ആരായിരുന്നു ആ നീതിമാൻ ? സകലജനത്തിനും ജാതിമത ഭേദമില്ലാതെ ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം . അതായിരുന്നു യേശുവിൻ്റെ പുൽതൊഴുത്തിലെ തിരുജനനം. ക്രിസ്തുവിൻ്റെ ജനനം മൂലം B.C എന്നും A.D എന്നും ലോകം തന്നെ രണ്ടു ഘട്ടങ്ങളായി മാറിയത് തന്നെ ഒരു അതിശയമെന്നു പറയേണ്ടി യിരിക്കുന്നു.
അസൂയാലുക്കൾ മഹാബലിയെ പാതാളത്തി ലേക്കു ചവുട്ടി താഴ്ത്തിയതു പോലെ , ഗാന്ധിജിയെ വർഗ്ഗീയ വാദികൾ വെടിവെച്ചു കൊന്നതുപോലെ , ക്രിസ്തുവിനേയും അസൂയാലുക്കൾ മറ്റൊരു വിധത്തിൽ കൊല്ലപ്പെടുത്തുകയായിരുന്നു. പക്ഷെ ക്രിസ്തുവിൻ്റെ മനുഷ്യ ആത്മാവ് മാത്രമെ മരണപ്പെട്ടുവെന്നും ദൈവ ആത്മാവ് ജീവിച്ചിരിക്കുന്നുവെന്നും ലോകം വെളിച്ചത്തുകൊണ്ടു വന്നിരക്കുന്നു.
ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തു കൊണ്ട് താനൊരു സാങ്കൽപിക കഥാപാത്ര മാണെന്ന് ഘോഷിച്ച് തൃപ്തി അടയുന്നു .
ബൈബിൾ സുവിശേഷങ്ങളിലെ വിവരം അനുസരിച്ച് അഗസ്റ്റ് സീസർ റോമാ സാമ്രാജ്യം ഭരിച്ച കാലത്താണ് (BC-30-AD -14) യേശു വിൻ്റെ തിരു ജനനം.
എന്നാൽ ചരിത്രസത്യങ്ങൾ വളച്ചൊടിക്കുവാൻ ഇന്നും സാത്താൻ സേവകർ ക്രിസ്തുവിനെ തരം താഴ്ത്തി സിനിമകളും കഥകളും നാടകങ്ങളും രചിക്കുകയും ക്രിസ്തുവിൻ്റെ പ്രതിമകൾ തകർക്കുകയും ചെയ്യുന്നത് സമകാലിക സംഭവങ്ങളാണല്ലോ .
എന്നാൽ ഒരു കൽ പ്രതിമ തകർത്താൽ ക്രിസ്തു മരിക്കുന്നില്ലായെന്നും, ജീവനുള്ള ക്രിസ്തുവിലാണ് വിശ്വാസമെന്നും, വിഗ്രഹത്തെ ആരാധിക്കുന്നവരല്ല വിവേകമുള്ള ക്രിസ്ത്യാനികളെന്നും സ്വയം മനസ്സിലാക്കുന്നതു കൊണ്ടാണ് ഒരു വർഗ്ഗീയ സംഘട്ടനം ഇവിടെ സംജാതമാകാത്തത് എന്ന് ജനം മനസ്സിലാക്കുന്നുണ്ട്.
അതു പോകട്ടെ. അന്നാകരീന , യുദ്ധവും സമാധാനവും, മുതലായ വിശ്വ വിഖ്യാത കൃതികളെഴുതിയ ലിയോ ടോൾസ്റ്റോയി ഒരിക്കൽ തൻ്റെ ജീവിതം പ്രകാശരഹിത മായിരിക്കുന്നുവെന്നും പ്രകാശത്തിൻ്റെ സ്രോതസ്സ് തേടിപ്പോയ തനിക്ക് മനുഷ്യ നൻമയുടേയും സത്യത്തിൻ്റെയും പ്രകാശത്തിൻ്റെയും പ്രകാശ രശ്മികൾ കണ്ടെത്തിയത് ക്രിസ്തുവിലൂടെയാണെന്ന് സാക്ഷ്യ പ്പെടുത്തുന്നുണ്ട് .
