമാണ് മുരളി എന്ന കലാപ്രതിഭ.
ഇരുത്തം വന്ന നടൻ! തന്റെ അനായാസമായ അഭിനയ ശൈലി കൊണ്ടും, ശരീരഭാഷ കൊണ്ടും, വോയിസ് മോഡുലേഷൻ കൊണ്ടും തന്റെ ഓരോ കഥാപാത്രങ്ങളെയും ഏറെ പക്വതയോടെ പ്രേക്ഷക മനസ്സുകളിലേക്ക് കുടിയിരുത്തിയ, മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം!
1954 മെയ് 25ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയുള്ള, കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മൂത്ത മകനായി ഒരു കർഷക കുടുംബത്തിലാണ് മുരളീധരൻ പിള്ള എന്ന മുരളി ജനിച്ചത്.
കുടവെട്ടൂർ എൽ പി സ്കൂൾ, കൊട്ടാരക്കര തൃക്കണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി, ട്രിവാൻഡ്രം എംജി കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ്, എന്നിവിടങ്ങളിൽ നിന്നും ബിരുദം നേടി. പിന്നീട് ട്രിവാൻഡ്രം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി, ആരോഗ്യവകുപ്പിൽ എൽ. ഡി ക്ലാർക്ക് ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച മുരളി, തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ യു.ഡി ക്ലാർക്ക് ആയി സേവനമനുഷ്ഠിച്ചു.
സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു അദ്ദേഹം. നടൻ നരേന്ദ്രപ്രസാദിനൊപ്പം നാട്യഗൃഹം നാടക സംഘത്തോടൊപ്പം സജീവമായിരുന്നു.
1986 മുതൽ 2008 വരെ വെള്ളിത്തിരയിൽ തന്റെ സജീവസാന്നിധ്യം കൊണ്ട് മലയാള സിനിമയ്ക്ക് പുത്തൻ നിറച്ചാർത്തണിയിച്ച മുരളി, നായകനായും സഹനടനായും വില്ലനായും തന്റെ പരുക്കൻ ശബ്ദം കൊണ്ടും കാച്ചിക്കുറുക്കിയ തനത് ശൈലി കൊണ്ടും 150 ഓളം സിനിമകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും, ആ ചിത്രം റിലീസായില്ല. മീനമാസത്തിലെ സൂര്യനിൽ അസാധ്യ അഭിനയം കാഴ്ചവെച്ച അദ്ദേഹം, ഹരിഹരന്റെ പഞ്ചാഗ്നിയിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ജോർജ് കിത്തുവിന്റെ ആധാരത്തിൽ നായകനായി തിളങ്ങി.
ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കുട്ടേട്ടൻ, ഇൻസ്പെക്ടർ ബൽറാം, ഏയ് ഓട്ടോ, വെങ്കലം, സിഐഡി മൂസ, ചമ്പക്കുളം തച്ചൻ, ചമയം, ദി ട്രൂത്ത്, തൂവൽ കൊട്ടാരം, ചിദംബരം, എഴുതാപ്പുറങ്ങൾ, ദശരഥം, രക്തസാക്ഷികൾ സിന്ദാബാദ്, നൊമ്പരത്തി പൂവ്, വരവേൽപ്പ്, കിരീടം, ഋതുഭേദം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്.
1992, 96, 98, 2001 എന്നീ വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കി. 2001ൽ നെയ്‌ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളിയെ തേടിയെത്തി. 1991, 2001, 2008 എന്നീ വർഷങ്ങളിൽ മികച്ച സഹ നടനുള്ള സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് സ്വന്തമായിരുന്നു.
അഭിനയത്തിനു പുറമേ ‘ഭൂമിഗീതം’ എന്ന സിനിമയിൽ ‘പറയൂ നീ ഹൃദയമേ’ എന്ന് തുടങ്ങുന്ന ഒരു ഗാനം അദ്ദേഹം ആലപിച്ചിട്ടുണ്ട്. 1987ൽ പുറത്തിറങ്ങിയ ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബിങ് ചെയ്തതും അദ്ദേഹം തന്നെ.
അഭിനയത്തിൽ മാത്രമല്ല സാഹിത്യത്തിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഞ്ച് പുസ്തകങ്ങൾക്ക് അച്ചടി മഷി പുരണ്ടു. അതിൽ ‘അഭിനേതാവും ആശാന്റെ കവിതയും’ എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു മുരളി. തികച്ചും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായിരുന്ന അദ്ദേഹം, തന്റെ മുറപ്പെണ്ണായ ഷൈലജയെയാണ് വിവാഹം കഴിച്ചത്. മകൾ കാർത്തിക.
2009 ഓഗസ്റ്റ് 6ന് തന്റെ 55 ആം വയസ്സിൽ ഹൃദയാഘാതം മൂലം മുരളി എന്ന ആ അസാമാന്യ നടൻ ഈ ലോകത്ത് നിന്നും യാത്രയായി. ഏറെ ബഹുമാനാദരങ്ങളോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്,
നീ എത്ര ധന്യ എന്ന സിനിമയിലെ മുരളി – കാർത്തിക -അരികിൽ നീ ഒരിക്കലും മറക്കാൻ കഴിയില്ല. ആസിഫ എല്ലാം നന്നായി എഴുതി.
Thank you

സൂപ്പർ. നന്നായി എഴുതി
Thank you
