ശ്രീ പരമശിവൻ സ്ത്രീകൾക്കായി അനുഗ്രഹിച്ച് നൽകിയ ആഘോഷങ്ങളിൽ ഒന്നായ ധനുമാസ തിരുവാതിരയോടനുബന്ധിച്ചുള്ള കേരള പൈതൃക കലാരൂപങ്ങളിൽ ഒന്നാണ് ചോഴിക്കളി. നായർ സമുദായക്കാരുടെ ഇടയിലേറെ പ്രചാരം നേടിയതാണിത്.
ചോഴികൾ എന്നതിനർത്ഥം ഭൂതഗണങ്ങൾ എന്നാണ്. ചോഴിക്കെട്ട് എന്നും പറയുന്ന ചോഴിക്കളി ആചാര പെരുമയോടെ, മധ്യകേരളത്തിലുള്ള വിനോദ കലാരൂപമാണ്.
ചോഴി സാധാരണയായി കളിച്ചുവരുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും, തൃശ്ശൂർ ജില്ലയിലെ തലപ്പള്ളിതാലൂക്കിലും ആണ്. മൺപാത്രങ്ങൾ ഉണ്ടാക്കുന്ന കുശവന്മാരും നായന്മാരും ചേർന്ന് പങ്കെടുക്കുന്ന കലാപരിപാടിയായി തൃശ്ശൂർ ജില്ലയിൽ ഇന്നിത് നിലനിൽക്കുന്നു.
ധനു മാസത്തിലെ മകയിരം നാൾ രാത്രി ഒരു മൈതാനത്ത് നിന്ന് ചോഴിക്കളി തുടങ്ങുന്നു. പിന്നീട് നാട്ടിലെ വീടുകളിൽ എല്ലാം കയറിയിറങ്ങി കളിച്ച് വീണ്ടും കളി തുടങ്ങിയടുത്ത് തന്നെ തിരിച്ചെത്തുകയാണ് പതിവ്.
ഉണങ്ങിയ വാഴയില ശരീരത്തിൽ വച്ച് കെട്ടി തലയിൽ രണ്ട് കൊമ്പും വെക്കുന്നതാണ് ചോഴി കെട്ടൽ. കുട്ടികളാണ് കൂടുതലായിട്ട് ചോഴിവേഷം കെട്ടാറുള്ളത്. മുതിർന്നവർ മുത്തിയമ്മ, കാലൻ, പട്ടർ, ചിത്രഗുപ്തൻ തുടങ്ങിയ വേഷങ്ങളും കെട്ടുന്നു.
പാട്ടും കളിയുമായി നടുക്ക് നിൽക്കുന്ന മുത്തിയമ്മയാണ് ചോഴിക്കളിയിലെ പ്രധാനി. തുടക്കത്തിൽ മുത്തിയമ്മയും ഭൂതഗണങ്ങളും മാത്രമേ കളിയിൽ ഉണ്ടാകുകയുള്ളൂ. പിന്നീട് പാട്ടുകൾ പാടുമ്പോൾ അവർ താളം പിടിക്കും. ഇതേസമയം കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ച ചിത്രഗുപ്തനും, കാലാധാരി വേഷധാരികളും അലറി വിളിച്ച് ഭീകരരൂപികളായി അവിടം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് ചോഴിയുടെ അവതരണരീതി.
ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളും ചോഴിക്കളിയുടെ ഭാഗമാണ്. ചോഴി കളിച്ച് കഴിഞ്ഞാൽ പുരാണങ്ങളിലെ പാട്ടുപാടുകയും തുടർന്ന് കാലൻ കൈയ്യിൽ കരുതിയ കയറുമായി വീടിന് ചുറ്റും മൂന്ന് പ്രാവശ്യം കൂക്കുന്നതും പതിവാണ്.
വെളുപ്പിന് വീട്ടിലെത്തുന്ന ചോഴിയെ നിലവിളക്ക് കൊളുത്തിയാണ് വീട്ടുകാർ വരവേൽക്കുന്നത്. കൂടാതെ നാളികേരം, പഴം,പണം ഇവ വഴിപാടായി നൽകുന്നു.