വീണ്ടും ചരിത്രത്തിലേക്കു വരാം. ലോകത്തിൻ്റെ തലസ്ഥാനം എന്ന് ഒരിക്കൽ അറിയപ്പെട്ടിരുന്നത് റോം ആയിരുന്നു. യേശു ക്രിസ്തു ജനിച്ചത് റോമൻ സമ്രാജ്യത്തിൻ്റെ പ്രതാപകാലത്തായിരുന്നു . ഇന്നത്തെ ഇംഗ്ലണ്ട് , വെയ്ൽസ് , പോർട്ടുഗൽ, സ്പെയിൻ, ഫ്രാൻസ് , ഇറ്റലി , ഓസ്ട്രിയ, അങ്ങനെ ധാരാളം യൂറോപ്യൻ രാജ്യങ്ങളും, ഇസ്രായേൽ , തുർക്കി , സിറിയ ഇവയൊക്കെയും അന്നത്തെ റോമൻ സമ്രാജ്യത്തിൻ ഭരണത്തിൻ കീഴിലായിരുന്നുവല്ലോ. യഹൂദദേശം അന്ന് ഭരിച്ചിരുന്നത് റോമൻ സാമ്രാജ്യം നിയമിച്ച രാജാക്കൻ മാരായിരുന്നു .
റോമൻ സാമ്രാജ്യത്തിൻ്റെ അത്യധികമായ നികുതിമൂലം ജനങ്ങൾ വളരെ ദുഃഖത്തിലും സംഘർഷ ത്തിലുമായിരുന്ന കാലഘട്ടത്തിലാണ് ക്രിസ്തുവിൻ്റെ ജനനം .
ഇതിൽ നിന്നും ഒരു മോചനം ലഭിക്കുവാൻ ക്രിസ്തുവെന്ന പുണ്യ പുരുഷനെ അന്നത്തെ ജനങ്ങൾ ഒരു ആത്മീയ വിപ്ലവകാരിയായി കണ്ടതിൽ അതിശയോക്തിയില്ല . ദേവാലയങ്ങളിലെ നാണയ വിനിമയ കച്ചവടക്കാരേയും, പ്രാവിനെ വിൽക്കുന്ന വരേയും യേശു ചാട്ടവാറു കൊണ്ട് അടിച്ചു പുറത്താക്കിക്കളഞ്ഞു. അന്നാസ് ,കയ്യാഫാസ് മുതലായ മഹാപുരോഹിത വർഗ്ഗത്തിന് പണമുണ്ടാക്കുന്നതിനുള്ള എളുപ്പ മാർഗ്ഗമായിരുന്നു ദേവാലയത്തിലെ ഇത്തരം കച്ചവടങ്ങൾ. ഈ സംഭവങ്ങൾ ഈ മഹാപുരോഹിതൻമാരെ വല്ലാതെ ചൊടിപ്പിച്ചു.
വൻ ജനാവലി യേശുവിന് ഓശാന പാടി. ഒലിവിലക്കൊമ്പുകൾ അന്തരീക്ഷത്തിൽ ഉലഞ്ഞാടി. താളമേളങ്ങൾ നൃത്തമേളങ്ങൾ , എന്നു വേണ്ട ജനങ്ങൾ തങ്ങളുടെ വസ്ത്രങ്ങൾ വഴി തോറും വിരിച്ച് ആത്മീയ വിപ്ലവ നായകന് സ്വാഗതം പാടി. ഇതെല്ലാം കണ്ടു മഹാ പുരോഹിതൻമാരായ അന്നാസും കയ്യാഫാസും യേശുവിനെ കൊല്ലുവാൻ ഗൂഢ തന്ത്രം നടത്തി യൂദാസിനെ കണ്ടു പണം കൊടുത്ത് കാര്യം എളുപ്പമാക്കി . ഗവർണർ പീലാത്തോസിൻ്റെ അരികിൽ ഒരുത്തരവും പറയാതെ നിന്ന യേശുവിനെ അദ്ദേഹം ഹേറോദേസിൻ്റെ സമീപത്തെത്തിക്കുവാൻ കൽപ്പന നൽകി .ഗലീലിയാ ക്കാരനായ ഹേറോദേസ് യേശുവിനെ തിരിച്ച് പീലാത്തോസിൻ്റെ അരികിലേക്കയക്കുന്നു. ആകെ കൺഫ്യൂഷനായിത്തീർന്ന പീലാത്തോസ് മഹാ പുരോഹിതൻമാരാൽ നിർബ്ബന്ധിക്ക പ്പെട്ട് കുറ്റവാളിയായ ബറബ്ബാസിനെ വിമോചിതനാക്കി യേശുവിനെ അന്യായമായി ക്രൂശിൽ തൂക്കിക്കൊല്ലുവാൻ വിധിച്ചതിനു ശേഷം കൈ കഴുകിയെന്നാണ് സുവിശേഷം പറയുന്നത്.
