Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്ക' എൺപതുകളിലെ വസന്തം: ' ഇന്ദ്രൻസ്' ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

‘ എൺപതുകളിലെ വസന്തം: ‘ ഇന്ദ്രൻസ്’ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

മെലിഞ്ഞ ശരീരവും പ്രത്യേക പെരുമാറ്റ രീതികളും വേറിട്ട, എന്നാൽ സവിശേഷമായ അഭിനയവും കൊണ്ട് മലയാളികളുടെ പ്രിയ നടനായി മാറിയ ഇന്ദ്രൻസ് ആണ് ഇന്നത്തെ അതിഥി.

1956 മാർച്ച് 16ന് തിരുവനന്തപുരത്തെ കുമാരപുരത്ത് പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴുമക്കളിൽ ഒരാളായി സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് ജനിച്ചു.

കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇന്ദ്രൻസ് അമ്മാവന്റെ കൂടെ തയ്യൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അഭിനയത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം അമേച്വർ ആർട്സ് ക്ലബ്ബിൽ ചേർന്ന്, ചില നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

പിന്നീട് ദൂരദർശനിലെ സീരിയൽ ആയ കളിവീട്ടിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടൈലറിംഗ് ഷോപ്പ് തുടങ്ങിയത് അക്കാലത്താണ്. സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ ആ പേര് സ്വീകരിക്കുകയായിരുന്നു.

1981ൽ ഇറങ്ങിയ ചൂതാട്ടം എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരകനും നടനുമായിട്ടായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. സിഐഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ് എന്ന ഹാസ്യ ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രൻസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് നിരവധി ഹാസ്യ കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുകയും അതിലൂടെ ശ്രദ്ധേയനായിത്തീരുകയും ചെയ്തു.

മേലെ പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ വിവാഹ ബ്രോക്കറായി ഇന്ദ്രൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2004ലെ കഥാവശേഷനിലെ കള്ളന്റെ വേഷം ക്യാരക്ടർ നടനെന്ന നിലയിൽ പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് ക്യാരക്ടർ റോളുകൾ ചെയ്തു തുടങ്ങി. അതിൽ വിജയിക്കുകയും ചെയ്തു. 2023 ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചു.

രഹസ്യ പോലീസ്, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു വിജയിപ്പിച്ച ഇന്ദ്രൻസിനെ തേടി നിരവധി ഗൗരവമേറിയ വേഷങ്ങൾ എത്തി. ക്രൈം ത്രില്ലർ ആയ അഞ്ചാം പാതിരയിൽ സീരിയൽ കില്ലർ റിപ്പർ രവി എന്ന കഥാപാത്രം നിരൂപക ശ്രദ്ധ നേടുകയുണ്ടായി. ഹാസ്യകഥാപാത്രമായും സഹനടനായും വില്ലനായും മുഖ്യ കഥാപാത്രമായും തന്റെ കഴിവ് തെളിയിച്ച ഇന്ദ്രൻസിനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 2014 ൽ അപ്പോത്തിക്കിരിയിലെ അഭിനയത്തിന് കേരള സംസ്ഥാന സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ചു. മൺറോ തുരുത്തിൽ സിപിസി സിനി അവാർഡ്സിന്റെ സ്പെഷ്യൽ ഓണററി അവാർഡും, 2018 ൽ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. 2019ൽ വെയിൽ മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ഇന്ദ്രൻസിനെ തേടിയെത്തി. മികച്ച ചിത്രത്തിനുള്ള ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം അവാർഡും ലഭിച്ചു. 2024 ൽ ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയറിന്റെ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടർ അവാർഡ് ലഭിച്ചു. എൻ എൻ പിള്ള സ്മാരക അവാർഡും ഇന്ദ്രൻസിന്റെ പുരസ്കാരങ്ങളുടെ ലിസ്റ്റിലുണ്ട്.
ഒരുകാലത്ത് ഹരിശ്രീ അശോകൻ- ഇന്ദ്രൻസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. 550ലധികം ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രൻസിനുണ്ടായി.

ഇന്ദ്രൻസിന്റെ ആത്മകഥ ഇന്ദ്രധനുസ്സ് എന്ന പേരിൽ മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 2024 ൽ മാതൃഭൂമി ബുക്സ് അത് പുസ്തകമാക്കി പബ്ലിഷ് ചെയ്തു. ഈ കൃതിക്ക് 2024ലെ ചെറുകാട് അവാർഡ് ലഭിച്ചു.

1985 ൽ ശാന്തകുമാരിയെ ഇന്ദ്രൻസ് വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ. മഹിതയും മഹേന്ദ്രനും. സഹോദരൻ ജയകുമാറിനോടൊപ്പം കുമാരപുരത്ത് ഇന്ദ്രൻസ് ബ്രദേഴ്സ് ടൈലേഴ്സ് എന്ന പേരിൽ ഡിസൈനർ ടൈലറിംഗ് ഷോപ്പ് നടത്തി വരികയാണിപ്പോൾ.

എളിമയും വിനയവും കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇന്ദ്രൻസിന് ഇനിയും ഏറെ ദൂരം തിളങ്ങാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

RELATED ARTICLES

4 COMMENTS

  1. ഇന്ദ്രൻസ് എന്ന നടനിലേ കോമാളിയെ ആണ് നാം ഇതുവരെ കണ്ടത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇറങ്ങുന്ന ചിത്രങ്ങൾ അദ്ദേഹത്തിലെ നടനെ പുറത്തുകൊണ്ടുവരുന്നു
    നല്ല ലേഖനം

  2. സൂപ്പർ! ഇന്ദ്രൻസ് ന്റെ പെങ്ങൾ നടത്തുന്ന kimona textiles എന്റെ വീടിനു തൊട്ടടുത്താണ്. അവർക്ക് തയ്യൽ കടയും ഉണ്ട്. 😀

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments