1948 ജൂൺ 10ന് മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് പരമേശ്വരൻ നായരുടെയും സുഭദ്രാ പരമേശ്വരൻ നായരുടെയും മൂത്തമകൻ ആയിട്ടായിരുന്നു സുകുമാരൻ ജനിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സ്വർണ്ണ മെഡലും നേടിയ സുകുമാരൻ കാസർകോടും നാഗർകോവിലിലും കോളേജ് ലെക്ചറർ ആയി ജോലി ചെയ്തു. ഇതിനിടയിൽ ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദവും നേടിയിരുന്നു.
സുകുമാരന്റെ അമ്മാവൻ, എം. ടി. വാസുദേവൻ നായരുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കെ എം ടി യുടെ നിർമ്മാല്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ സുകുമാരന് അവസരം ലഭിച്ചു. അങ്ങനെ ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതീകമായി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. ചിത്രം രണ്ട് ദേശീയ അവാർഡുകൾ നേടി. കന്നി ചിത്രം തന്നെ സുകുമാരന് പ്രശസ്തി നേടിക്കൊടുത്തു.
എം. ടി. യുടെ വളർത്തുമൃഗങ്ങൾ, വാരിക്കുഴി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഉത്തരം, ബന്ധനം തുടങ്ങിയ ചിത്രങ്ങളിൽ തന്റെ തനതായ ശൈലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുകുമാരൻ ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു. ബന്ധനത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.
വിദ്യാഭ്യാസത്തിന്റെ കരുത്തും ആത്മവിശ്വാസവും അദ്ദേഹത്തെ, 80കളിലും 90കളിലും സോമന്റെയും ജയന്റെയും തോളോട് തോൾ ചേർന്ന് അഭിനയിക്കാനും മലയാള സിനിമയെ ഉയരങ്ങളിലേക്ക് നയിച്ച അഭിനായതാക്കളിൽ ഒരാളായി മാറാനും പ്രാപ്തനാക്കി.
ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും വ്യക്തിത്വമുള്ള കാമുക വേഷങ്ങളിലും ഒരുപോലെ കഴിവ് പ്രകടിപ്പിച്ച് , ജീവിതത്തിലും കരിയറിലും ബന്ധനം ആഗ്രഹിക്കാത്ത ആ വിപ്ലവകാരി, കത്തിക്കയറുന്ന ഡയലോഗുകൾ കൊണ്ട് തന്റെ പടയോട്ടം തുടർന്നു. ന്യായവിധി, വിറ്റ്നസ്, കാർണിവൽ, ആവനാഴി, ഉത്സവപ്പിറ്റേന്ന്, ആഗസ്റ്റ് 1 തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് പൊൻതൂവൽ ചാർത്തി. ബാലു കിരിയത്തിന്റെ തകിലു കൊട്ടാമ്പുറം 80 കളിലെ അദ്ദേഹത്തിന്റെ മികച്ച ചിത്രമായിരുന്നു.
അവളുടെ രാവുകൾ, അങ്ങാടി, കോളിളക്കം, ശാലിനി എന്റെ കൂട്ടുകാരി, അഹിംസ, കോട്ടയം കുഞ്ഞച്ചൻ, മനസാ വാചാ കർമ്മണാ, തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്ത സുകുമാരൻ ആദർശശാലിയായ നട്ടെല്ലുള്ള നടൻ എന്ന് നീതി നിഷേധത്തിനെതിരെയുള്ള തന്റെ പൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട് തെളിയിച്ചു.
കെ. മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പിലും അതിന്റെ തുടർ ഭാഗമായ ജാഗ്രതയിലും സേതുരാമയ്യർ സിബിഐ യിലും സുകുമാരൻ എന്ന നടനെ മാറ്റിനിർത്തി ആ ചിത്രങ്ങളെ പറ്റി നമുക്ക് ഓർക്കാനാവുകയില്ല.
ഇന്ദ്രജിത്ത് ക്രിയേഷൻ എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനിയുള്ള സുകുമാരൻ, പടയണി, ഇരകൾ എന്നീ ചിത്രങ്ങളിൽ ഒരു നിർമ്മാതാവിന്റെ മേലങ്കി അണിഞ്ഞു. കെ.ജി. ജോർജ് സംവിധാനം ചെയ്ത ഇരകൾ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ടി.എസ്. മോഹൻ സംവിധാനം ചെയ്ത പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവർ അണിനിരന്നു.
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹം. ഒരു നടനായി മാത്രം ഒതുങ്ങാതെ നീതിക്കുവേണ്ടിയും പോരാടിയിരുന്ന അദ്ദേഹത്തിന്, ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അമ്മ സംഘടന മൂന്നുവർഷം വിലക്കേർപ്പെടുത്തിയിരുന്നു.
1978 ഒക്ടോബർ 17ന് മല്ലികയെ സുകുമാരൻ വിവാഹം ചെയ്തു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് അറിയപ്പെടുന്ന നടന്മാരാണ്. മക്കൾക്ക് കലാമൂല്യങ്ങൾ പഠിപ്പിച്ചു കൊടുത്ത അദ്ദേഹത്തെ മക്കൾ ഇന്നും ഒരുദാഹരണമായിട്ടാണ് കാണുന്നത്. പൂർണിമ മോഹൻ, സുപ്രിയ മേനോൻ എന്നിവർ മരുമക്കളും പ്രാർത്ഥന ഇന്ദ്രജിത്ത് ചെറുമകളുമാണ്. ഒരു പിന്നണി ഗായിക കൂടിയാണ് പ്രാർത്ഥന.
250 ഓളം ചിത്രങ്ങളിൽ ഒരു കാലഘട്ടത്തിന്റെ പ്രതിരൂപങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ട് , തന്റെ അഭിനയ ജീവിതം കാൽ നൂറ്റാണ്ട് തികയ്ക്കാനിരിക്കെ, ഒരു സംവിധായനാകണം എന്നുള്ള മോഹം ബാക്കിവെച്ച് 1997 ജൂൺ 16ന് തന്റെ 49 ആം വയസ്സിൽ ഹൃദയാഘാതം മൂലം ആ അതുല്യ നടൻ കാലയവനികക്കുള്ളിൽ മറഞ്ഞു.
അങ്ങനെ അദ്ദേഹത്തിന്റെ സംവിധാനത്തിൽ, തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമ്മകൾ പ്രമേയമാക്കി ഒരു സിനിമ പിറക്കാതെ പോയി. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ശിബിരം ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
സുകുമാരൻ എന്ന കലാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്,
നല്ല അവതരണം
ജയന്റെ മരണശേഷമാണ് സുകുമാരൻ എന്ന നടനെ ശ്രദ്ധിക്കുന്നത്..
അന്നത്തെ തലമുറയ്ക്ക് എല്ലാം ജയൻ ആയിരുന്നല്ലോ…
പിന്നീട് വില്ലനായും നായകനായും സുകുമാരനെ അംഗീകരിക്കുകയായിരുന്നു.
അദ്ദേഹത്തെ കുറിച്ചുള്ള ലേഖനം വളരെ നന്നായി