ഇത്തവണത്തെ ക്രിസ്തുമസ്സിന് ഒരു “ക്യാരറ്റ് ഈന്തപ്പഴം കേക്ക് “ തയ്യാറാക്കി നോക്കിയാലോ. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ സോഫ്റ്റ് ആയ ഈ കേക്ക് കിടിലൻ രുചിയിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
മൈദ രണ്ട് കപ്പ്
പഞ്ചസാര രണ്ടു കപ്പ്
മുട്ട നാലെണ്ണം
സൺ ഫ്ലവർ ഓയിൽ അരക്കപ്പ്
ബദാം(അണ്ടിപ്പരിപ്പ് )കാൽ കപ്പ്
പട്ട ചെറിയൊരു കഷ്ണം
ഏലക്ക മൂന്നെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
നാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ
വാനില എസ്സൻസ് ഒന്നര ടീസ്പൂൺ
ക്യാരറ്റ് രണ്ടെണ്ണം(ഇടത്തരം വലുപ്പമുള്ളത് )
ഈന്തപ്പഴം കുരു കളഞ്ഞ് അരിഞ്ഞത് അര കപ്പ്
ഉപ്പ് കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് തൊലി ചുരണ്ടി കഴുകി വൃത്തിയാക്കി ഉണങ്ങിയ വൃത്തിയുള്ള തുണികൊണ്ട് വെള്ളം തുടച്ചു കളഞ്ഞ് ഗ്രേറ്റ് ചെയ്ത് മാറ്റിവെക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ
അര കപ്പ് പഞ്ചസാര ഇട്ട് ക്യാരമൽ തയ്യാറാക്കി അതിലേക്ക് ക്യാരറ്റും കുരുകളഞ്ഞ് ചെറുതായി അരിഞ്ഞുവെച്ച ഈന്തപ്പഴവും കൂടി ഇട്ട് വേവിക്കുക. എന്നിട്ട് ചൂടാറുന്നതിനായി മാറ്റിവെക്കുക.
കേക്ക് സെറ്റ് ചെയ്യുന്ന മോൾഡിൽ ബട്ടർ തടവി ബട്ടർ പേപ്പർ സെറ്റ് ചെയ്തു വയ്ക്കുക.
ഒരു അരിപ്പയിൽ മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ ഇത്രയും ഇട്ട് നന്നായി അരിച്ച് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ഉപ്പും കൂടി ചേർത്ത് യോജിപ്പിച്ച് മാറ്റിവെക്കുക.
ഒരു മിക്സിയുടെ ജാറിൽ ഒന്നര കപ്പ് പഞ്ചസാര, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക ഇത്രയും നന്നായി പൊടിച്ചെടുക്കുക.
ഒരു ബൗളിൽ നാല് മുട്ട, നാരങ്ങ നീര്, വാനില എസ്സൻസ്, പൊടിച്ചു വച്ച പഞ്ചസാര എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ കുറേശ്ശെയായി ചേർത്ത് മെല്ലെ ഇളക്കി യോജിപ്പിക്കുക. ഇനി ക്യാരമലിൽ വേവിച്ചുവെച്ച ഈന്തപ്പഴവും ക്യാരറ്റും ചേർത്തു യോജിപ്പിക്കുക. അതിനുശേഷം ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പ് ചെറുതായി റോസ്റ്റ് ചെയ്ത് മിക്സിയുടെ ജാറിൽ ചെറുതായി കൃഷ് ചെയ്ത് ഈ ബാറ്ററിലേക്ക് ചേർക്കുക. സൺഫ്ലവർ ഓയിലും കൂടി ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിച്ച് തയ്യാറാക്കി വെച്ച പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ടാപ്പ് ചെയ്യുക. 180 ഡിഗ്രിയിൽ 15 മിനിറ്റ് ചൂടാക്കിയ ഓവനിലേക്ക് വെച്ച് 50 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ബേക്ക് ആയ കേക്ക് പുറത്തെടുത്ത് ആറിയതിന്ശേഷം ഒരു ബട്ടർ പേപ്പറിൽ പൊതിഞ്ഞുവെച്ച് ഒരു ദിവസം കഴിഞ്ഞതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കുക.
എല്ലാവരും ഈ ക്രിസ്മസ് കേക്ക് തയ്യാറാക്കി നോക്കുമല്ലോ.
മലയാളി മനസ്സിന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും എന്റെ ‘ക്രിസ്തുമസ് ആശംസകൾ’.
വിത്യസ്ത രുചിയിൽ ഉള്ള കേക്കിന്റെ വിവരണം അസ്സലായി…