പലപ്പോഴും നാം സൂത്രത്തിൽ കൈകഴുകി ഒഴിയാറുണ്ടല്ലോ. ! പള്ളിത്തർക്കങ്ങൾ മൂലം സംഘട്ടനം കഴിഞ്ഞും , കുർബ്ബാന ഏതു ദിശയിൽ വേണമെന്നു ചൊല്ലി സംഘട്ടനങ്ങളും , അതുപോലെ മദ്ബഹയും തകർത്തതിനു ശേഷം നമ്മൾ പലപ്പോഴും കൈ കഴുകാറില്ലേ? അതിനു ശേഷം കാൽകഴുകൽ ശുശ്രൂഷകളും നടത്താറില്ലേ? അതിലും ഭേദം എത്രയോ നല്ല വനായിരുന്നില്ലേ പീലാത്തോസ് .
വീണ്ടും ചരിത്രത്തിലേക്കു വരാം .യേശുവിനെ രണ്ടു കുറ്റവാളികൾക്കിടയിൽ ക്രൂശിക്കുന്നു. സാധാരണ കുരിശിൽ തറച്ച കുറ്റവാളികളെ കബറടക്കാറില്ല .പകരം അവിടുത്തെ അഗാധ താഴ്‌വരയിലേക്ക് വലിച്ചെറിയുകയാണ് പതിവ് .
ഇവിടെ ഒരാൾ പ്രത്യക്ഷപ്പെടുകയാണ് അതാണ് ”അരമത്യക്കാരൻ ജോസഫ്’ വൻധനികനും അന്നത്തെ രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തി . ഇദ്ദേഹം യേശുവിൻ്റെ രഹസ്യ ശിഷ്യനായിരുന്നു.
അന്നത്തെ യഹൂദൻമാരുടെ സിനഗോഗിലെ പാരിഷ് കൗൺസിലിൽ എഴുപത് പേരാണുള്ളത്. അതിൽ അറുപത്തിയെട്ടു പേരും യേശുവിനെ ക്രൂശിൽ തറച്ചു കൊല്ലുന്ന തിനുള്ള പേപ്പറിൽ ഒപ്പു വെച്ചിരുന്നു. രണ്ടു പേർ മാത്രം വിട്ടു നിന്നിരുന്നു. 1) നിക്കോദിമോസ് 2) അരിമത്യക്കാരൻ ജോസഫ് . ജോസഫ് ധൈര്യപൂർവ്വം പീലാത്തോസിൻ്റെ അരികിലെത്തി യേശുവിൻ്റെ ദിവ്യശരീരം വിട്ടു തരുവാൻ ആവശ്യപ്പെടുകയും പിലാത്തോസ് അതനുവദിക്കയും ചെയ്തു. യേശുവിൻ്റെ എല്ലാ ശിഷ്യൻമാരും ഭയന്ന് ഓടി ഒളിച്ചിരിക്കുന്ന സമയത്ത് നമുക്ക് അരമത്യക്കാരൻ ജോസഫിൻ്റെ ധൈര്യത്തെ അഭിനന്ദിക്കാതെ തരമില്ല . കാരണം നീതിമാനും സ്വർഗ്ഗരാജ്യം പ്രതീക്ഷിച്ചിരിക്കുന്നവനുമായ യേശുവിൻ്റെ രഹസ്യ ശിഷ്യനായിരുന്ന റംസാ ദേശത്തു കാരനായ ജോസഫ് . അദ്ദേഹത്തിനു വേണ്ടി മനോഹരമായ പൂക്കളാൽ ഒരുക്കി വെച്ചിരിക്കുന്ന കല്ലറയിൽ യേശുവിനെ സംസ്കരിച്ചു.
നമുക്കും ഈ അവസരത്തിൽ ജോസഫിനേപ്പോലെയാകാം. നമ്മുടെ മനസ്സാകുന്ന കല്ലറയിൽ യേശുവിന് ഇടം കൊടുക്കാം . കുറ്റവാളികൾക്കിടയിൽ ക്രൂശിതനായവൻ ധവാൻമാരുടെ ഇടയിൽ സംസ്കരിക്കപ്പെട്ടു എന്ന വചനം ഇവിടെ പൂർത്തീകരിച്ചിരിക്കുന്നു . അവിടുന്ന് മൂന്നാം നാളിൽ ഉത്ഥിതനായി രിക്കുന്നു. അവൻ്റെ വീണ്ടും വരവിനായി ഒരുക്കത്തോടെ കാതോർത്തിരിക്കാം.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ..
നല്ല ലേഖനം