ഒരു ചീമചേമ്പിന്റെ ആകൃതിയിൽ മുടി മുകളിലോട്ടു വാരിക്കെട്ടി തെറുത രാവിലെ തന്നെ കോഴികളെ എല്ലാം “ബാ ബാ …” എന്നു കാറി കൂവി വിളിച്ചു എണ്ണി നോക്കി . ഒരു പെടയെ കാണാൻ ഇല്ല.
വേലിക്കപ്പുറത്തു കൂരവച്ചിരിക്കുന്ന ചിന്ന ആണോ ഈ കന്നംന്തരവ് കാണിച്ചത് .
എന്റെ ചാരപ്പെടെയേ കണ്ടോടീ ..ചിന്നേ എന്നു ചോദിച്ചപ്പം അവളു എങ്ങുമില്ലാത്ത വിനയത്തോടെ കണ്ടില്ലാന്നു പറഞ്ഞു പൊരെലോട്ടു കേറിപ്പോയി .
ഇതെന്താ ഇവക്കു ഒരു എളക്കം ഇല്ലാത്തെ എന്നോർത്തു നിക്കുമ്പോഴാണ് .
പണിക്കാരി എളച്ചി, തെറുതേടെ ചെവി കടിച്ചു പറിച്ചു സ്വകാര്യം പറഞ്ഞത് .
ചിന്നേടെ എളേ മോളു കെട്ടിയോന്റെ വീട്ടി ചെന്നു രാത്രി അയാൽ നെലേം വിളീം തന്നെ . തക്കം പക്കം നോക്കി എളച്ചി ശബ്ദം താത്തി പറഞ്ഞു ‘അവളവനെ ഒന്നിനും സമ്മതിക്കത്തില്ല.’ രണ്ടുമാസം മുമ്പു പെണ്ണു, പെട്ടീം പായേമെടുത്തു വീട്ടിപ്പോന്നു . ഇപ്പൊ അവക്കു വയറ്റിലൊണ്ട് . ഏതോ ഇട്ടക്കാരനുണ്ടന്നാണ് കേട്ടത് .
താടിക്കു കൈയും കൊടുത്തു തെറുത കേട്ടുനിന്നു . രാത്രി വേലിക്കപ്പുറത്തു പോക്കുവരവുണ്ടന്നു കേട്ടതു വെറുതെ അല്ല. കള്ളത്തി …തള്ളേം മോളേം കണ്ടാ ത്തന്നെ പറയും .. വളത്തു ദോഷം .
എളച്ചി ചൂലും കെട്ടുമെടുത്തു വേലിക്കപോയി ചെവി വട്ടം പിടിച്ചു നിന്നു .
വെര കോർത്ത ചൂണ്ട വെള്ളത്തിലോട്ടു ഇട്ടു മാത്തുണ്ണി വക്കച്ചനോട് സ്വകാര്യത്തിൽ ചിന്നേടെ മോടെ ഗർഭത്തെ പറ്റി പറഞ്ഞു . തള്ള വേലിചാട്ട ക്കാരി അല്ലേ . എന്നാലും നമ്മളൊക്കെ ആണുങ്ങളായിട്ടു ഇവിടെ ഉള്ളപ്പോൾ ഒരു വരത്തൻ വന്നു പണി ഒപ്പിച്ചല്ലോ .
ചിന്നേടെ കെട്ടിയോൻ പീലികുഞ്ഞിനോടു മാത്തുണ്ണിക്കു പണ്ടേ ഒരു കൊതിക്കെറുവ് ഉണ്ട് .
പീലിക്കുഞ്ഞിന്റെ കന്നികായിച്ച മൂവാണ്ടൻ മാവിനു മാത്തുണ്ണി കണ്ണു വെച്ചു കരീച്ചു കളഞ്ഞതും . പീലിക്കുഞ്ഞു രായ്‌ക്കു രാമാനം മാത്തുണ്ണിയെ ക്കൊണ്ടു മാവിൻതടിയേ നക്കിച്ചതും നാട്ടാരും മറന്നിട്ടില്ല മാത്തുണ്ണീം മറന്നിട്ടില്ല .
വെന്ത ചേമ്പു കഷ്ണം വയിലോട്ടിട്ടു അണ്ണാക്കു പൊള്ളാതിരിക്കാൻ “ഹൂ ഹൂ “ന്നു ഒച്ചയിട്ടു വക്കച്ചൻ തെറുതയെ നോക്കി പറഞ്ഞു , നാളെ രാവിലെ വള്ളോം കൊണ്ടു അക്കരയ്ക്കു പോണം . വെള്ളം കേറി വെളഞ്ഞ നെല്ലെല്ലാം കണ്ടത്തി ചാഞ്ഞു കെടക്കുന്നു . പോയി ചെത്തിക്കോണ്ടു വന്നില്ലേ കണ്ടോമ്മാര് കൊണ്ടുപോകും .
“വേണ്ടീതാ വേണ്ടീതാ “കുനിഞ്ഞിരുന്നു അടുപ്പിലെ കനലു പോകാതെ ഒരു കൊതുമ്പു കീറ് അകത്തേക്ക് തള്ളി വെച്ചു തെറുത തലയാട്ടി .
എളച്ചീടെ കെട്ടിയോൻ മാത്തുണ്ണി കൂടെ വരും .