ധനുമാസ തിരുവാതിര നാളുകളിൽ നോമ്പ് നോക്കുന്ന സ്ത്രീകൾ കുളത്തിൽ കുളിക്കും. വെറ്റില തിന്നണം, രാത്രി ഉറക്കം ഒഴിയണം, കൈകൊട്ടി കളി കളിക്കണം, പാതിരാപ്പൂ ചൂടണമെന്നുമാണ്. സ്ത്രീകൾ ഉറക്കമൊഴിഞ്ഞില്ലേ എന്ന് ചോദിക്കാനാണ് ചോഴികൾ വരുന്നത്. ഈ ദിനം തിരുവാതിര വരവറിയിച്ച്
ചോഴികൾ വീടുകളിലെത്തി വീട്ടുകാരെ അനുഗ്രഹിച്ചുകൊണ്ട് തിരികെ പോകുന്നു.
ഇലകൾ കൊണ്ട് ദേഹം മൂടി പാള കൊണ്ടുള്ള മുഖാവരണം തീർത്ത് വാദ്യങ്ങൾക്കൊത്ത് നൃത്തം ചെയ്ത് തിരുവാതിര അറിയിച്ചു മടങ്ങുന്നതാണ് ചോഴിക്കൂട്ടങ്ങളുടെ പതിവ്.
പരമശിവനോട് സ്ത്രീകൾക്ക് മാത്രമായി ആഘോഷം വേണമെന്നുള്ള പാർവതിയുടെ ആവശ്യപ്രകാരം ധനുമാസ തിരുവാതിരനാളിൽ സ്ത്രീകൾ നോമ്പ് നോക്കുന്ന സമയത്ത് തന്റെ ഭൂതഗണങ്ങളായ ചോഴികൾ കാണാൻ വരുമെന്നും അവരെ സ്വീകരിക്കണമെന്നും പാർവതിയോട് പരമ ശിവൻ ആവശ്യപ്പെട്ടതെന്നാണ് ഐതിഹ്യം.
ധനുമാസ തിരുവാതിര നാളിൽ ശിവപാർവതി വിവാഹം നടന്നതിനാൽ പാർവതിയെ സന്തോഷിപ്പിക്കാനായി ശിവന്റെ ഭൂതഗണങ്ങളായ ചോഴികൾ നൃത്തം വയ്ക്കുന്നതാണ് ചോഴിക്കളിയെന്നും പറയപ്പെടുന്നു.
കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ് ചോഴിക്കളി അവതരിപ്പിക്കുന്നത്.
തിരുവാതിര ചോഴി, കുടച്ചോഴി ഇങ്ങനെ ചോഴികൾ രണ്ടുവിധത്തിലുണ്ട്.
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്. കുടച്ചോഴി അവതരിപ്പിക്കുന്നത് ഓണസമയത്താണ്. കൈകളിൽ പനയോല കൊണ്ട് നിർമ്മിച്ച വിശറി പോലുള്ള ഒരു സാധനം കയ്യിലുണ്ടാകും അതാണ് കുട. തിരുവാതിര ആഘോഷ ത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിര ചോഴി.
ഗൃഹാതുരതയും പഴയകാല ഓർമ്മകൾ തങ്ങിനിൽക്കുന്നതുമായ നാട്ടു പാരമ്പര്യത്തിന്റെ സവിശേഷതയായ ഇത്തരം കലാരൂപങ്ങൾ കാലഹരണപ്പെടാ
തെ പുതുനലമുറകൾക്കായി നിലനിൽക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മികച്ച അവതരണം
സ്നേഹം

ചൊഴികളി യെക്കുറിച്ച് നല്ല അറിവ്
കിട്ടുന്ന എഴുത്ത്
നന്ദി സന്തോഷം
ചൊഴികളി യെക്കുറിച്ച് നല്ല അറിവ്
നല്ല അവതരണം
നന്ദി

എനിക്ക് ഈ കളിയെ പറ്റി അറിയില്ലായിരുന്നു.


ആശംസകൾ 

ജിഷ ഒരു പുതിയ അറിവ് കൂടി സമ്മാനിച്ചു.
സ്നേഹം സന്തോഷം ചേച്ചി

