Logo Below Image
Thursday, March 27, 2025
Logo Below Image
Homeഅമേരിക്കആശാ വർക്കേഴ്‌സിനെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കണം ✍ രാജു മൈലപ്രാ

ആശാ വർക്കേഴ്‌സിനെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കണം ✍ രാജു മൈലപ്രാ

രാജു മൈലപ്രാ

കഴിഞ്ഞ ഒരു മാസത്തിലധികമായി തികച്ചും ന്യായമല്ലാത്ത ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി, ലോക രാഷ്ട്രങ്ങളുടെ മുന്നിൽ നമ്പർവൺ കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന ‘ആശാ വർക്കേഴ്‌സ്’ എന്ന ലേബലിൽ അറിയപ്പെടുന്ന ഒരുപറ്റം ധിക്കാരികളായ സ്ത്രീകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത‌്‌ ജയിലിലടച്ച് നമ്മുടെ സംസ്ഥാനത്തിൻ്റെ മാനം കാക്കണം.

അറസ്റ്റു ചെയ്യുമ്പോൾ സാക്ഷാൽ രാമൻപിള്ള വക്കീലുസാറ് വന്ന് വാദിച്ചാൽ പോലും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർക്കണം. പോലീസിനു അതൊരു പ്രയാസമുള്ള കാര്യമല്ല എന്നു പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ!

കാപ്പാ, പോക്സോ, ലഹരി, സ്ത്രീവിരുദ്ധ പ്രസ്താവന, ജാതീയ അധിക്ഷേപം- അങ്ങനെ ഏതെല്ലാം വകുപ്പുകൾ!

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ ഈ സമരക്കാരും ‘മാപ്രാ’കളും കൂടി നിരന്തരം ആക്ഷേപിക്കുകയാണ്. അതിനൊരറുതി വരുത്തിയേ മതിയിവു.

ആശാ വർക്കേഴ്‌സിന്റെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് ധരിപ്പിക്കുവാൻ, നമ്മുടെ മന്ത്രിക്കൊച്ചമ്മ ഡെൽഹിക്കു പറന്നു. അവിടെ ചെന്നപ്പോൾ, ‘ഇപ്പോൾ സൗകര്യമില്ല’ എന്ന് അങ്ങേര് പറഞ്ഞു. നോക്കണേ, അയാളുടെ ഒരു ധിക്കാരം.

എന്നെങ്കിലും കേരളത്തിൽ വരുമല്ലോ! നമ്മുടെ വിദ്യാർത്ഥി സംഘടനകൾ വെറുതെയിരിക്കുമെന്നു കരുതിയോ?

ഡെൽഹി യാത്രയിൽ മറ്റൊരു സദുദ്ദേശം കൂടിയുണ്ടായിരുന്നു.

ആധുനിക ചികിത്സാ രംഗത്ത് ഏറ്റവും മുന്തിയ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്യൂബയുമായി ഒത്തുചേർന്ന്, ക്യാൻസറിനെ പ്രതിരോധിക്കുവാൻ ഒരു വാക്‌സിൻ കണ്ടുപിടിക്കുവാൻ, മെഡിക്കൽ രംഗത്ത് നമ്പർ വൺ ആയ നമ്മുടെ സംസ്ഥാനവുമായി ഒരു കരാർ ഉറപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം.

ചർച്ചകളൊക്കെ കഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. എന്നാൽപ്പിന്നെ അവരോടൊപ്പം ഡിന്നറുകൂടി കഴിച്ചിട്ട് പോരാമെന്നു കരുതി. അത് അത്ര വലിയ അപരാധമായിപ്പോയോ?

അമ്പതിനായിരം രൂപാ വിലയുള്ള ‘ അർമാണി’ ബ്രാൻഡ് ബാഗ് തോളിലിട്ട് കൊണ്ടുപോയതാണ് മറ്റൊരു കുറ്റം. ഇന്ന് ക്യൂബയിലെ ഒരു ബക്കറ്റ് പിരിവ് തൊഴിലാളി പോലും, കുറഞ്ഞത് ഒരു ‘ഗൂച്ചി’ ബാഗുമായാണ് നടക്കുന്നത്. പിന്നാ, ഒരു ‘അർമാണി’.

ആശാ വർക്കർമാരുടെ ഈ നശിച്ച സമരം കാരണം, കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവാഹം നിലച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.