എളച്ചി പൊറംപണി ചെയ്യുന്നുണ്ട് . രണ്ടുപാള വെള്ളം കോരീട്ടു കള്ള സൂക്കേടു പറഞ്ഞു എളച്ചി വാതിപ്പടിയെ കുത്തിയിരിക്കും . മാത്തുണ്ണി പത്തുമണിക്കത്തെ അരക്കലം പഴേങ്കഞ്ഞി മോന്തി വറ്റു കുറവാരുന്നൂന്നു പൊറുപൊറുത്തു .
.
‘എല്ലാം കള്ള കൂട്ടങ്ങളാ’ വക്കച്ചൻ കഴിച്ച പിഞ്ഞാണം വാങ്ങിക്കൊണ്ടു തെറുത അഭിപ്രായപ്പെട്ടു .
പിറ്റേന്നു കാലത്തു കെട്ടിയോൻ വക്കച്ചനും പണിക്കാരൻ മാത്തുണ്ണിക്കും വാഴേടെ ഇല വാട്ടി രണ്ടു ചോറുംപൊതി തെറുത കെട്ടി .
കുറിയാണ്ട് തലേകെട്ടി ചൂട്ടു കറ്റേം വീശീ വക്കച്ചനും മാത്തുണ്ണീം വെളിച്ചാവുന്നതിനു മുന്നേ വെള്ളത്തേ അക്കര കണ്ടത്തിലോട്ടു പുറപ്പെട്ടു .
നെല്ലു കിട്ടിയില്ലേൽ എട്ടു പത്തു കൊച്ചുങ്ങടെ കഞ്ഞികുടി മുട്ടുവല്ലോ കീവറീത് പുണ്യാളാ ….തെറുത പുണ്യാളനോട് കെറുവിച്ചു .
വെരതൂറികൾ , കണ്ടനും തങ്കനും വെരക്കുത്തൊള്ള വയറിനു മീതെ തോർത്തു മുണ്ടുടുത്തു ഒരു തേങ്ങാപൂളും മോട്ടിച്ചോണ്ടു അടുക്കള പ്പൊറം വഴി ഓടി.
എളച്ചി പുല്ലു ചെത്തി പശൂന്റെ തീറ്റ തൊട്ടിലു നിറച്ചു .
സന്ധ്യ മയങ്ങിയപ്പോ ആണ് വക്കച്ചനും മാത്തുണ്ണീം നനഞ്ഞ കറ്റക്കെട്ടു കളുമായി തിരിച്ചു വന്നത് . കണ്ടത്തീന്നു പിടിച്ച രണ്ടു വരാലും മുശിയും, കല്ലടമുട്ടിയും ഈർക്കിലിയേൽ കൊർത്തതു വക്കച്ചൻ തെറുതയ്‌ക്കു സമ്മാനിച്ചു .
സന്ധ്യക്ക് ഇനീം മൊളകരയ്ക്കണോല്ലോ എന്നോർത്തു എളച്ചീടെ മോന്ത വീർത്തു .
കപ്പപ്പുഴുക്ക് വക്കച്ചന്റെ പിഞ്ഞാണത്തിലേയ്ക്കു മറിക്കുമ്പോൾ ഉച്ചയ്ക്കത്തെ ഊണിനൊണ്ടാരുന്ന കാരി പൊള്ളിച്ചതും,മൊട്ടപൊരിച്ചതും , നല്ലപോലെ തേങ്ങാ ഇട്ടു ഒലത്തിയ പിണ്ടി ത്തോരനും എങ്ങിനെ ഒണ്ടാരുന്നൂന്നു തെറുത കെട്ടിയോനോടു പ്രേമ പുരസരം ചോദിച്ചു .
ഭാ ….. എരണം കെട്ടവളേ ….ചോറു പൊതിക്കകത്തു മൊളകരച്ചതാരുന്നല്ലോടീ എന്ന വക്കച്ചന്റെ മറുപടി യായുള്ള ആട്ടു കേട്ടു തെറുത വിമ്മിട്ടപ്പെട്ടു .
“ചതിച്ചോ പുണ്യാളാ “….പൊതി മാറി പ്പോയി . ഇതിയാൻ തിന്നത് മാത്തുണ്ണിക്കു വെച്ച ചോറുംപൊതി ആരുന്നല്ലോ. ഞാൻ ചോറു പൊതീടെ അടയാളം പറഞ്ഞത് നിങ്ങളു നോക്കിയില്ലേ ?
ആ പോട്ടെ …അവനു വയറ്റു ഭാഗ്യം ഉണ്ട് . ഒരു ചെണ്ടൻ കപ്പേടെ മുറി മുളകിൽ മുക്കി വക്കച്ചൻ വായിലേക്കിട്ടു .
വയറ്റുഭാഗ്യം ഉണ്ടേലും മറ്റേഭാഗ്യം ഇല്ലാതെ പോയല്ലോ ന്നോർത്തു മാത്തുണ്ണി പിന്നേം എളച്ചി അറിയാതെ, ചിന്നേടെ വേലിപ്പൊറത്തു തടി നക്കി തളിർപ്പിച്ച മാവിനെ നോക്കി ചുണ്ടു നനച്ചു നിന്നു .




കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇനിയും എഴുതൂ 👏👏👏