പ്രിയ സൗഹൃദങ്ങളേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്ന് നമ്മൾ കേൾക്കുന്നത് 1977 ൽ പുറത്തിറങ്ങിയ യുദ്ധകാണ്ഡം എന്നപടത്തിലെ ശ്യാമസുന്ദര പുഷ്പമേ.. എന്ന ഗാനമാണ്.
കെ രാഘവൻ സംഗീതം കൊടുത്ത ഗാനത്തിന്റെ വരികൾ എഴുതിയത് ഓ എൻ വി കുറുപ്പാണ്. കീരവാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് ഗാനഗന്ധർവ്വൻ യേശുദാസ്.
പാശ്ചാത്തലസംഗീതത്തിന്റ അതിപ്രസരണങ്ങളില്ലാതെതന്നെ ഈണത്തിലെ ഭാവത്തിന്റെ മിടുക്ക്കൊണ്ട് ജനഹൃദയങ്ങളിൽ ചേക്കേറിയ വേർപെടും ഇണപ്പക്ഷിയുടെ നോവിന്റെ വേവ്. അതാണ് ശ്യാമസുന്ദരപുഷ്പമേ എന്ന ഗാനം.
നഷ്ടപ്രണയത്തിന്റെ നോവിൽ പിന്നെയും കാത്തിരിക്കുന്ന വിങ്ങലിന്റെ വിങ്ങൽ. കണ്ണടച്ച് ധ്യാനിച്ചിരുന്ന് കേൾക്കണം ഈ ഗാനം. ഓർക്കുമ്പോൾ മിഴികൾ നനയുന്ന ഗാനം.
ഗാനത്തിന്റെ വരികൾക്ക് വ്യാഖ്യാനം ആവശ്യമില്ല. നമുക്ക് നഷ്ടപ്രണയത്തിൽ നനഞ്ഞ വരികളിലേക്ക് വരാം
ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..)
വേറെയേതോ വിപഞ്ചിയിൽ
പടർന്നേറുവാനതിന്നാവുമോ (2)
വേദനതൻ ശ്രുതി കലർന്നത്
വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ
ശോക വേണുനാദമായ് മാറുമോ (ശ്യാമ..)
എന്റെ സൂര്യൻ എരിഞ്ഞടങ്ങി ഈ
സന്ധ്യ തൻ സ്വർണ്ണ മേടയിൽ
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)
നഷ്ടപ്രണയത്തെയോർത്ത് സ്വയം എരിഞ്ഞടങ്ങുകയാണ് ഈ വിരഹഗായകൻ.
മേഘമായ് മേഘരാഗമായ് ഈ മനസ്സിലെ തീ അണക്കാൻ വരുമോ എന്ന കാത്തിരിപ്പിന്റെ തേങ്ങലും വിങ്ങലുമാണ് ശ്യാമസുന്ദരപുഷ്പമേ എന്ന ഗാനം നമുക്കാ ഗാനം ഒന്ന് കേൾക്കാം.
ഗാനം കേട്ടില്ലേ…
ഒരു നുള്ള് പ്രണയം ഉള്ളിലിട്ട് കാഞ്ഞ് നൊന്ത് പൊള്ളിയോർ നമ്മൾ. എത്രമേൽ നൊന്ത് പൊള്ളിയാലും വീണ്ടും ഒരു പിൻവിളിക്കായി കാതോർത്തിരിക്കുന്നു നമ്മൾ. ഓർക്കുമ്പോൾ നെഞ്ചിൽ ഒരു തേങ്ങലായ് വിങ്ങും എന്നും ഈ ഗാനം.
ഇതിനുമപ്പുറം പ്രണയത്തിന്റെ വിരഹം എങ്ങിനെ എഴുതും, എങ്ങിനെ പാടും?
പ്രിയമുള്ളവരേ ഇമ്പങ്ങളുടെ കിന്നരി വെച്ച ഗാനങ്ങളുമായി അടുത്താഴ്ച്ച വീണ്ടും വരാം.
മലയാളി എന്നും നെഞ്ചിലേറ്റി മൂളുന്ന ചില ഗാനങ്ങൾ ഉണ്ട് അതിൽ ഒന്നാണ് ശ്യാമ സുന്ദര പുഷ്പമേ..
നല്ല വിശകലനം
ഇഷ്ടം
നല്ല അവലോകനം

മികച്ച വായനാനുഭവം
നല്ല പാട്ടും, നല്ല അവതരണവും