‘നവകേരള യാത്ര’യ്ക്ക് ഉപയോഗിച്ച, ഇപ്പോൾ മ്യൂസിയത്തിൽ സുക്ഷിച്ചിരിക്കുന്ന ‘ടോയിലറ്റ് ബസ്’ കാണുവാൻ ടിക്കറ്റ് ബുക്ക് ചെയ്ത‌ിരുന്ന ലക്ഷക്കണക്കിന് ക്യൂബൻ, കൊറിയൻ, ചൈനീസ് വിനോദസഞ്ചാരികളാണ് അവരുടെ പരിപാടി ക്യാൻസൽ ചെയ്തിരിക്കുന്നത്.

അതുപോലെ കേരളത്തിൽ തുടങ്ങാനിരിക്കുന്ന വിദേശ സ്വകാര്യ വിദ്യാഭ്യാസ മേഖലയേയും ഈ സമരം ബാധിക്കുവാൻ സാദ്ധ്യതയുണ്ട്. ‘കൊളംബിയ’ പോലുള്ള പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക് സ്വതന്ത്ര അഭിപ്രായം നിഷേധിച്ചതിനെ തുടർന്ന്, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർത്ഥികൾ സ്വാതന്ത്ര്യം പൂത്തുലയുന്ന കേരളാ യൂണിവേഴ്സിറ്റികളിലേക്ക് വരുവാൻ വെമ്പൽപൂണ്ട് നിൽക്കുകയായിരുന്നു- അതിൻ്റെ കാര്യവും കണ്ടറിയണം.

ഈ ‘ആശാ’ ശല്യങ്ങളെക്കൊണ്ട്, സൈറൺ മുഴക്കിക്കൊണ്ട് ചീറിപ്പായുന്ന കാറുകളിൽ ഉദ്ഘാടന സമ്മേളനങ്ങൾക്ക് ഓടിയെത്തുവാൻ പോലും നമ്മുടെ മന്ത്രിമാർക്ക് കഴിയുന്നില്ല.

ജനങ്ങൾ പണ്ടത്തെപ്പോലെ ഉദ്ദേശിച്ച തോതിൽ മരിക്കാത്തതുകൊണ്ട്, പെൻഷൻകാരുടെ എണ്ണം വർദ്ധിച്ചെന്നും, അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നുമാണ് നമ്മുടെ സംസ്കാര സമ്പന്നനായ സംസ്‌കാര മന്ത്രി കണ്ടുപിടിച്ചിരിക്കുന്നത്.

നിരാഹാരം കിടക്കുന്ന കുറെ ആശമാരുടെ കാറ്റു പോയിരുന്നെങ്കിൽ അത്രയും കാശു ലാഭിക്കാമായിരുന്നു.

നാലും അഞ്ചും ലക്ഷം രൂപാ വീതം, ശമ്പളവും പിന്നെ കിമ്പളവും ഒക്കെ കിട്ടിയിട്ട് പോലും, മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ ഒരുമാതിരി തട്ടിയും മുട്ടിയുമൊക്കെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.

‘സൂര്യനെ മുറംകൊണ്ട് മറയ്ക്കുവാൻ സാദ്ധ്യമല്ല മക്കളേ’ എന്നു നമ്മുടെ ഒരു മന്ത്രി പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ ഉച്ചികുത്തി മറിഞ്ഞാലും ഈ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട.

ഇരുനൂറ്റിയമ്പത് രൂപാ കൊണ്ട് ഈ നമ്പർവൺ കേരളത്തിൽ ജീവിക്കുവാൻ ശഠിക്കുന്ന, ഈ ആശാ വർക്കേഴ്‌സ് എന്ന കോമാളികളെ, ആകാശത്തിലേക്ക് വെടിവെച്ചിട്ട്, നേരത്തെ സൂക്ഷിച്ച വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച് ലോക മലയാളികളുടെ മാനം രക്ഷിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

(നിയമപരമായ മുന്നറിയിപ്പ്: ‘സർഗ്ഗവേദി’യുടെ അടുത്ത പ്രതിമാസ യോഗത്തിൽ കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തെപ്പറ്റി കൂലങ്കഷമായ ഒരു ചർച്ച നടത്തുന്നതാണ്. ‘സർഗ്ഗവേദി’ കഠിനമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ സമരം അവസാനിപ്പിക്കുന്നതായിരിക്കും എല്ലാവർക്കും അഭികാമ്യം.)

രാജു മൈലപ്രാ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments